LoginRegister

പുതിയ വീട്‌

സീനത്ത് അലി

Feed Back


ഉണ്ണീ,
കഥ പറയുമ്പോൾ ആദ്യം
നീ കാണാത്ത
മുത്തച്ഛന്റെ വീടിനെക്കുറിച്ച് പറയാം.

ചതുരം വരച്ച് അളവെടുത്ത്
ചതുരക്കട്ടകൾ
ചേർത്തുവച്ചപ്പൊ
അതൊരു വീടായി.
മരപ്പാളികളിലൊരു
സാക്ഷ ചേർത്ത്,
ആകാശത്തേക്കൊരു
കിളിവാതിൽ വെച്ച്
വാതിലും ജനലുമുണ്ടാക്കി.

ഇത്തിരിക്കുശുമ്പിനെ
മാറ്റിനിർത്തിയാൽ
കൊടുത്തും വാങ്ങിയും
കുശലം പറഞ്ഞും
കൂട്ടം ചേർന്നിരിക്കും
അയൽപക്കത്തുള്ളോർ.

കളം വരച്ചും
കാൽപ്പന്തു തട്ടിയും
അതിരില്ലാതായ്പ്പോയ
മുറ്റവും തൊടിയും…

പുതിയ കാലം
പുതിയ വീട്.
ഇത്തിരിപ്പോന്ന പന്തിനിപ്പോൾ
മതിൽ ചാടി
മറുകൈയിലെത്താൻ
പഴയപോലെ ഉശിരില്ല.

ഉണ്ണീ,
കഥ തീരാറാവുമ്പോൾ
ത്രിമാനചിത്രങ്ങളായ്
കമ്പ്യൂട്ടർക്കള്ളിയിൽ
ശ്വാസം മുട്ടി പിടയുന്നു
എന്റെയും നിന്റെയും വീട്…

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top