لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمَِ
അതിമഹാനും അത്യധികം സ്വയം നിയന്ത്രണമുള്ളവനും അത്യധികം ക്ഷമയും വിട്ടുവീഴ്ചയുമുള്ളവനുമായ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അതിമഹാനും അര്‍ശിന്റെ (അല്ലാഹുവിന്റെ അതിഗാംഭീര്യമുള്ള പരമാധികാര പീഠത്തിന്റെ) റബ്ബുമായ അല്ലാഹുവല്ലാതെ ആരാധനയ്‌ക്ക് അര്‍ഹനായി മറ്റാരുമില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബും അര്‍ശിന്റെ റബ്ബും അത്യുദാരനുമായ അല്ലാഹുവല്ലാതെ ആരാധനയ്‌ക്ക് അര്‍ഹനായി മറ്റാരുമില്ല (ബുഖാരി 2346).
ജീവിതത്തില്‍ വിവിധ തരം പരീക്ഷണങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നാം വിധേയരാവാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമ അവലംബിക്കുക എന്നതാണ് വിശ്വാസി സ്വീകരിക്കേണ്ട നിലപാട്. ജീവിതത്തില്‍ വിവിധ കാര്യങ്ങളാല്‍ പരീക്ഷിക്കപ്പെടുമെന്നും ആ സമയത്ത് നമ്മൾ എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ് നമ്മുടെ പരലോക ജീവിതവിജയമെന്ന ഇസ്‌ലാമിക പാഠമാണ് വിശ്വാസിയെ കൂടുതല്‍ ക്ഷമിക്കാന്‍ പ്രാപ്തനാക്കുന്നത്.
പരീക്ഷണഘട്ടങ്ങളില്‍ ക്ഷമ അവലംബിക്കുന്നതോടൊപ്പം തന്നെ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ പെട്ടെന്ന് ദൂരീകരിക്കപ്പെടുക എന്നത് എല്ലാവരുടെയും ആവശ്യമാണ്. ഇതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുക എന്നതാണ് വിശ്വാസിയുടെ മോചനമന്ത്രം.
പ്രയാസങ്ങളില്‍ പ്രാര്‍ഥിക്കുന്നവന് അവന്റെ പ്രയാസങ്ങള്‍ നീക്കം ചെയ്തുകൊടുക്കുന്നവനാണ് അല്ലാഹു എന്ന് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് കാണാന്‍ കഴിയും. ‘അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ഥിച്ചാൽ അവന് ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും ചെയ്യുന്നവന്‍’ (ഖുര്‍ആന്‍ 27:62).
ജീവിതത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും പെട്ടെന്ന് മോചനം ലഭിക്കുവാന്‍ വേണ്ടി പ്രവാചകന്‍ (സ) പഠിപ്പിച്ചു തന്ന പ്രാര്‍ഥന ഇവിടെ ഏറെ ശ്രദ്ധേയമാണ്.
പ്രയാസഘട്ടങ്ങളില്‍ പ്രവാചകന്‍ (സ) ഈ ദിക്‌റുകള്‍ ചൊല്ലുകയും ശേഷം പ്രയാസങ്ങളും ദുരിതങ്ങളും നീങ്ങിക്കിട്ടാനും മാറാനും അല്ലാഹുവിനോട് തേടുകയും ചെയ്യുമായിരുന്നു എന്ന് കാണാം. പ്രാര്‍ഥനകളില്‍ അല്ലാഹുവിനെ മഹത്വവത്കരിക്കുകയും അവനെ സ്മരിക്കുകയും ചെയ്ത ശേഷം ആവശ്യമുള്ള കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയെന്ന പ്രാര്‍ഥനയുടെ മര്യാദാരൂപത്തിന്റെ മറ്റൊരു വശമായി ഈ പ്രയാസഘട്ടത്തിലെ പ്രാര്‍ഥനയെ മനസ്സിലാക്കാന്‍ കഴിയും. പരീക്ഷണഘട്ടങ്ങളില്‍ അവയില്‍ നിന്ന് മോചനം ലഭിക്കുക എന്നത് ആരും ആഗ്രഹിക്കുന്ന കാര്യമാണ്. അതിനായി പ്രവാചകന്റെ ഈ മാതൃക പിന്‍പറ്റാം.