LoginRegister

മാതൃഭാവം എത്ര സുന്ദരം!

സി ടി ആയിശ

Feed Back


ഏറ്റവും നിഷ്‌കളങ്കവും നിസ്വാര്‍ഥവുമായ ഭാവമേതെന്നു ചോദിച്ചാല്‍ മനസ്സില്‍ തെളിയുന്നത് മാതാപിതാക്കളെയാണ്. തന്റെയുള്ളില്‍ തന്നെ ചുമന്നുകൊണ്ട്, കരുതലും ത്യാഗവും ആസ്വാദനത്തിന്റെയും അനുഭൂതിയുടെയും നാളുകളാക്കിയവള്‍ മാതാവ്. അന്നു മുതല്‍ അവള്‍ മാറുകയാണ്, വളരുകയാണ് സമാനതകളില്ലാത്ത ഒരു പദവിയിലേക്ക്. ഗര്‍ഭകാലം പലപ്പോഴും ക്ഷീണത്തിന്റെയും ത്യജിക്കലിന്റെയും വിശ്രമത്തിന്റേതുമായ കാലമാണ്. ഭൂമിയില്‍ താന്‍ ഏറ്റവും പ്രിയംവെക്കുന്നൊരാള്‍ക്കു വേണ്ടിയുള്ള മടുപ്പില്ലാത്ത കാത്തിരിപ്പ്. ആ കാത്തിരിപ്പ് അവളുടെ ജീവിതാവസാനം വരെ മക്കള്‍ക്കു വേണ്ടി പ്രാര്‍ഥനയോടെ അവള്‍ തുടരുന്നു. കാത്തിരുന്ന പൊന്നോമന ഭൂമുഖത്തേക്കു വരുമ്പോള്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും അവള്‍ സന്തോഷിക്കുന്നു. പിന്നീടൊരിക്കലും തന്റെ പിഞ്ചോമനയുടെ കരച്ചില്‍ അവളെ സന്തോഷിപ്പിക്കുന്നില്ല. മക്കളുടെ സന്തോഷത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചു തുടങ്ങുകയായിരുന്നു അവള്‍.
മാതാവിന്റെ ശരീരത്തില്‍ നിന്ന് എല്ലാം സ്വീകരിച്ചു വളരാനായി, സര്‍വശക്തന്‍ ബന്ധിപ്പിച്ച പൊക്കിൾക്കൊടിയുടെ അവശേഷിപ്പ് ജീവിതാവസാനം വരെ ശക്തമായ ഓര്‍മയും തിരിച്ചറിവുമായി മനുഷ്യനില്‍ നിലനില്‍ക്കുന്നു. പ്രസവത്തോടുകൂടി ഗര്‍ഭാശയത്തില്‍ നിന്ന് വേര്‍പ്പെടുത്തപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ടു വര്‍ഷം മാതാവിന്റെ മുലപ്പാല്‍ നുണഞ്ഞു അവളോടൊട്ടിച്ചേര്‍ന്നു തന്നെ കഴിയുന്ന ഓരോ സന്താനവും തന്റെ കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും മാറ്റവും അവളെ ആനന്ദിപ്പിക്കുന്നതുപോലെ വേറെ ആരെയാണ് ആനന്ദിപ്പിക്കുക? എത്ര ഇഷ്ടത്തോടെയാണ് പരിചരിക്കുന്നത്, താരാട്ടുപാടിയുറക്കുന്നത്? അതിനായി ജീവിതം ചിട്ടപ്പെടുത്തുന്നത്.
