LoginRegister

സെപ്പറേഷന്‍ ആങ്‌സൈറ്റി ലക്ഷണങ്ങളും പരിഹാരങ്ങളും

നാജിയ ടി

Feed Back


സ്‌കൂളില്‍ പോവാന്‍ ഒരുങ്ങിയാല്‍ ഉടന്‍ വയറുവേദനയോ കാല് വേദനയോ അതുമല്ലെങ്കില്‍ ഛര്‍ദി വരെ ഉണ്ടാകുന്ന കുട്ടികളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഉറക്കത്തില്‍ ഞെട്ടിയുണരുകയും പേടിച്ചുകരയുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയോ? ചെറിയ കാരണങ്ങള്‍ക്ക് വരെ ഉറക്കെ കരയുകയും ദേഷ്യപ്പെടുകയും വിഷമിച്ചിരിക്കുകയും എപ്പോഴും അമ്മയുടെ സാരിത്തുമ്പില്‍ പിടിച്ചുനടക്കുകയും ചെയ്യുന്ന കുഞ്ഞുങ്ങളെയും കണ്ടിട്ടുണ്ടാവും. നേഹ മോള്‍ക്ക് ആദ്യം കണ്ടു തുടങ്ങിയ ചില പ്രശ്‌നങ്ങള്‍ ഇവയൊക്കെ ആയിരുന്നു.
വീട്ടുകാരുടെ ഓമന കുട്ടിയാണ് നേഹ മോള്‍. മിടുക്കി, പാട്ടുപാടാനും കഥ പറയാനും ഡാന്‍സ് കളിക്കാനും വലിയ ഇഷ്ടമാണ് അവള്‍ക്ക്. അപ്പയുടെയും അമ്മയുടെയും സ്‌നേഹലാളനകളില്‍ സന്തോഷത്തോടെ ജീവിച്ചുകൊണ്ടിരിക്കെയാണ് അവളെ അംഗന്‍വാടിയിലേക്ക് അയക്കുന്നത്. അംഗന്‍വാടിയില്‍ ചേര്‍ത്ത അന്ന് തന്നെ, നേഹ മോള്‍ ഉറക്കത്തില്‍ ഞെട്ടി ഉണരാനും പേടിസ്വപ്‌നം കണ്ട് നിര്‍ത്താതെ കരയാനും തുടങ്ങിയിരുന്നു. അംഗന്‍വാടിയിലെ ആദ്യദിനം അമ്മ കൂടെ ഉണ്ടായിരുന്നതുകൊണ്ട് അത്ര പ്രശ്‌നം ഒന്നുമില്ലാതെ കടന്നുപോയി. എന്നാല്‍ പിറ്റേന്ന് മുതല്‍ എന്നും രാവിലെ കരഞ്ഞ് ബഹളം ഉണ്ടാക്കിയാണ് അവള്‍ അംഗന്‍വാടിയിലേക്ക് പോയിരുന്നത്. അവിടെ എത്തിയാലും ആകെ വിഷമത്തിലായിരുന്നു അവള്‍ ഇരുന്നിരുന്നത്. കൂട്ടുകാരോടൊപ്പം കളിക്കാന്‍ പോലും കൂട്ടാക്കാറുണ്ടായിരുന്നില്ല. ഒരു മാസത്തോളം ഇത് തുടര്‍ന്നു. അതോടെ വിഷമത്തിലായ മാതാപിതാക്കള്‍ അവളെ അംഗന്‍വാടിയില്‍ അയക്കാതായി.
നേരിട്ട് ഇനി ഒന്നാം ക്ലാസില്‍ ചേര്‍ക്കാം എന്നതായിരുന്നു മാതാപിതാക്കളുടെ തീരുമാനം. ഒരു കൊല്ലത്തിനുശേഷം അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. പലപ്പോഴും ഇതിലും പരിതാപകരമായിരുന്നു കാര്യങ്ങള്‍. ആഴ്ചകളോളം അവള്‍ അവധിയെടുത്തു. അമ്മയുടെ പുറകെ നിന്ന് മാറാതായി. എപ്പോഴും കരച്ചിലായി. ടീച്ചറുടെ നിര്‍ദേശപ്രകാരം കണ്‍സള്‍ട്ടേഷന് എത്തിയ നേഹയുടെ പ്രശ്‌നം സെപ്പറേഷന്‍ ആങ്‌സൈറ്റി അഥവാ വേര്‍പിരിയുന്നതിനുള്ള ഉത്കണ്ഠ ആയിരുന്നു.
മിക്ക കുട്ടികളിലും നാലോ അഞ്ചോ വയസ്സു വരെ ഇത്തരത്തിലുള്ള ഉത്കണ്ഠ കണ്ടുവരാറുണ്ട്. ഇത് കുട്ടികളുടെ ദൈനംദിന ജീവിതത്തെയോ പഠനത്തെയോ വൈകാരിക സാമൂഹിക ഇടപെടലുകളെയോ സാരമായി ബാധിക്കുന്ന തരത്തിലേക്ക് മാറുകയോ മാതാപിതാക്കള്‍ക്ക് മാനേജ് ചെയ്യാന്‍ പറ്റാതെ വരികയോ ചെയ്താല്‍ തീര്‍ച്ചയായും വിദഗ്ധരുടെ സേവനം തേടേണ്ടതുണ്ട്.
പ്രധാന ലക്ഷണങ്ങള്‍
. വീട്ടില്‍ നിന്നോ പ്രിയപ്പെട്ടവരില്‍ നിന്നോ അകന്നിരിക്കുമ്പോള്‍ അടിക്കടിയായി ഉത്കണ്ഠ തോന്നുക.
. അമ്മയ്‌ക്കോ മറ്റ് പ്രിയപ്പെട്ടവര്‍ക്കോ അപകടങ്ങള്‍ സംഭവിക്കുമോ എന്നുള്ള അകാരണമായ ഭയം.
. വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുമ്പോള്‍ ചീത്തയായത് എന്തെങ്കിലും സംഭവിക്കുമോ എന്ന അമിത ആശങ്ക.
