LoginRegister

വഴിയമ്പലം

ഷെരീഫ് സാഗർ

Feed Back


ഇബ്്റാഹീം ബിന്‍ അദ്ഹം എന്നൊരു ചക്രവര്‍ത്തിയുണ്ടായിരുന്നു. ഖുറാസാനിലെ ബല്‍ഖില്‍ രാജകുടുംബത്തിലാണ് അദ്ദേഹം വളര്‍ന്നത്. മനോഹരമായ ഉദ്യാനവും നിറയെ പരിചാരകരുമുള്ള കൊട്ടാരം. കുതിരകളുടെ അകമ്പടിയോടെ എല്ലാ യാത്രയിലും 20 പരിചാരകരുടെ കൂട്ട്. ചെറുപ്പത്തിലേ നല്ല വിദ്യാഭ്യാസം നേടി. അമ്പെയ്‌ത്തിലും നായാട്ടിലും ആനന്ദം കണ്ടെത്തി. അങ്ങനെ പിതാവിന്റെ മരണശേഷം ഇബ്റാഹീം ബിന്‍ അദ്ഹം ബല്‍ഖിലെ രാജാവായി.
അങ്ങനെയിരിക്കെ, പേര്‍ഷ്യന്‍ പുതുവത്സരമായ നൗറോസ് ആഘോഷിക്കുന്ന ദിവസമെത്തി. തലസ്ഥാനം അലങ്കരിക്കപ്പെട്ടു. എല്ലാ മേല്‍പ്പുരകളിലും പതാകകള്‍ പാറി. എല്ലാ പടിക്കലും വാദ്യഘോഷങ്ങള്‍ മുഴങ്ങി. എല്ലാ തെരുവുകളിലും ദീപാലങ്കാരം. രാജ്യമൊന്നാകെ ആഘോഷത്തില്‍ മുഴുകിയ ദിവസം. അന്ന് കൊട്ടാരത്തിലേക്ക് ഭ്രാന്തനെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ കടന്നുവന്നു. ‘ഈ വഴിയമ്പലത്തിന്റെ ഉടമസ്ഥനെവിടെ’ എന്ന് ചോദിച്ചാണ് അയാള്‍ വന്നത്. ആ ചോദ്യം കേട്ട് രാജസേവകര്‍ കോപം കൊണ്ട് വിറച്ചു. ഇത്രയും മനോഹരമായ കൊട്ടാരത്തെ വഴിയമ്പലമെന്ന് വിളിച്ച് അപഹസിച്ചത് അവര്‍ക്ക് രസിച്ചില്ല. ‘അവന്റെ നാവറുക്കണ’മെന്ന് ചിലര്‍ പറഞ്ഞു. ഭ്രാന്താലയത്തില്‍ വിടണമെന്ന് മറ്റു ചിലരും.
ചക്രവര്‍ത്തി അതിന് അനുവദിച്ചില്ല. ”സ്‌നേഹിതന്മാരേ, ഇന്നു നൗറോസ് ആണെന്നോര്‍ക്കണം. അവനെ ഭ്രാന്താലയത്തിലേക്ക് അയക്കുന്നതിന് പകരം നമുക്കു തന്നെ അവന്റെ ചെയ്തികള്‍ കണ്ടു രസിച്ചുകൂടേ?” അദ്ദേഹം ചോദിച്ചു.
അത് ശരിയാണെന്ന് പരിചാരകര്‍ക്ക് തോന്നി. ഭ്രാന്തന്റെ ചെയ്തികള്‍ കണ്ട് രസിക്കാന്‍ അവരും ഒരുങ്ങി.
”നിങ്ങള്‍ക്കു മുമ്പ് ഈ വീട്ടില്‍ ആരായിരുന്നു താമസം?” യാത്രക്കാരന്‍ ചോദിച്ചു.
”എന്റെ പിതാവ്”- ചക്രവര്‍ത്തി പറഞ്ഞു.
”അതിനും മുമ്പ് ആരെ”ന്നായി ചോദ്യം. ബാപ്പയുടെ ഉപ്പാപ്പ. അദ്ദേഹത്തിനു മുമ്പ് ഉപ്പാപ്പയുടെ ഉപ്പാപ്പ. എന്നാല്‍ ഇതൊരിക്കലും ഒരു വഴിയമ്പലമായിരുന്നില്ലെന്ന് ചക്രവര്‍ത്തി തറപ്പിച്ച് പറഞ്ഞു.
”അവരൊക്കെ എവിടെ പോയി” എന്നായി യാത്രക്കാരന്‍.
”എല്ലാവരും മരിച്ചുപോയി. കുറേ കാലം കഴിഞ്ഞാല്‍ എല്ലാവരും മരിക്കുമല്ലോ”- ചക്രവര്‍ത്തി പറഞ്ഞു.
”അപ്പോള്‍ ഇവിടെ ഓരോരുത്തര്‍ വന്ന് അല്‍പം താമസിച്ചു പോകുന്നു, അല്ലേ? എന്നിട്ടും അഹങ്കാരം കൊണ്ട് അന്ധനായ അവിടുന്ന് ഇതൊരു വഴിയമ്പലമാണെന്ന് സമ്മതിക്കുന്നില്ല.” ഇതും പറഞ്ഞ് യാത്രക്കാരന്‍ കൊട്ടാരത്തില്‍നിന്ന് ഇറങ്ങിപ്പോയി.