മാതാവാകുന്നതോടെ, തന്റെ ഇണയെക്കാള്‍ അടുപ്പവും കരുതലും തന്റെ കുഞ്ഞിനായി നല്‍കേണ്ടിവരുന്നു. ഓരോ മാതാവിനും തന്റെ പൊന്നോമന ആദ്യമായി ചിരിച്ച ദിവസം, തന്നെ തിരിച്ചറിഞ്ഞ നിമിഷം, ചരിഞ്ഞും കമഴ്‌ന്നും കിടന്ന ദിവസം, കുഞ്ഞ് ആദ്യമായി ഇരുന്ന സമയം, ഇഴയുകയും നടക്കുകയും ചെയ്ത നാളുകള്‍, ഉമ്മയെന്ന് ആദ്യമായി മൊഴിഞ്ഞ നിമിഷം… എല്ലാം അവള്‍ക്ക് ആഘോഷത്തിന്റെ നേരമാണ്. മാതൃത്വത്തില്‍ അനുഭൂതിയുടെ വിശദീകരിക്കാനാവാത്ത അവസരങ്ങളാണ്. തന്റെ കുഞ്ഞിനെ വീട്ടില്‍ ആരെയെങ്കിലും ഏല്‍പിച്ചു പുറത്തുപോയി തിരിച്ചുവരുന്നതുവരെ അവളുടെ മനസ്സിന്റെ ആധിയെത്രയാണ്! എത്ര അഴുക്കായാലും അവനെ/ അവളെ കോരിയെടുക്കാനും വൃത്തിയാക്കാനും മാതൃമനസ്സ് തയ്യാറാകുന്നതുപോലെ ആര്‍ക്കാണ് സാധിക്കുക! തന്റെ പൈതലിന്റെ പുഞ്ചിരിയില്‍ ഏതു നോവും അലിയിച്ചു കളയാന്‍ അവള്‍ക്കാകുന്നു. മക്കളെ ഓര്‍ത്ത് ഏതെല്ലാം കാര്യങ്ങള്‍ അവള്‍ ക്ഷമിച്ചിരിക്കുന്നു.
മക്കള്‍ തിരിച്ചെത്താന്‍ വൈകുന്നേരങ്ങളില്‍, ആധിയോടെയും പ്രാര്‍ഥനയോടെയും മുഷിപ്പില്ലാതെ കാത്തിരിക്കുന്ന ഭൂമുഖത്തെ നിധിയാണ് ഉമ്മ. മാതൃമനസ്സിന്റെ വ്യാപ്തിയും നന്മയും അവളെന്ന ഭാര്യയിലോ സഹോദരിയിലോ മകളിലോ കാണുന്നതിനപ്പുറമാണെന്നും അവൾക്കു തന്നെ അറിയാം. അതിനാല്‍ എവിടെയും ക്ഷമിക്കാനായില്ലെങ്കിലും മക്കളുടെ കാര്യത്തില്‍ സര്‍വ ക്ഷമയും ത്യാഗവുമായി അവള്‍ ശോഭിക്കുന്നു. അതുവഴി ലോകത്തിനു മുന്നില്‍ മാതൃകയും പ്രതീക്ഷയുമാകുന്നു മാതാക്കള്‍.
മക്കള്‍ വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്റെ മനസ്സിലെ ആശകളും പ്രതീക്ഷകളും അതോടൊപ്പം വളരുന്നു. എങ്കിലും എത്രമാത്രമാണ് തന്റെ ഉള്ളിലെ കിനാവുകളുടെ അളവെന്ന് ആരോടും പങ്കുവെക്കാതെ, അതൊരു സ്വകാര്യതയായി എല്ലാ മാതാക്കളും കൊണ്ടുനടക്കുന്നുണ്ട് എന്നതാണ് സത്യം. അതിനാല്‍ മറ്റാരില്‍ നിന്നു നേരിടേണ്ടിവരുന്ന അവഗണനയേക്കാളും നോവിനേക്കാളും അവള്‍ക്കു ഭീകരമായിരിക്കും തന്റെ മക്കളില്‍ നിന്നു നേരിടേണ്ടിവരുന്ന സങ്കടങ്ങള്‍.
