LoginRegister

മക്കളേ, നിങ്ങളെന്തിനാണ് കരയുന്നത്?

എ ജമീല ടീച്ചര്‍

Feed Back


കര്‍മം കൊണ്ട് എന്റെ പിതാവ് എടവണ്ണക്കാരനായി അറിയപ്പെട്ടുവെങ്കിലും അദ്ദേഹം മേലാറ്റൂര്‍ അംശത്തിലെ എടപ്പറ്റ സ്വദേശിയായിരുന്നു. പിതാവ് ആലിപ്പറ്റ അബൂബക്കര്‍ മുസ്‌ലിയാര്‍. മാതാവ് ഫാത്തിമ. രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും ബാപ്പയും ഉമ്മയും ഉള്‍ക്കൊള്ളുന്ന ഏഴംഗ കുടുംബം. നാലാം തരം വരെ മാത്രമേ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടുള്ളൂ. പിന്നെ വിശപ്പിന്റെ വിളി അദ്ദേഹത്തെ പത്താം വയസ്സില്‍ മൗലീദ് ഓത്തുകാരനാക്കി. വീടുവീടാന്തരം കയറി മൗലീദോതിക്കൊടുക്കും. അതുകൊണ്ടു കിട്ടുന്ന ചില്ലറത്തുട്ടുകളായിരുന്നു ഉപജീവന മാര്‍ഗം. പാരമ്പര്യമായി കിട്ടിയ ഘനഗംഭീരവും മാധുര്യവുമുള്ള ശബ്ദം ആ കൂട്ടിയെ മൗലീദ് പാരായണത്തില്‍ ശ്രദ്ധേയനാക്കി.
ഇതെല്ലാം മനസ്സിലാക്കിയ അദ്ദേഹത്തിന്റെ അമ്മാവന്‍ ഒരിക്കല്‍ വിളിച്ചിട്ടു പറഞ്ഞു:
”നീയിങ്ങനെ മൗലീദും പാടി നടന്നാല്‍ പോരാ. വല്ല പള്ളിദര്‍സിലും ചേര്‍ന്ന് ദീന്‍ പഠിക്കാന്‍ നോക്ക്.”
അങ്ങനെ അമ്മാവന്റെ ഒത്താശയോടെ അദ്ദേഹം തൊട്ടടുത്തുള്ള പള്ളിദര്‍സില്‍ പഠനം ആരംഭിച്ചു.
ചെറുപ്പം മുതലേ സ്വതസിദ്ധമായി കിട്ടിയ ഉല്‍പതിഷ്ണുചിന്ത അദ്ദേഹത്തെ ഉസ്താദുമാരോട് സംശയങ്ങള്‍ ചോദിക്കാന്‍ പ്രേരിതനാക്കി. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നത് അവനെ മാത്രം ആരാധിക്കാനും വിളിച്ചു പ്രാർഥിക്കാനുമല്ലേ, പിന്നെയെന്തിനാണ് നമ്മള്‍ മരിച്ചുപോയവരെ വിളിച്ച് പ്രാർഥിക്കുന്നത്? എന്തിനാണ് നമ്മള്‍ മൗലീദ് പാരായണം ചെയ്യുന്നത്? ഇങ്ങനെ സംശയങ്ങള്‍ പല തരത്തില്‍ നീണ്ടുപോയി. ഒന്നിനും ഉസ്താദുമാര്‍ക്ക് മറുപടിയില്ല.
”നിനക്ക് പറ്റിയ ദര്‍സ് ഇവിടെയല്ല. നീ മറ്റൊരിടത്ത് പോ. അവിടെ നിന്റെ സംശയങ്ങള്‍ക്ക് മറുപടിയുണ്ടാവും” എന്നായി ഉസ്താദുമാർ.
അങ്ങനെ പള്ളിദര്‍സുകള്‍ പലതും മാറിമാറി പഠനം തുടര്‍ന്നുകൊണ്ടിരുന്നു. കേരളത്തില്‍ അന്നുണ്ടായിരുന്ന ഒട്ടുമിക്ക പള്ളിദര്‍സുകളിലും അദ്ദേഹം പഠിച്ചു. മൈസൂർ, വടക്കേ ഇന്ത്യയിലെ ദയൂബന്ദ് മുതലായ സ്ഥലങ്ങളിലെ സ്ഥാപനങ്ങളിലും പഠിച്ചു.
അവിടങ്ങളിലൊക്കെ പഠിച്ച കാലത്തെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ബാപ്പ ഇടക്കിടെ സ്‌കൂളില്‍ പോകാന്‍ മടികാണിക്കുന്ന ഞങ്ങള്‍ കുട്ടികളെ ഓര്‍മിപ്പിക്കാറുണ്ടായിരുന്നു.
