LoginRegister

വേദവെളിച്ചം നമ്മെ നയിക്കട്ടെ

സുലൈഖ കടവത്തൂര്‍

Feed Back


വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കറകള്‍ പുരണ്ട ആധുനിക കാലഘട്ടത്തില്‍ വിശ്വമാനവികതയ്ക്ക് ഏറെ പ്രസക്തിയുണ്ട്. മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിച്ച്, പരസ്പരം മനസ്സിലാക്കി കാരുണ്യം, സഹാനുഭൂതി, ദയ, സഹവര്‍ത്തിത്വം തുടങ്ങിയ നല്ല ഗുണങ്ങള്‍ പങ്കുവെച്ചാല്‍ മാത്രമേ വിശ്വമാനവികത തിരിച്ചുപിടിക്കാന്‍ കഴിയൂ. വേദവെളിച്ചത്തിലേക്ക് മടങ്ങുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ.
വിശ്വത്തിനാകമാനം പ്രകാശം പരത്തുന്ന വിശുദ്ധ ഖുര്‍ആന്‍ അതിന്റെ ഓരോ അധ്യായങ്ങളിലും മാനവികതയ്ക്കും മനുഷ്യത്വത്തിനും ഏറെ പ്രാധാന്യം നല്‍കുന്നു. ഒരു മനുഷ്യനെ കൊന്നവന്‍ ലോകത്തിലെ മുഴുവന്‍ മനുഷ്യരെയും കൊന്നവനെപ്പോലെയാണെന്ന് സൂറത്തുല്‍ മാഇദ 35ാം വചനത്തില്‍ പ്രപഞ്ചനാഥന്‍ ഉണര്‍ത്തുന്നു. അതേപോലെ ഒരു മനുഷ്യജീവന്‍ രക്ഷിച്ചാല്‍ ലോകത്തെ മുഴുവന്‍ മനുഷ്യരെയും രക്ഷിച്ചതിനു തുല്യമാണെന്നും അതേ വചനം നമ്മെ ഓര്‍മിപ്പിക്കുന്നു. വിശ്വമാനവികതയ്ക്ക് ഇത്രയും ഉദാത്തമായ മാതൃക മറ്റെവിടെ നിന്നാണ് നമുക്ക് ലഭിക്കുക?
എല്ലാ മാനവിക മൂല്യങ്ങളുടെയും ശവപ്പറമ്പായി ആധുനിക ലോകം മാറിക്കൊണ്ടിരിക്കുന്നു. അതിഭീകരമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അക്രമം, കൊലപാതകങ്ങള്‍, ലഹരിമാഫിയയുടെ വിളയാട്ടം, പല തരത്തിലുള്ള ചൂഷണങ്ങള്‍, അതിനീചമായ നരഹത്യകള്‍….
പത്രമാധ്യമങ്ങളിലൂടെ നാം അറിയുന്ന വാര്‍ത്തകള്‍ ഭൂരിഭാഗവും ഇത്തരത്തിലുള്ളതാണ്. നിത്യവും വായിച്ച് വായിച്ച് നമുക്കിത് വാര്‍ത്തയേ അല്ലാതായി മാറി. കേട്ടുകേട്ട് കാതുകള്‍ തഴമ്പിച്ചു.