ഓരോ മാതാവും തന്റെ കരളിന്റെ കഷ്ണങ്ങളെ വളര്‍ത്തുന്നത് എത്രയെത്ര പ്രതീക്ഷകളോടെയാണ്! നന്മയിലും വളര്‍ച്ചയിലും അറിയപ്പെടുന്ന, തനിക്ക് അഭിമാനമായി മാറുന്ന നിമിഷങ്ങള്‍ അവള്‍ സ്വപ്നം കാണുന്നുണ്ട്. അതില്‍ തന്റെ കുഞ്ഞ് ആദ്യമായി നേടുന്ന ഉത്തരക്കടലാസിലെ മാര്‍ക്കു മുതല്‍ പിന്നീട് നേടിക്കൊണ്ടിരുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളും വിജയങ്ങളും അങ്ങനെയുള്ള ഓരോ നേട്ടവും ഒട്ടും സ്വാര്‍ഥതയില്ലാതെ അഭിനന്ദിക്കാന്‍ അവള്‍ക്കു മാത്രമേ കഴിയൂ. എത്ര മനോഹരമായാണ് കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും അടുക്കിവെക്കുന്നതും. മക്കള്‍ക്കായി ഉഴിഞ്ഞുവെക്കപ്പെടുന്ന ജീവിതത്തിന്റെ ഇടനേരങ്ങളില്‍ തിരിഞ്ഞുനോക്കുമ്പോള്‍ തന്റെ സമര്‍പ്പണവും ത്യാഗവും ഒട്ടും നഷ്ടമായിെല്ലന്നും ആശ്വസിക്കാന്‍ അവള്‍ക്കാകണം. അല്ലെങ്കില്‍ നാളിതുവരെ എല്ലാ തരത്തിലും താന്‍ കാത്തുസൂക്ഷിക്കുകയും വളവും വെള്ളവുമായി മാറിയിട്ടും അതിന്റെ ഫലം കയ്‌ക്കുമ്പോള്‍ എങ്ങനെ ഉള്‍ക്കൊള്ളാനാകും? അപ്പോഴാണ് ജീവിതത്തില്‍ ഒരു മാതാവ് ആദ്യമായി തളരുന്നത്. അതുവരെ മക്കളുടെ തണലും എല്ലാമായിരുന്ന അവള്‍ക്ക് ഒരുപാട് കടമ്പകള്‍ കടക്കാനുണ്ടായിരുന്നു. അതെല്ലാം ഭാവിയില്‍ തനിക്ക് കരുത്തേകുന്ന അഭിമാനമാകുന്ന മക്കളെ മുന്നില്‍ക്കണ്ട് അവള്‍ക്ക് ചാടിക്കടക്കാനായിരുന്നു. എന്നാല്‍ അതിലോല ഹൃദയത്തോടെ (പുറമെ കാര്‍ക്കശ്യക്കാരിയൊക്കെയാണെങ്കിലും) കുഞ്ഞുസ്വപ്നങ്ങള്‍ അടുക്കിവെച്ചു മനംനിറച്ചു പ്രതീക്ഷയോടെ നീങ്ങുന്ന അവള്‍ക്ക് നേരെ മക്കളില്‍ നിന്നു വരുന്ന ഏതു ചെറിയ നോവുകളും ഓരോ അമ്പെയ്‌ത്താണ്. മക്കള്‍ നിസ്സാരമായി കാണുന്ന ആ വേദനകളില്‍ അവളുടെ കരള്‍ വെന്തുതുടങ്ങുന്നു. ആ പിടച്ചിലിലും അവള്‍ പ്രതീക്ഷ കൈവിടാതെ പ്രാര്‍ഥനയിലാണ്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകും എന്ന പ്രതീക്ഷയിൽ കണ്‍കുളിര്‍മയാകുന്ന മക്കള്‍ക്കു വേണ്ടിയുള്ള അവളുടെ പ്രാര്‍ഥനയും പ്രവര്‍ത്തനങ്ങളും തുടരും. മക്കളില്‍ നിന്നു നേരിടേണ്ടി വരുന്ന നോവുകള്‍ അവളുടെ സ്വപ്നങ്ങളെ ഓരോന്നായി കൊഴിച്ചുതുടങ്ങുന്നു. തന്റെ ആരാമത്തിലെ കുഞ്ഞുചെടികള്‍ വളര്‍ന്നു മരങ്ങളായി മാറുന്നത്, അവയില്‍ മാറ്റം സംഭവിക്കുന്നത് വളരെ വൈകി ഉള്‍ക്കൊള്ളുന്നത് മാതാവാണ്. കാരണം അവളുടെ മനസ്സിലെ താരാട്ടിന്റെ ഈരടികള്‍ നിലക്കുന്നില്ല. തന്റെ കുഞ്ഞ് എന്നും കുഞ്ഞായി, അവളുടെ കണ്ണില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ആ സ്വപ്നത്തില്‍ നിന്നും സുഖത്തില്‍ നിന്നും ഒരു മാതാവിനെ ഞെട്ടിയുണര്‍ത്തുക അപ്രതീക്ഷിതമായി മക്കളില്‍ നിന്നുണ്ടാകുന്ന ചില പരീക്ഷണങ്ങളാണ്. താങ്ങാനാവാത്ത ആ പരീക്ഷണങ്ങളില്‍ അവള്‍ ബോധവതിയാകുന്നു. തന്റെ കണക്കുകൂട്ടലിനപ്പുറത്തേക്ക് മേഞ്ഞുതുടങ്ങിയിരിക്കുന്നു പൊന്നോമനകളെന്ന്.