അയാള്‍ പോയ ശേഷമാണ് ആ പറഞ്ഞതിന്റെ പൊരുള്‍ ചക്രവര്‍ത്തി തിരിച്ചറിയുന്നത്. ഏത് വലിയ കൊട്ടാരവും വഴിയമ്പലമാണ്. ഇന്നലെ ആരോ അവിടെയുണ്ടായിരുന്നു. ചക്രവര്‍ത്തിയായി വാണിരുന്നു. സമയം കഴിഞ്ഞപ്പോള്‍ അയാള്‍ പോയി. ഇന്ന് മറ്റൊരാളാണ്. ഈ ലോകത്തെ ജീവിതം ഒരു വഴിയമ്പലത്തിന് സമാനമാണെന്ന വലിയ തത്വമാണ് വഴിയാത്രക്കാരന്‍ ഇബ്റാഹീം ബിന്‍ അദ്ഹമിനെ ഓര്‍മിപ്പിച്ചത്.
ഈ സംഭവത്തിനു ശേഷമാണ് അദ്ദേഹം കൊട്ടാരം ഉപേക്ഷിച്ചതെന്ന് പറയപ്പെടുന്നു. സി എച്ച് മുഹമ്മദ് കോയ എഴുതിയ ‘വഴിയമ്പലം’ എന്ന നാടകം പറയുന്നത് ഈ കഥയാണ്. ശ്രീബുദ്ധനെ പോലെ കൊട്ടാരം ഉപേക്ഷിച്ച് ജീവിതത്തിന്റെ പൊരുള്‍ തേടിയലഞ്ഞ ചക്രവര്‍ത്തിമാരില്‍ ഒരാളായിരുന്നു ഇബ്റാഹീം ബിന്‍ അദ്ഹം. ആഡംബര ജീവിതം ഉപേക്ഷിച്ച് അദ്ദേഹം ഇറാഖിലേക്ക് പോവുകയും ആത്മീയ കാര്യങ്ങളില്‍ മുഴുകുകയും ചെയ്തു. ഖുറാസാനില്‍ നിന്നാല്‍ രാജാവിനോടെന്നപോലെ തന്റെ ജനം പെരുമാറുമെന്ന് ഭയന്നാണ് ഇബ്റാഹീം ബിന്‍ അദ്ഹം നാടുവിട്ടത്. ഇറാഖില്‍നിന്ന് ശാമിലേക്ക് പോയ അദ്ദേഹം തോട്ടങ്ങള്‍ പരിപാലിച്ചും കൊയ്ത്തിനു പോയും ജീവനോപാധി കണ്ടെത്തി.
അദ്ദേഹത്തിന്റെ സുഹൃത്തായ ഇബ്‌നു ബശ്ശാര്‍ ഒരു കഥ പറയുന്നുണ്ട്: ഒരിക്കല്‍ ഇരുവരും ട്രിപ്പോളിയില്‍ കഴിയുകയായിരുന്നു. അന്ന് രണ്ട് റൊട്ടി മാത്രമാണ് കഴിക്കാനുണ്ടായിരുന്നത്. ഏതെങ്കിലും യാചകര്‍ വന്നാല്‍ ഇബ്റാഹീം ബിന്‍ അദ്ഹം പറയും: ”കൈയിലുള്ളത് കൊടുക്കുക.”
യാചകര്‍ വന്നപ്പോള്‍ കൈയിലുള്ളതെല്ലാം കൊടുത്തു. കഴിക്കാന്‍ റൊട്ടിയില്ലാതായി. അപ്പോള്‍ ഇബ്റാഹീം ബിന്‍ അദ്ഹം പറഞ്ഞു:
”ചെലവഴിച്ചത് തീര്‍ച്ചയായും ലഭിക്കും. ചെലവഴിക്കാതെ ലഭിക്കില്ല.”
ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ അപൂർവം മനുഷ്യരേ നമുക്കു ചുറ്റുമുള്ളൂ. ആരോഗ്യവും സമ്പത്തുമുള്ള കാലത്ത് ഏറെ കാലം ജീവിക്കാനുള്ളതാണ് ഈ ഭൂമിയെന്ന് സർവരും ധരിച്ചുപോകും. തിരിച്ചുപോകേണ്ട കാര്യം മറന്നുപോകും. വന്ന വഴികള്‍ ഓര്‍മയില്ലാതാകും. ഭൗതികതയുടെ മായാവലയത്തില്‍ കണ്ണ് കാണാതാവും. ഉള്‍ക്കാഴ്ചയില്ലാതെ എത്ര വലിയ കാഴ്ചയുണ്ടായിട്ടെന്ത്!
