LoginRegister

പാരാമെഡിക്കൽ പഠന സാധ്യതകൾ

പി കെ അൻവർ മുട്ടാഞ്ചേരി

Feed Back


മകൾക്ക് പാരാമെഡിക്കൽ കോഴ്‌സുകളോടാണ് താൽപര്യം. കേരളത്തിലെ കോഴ്‌സുകളെ പരിചയപ്പെടുത്താമോ?
നിദ സലാം, കല്ലായ്
കേരളത്തിൽ ആരോഗ്യ സർവകലാശാലയുടെ കീഴിൽ വിവിധ ബിരുദ-ഡിപ്ലോമ പാരാമെഡിക്കൽ പ്രോഗ്രാമുകളുണ്ട്. ബിരുദ പ്രോഗ്രാമുകൾ നാലു വർഷവും ഡിപ്ലോമ പ്രോഗ്രാമുകൾ രണ്ടു വർഷവും. അവരവരുടെ അഭിരുചിയും താൽപര്യവും തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന കോഴ്‌സിന്റെ തൊഴിൽസാധ്യതയും തുടർപഠനാവസരങ്ങളുമൊക്കെ പരിഗണിച്ച് ഏറ്റവും അനുയോജ്യമായ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നഴ്‌സിങ്, പാരാമെഡിക്കൽ പ്രോഗ്രാമുകളുടെ അലോട്ട്മെന്റ് നടത്തുന്നത് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയാണ്.
വിജ്ഞാപനങ്ങൾ ശ്രദ്ധിച്ച് എൽ.ബി.എസ് സെന്റർ വഴി (www.lbscentre.kerala.gov.in) അപേക്ഷ സമർപ്പിക്കണം. പ്രത്യേക പ്രവേശന പരീക്ഷയില്ല. പ്ലസ്‌ടു രണ്ടാം വർഷ പരീക്ഷയിൽ നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കുകൾ തുല്യപ്പെടുത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയാണ് പ്രവേശനം നടത്തുന്നത്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ആഗ്രഹിക്കുന്ന ഒാപ്ഷനുകൾ വെബ്സൈറ്റ് വഴി നൽകണം. ഏകജാലക സംവിധാനം വഴി എൽ.ബി.എസ് സെന്റർ അലോട്ട്മെന്റ് നടത്തും. സ്വാശ്രയ സ്ഥാപനങ്ങളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശനം അതത് സ്ഥാപനങ്ങൾ നേരിട്ടാണ് നടത്തുന്നത്.
ബിരുദ പ്രോഗ്രാമുകൾ
ബി.എസ്‌സി നഴ്‌സിങ്, ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി), ബി.എസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (എം.ആർ.ടി), ബി.എസ്‌സി ഒപ്റ്റോമെട്രി, ബാച്ച്ലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി), ബാച്ച്ലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി), ബാച്ച്ലർ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ബി.എ.എസ്.എൽ.പി), ബാച്ച്ലർ ഓഫ് കാർഡിയോ വാസ്‌കുലർ ടെക്‌നോളജി (ബി.സി.വി.ടി), ബി.എസ്‌സി ഡയാലിസിസ് ടെക്‌നോളജി, ബാച്ച്‌ലർ ഓഫ് മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബാച്ച്ലർ ഓഫ് റേഡിയോ തെറാപ്പി ടെക്‌നോളജി, ബാച്ച്ലർ ഓഫ് ന്യൂറോ ടെക്‌നോളജി എന്നീ കോഴ്‌സുകളുണ്ട്.
ബി.എ.എസ്.എൽ.പി ഒഴികെയുള്ള കോഴ്‌സുകളുടെ പ്രവേശനത്തിന് പ്ലസ്‌ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടണം. ബി.എ.എസ്.എൽ.പി കോഴ്‌സിന് ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കൊപ്പം ബയോളജി/ മാത്തമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ് /സ്റ്റാറ്റിസ്റ്റിക്സ് / ഇലക്ട്രോണിക്സ് /സൈക്കോളജിയിൽ മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടി വിജയിക്കണം. വിവിധ കോഴ്‌സുകൾക്ക് ഒരൊറ്റ അപേക്ഷ നൽകിയാൽ മതി.

പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകൾ
ഫാർമസി (ഡി.ഫാം), ഹെൽത്ത് ഇൻസ്പെക്ടർ, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, റേഡിയോ ഡയഗ്‌നോസിസ് ആന്റ് റേഡിയോതെറാപ്പി ടെക്‌നോളജി, റേഡിയോളജിക്കൽ ടെക്‌നോളജി, ഒഫ്‌താൽമിക് അസിസ്റ്റന്റ്, ഡെന്റൽ മെക്കാനിക്സ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപറേഷൻ തിയേറ്റർ ആന്റ് അനസ്തേഷ്യ ടെക്‌നോളജി, കാർഡിയോ വാസ്കുലർ ടെക്‌നോളജി, ന്യൂറോ ടെക്‌നോളജി, ഡയാലിസിസ് ടെക്‌നോളജി, എൻഡോസ്‌കോപിക് ടെക്‌നോളജി, ഡെന്റൽ ഓപറേറ്റിങ് റൂം അസിസ്റ്റൻസ്, റെസ്പിറേറ്ററി ടെക്‌നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപാർട്ട്മെന്റ് ടെക്‌നോളജി എന്നിവ.
ബയോളജി, ഫിസിക്സ്, കെമിസ്‌ട്രി വിഷയങ്ങളിലുള്ള പ്ലസ്‌ടുവാണ് യോഗ്യത.
ബയോളജി, ഫിസിക്സ്, കെമിസ്‌ട്രി എന്നിവയ്ക്ക് മൊത്തം 40 ശതമാനം മാർക്ക് വേണം. ഫാർമസി കോഴ്‌സിന് ബയോളജിക്കു പകരം മാത്തമാറ്റിക്‌സ് പഠിച്ചാലും മതി. വിവിധ കോഴ്‌സുകൾക്ക് ഒരൊറ്റ അപേക്ഷയേ നൽകാവൂ.
കേരള ആരോഗ്യ സർവകലാശാലയുടെ കീഴിലല്ലാത്ത സ്ഥാപനമായ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസിലെ വിവിധ പ്രോഗ്രാമുകളുടെ പ്രവേശനത്തിന്
സ്ഥാപനത്തിെന്റ വെബ്സൈറ്റ് വഴി പ്രത്യേകം അപേക്ഷിക്കണം (www.amrita.edu).