ഏതു തരത്തിലുള്ള അപമാനവും നോവും ഉമ്മയിലുണ്ടാക്കുന്ന കണ്ണീരില്‍ മക്കള്‍ ഭയപ്പെടേണ്ടതാണ്. നമ്മുടെ ഇരു ലോകവും കത്തിച്ചാമ്പലാക്കാന്‍ മതിയായ ആയുധമാണ് മാതാക്കളുടെ കണ്ണീരെന്ന് അറിയുക. മക്കള്‍ അവര്‍ക്ക് വേദന നല്‍കാത്ത കാലത്തോളം മാതാക്കള്‍ താരാട്ടിന്റെ നിര്‍വൃതിയിലാവും. അവരുടെ ഉള്ളിലെ ഒരിക്കലും വളരാത്ത കുഞ്ഞായി ആനന്ദത്തോടെ അവര്‍ ഏതു പ്രായത്തിലും നമ്മെ താലോലിച്ചുകൊണ്ടിരിക്കും. അങ്ങനെ സൗഭാഗ്യവാന്മാരായ മക്കളും മാതാക്കളും നമ്മുടെ ചുറ്റിലുമുണ്ട്. ‘ഛെ’ എന്നുപോലും പറയരുത് എന്ന രീതി തന്നെ പാലിച്ചു പോകുന്ന സന്താനങ്ങളുണ്ട്.
എന്നാല്‍ സ്വന്തം സ്വാര്‍ഥതയ്‌ക്കും താല്‍ക്കാലിക സുഖത്തിനുമായി മാതാക്കളെ പ്രയാസപ്പെടുത്തുന്ന മക്കള്‍ എമ്പാടുമുള്ള ഇക്കാലത്ത് മാതാക്കളേറെയും കണ്ണീരിലാണ്. അനുഭവങ്ങൾ ഉള്‍ക്കൊ ണ്ട് അവര്‍ പറയുന്നതൊന്നും മക്കള്‍ക്ക് കേള്‍ക്കേണ്ടതില്ല. മാതാവിന്റെ തൃപ്തി നേടാത്തതൊന്നും ഫലവത്താകുന്നില്ല. അവരുടെ തൃപ്തിയിലാണ് കാരുണ്യവാന്റെ തൃപ്തിയെന്ന് നാം അറിയാതെ പോകരുത്. മാതാക്കള്‍ക്ക് ഏറ്റവും മികച്ചത് തിരിച്ചുനല്‍കാന്‍ ആശിച്ചുകൊണ്ടിരിക്കുക. അവര്‍ നല്‍കിയതിനേക്കാള്‍ മികച്ചത് നല്‍കാന്‍ നമുക്കാവില്ല. അവരുടെ നിഷ്‌കളങ്ക മനസ്സ് തിരികെ നല്‍കാന്‍ നമുക്കാവില്ല. കാരണം മാതാവിനു മാത്രം സാധിക്കുന്ന ചിലത് ഈ ദുനിയാവിലുണ്ട്. അതാണ് ഈ ലോകത്തിന്റെ സമാധാനം.