. വീട്ടില്‍ കുടുംബാംഗങ്ങള്‍ ആരുമില്ലാത്തപ്പോള്‍ തനിച്ചിരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ.
. തന്നെ തട്ടിക്കൊണ്ടുപോയോ കൊലപ്പെടുത്തിയോ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്‌തോ അമ്മയില്‍ നിന്നും വീട്ടില്‍നിന്നും വേര്‍പ്പെടുത്തുമെന്നുള്ള ഭയം.
. സ്‌കൂളില്‍ പോകാനുള്ള മടിയും എതിര്‍പ്പും.
. ഒറ്റയ്ക്കിരിക്കാനും അമ്മയോ അടുപ്പമുള്ളവരോ കൂടെയില്ലാതെ ഉറങ്ങാനും പേടി.
. വീട്ടില്‍ നിന്ന് പിരിഞ്ഞുപോവേണ്ടി വരുമെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള ദു:സ്വപ്‌നങ്ങള്‍ സ്ഥിരമായി കാണുകയും കരയുകയും ചെയ്യുക.
. വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമ്പോള്‍ അകാരണമായ വേദനകള്‍, ഛര്‍ദി, തലകറക്കം തുടങ്ങിയ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവുക.
. അമിതമായ ഉത്കണ്ഠ, ദേഷ്യം, വാശി, കൂട്ടത്തില്‍ നിന്ന് മാറിനില്‍ക്കല്‍ തുടങ്ങിയ മാനസിക വിഷമതകളിലേക്കും ഇത് നയിക്കാം.
. വീട്ടിലുള്ളപ്പോള്‍ മാതാപിതാക്കളെ പറ്റിപിടിച്ചിരിക്കുക, വളരെയധികം ആവലാതിപ്പെടുക തുടങ്ങിയ ലക്ഷണങ്ങളും കാണാം.
സാധാരണയായി സ്‌കൂളിലേക്ക് പോയി തുടങ്ങുന്ന സമയത്താണ് ഈ പ്രശ്‌നം മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെടാറുള്ളത്. എന്നാല്‍ പെട്ടെന്ന് ഉണ്ടാകുന്ന വീട് മാറ്റവും സ്‌കൂള്‍ മാറ്റവും, ഒരുപാട് നാള്‍ ആശുപത്രിയില്‍ ചിലവഴിക്കേണ്ടി വരിക, പ്രിയപ്പെട്ടവരുടെ മരണം തുടങ്ങി അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏത് ആഘാതവും കുട്ടികളില്‍ സെപറേഷന്‍ ആങ്‌സൈറ്റി ഉണ്ടാക്കാം. മാതാപിതാക്കള്‍ അമിത സംരക്ഷണം നല്‍കുന്ന കുട്ടികള്‍ക്കും ഇത്തരത്തില്‍ ഉത്കണ്ഠ ഉണ്ടാവാറുണ്ട്.
കൃത്യമായ ട്രീറ്റ്‌മെന്റ് പ്ലാനിലൂടെ കുട്ടികളുടെ ഇത്തരം ഉത്കണ്ഠ രോഗങ്ങളെ മാറ്റിയെടുക്കാവുന്നതാണ്. കുട്ടികളും മാതാപിതാക്കളും നാച്ചുറല്‍ സെപ്പറേഷന്‍ അതായത് സ്വാഭാവികമായ വേര്‍പിരിയലിനെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്. ചെറിയ കുട്ടികളെ എപ്പോഴും തങ്ങള്‍ പഠിക്കുന്ന സ്‌കൂളുമായി പരിചിതരാക്കാന്‍ ശ്രമിക്കണം. സ്‌കൂളിനെപ്പറ്റി കുട്ടി ഇടപെടേണ്ട മറ്റു ഇടങ്ങളെ കുറിച്ചും പോസിറ്റീവ് കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ ശ്രദ്ധിക്കുക. രക്ഷിതാക്കളിലെ സമ്മര്‍ദം കുട്ടികളുടെ മുന്നില്‍വെച്ച് പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യരുത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ വിവിധ തെറാപ്പികളിലൂടെ മറികടക്കാനാവും. അനുബന്ധമായ പ്രശ്‌നങ്ങളെ ആവശ്യമെങ്കില്‍ മരുന്നിന്റെ സഹായത്തോടെയും നിയന്ത്രിക്കാം. അതിനായി സൈക്യാട്രിസിന്റെ സേവനവും തേടാവുന്നതാണ്. .
(കോഴിക്കോട് ‘മൈന്‍ഡ് വീവേഴ്സ്’ സെന്റര്‍ ഫോര്‍ കോഗ്‌നിറ്റീവ് ന്യൂറോ സയന്‍സസിലെ റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റാണ് ലേഖിക.)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top