പ്രീമിയർ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ കോഴ്‌സുകൾ പഠിക്കാനാണ് താല്പര്യം. പ്രവേശനവഴികൾ വ്യക്തമാക്കാമോ?
ആബിദ് കുന്നുംപുറം
നിരവധി പ്രീമിയർ സ്ഥാപനങ്ങളിൽ വിവിധ തരത്തിലുള്ള പാരാമെഡിക്കൽ പ്രോഗ്രാമുകൾ പഠിക്കാൻ അവസരങ്ങളുണ്ട്. വിവിധ പ്രവേശന പരീക്ഷകൾ വഴിയാണ് അഡ്‌മിഷൻ.
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിെന്റ (AIIMS) വിവിധ കാമ്പസുകളില്‍ ബി.എസ്‌സി (ഓണേഴ്‌സ്) നഴ്‌സിംഗ് പ്രോഗ്രാം, വിവിധ പാരാമെഡിക്കൽ പ്രോഗ്രാമുകൾ (www.aiimsexams.ac.in), ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ചിലെ (PGIMER) ബി.എസ്‌സി നഴ്‌സിങ് (www.pgimer.edu.in), ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിലെ (NIMHANS) വിവിധ പാരാമെഡിക്കല്‍ പ്രോഗ്രാമുകള്‍ (nimhans.ac.in), മൈസൂരിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങി (AIISH)ൽ ബാച്ച്ലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (www.aiishmysore.in), മുംബൈയിലെ അലിയാവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബാച്ച്ലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (ayjnihh.nic.in) തുടങ്ങിയവക്ക് പ്രത്യേകം പ്രവേശന പരീക്ഷകളുണ്ട്. ജിപ്മർ പോണ്ടിച്ചേരിയിലെ നാലു വർഷ ബി.എസ്‌സി നഴ്‌സിങ്, അലൈഡ് ഹെൽത്ത് സയൻസസ് പ്രോഗ്രാമുകളുടെ പ്രവേശനം, നീറ്റ് യുജി റാങ്ക് അടിസ്ഥാനമാക്കി സ്ഥാപനം നേരിട്ട് നടത്തുന്ന കൗൺസലിങ് വഴിയാണ് (jipmer.edu.in). കേന്ദ്ര സര്‍ക്കാരിന്റെ ഭിന്നശേഷി ശാക്തീകരണ വകുപ്പിനു കീഴിലുള്ള സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ച് (SVNIRTAR) കട്ടക്ക്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കോമോട്ടോര്‍ ഡിസെബിലിറ്റീസ് (NILD) കൊല്‍ക്കത്ത, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപവര്‍മെന്റ് ഓഫ് േപഴ്‌സണ്‍സ് വിത്ത് മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് (NIEPMD) ചെന്നൈ എന്നിവിടങ്ങളിലെ ബിരുദ പ്രോഗ്രാമുകളായ ബാച്ച്ലര്‍ ഓഫ് ഫിസിയോതെറാപ്പി (BPT), ബാച്ച്ലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി (BOT), ബാച്ച്ലര്‍ ഇൻ പ്രോസ്‌തെറ്റിക്‌സ് ആന്റ് ഓര്‍ത്തോട്ടിക്‌സ് (BPO), ബാച്ചിലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (BASLP) പ്രോഗ്രാമുകളുടെ പ്രവേശനം കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (CET) വഴിയാണ് (svnirtar.nic.in). സ്വാമി വിവേകാനന്ദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷന്‍ ട്രെയിനിങ് ആന്റ് റിസര്‍ച്ച് (SVNIRTAR) കട്ടക്കിൽ പ്രത്യേക പ്രവേശന പരീക്ഷ വഴി ബാച്ച്ലര്‍ ഓഫ് ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പത്തോളജി (BASLP) ക്കും പ്രവേശനം നേടാം.
ആംഡ് ഫോഴ്‌സസ് നഴ്‌സിങ് സർവീസി(AFMS)നു കീഴിലുള്ള കോളേജുകളിലെ
നാലു വർഷ ബി.എസ്‌സി നഴ്‌സിങ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നീറ്റ് യു.ജി സ്കോർ പരിഗണിച്ചാണ്. പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം (www.joinindianarmy.nic.in). ബന്ധപ്പെട്ട വെബ്സൈറ്റുകൾ പരിശോധിച്ച് താൽപര്യമുള്ള പ്രോഗ്രാമുകൾക്ക് യഥാസമയം അപേക്ഷകൾ സമർപ്പിക്കണം.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top