അതിനാല്‍ അവരുടെ മനസ്സ് നോവാതെ കൊണ്ടുപോകാനായാല്‍ തന്നെ നാം വിജയിച്ചു. അവര്‍ക്ക് സന്തോഷത്തിന്റെ നാളുകള്‍ സമ്മാനിക്കാനായാല്‍ നാം സ്വര്‍ഗാവകാശിയാകുന്നു. മാതാക്കള്‍ നമ്മുടെ സ്വര്‍ഗത്തിനും നരകത്തിനും കാരണമാകുന്നു എന്നറിയുക. അവരുടെ കണ്ണീര്‍ നമ്മുടെ വഴിയില്‍ തടസ്സവും ശാപവുമായി മാറുന്നതിൽ ജാഗ്രത പാലിക്കുക. അവരെന്നും പുഞ്ചിരിക്കട്ടെ. കുഞ്ഞുനാളില്‍ നമ്മോട് കരുണ കാട്ടി വളര്‍ത്തിയതുപോലെ അവര്‍ക്ക് നീ കരുണ ചൊരിയേണമേ നാഥാ. മാതാപിതാക്കളുടെ ത്യാഗവും സമര്‍പ്പണവുമാണ് പുതിയ ലോകം പണിയുന്നത്. മക്കളാണ് നാളത്തെ വാഗ്ദാനങ്ങള്‍. അവയെ നല്ല രൂപത്തില്‍ പണിയുന്ന എത്രയെത്ര മാതാപിതാക്കളാണ് ലോകത്തിന് നല്ല കനികൾ സമര്‍പ്പിച്ചത്. നമ്മുടെ ഭാഗത്തു വന്നുപോയ വീഴ്ചകള്‍ നാഥന്‍ മാപ്പാക്കട്ടെ.
പുഞ്ചിരി നിലച്ചു പോകാത്ത ദിനങ്ങള്‍ സമ്മാനിച്ചുകൊണ്ട് അവരുടെ ബാക്കിയുള്ള ജീവിതകാലം സുന്ദരമാക്കാന്‍ നമുക്ക് ത്യാഗം ചെയ്യാം. ആ ത്യാഗത്തിനു മുന്നിലുള്ള ഏതു തടസ്സത്തേയും തള്ളിക്കളയുക. മാതാപിതാക്കള്‍ കൂടെയുള്ള കാലം പോലെ നമ്മെ കരുത്തരാക്കുന്ന കാലം വേറെയില്ല. അവര്‍ പോയാല്‍ പിന്നെ എന്തുണ്ടായാലും നാം അനാഥരാണ്. പകരം വെക്കാനില്ലാത്തത് നഷ്ടപ്പെട്ടുപോയാല്‍ പിന്നെ അവിടം ശൂന്യതയാണ്. ഒരിക്കലും നികത്താനാകാത്ത ശൂന്യത. പിന്നീട് പ്രാര്‍ഥനകള്‍ കൊണ്ട് നമ്മെ മൂടാനും ധന്യരാക്കാനും ആരുമില്ല.
ജീവിതത്തില്‍ നാം നമ്മുടെ ഇണകളെ തിരിച്ചറിയുന്നു. മക്കളെ അറിയുന്നു. സഹോദരങ്ങളെ അറിയുന്നു. സുഹൃത്തുക്കളെ തിരിച്ചറിയുന്നു. പക്ഷേ, മാതാപിതാക്കളുടെ മനസ്സിനെ, അതിലെ നിറഞ്ഞ സ്നേഹത്തെ, കരുതലിനെ അതുപോലെ തിരിച്ചറിയാന്‍ കഴിഞ്ഞവര്‍ വളരെ വിരളമാണ്. വിലപ്പെട്ട ആ നിധികളെ തിരിച്ചറിയാൻ നമുക്ക് സാധിക്കണം .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top