അങ്ങകലെ ഗസ്സയില്‍- അതെ, പുണ്യഭൂമിയായ ഫലസ്തീനില്‍- ഇസ്രായേല്‍ നരനായാട്ട് തുടരുകയാണ്. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ഇഞ്ചിഞ്ചായി ചതഞ്ഞരഞ്ഞ് ഒടുങ്ങുന്നു. ഗസ്സയിലെ തെരുവുകളില്‍ രക്തപ്പുഴ ഒഴുകുന്നു. മാതാക്കള്‍ തേങ്ങിക്കരയുന്നു. പിഞ്ചുബാലികമാര്‍ മരണം മുന്നില്‍ കണ്ട് ഒസ്യത്തെഴുതിവെയ്ക്കുന്നു. കാണുമ്പോഴും കേള്‍ക്കുമ്പോഴും കരളലിയിപ്പിക്കുന്ന ദയനീയ രംഗങ്ങള്‍… എന്താണ് കാരണം? മാനുഷിക മൂല്യങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത ജൂതക്കോമരങ്ങള്‍ ഗസ്സയെ ഒന്നടങ്കം നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു. വംശവെറിയും മുസ്‌ലിം വിരോധവും ഫാസിസവും അത്യാഗ്രഹവും മാത്രമാണ് അവരെ ഭരിക്കുന്നത്. ലോക പോലീസ് എന്ന് അവകാശപ്പെടുന്ന അമേരിക്കയും ബ്രിട്ടനും എന്തിന് മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ പോലും ഇസ്രായേലിന് ഓശാന പാടുന്നു. ഐക്യരാഷ്ട്ര സംഘടന ഗതികെട്ട് പ്രതിഷേധിച്ചപ്പോള്‍ ‘അതിന്റെ സെക്രട്ടറി ജനറലിനെ പുറത്താക്കണം’ എന്ന ഉത്തരവുകളാണ് ഉടന്‍ തന്നെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. വിശ്വമാനവികത എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണിത്. ലോകം മുഴവന്‍ ഗസ്സക്കു വേണ്ടി കരയുമ്പോഴും മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് അധിനിവേശ പട്ടാളം തേര്‍വാഴ്ച തുടരുകയാണിപ്പോഴും.
കേരളത്തിലും മനുഷ്യത്വം മരവിപ്പിക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിയുന്നത്. മണ്ണിന്റെ മണമുള്ള മനുഷ്യനെ എവിടെയും കാണാന്‍ കഴിയുന്നില്ല. സ്‌നേഹം, ദയ, കാരുണ്യം, സഹാനുഭൂതി, സത്യസന്ധത തുടങ്ങിയ നല്ല ഗുണങ്ങള്‍ മറന്നുപോയ സൈബര്‍ യുഗത്തിലെ മനുഷ്യന്‍ സ്വന്തം താല്‍പര്യങ്ങള്‍ക്കും സുഖത്തിനും വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്നു. ലഹരി മാഫിയ യുവത്വത്തിന്റെ മേല്‍ നീരാളി പോല്‍ ചുറ്റിപ്പടരുന്നു. മൂല്യങ്ങള്‍ നഷ്ടപ്പെട്ട യുവാക്കളും കുട്ടികളും മാതാപിതാക്കളെ പോലും ശല്യമായി കരുതുന്നു. വൃദ്ധസദനങ്ങള്‍ കൊഴുത്തു വളരുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ പോലും സ്വന്തം രക്ഷിതാവിന്റെ കൈകളാല്‍ പിച്ചിച്ചീന്തി എറിയപ്പെടുന്നു. സ്ത്രീകളും കുട്ടികളും എല്ലായിടത്തും വേട്ടയാടപ്പെടുന്നു. അക്രമവും അരാജകത്വവും അധര്‍മവും കൊടികുത്തി വാഴുന്ന ഈ ലോകത്തെ രക്ഷപ്പെടുത്താന്‍ എന്താണ് വഴി? ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം എന്താണ് പരിഹാരം?
ഒരേ ഒരുത്തരം മാത്രം. പരിഹാരം ഒന്നു മാത്രം. വേദവെളിച്ചമായ വിശുദ്ധ ഖുര്‍ആനിലേക്ക് മടങ്ങുക. പ്രപഞ്ച സ്രഷ്ടാവിന്റെ ഇഷ്ടദാസനായ, സത്യദൂതനായ തിരുദൂതര്‍ നമുക്ക് പഠിപ്പിച്ചു തന്ന അധ്യാപനങ്ങളിലേക്ക് മടങ്ങുക. വേദഗ്രന്ഥം നന്നായി പഠിച്ചു മനസ്സിലാക്കുക. അതിലെ മൂല്യങ്ങളും ശാസനകളും നിയമങ്ങളും മാനവികതയും തിരിച്ചറിഞ്ഞ് ജീവിതത്തില്‍ പകര്‍ത്തുക… നമുക്ക് മനസ്സിലായ ജീവിതപാഠങ്ങള്‍ മറ്റുള്ളവര്‍ക്കും പകരുക. ആദ്യം നാം സ്വയം നന്നാവുക… പിന്നെ ഒരു പ്രകാശഗോപുരം പോലെ മറ്റുള്ളവരെ നന്മയിലേക്ക് നയിക്കുക.
മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനായി പരിശ്രമിക്കുക. മറ്റ് മനുഷ്യരെ സ്‌നേഹിക്കുന്നതിലൂടെയും സഹായിക്കുന്നതിലൂടെയും നന്മ പ്രവര്‍ത്തിക്കുന്നതിലൂടെയും സ്വയം ഒരു സ്‌നേഹദൂതനായി മാറുക. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’, ‘വസുധൈവ കുടുംബകം’, ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക’ തുടങ്ങിയ ആപ്തവാക്യങ്ങള്‍ വ്യത്യസ്ത മതങ്ങള്‍ ലോകത്തിനു നല്‍കിയ നല്ല ആശയങ്ങളാണ്. ”അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല” എന്ന തിരുദൂതരുടെ അധ്യാപനം ജീവിതത്തില്‍ പകര്‍ത്താന്‍ നാം പരിശ്രമിക്കുക. ഇരുലോകത്തും ജീവിതവിജയം നേടാന്‍ വിശ്വമാനവികതയിലൂന്നി ജീവിക്കേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണ്, കടമയാണ്. അതാവട്ടെ ജീവിത ലക്ഷ്യം.
വിശുദ്ധ ഖുര്‍ആനിലെ 49ാം അധ്യായമായ സൂറ: ഹുജുറാത്തിലെ 13ാം വചനം സ്മരണീയമാണ്. ”ഹേ മനുഷ്യരേ, നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ പരസ്പരം പരിചയപ്പെടാനായി പല ഗോത്രങ്ങളും ശാഖകളുമായി വിഭജിച്ചിരിക്കുന്നു. നിങ്ങളില്‍ അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍ സൂക്ഷ്മത പുലര്‍ത്തുന്ന ഭയഭക്തനാകുന്നു. അല്ലാഹു സൂക്ഷ്മജ്ഞനും സര്‍വ്വജ്ഞനുമാകുന്നു.”
എത്ര മഹത്തായ വാക്കുകള്‍! വിശ്വമാനവികതയ്ക്ക് മകുടം ചാര്‍ത്തുന്ന ഇത്തരം വചനങ്ങള്‍ ഏത് വേദഗ്രന്ഥത്തിലാണ് നമുക്ക് കാണാന്‍ കഴിയുക? ഒരിടത്തുമില്ല. കരുണാവാരിധിയായ പ്രപഞ്ചസ്രഷ്ടാവ് തന്റെ കാരുണ്യാതിരേകത്താല്‍ നമുക്ക് പകർന്ന ഏറ്റവും മഹത്തായ മാനവിക മൂല്യങ്ങളുടെ മകുടോദാഹരണമാണിത്. ‘വിശ്വമാനവന്‍’ എന്ന കാഴ്ചപ്പാട് മനുഷ്യരില്‍ ഊട്ടിയുറപ്പിക്കുന്ന ഇത്തരം വചനങ്ങള്‍ ധാരാളമായി വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഇത് പഠിക്കുന്ന ഒരു മനുഷ്യന് സ്വന്തം സഹോദരനെ കൊല്ലാന്‍ പോയിട്ട് ഒരു മുള്ളുകൊണ്ട് പോലും കുത്തിനോവിക്കാന്‍ ഒരിക്കലും സാധ്യമല്ല.