”മക്കളേ, നിങ്ങളൊക്കെ എത്ര അനുഗൃഹീതരാണ്. ഞാനൊക്കെ പള്ളിദര്‍സിന്റെ ഉമ്മറപ്പടി തലയണയാക്കിവെച്ചാണ് കിടന്നുറങ്ങിയിരുന്നത്.”
25 വയസ്സിനിടക്ക് വിവാഹം കഴിച്ച് രണ്ട് ആണ്‍മക്കളായി. എന്റെ മൂത്ത രണ്ട് ജ്യേഷ്ഠന്മാര്‍. അവരുടെ ഉമ്മ മേലാറ്റൂര്‍കാരിയും ബാപ്പയുടെ അകന്ന ബന്ധുവും കൂടിയായിരുന്നു.
അങ്ങനെയിരിക്കെയാണ് ബാപ്പ തൊടികപ്പുലം മമ്മു മുസ്‌ലിയാരുടെ പള്ളിദര്‍സിലെത്തുന്നത്. മമ്മു മുസ്‌ലിയാര്‍ മുജാഹിദ് ആശയക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ദര്‍സില്‍ എത്തിയതോടുകൂടി ബാപ്പയുടെ സംശയങ്ങള്‍ക്കെല്ലാം തക്കതായ മറുപടിയായി. അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കാനോ വിളിച്ചു പ്രാര്‍ഥിക്കാനോ പാടില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഉപജീവനത്തിന്റെ മാര്‍ഗമായി ഇടയ്‌ക്കിടെ ബാപ്പ റെയിൽപ്പാളത്തില്‍ ചെറിയ ജോലികൾ ചെയ്യുമായിരുന്നു.
എടവണ്ണയില്‍ അക്കാലത്ത് വിരലിലെണ്ണാവുന്ന ചില മുജാഹിദുകളുണ്ടായിരുന്നു. അവരുടെ ആവശ്യപ്രകാരം ബാപ്പയെ തൊടികപ്പുലം മമ്മു മുസ്‌ലിയാർ എടവണ്ണ ചെറിയ പള്ളിയിലേക്ക് ഖാദിയായി നിശ്ചയിച്ചയച്ചു. അന്ന് ചെറിയ പള്ളിയില്‍ ഒരു ജാറവും അതിനോടനുബന്ധിച്ച് ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന നേര്‍ച്ചയും ഒരുപാട് അനാചാരങ്ങളും നിലവിലുണ്ടായിരുന്നു.
ബാപ്പ വെള്ളിയാഴ്ച ഒരു ജുമുഅക്ക് മിമ്പറില്‍ നിന്നു. മുക്രി മരവാള്‍ ൈകയില്‍ കൊടുത്തു. അദ്ദേഹം ആ മരവാള്‍ പതുക്കെ ഒരു മൂലയിലേക്ക് മാറ്റിവെച്ചു. ശേഷം ഹംദും സലാത്തും ചെല്ലി നല്ല പച്ചമലയാളത്തില്‍ സ്‌ഫുടമായ ഭാഷയില്‍ ഖുത്ബ നടത്തി. ആളുകള്‍ അന്തംവിട്ടു. പക്ഷെ ബാപ്പയുടെ ഖുര്‍ആന്‍ പാരായണത്തിന്റെ ഗാംഭീര്യം അവരെ ഖുത്ബയിൽ ആകൃഷ്ടരാക്കി. അലവി മൗലവി സംസാരിച്ചത് മുഴുവന്‍ അവിടെയുള്ള ജാറത്തിന്റെയും മറ്റ് അനാചാരങ്ങളുടെയും ഭവിഷ്യത്തിനെക്കുറിച്ചായിരുന്നു. ആളുകള്‍ക്കിടയില്‍ അത് സംസാരവിഷയമായി. സത്യം സ്വീകരിക്കാന്‍ തയ്യാറുണ്ടായിരുന്ന ജനത അവരുടെ കൈകൊണ്ടുതന്നെ ജാറം പൊളിച്ചുകളയാമെന്ന് മൗലവിക്ക് വാക്കു കൊടുത്തു. അങ്ങനെ ആ ജാറം പൊളിച്ചുമാറ്റപ്പെട്ടു. അവിടെ സ്ത്രീകള്‍ക്ക് ജുമുഅ നമസ്‌കരിക്കാന്‍ വേണ്ട സൗകര്യമൊരുക്കി. ഒരുപക്ഷെ, കേരളത്തിലെ ആദ്യത്തെയും അവസാനത്തെയും ജാറംപൊളിയായിരിക്കാമത്. അവിടന്നങ്ങോട്ട് ബാപ്പ എടവണ്ണയിലെ സ്ഥിരം ഖതീബായി മാറി. ഈ സംഭവം നടക്കുന്നത് ഏകദേശം 1940കളിലായിരുന്നു.
