LoginRegister

അനുമോന്റെ പുള്ളിക്കോഴി

കെ എ മജീദ്

Feed Back


ഇന്ന് ഞായറാഴ്ച. കോഴികളെ നിരീക്ഷിക്കാന്‍ കൂടുതല്‍ സമയം കിട്ടും. അനുമോന്‍ ഒരു കഥാപുസ്തകവുമായി വരാന്തയില്‍ വന്നിരുന്നു. മുറ്റത്ത് ഉമ്മ കോഴികള്‍ക്കു തീറ്റ കൊടുക്കുകയാണ്. എല്ലാ കോഴികളും പാത്രത്തിനു ചുറ്റും വട്ടംകൂടിനിന്ന് ആവേശത്തോടെ തിന്നാന്‍ തുടങ്ങി. കൂട്ടത്തില്‍ അനുമോന്റെ പുള്ളിക്കോഴിയുമുണ്ട്. അവനെ ഇപ്പോഴും മറ്റു കോഴികള്‍ കൂട്ടത്തില്‍ ചേര്‍ക്കുന്നില്ല. അവന്‍ തളികയുടെ അടുത്തേക്കു വരുമ്പോഴേക്ക് അവര്‍ കൊത്തിയോടിക്കുന്നു. ഇത് അക്രമമാണ്. ഇത് അനുവദിക്കില്ല.
ഉമ്മ അകത്തേക്കു പോയപ്പോള്‍ അനുമോന്‍ പുസ്തകം അടച്ചുവച്ച് മുറ്റത്തേക്കിറങ്ങി. ഒരു വടിയെടുത്ത് പുള്ളിക്കോഴിയെ കൊത്തിയോടിച്ചവരെ തളികയുടെ ചുറ്റും നിന്ന് തുരത്തി. അവര്‍ വലിയ ശബ്ദത്തില്‍ ബഹളം വെച്ചുകൊണ്ട് ഓടിയകന്നു. പുള്ളിക്കോഴി പതുക്കെ തളികയുടെ അടുത്തു വന്ന് തിന്നാന്‍ തുടങ്ങി. അനുമോന്‍ കാവല്‍ക്കാരന്റെ വേഷത്തില്‍ വടിയുമായി നിന്നു. മറ്റു കോഴികള്‍ വരുമ്പോഴേക്ക് അവന്‍ വടി വീശും. അവ ബഹളംവെച്ചുകൊണ്ട് ഓടിയകലും.
ഇത് പല തവണ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ചുരുക്കത്തില്‍ അവനൊരു കഥകളിക്കാരന്റെ നൃത്തച്ചുവടിലാണ്. അപ്പോഴാണ് ഇത്താത്തയുടെ വരവ്. അനുമോന്റെ നില്‍പ് കണ്ട് അവള്‍ പൊട്ടിച്ചിരിച്ചു.
‘എന്താടാ അനൂ ഇത്? അവരും തിന്നോട്ടെ.’ ഇത്താത്ത പറഞ്ഞു.
‘വേണ്ട, മഹാ ദ്രോഹികള്‍. ഇവനെ തിന്നാന്‍ അനുവദിക്കുന്നില്ല.’ അനുവിന്റെ സ്വരത്തില്‍ പരിഭവം നിറഞ്ഞു.
‘എന്നാലൊരു കാര്യം ചെയ്യ്. അതിനു തീറ്റ വേറെ തളികയില്‍ കൊടുക്ക്.’
അതു നല്ല സൂത്രമാണെന്ന് അനുമോന് തോന്നി. അവന്‍ ഓടിപ്പോയി അകത്തു നിന്ന് തളികയില്‍ തീറ്റയുമായി വന്നു. അപ്പോഴേക്കു മറ്റു കോഴികള്‍ രംഗം കൈയടക്കിയിരുന്നു.
അവന്‍ തീറ്റ അല്‍പം അകലെ പുള്ളിക്കോഴിയുടെ മുന്നില്‍ വെച്ചുകൊടുത്തു. അവന്‍ എതിര്‍പ്പൊന്നും കൂടാതെ തളികയില്‍ നിന്ന് കൊത്തിത്തിന്നാന്‍ തുടങ്ങി. അതു കണ്ട് അനുമോന്‍ സന്തോഷത്തോടെ അകത്തേക്കു പോയി.
‘നീ എവിടെയാ അനൂ, ചായ കഴിക്കണ്ടേ?’ ഉപ്പ ചോദിച്ചു.
മേശപ്പുറത്ത് പ്രാതല്‍ എടുത്തുവെച്ചിരുന്നു. അവന്‍ കൈ കഴുകി വന്ന് ഭക്ഷണം കഴിക്കാനിരുന്നു.
‘ഉപ്പാ, ഇവന്‍ ഭയങ്കര പക്ഷപാതിയാണ്. മറ്റു കോഴികളെ നിന്നാന്‍ അനുവദിക്കാതെ സ്വന്തം കോഴിക്കു കൊടുക്കുന്നു.’ ഇത്താത്ത പറഞ്ഞു.
‘അതെന്താ അനൂ, എല്ലാവര്‍ക്കും കൊടുക്കണ്ടേ?’ ഉപ്പ ചോദിച്ചു.
‘അവര്‍ പുള്ളിക്കോഴിയെ തിന്നാന്‍ അനുവദിക്കുന്നില്ലല്ലോ.’