ഇന്ന് താമസിക്കുന്ന വീട് ഒരുപക്ഷേ നമ്മളുണ്ടാക്കിയതല്ല. മറ്റാരോ ഉണ്ടാക്കി. അയാള്‍ക്ക് കുറേക്കാലം ജീവിക്കാമെന്ന് കരുതി ഉണ്ടാക്കിയതാവും. എന്നാല്‍ സമയമായപ്പോള്‍ അയാള്‍ പോയി. പകരം വന്നത് നമ്മളാണ്. നമ്മള്‍ ജീവിതസമ്പാദ്യങ്ങളും സമയവും അധ്വാനവും ചെലവഴിച്ച് കെട്ടിയുണ്ടാക്കിയ കൊട്ടാരങ്ങളുടെ ഉടമകളായി നാളെ നമ്മളുണ്ടാകില്ല. ഒന്നുകില്‍ നമ്മുടെ മക്കളാകും. അല്ലെങ്കില്‍ അവരത് നല്ല വിലയ്ക്ക് വില്‍ക്കും. നമ്മുടെ സ്വപ്‌നഭവനത്തില്‍ നാമറിയാത്ത മനുഷ്യര്‍ താമസിക്കും.
ഈ ചെറിയ ജീവിതത്തിലെ വലിയ പൊരുളുകളെ തിരിച്ചറിയുമ്പോള്‍ മാത്രമേ നല്ല മനുഷ്യനായി ജീവിക്കാന്‍ കഴിയൂ. ജീവിതം ചെറുതാണെന്ന് തിരിച്ചറിയുമ്പോള്‍ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ അയല്‍വാസിക്കു നേരെ കത്തിയോങ്ങില്ല. സ്വത്തിനു വേണ്ടി സഹോദരങ്ങളെ കൊല്ലില്ല. ജീവിതം ആസ്വദിക്കാതെ സമ്പാദിച്ചുകൂട്ടുന്ന സ്വഭാവം തിരുത്താനുള്ള നല്ല മാര്‍ഗം നശ്വരമായ ഈ ലോകത്തെക്കുറിച്ച് ഇടയ്ക്കിടെ ഓര്‍മിക്കലാണ്.
നമ്മള്‍ കഴിക്കുന്ന ചക്കയും മാങ്ങയുമൊക്കെ മറ്റാരോ നട്ടുവളര്‍ത്തിയതാവാം. അനുഭവിക്കുന്നത് നമ്മളാണ്. നമ്മള്‍ നട്ടുവളര്‍ത്തുന്നതൊന്നും ഒരുപക്ഷേ നമുക്ക് കഴിക്കാനുള്ള അവസരം കിട്ടിയെന്ന് വരില്ല. പ്രകൃതിനിയമം അങ്ങനെയാണ്. കൃത്യമായ പദ്ധതികളോടെ നമുക്ക് അനുഭവിക്കേണ്ടതെല്ലാം ദുനിയാവാകുന്ന സുപ്രയില്‍ സംവിധാനിച്ചുവെച്ചിരിക്കുന്നു. ആ സുപ്രക്ക് ചുറ്റും അതിഥികളായി വന്നവരെല്ലാം നിശ്ചിത സമയത്തിനു ശേഷം എഴുന്നേറ്റുപോകുന്നു. പിന്നെയും പുതിയ അതിഥികള്‍ എത്തുന്നു.
ഒരു അതിഥി എങ്ങനെയായിരിക്കണം പെരുമാറേണ്ടത്, അത്രത്തോളം മാന്യമായിട്ടാണ് ഈ ലോകത്തോട് നാം പെരുമാറേണ്ടത്. ഏതെങ്കിലും ഘട്ടത്തില്‍ ആത്മനിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ വഴിയമ്പലത്തിലെ അതിഥിയാണെന്ന് ഓർത്തുനോക്കൂ. പെട്ടെന്ന് മാന്യനായി മാറാം. ആത്മീയമായ ആനന്ദം അനുഭവിക്കാം.
നാം ജീവിച്ചിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കാര്യം. ഈ എഴുത്ത് നിങ്ങള്‍ക്ക് വായിക്കാന്‍ സാധിക്കുന്നു എന്നതാണ് അമൂല്യമായ സമ്പാദ്യം. നിങ്ങള്‍ ആരോഗ്യത്തോടെ ജീവിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതിനെല്ലാം നന്ദിയുള്ളവരാവുക. വലിയ സ്വപ്‌നങ്ങള്‍ കാണുന്നതിനൊപ്പം ചെറിയ സന്തോഷങ്ങളെ ആസ്വദിക്കുകയും ചെയ്യുക. എപ്പോഴും വലുതിനു വേണ്ടി മാത്രം കാത്തിരിക്കരുത്. ചെറുതിന്റെ സൗന്ദര്യത്തെയും സന്തോഷത്തെയും ആസ്വദിക്കുക. ഇതൊരു വഴിയമ്പലം മാത്രമാണെന്ന് ഇടയ്ക്കിടെ സ്വയം ഓര്‍മിച്ചുകൊണ്ടിരിക്കുക. ഒരു കുഞ്ഞിനെ ചിരിപ്പിക്കുന്നതില്‍ പോലും ആനന്ദം കണ്ടെത്തുക. ഒരു ചാറ്റല്‍മഴയാണെങ്കിലും കുളിരുക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top