അതിനിടയില്‍ ബാപ്പയുടെ ഭാര്യ രോഗം മൂലം മരണപ്പെട്ടു. അങ്ങനെയാണ് എന്റെ ഉമ്മ പി സി ഫാത്തിമക്കുട്ടി ബാപ്പക്ക് ഇണയും തുണയുമായി വരുന്നത്. ഉമ്മക്കും ആദ്യബന്ധത്തില്‍ ഒരാണ്‍കുട്ടിയുണ്ടായിരുന്നു. അവനെയുമായിട്ടായിരുന്നു ഉമ്മയുടെ കൂടണയല്‍. അതോടെ ബാപ്പ എടവണ്ണക്കാരനായി മാറി. പിന്നീട് എന്റെ ഉമ്മയുമായുള്ള ബന്ധത്തില്‍ അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമായി. പെണ്‍മക്കളില്‍ മുതിര്‍ന്നവളാണ് ഈയുള്ളവൾ.
നാട്ടുകാര്‍ ഒരുക്കിക്കൊടുത്ത ഓല മേഞ്ഞ ചെറുവീട്ടില്‍ ദാരിദ്ര്യത്തിന്റെ വറചട്ടിയിലാണെങ്കിലും ഞങ്ങള്‍ സന്തോഷപൂര്‍വം കഴിഞ്ഞുവന്നു. ബാപ്പ അക്കാലത്ത് മിക്കവാറും ഇസ്‌ലാമിക പ്രബോധനവുമായി പുറംനാടുകളില്‍ തന്നെയായിരിക്കും. വീട്ടുകാര്യങ്ങളെല്ലാം നോക്കിയിരുന്നത് ഉമ്മ തന്നെയായിരുന്നു. വാദപ്രതിവാദങ്ങളും ഖണ്ഡന പ്രസംഗങ്ങളുമെല്ലാമായിരുന്നു ബാപ്പയുടെ ജീവിതത്തിലെ പ്രധാന അജണ്ട.
അങ്ങനെയിരിക്കെ 1956ല്‍ ബാപ്പക്കെതിരെ തൃശൂരിൽ ‍വെച്ച് ഹീനമായ ഒരു വധശ്രമവും നടക്കുകയുണ്ടായി. തൃശൂരിലെ ഓട്ടുപാറയില്‍ വെച്ച് നടന്ന ഒരു വാദപ്രതിവാദത്തിന്റെ ഭാഗമായിരുന്നു അത്. സുന്നീ പക്ഷത്ത് പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരായിരുന്നു. മുജാഹിദ് പക്ഷത്ത് ബാപ്പയും തൃപ്പനച്ചിയിലെ അബൂബക്കര്‍ മൗലവിയും പട്ടാമ്പിക്കാരന്‍ മുഹമ്മദ് മൗലവിയുമുണ്ടായിരുന്നു. വാദപ്രതിവാദം തുടങ്ങി. ബാപ്പ എതിര്‍പക്ഷത്തിനു മുമ്പില്‍ ഒരു ചോദ്യം ഇട്ടുകൊടുത്തു: ”മുഹ്‌യിദ്ദീന്‍ ശൈഖേ കാക്കണേ, ബദ്‌രീങ്ങളെ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാത്മാക്കളെ വിളിച്ചു പ്രാര്‍ഥിക്കുന്നതിന് ഖുര്‍ആനില്‍ തെളിവുണ്ടോ?”
സുന്നീ പക്ഷത്തുനിന്ന് മറുപടിയൊന്നുമുണ്ടായില്ല. അലവി മൗലവി ചോദ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. നേരം പാതിരയോടടുത്തു. ജനങ്ങളിലെ സത്യാന്വേഷികള്‍ ഇളകിവശായി. അവര്‍ അലവി മൗലവിക്ക് സംസാരിക്കാന്‍ അവസരം കൊടുക്കണമെന്ന് വാദിച്ചു. അവസാനം അല്ലാഹുവിനെയൊഴികെ മറ്റാരെയും വിളിച്ചു പ്രാർഥിക്കാന്‍ പാടില്ല എന്നതിന് അലവി മൗലവി ഖുര്‍ആനില്‍ നിന്ന് 10 ആയത്തുകള്‍ ഓതി അതിന്റെ അർഥം വിശദീകരിച്ചു. അതോടെ കേട്ടുനിന്നവരില്‍ നല്ലൊരു വിഭാഗം മുജാഹിദ് പക്ഷത്തേക്ക് മാറി. അവര്‍ കൂട്ടമായി തക്ബീര്‍ വിളിച്ചു. അത് കേള്‍ക്കേണ്ട താമസം പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാർ അടവ് മാറ്റി.