‘കോഴികള്‍ എല്ലാം ഒരുപോലെയാണ്. ഒരു കോഴിയെ മാത്രം സ്‌നേഹിക്കുന്നത് ശരിയല്ല.’ ഇത്താത്ത ന്യായീകരിച്ചു.
‘ഒരു പാവത്തിനെ എല്ലാവരും ചേര്‍ന്ന് കൊത്തിയോടിക്കുന്നത് ശരിയാണോ?’
‘നിന്റെ കോഴി അത്ര പാവമൊന്നുമല്ല. അവന്‍ ഇന്നാള് ചിങ്കാരിക്കോഴിയെ കൊത്തിയോടിക്കുന്നത് ഞാന്‍ കണ്ടതാ.’ ഇക്കാക്ക പറഞ്ഞു.
അനുവിന് അതൊരു പുതിയ അറിവായിരുന്നു. തന്റെ കോഴി മറ്റു കോഴികളെ കൊത്തുകയോ? അത് ഇക്കാക്ക വെറുതെ പറയുന്നതാകും. ചായ കുടിച്ചുകഴിഞ്ഞ് അവന്‍ വേഗം മുറ്റത്തേക്കു ചെന്നു. അവിടെ കണ്ട കാഴ്ച അവനെ അമ്പരപ്പിച്ചു. പുള്ളിക്കോഴിക്കു വെച്ചുകൊടുത്ത തീറ്റയും മറ്റു കോഴികള്‍ കൈയേറിയിരിക്കുന്നു. പാവം പുള്ളിക്കോഴി, അവന്‍ മുറ്റത്തിന്റെ മൂലയില്‍ സങ്കടത്തോടെ നില്‍ക്കുന്നു.
അനുമോന്‍ അടുത്തു ചെന്ന് അവനെ വാരിയെടുത്തു. ‘നിനക്കുള്ളത് ഞാന്‍ തരാ.’
അവന്‍ കോഴിയെയും കൊണ്ട് അകത്തേക്കു വരുന്നത് ഉമ്മ കണ്ടു.
‘നീ എങ്ങോട്ടാ കോഴിയെയും കൊണ്ട്?’
‘ഇവന് ഇനി അടുക്കളയില്‍ തീറ്റ കൊടുത്താല്‍ മതി.’
അതു കേട്ട് എല്ലാവരും ഞെട്ടി. ഇനിയും കോഴിയെ അകത്ത് വളര്‍ത്താനാണോ ഭാവം? അന്നു മുതല്‍ നേരം വെളുത്ത് കൂട് തുറന്നാല്‍ അനുമോന്‍ പുള്ളിക്കോഴിയെ നേരേ അടുക്കളയിലേക്കു കൊണ്ടുവരും. മറ്റു കോഴികള്‍ മുറ്റത്തും തൊടിയിലും ചിക്കിപ്പെറുക്കി തീറ്റ തേടുമ്പോള്‍ പുള്ളിക്കോഴി അടുക്കളയിലെ തളികയില്‍ നിന്ന് ആഹാരം മൂക്കുമുട്ടെ തട്ടുകയാവും. മതിയാവോളം കൊത്തിത്തിന്ന് അവന്‍ സാവധാനം പുറത്തേക്കു നടക്കും.
‘നീ അവനെ ഒരു മടിയനാക്കും.’ ഉമ്മ ഗുണദോഷിച്ചു.
‘ഇല്ല, അമ്മായി പറഞ്ഞതുപോലെ ഇവനെ മറ്റു കോഴികള്‍ പേടിക്കുന്ന ഒരു കാലം വരും. അതിനിനി ഏറെ കാത്തിരിക്കേണ്ടിവരില്ല.’
ശരിയാണ്. അതാണ് കഴിഞ്ഞ ദിവസം കണ്ടത്. അനുമോന്‍ അകത്ത് ഹോം വര്‍ക്ക് ചെയ്യുന്ന തിരക്കിലായിരുന്നു. അപ്പോഴാണ് പുറത്തുനിന്ന് കോഴികള്‍ കൊത്തുകൂടുന്ന ശബ്ദം കേട്ടത്. വാതില്‍ തുറന്ന് പുറത്തിറങ്ങി നോക്കി. അവിടെ ഉമ്മയും ഇത്താത്തയുമെല്ലാം കോഴികള്‍ കൊത്തുകൂടുന്നത് കണ്ടുനില്‍ക്കുകയാണ്. അവര്‍ക്ക് എങ്ങനെ അതിനു കഴിയുന്നു? അനു ഒന്നേ നോക്കിയുള്ളൂ. രണ്ട് പൂവന്‍ കോഴികള്‍ തമ്മിലാണ് മത്സരം. അതില്‍ ഒന്ന് തന്റെ പുള്ളിക്കോഴിയാണ്. എറിഞ്ഞോടിക്കാന്‍ തുനിഞ്ഞ അവനെ ഇത്താത്ത തടഞ്ഞു. അപ്പോഴാണ് അവന് കാര്യം പിടികിട്ടിയത്. യുദ്ധത്തില്‍ ജയം പുള്ളിക്കോഴിക്കാണ്. എതിര്‍കക്ഷി തോറ്റോടി. പുള്ളിക്കോഴി അവനെ പറമ്പിന്റെ അതിര്‍ത്തിയോളം പിന്തുടര്‍ന്നു ജേതാവിന്റെ ഭാവത്തില്‍ തിരിച്ചുവന്നു.
‘ജയ് ജയ് പുള്ളിക്കോഴി!’ അനുമോന്‍ മുഷ്ടി ചുരുട്ടി ഉറക്കെ വിളിച്ചുപറഞ്ഞു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top