പിന്നെ എന്തുകൊണ്ട് അതിക്രമങ്ങളും അനീതിയും അരാജകത്വവും കൊള്ളയും കൊലയും ലോകത്ത് നടമാടുന്നു? ഒരേ ഒരുത്തരം മാത്രം. മനുഷ്യര്‍ വേദഗ്രന്ഥത്തില്‍ നിന്നും അതിന്റെ അധ്യാപനങ്ങളില്‍ നിന്നും അകന്ന് ഗ്രന്ഥം ചുമക്കുന്ന കഴുതകള്‍ മാത്രമായി മാറി. വേദഗ്രന്ഥങ്ങളുടെ പ്രകാശം പലവിധ ഇരുട്ടുകളാല്‍ മറയപ്പെട്ടു. ആ ഇരുട്ടിലേക്ക് പൈശാചിക ചിന്തകള്‍ കടന്നുകയറി. മനുഷ്യന്‍ മനുഷ്യനെ ശത്രുവായി മാത്രം കണ്ടു. എവിടെയും മത്സരങ്ങള്‍! കുടിപ്പക! മതഭ്രാന്ത്! സ്വാര്‍ത്ഥത! സ്വന്തം സുഖത്തിനു മാത്രമായുള്ള പരക്കംപാച്ചിലുകള്‍… അവസാനം മാനുഷിക മൂല്യങ്ങള്‍ കാറ്റില്‍പറത്തിയ മനുഷ്യന്‍ ലഹരിമാഫിയയുടെ കൈയിലെ ചട്ടുകങ്ങളായി മാറുന്നു. രാജ്യങ്ങള്‍ പോലും പരസ്പരം പോര്‍വിളി നടത്തുന്നു. എന്തിനു വേണ്ടി? സ്വന്തം സാമ്രാജ്യം വിപുലപ്പെടുത്താന്‍ തനിക്ക് അഭയം നല്‍കിയ നാടിനെയും നാട്ടുകാരെയും ഉന്മൂലനാശം വരുത്തി സ്വന്തം ഗര്‍വ്വ് ഉയര്‍ത്തിപ്പിടിക്കാന്‍ പല രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നു. ഇസ്രായേല്‍ അതിന്റെ ഉദാഹരണം മാത്രം. ലോകത്തിന്റെ പല ഭാഗങ്ങളിലും യുദ്ധങ്ങള്‍ മാനവികതയെ മുറിവേല്പിക്കുന്നു. ജനങ്ങള്‍ നെട്ടോട്ടമോടുന്നു. സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും ബലിയാടുകളായി മാറുന്നു. കബന്ധങ്ങള്‍ റോഡുകളില്‍ ഉരുളുന്നു. പാതകളില്‍ ചോരപ്പുഴ ഒഴുകുന്നു. ശവപ്പറമ്പുകള്‍ പോലും മരവിച്ചുനില്‍ക്കുന്നു. ലോകം മുഴുവന്‍ ഒരു തേങ്ങലോടെ ഗസ്സയിലേക്കും മറ്റ് യുദ്ധക്കളങ്ങളിലേക്കും ഉറ്റുനോക്കുന്നു. പരിഹാരമെന്ത്?
സഹവര്‍ത്തിത്വം, സമാധാനം, മതസഹിഷ്ണുത, സഹകരണ മനോഭാവം, സ്‌നേഹം, കരുണ തുടങ്ങിയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ലോകത്തിന്റെ നന്മയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാം. വേദവെളിച്ചത്തിന്റെ പ്രഭാവം ലോകം മുഴുവന്‍ പ്രസരിപ്പിക്കാം. നാമൊന്ന്, മാനവകുലമൊന്ന്, ദൈവം ഒന്ന്, പ്രപഞ്ചം ഒന്ന് എന്ന പ്രപഞ്ചസത്യം മനസ്സിലാക്കി നന്മയിലേക്ക് മുന്നേറാം. ഒരു പുതുയുഗപ്പുറവിക്കായി ഒന്നിച്ച് പ്രയത്‌നിക്കാം. വിശ്വമാനവനായി വളരാം പ്രപഞ്ചം മുഴുവന്‍ നമ്മുടെ കൂടെയുണ്ടാവും. തീര്‍ച്ച.
വേദവെളിച്ചം നമ്മെ നയിക്കട്ടെ… തമസ്സ് നീങ്ങി പ്രകാശം പരക്കട്ടെ. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top