”ഈ അലവി മൗലവിയും കൂട്ടരും മതം പൊളിക്കുന്നവരാണ്. അവരെ കൊന്നുകളഞ്ഞാല്‍ ഫീസബീലില്ലാഹിയുടെ പോരിശ കിട്ടും” എന്ന് അയാള്‍ പ്രഖ്യാപിച്ചു. വാദപ്രതിവാദം നിര്‍ത്തിവെച്ചു. പിറ്റേന്ന് ബാപ്പയും സ്നേഹിതന്മാരും ഒരു കാറില്‍ നാട്ടിലേക്ക് മടങ്ങുകയാണ്. വഴിയില്‍ വെച്ച് ചില ഗുണ്ടകള്‍ കാര്‍ വളഞ്ഞു. അതില്‍ ചിലര്‍ കാറില്‍ കയറി. ഡ്രൈവറോട് കാറ് ചോലക്കരയിലേക്ക് വിടാൻ ആജ്ഞാപിച്ചു. അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിനുള്ളില്‍ അവരെ എത്തിച്ചു. കാര്യം ആ ഗുണ്ടകള്‍ തുറന്നുപറഞ്ഞു:
”നിങ്ങളെ കൊല്ലാനാണ് കൊണ്ടുവന്നിരിക്കുന്നത്. അവസാന ആഗ്രഹമായി എന്തെങ്കിലുമുണ്ടെങ്കില്‍ പറഞ്ഞേക്കണം.”
അലവി മൗലവി നമസ്‌കരിക്കണമെന്ന് പറഞ്ഞു. നമസ്‌കരിക്കേണ്ടതിനായി തൊട്ടടുത്തുള്ള ഒരു നമസ്‌കാരപ്പള്ളിയിലേക്ക് കൊണ്ടു പോയി. ബാപ്പയും സ്നേഹിതന്മാരും രണ്ട് റക്അത്ത് നമസ്‌കരിച്ചു. അല്ലാഹുവിനോട് രക്ഷക്കായി പ്രാർഥിച്ചു.
ഇക്കാര്യങ്ങളെല്ലാം ബാപ്പയെ കോണ്‍ഗ്രസ് സ്റ്റേജിൽ വെച്ച് കണ്ടുപരിചയമുള്ള ഒരു ക്രിസ്തീയ യുവാവ് വീക്ഷിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് കാര്യം എന്തോ പന്തിയല്ലെന്ന് മനസ്സിലായി നേരെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. അല്ലാഹുവിന്റെ രക്ഷ. മരണം മുന്നില്‍ കണ്ട് വന്ന ബാപ്പയും സ്നേഹിതരും കണ്ടത് ഇരമ്പിക്കിതച്ചുവരുന്ന പൊലീസ് ജീപ്പായിരുന്നു. അങ്ങനെ ആ വധശ്രമത്തില്‍ നിന്ന് അല്ലാഹു അവരെ രക്ഷപ്പെടുത്തി.
മരണസമയത്തുപോലും ബാപ്പ അക്കാര്യം ഓര്‍മിപ്പിക്കുകയുണ്ടായി. ബാപ്പയുടെ മരണ സമയത്ത് സങ്കടപ്പെട്ട് കരയുന്ന ഞങ്ങളെ ബാപ്പ സമാധാനിപ്പിച്ചു:
“മക്കളേ, നിങ്ങളെന്തിനാണ് കരയുന്നത്? ബാപ്പ ഇത്രയും കാലം ജീവിച്ചില്ലേ? ബാപ്പ ഇതിന് എത്രയോ മുമ്പ് മരിക്കേണ്ടതായിരുന്നില്ലേ? ഇനി ബാപ്പ സമാധാനത്തോടെ മരിക്കട്ടെ. നിങ്ങള്‍ അല്ലാഹുവിനോട് പ്രാർഥിക്കുക.”
1976 മെയ് 19ന് മഞ്ചേരി ജില്ലാ ഹോസ്പിറ്റലില്‍ വെച്ച് ബാപ്പ എന്നന്നേക്കുമായി വിടചൊല്ലി.
എടവണ്ണ ജാമിഅഃ നദ്‌വിയ്യ എന്ന സ്ഥാപനം പടുത്തുയര്‍ത്തിയതിലും ബാപ്പാക്ക് വ്യക്തമായ പങ്കുണ്ട്. അതിന്റെ ആദ്യകാല മാനേജിങ് ട്രസ്റ്റിയും പ്രിന്‍സിപ്പലുമെല്ലാം അലവി മൗലവി എന്ന ഞങ്ങളുടെ പ്രിയ പിതാവായിരുന്നു. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top