LoginRegister

ആത്മായനം

നജ ഹുസൈൻ

Feed Back


തെഹ്റാൻ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം ഐസിയുവിന്റെ മുന്നിൽ നിന്ന് ന്യൂറോ സർജൻ ഡോ. ഹമീദ് മുഹമ്മദി തൊട്ടടുത്ത് കൈയിലിരിക്കുന്ന ഫയലുകളിലേക്ക് ഉറ്റുനോക്കി ആകാംക്ഷാപൂർവം നിൽക്കുന്ന അഹമ്മദ് മൻസൂരിയുടെ കൈപിടിച്ച് പറഞ്ഞു.
“മിസ്റ്റർ അഹമ്മദ്, ഞാൻ പറഞ്ഞതിൽ കൂടുതലൊന്നും ആ പേപ്പറുകൾക്കും പറയാനില്ല. എത്ര മറിച്ചുനോക്കിയാലും ചില തലവരകൾ മായാനും പോകുന്നില്ല.”
“പക്ഷേ, ഇമോഷണൽ സെൻസ് തകരാറിലായെന്നു പറഞ്ഞാൽ, പിന്നെ അയാളെങ്ങനെ ജീവിക്കും?”
“പാസ്ചറിന്റെ റിസർച്ച് വിംഗിൽ വർക്ക് ചെയ്യുന്ന താങ്കളെപ്പോലൊരു സയന്റിസ്റ്റ് ഇങ്ങനെ ചോദിക്കാൻ പാടില്ല.”
ഒരു നിമിഷം ചിന്തകളിലേക്കിറങ്ങി കണ്ണുകൾ പൂട്ടിയതിനു ശേഷം ഡോക്ടർ തുടർന്നു.
“ചിലപ്പോൾ സമയമെടുത്ത് ശരിയായെന്നും വരാം. അതുവരെ ക്ഷമിക്കുക.”
“എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് ഡോക്ടർ?”
ഡോ. ഹമീദ് വേഗം നടന്ന് ക്യാബിനിലെ ചെയറിൽ ചാരിയിരിക്കുമ്പോഴേക്കും പിറകേ വന്ന ചോദ്യം പ്രതീക്ഷിച്ചിരുന്നതുകൊണ്ടു തന്നെ സമയം കളയാതെ കാര്യങ്ങൾ വിശദീകരിച്ചു.
“മസ്തിഷ്കത്തിലെ ലിംബിക് സിസ്റ്റത്തിന് തകരാറ് പറ്റിയിട്ടുണ്ട്. അതെങ്ങനെ വന്നുവെന്നറിയില്ല. പ്രൊഫഷന്റെ ഭാഗമായി വന്നതാകാം. ചില കെമിക്കൽ റിയാക്ഷൻസ് തലച്ചോറിൽ വ്യതിയാനങ്ങളുണ്ടാക്കാറുണ്ട്.”
രണ്ടു ദിവസം മുൻപ്, പുതിയ തരം ന്യൂക്ലിയർ റിയാക്ഷൻസിനെപ്പറ്റിയുള്ള പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിനിടയിലാണ് കെമിക്കൽ വിഭാഗം റിസർച്ച് സൂപ്പർവൈസർ ഡോ. വേദിക് ഗോപാൽ ലാബിൽ തലകറങ്ങിവീണത്. ബി.പിയുടെ പ്രശ്നമാകാമെന്നേ കരുതിയുള്ളൂ. വിദഗ്ധ പരിശോധനയിലാണ് കാര്യങ്ങളുടെ സീരിയസ്‌നസ് മനസ്സിലാക്കാനായത്. എന്നാൽ പെെട്ടന്നു സംഭവിച്ച ഒരു മാറ്റമാകാനിടയില്ല. ശ്രദ്ധിക്കാതെ പോയതാകാം.
“ഇപ്പോഴത്തെ കണ്ടീഷനിൽ നാട്ടിലേക്ക് പോകാനാകുമോ? ആൾ ആറു മാസം കഴിയുമ്പോൾ മുത്തച്ഛന്റെ സപ്തതിക്ക് നാട്ടിലെത്തേണ്ടതാ.”
“പോകുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. പക്ഷേ വീട്ടുകാർക്ക് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയോട് പൊരുത്തപ്പെടാനാകില്ല. മാത്രമല്ല ഓർമക്കുറവും ഉണ്ടാകാം. ആളുകളെ തിരിച്ചറിയണമെന്നുമില്ല.”
“എന്തെങ്കിലും പരിഹാരം?”
“ഇതൊരു സ്ലോ റിക്കവറി പ്രോസസ് ആണ്. ചികിത്സക്കും സമയമെടുക്കും, ആൾ ഒരു വർഷം കഴിഞ്ഞിട്ട് നാട്ടിലെത്തട്ടെ. അതുവരെ വീട്ടുകാരും ഇതറിയില്ലല്ലോ.”
കൊച്ചുമകൻ പുറംരാജ്യത്ത് ജോലി ചെയ്യുന്നതു പോലും കാരണവൻമാർക്ക് സഹിക്കാനാവുന്നില്ല. പിന്നല്ലേ മൂത്ത കാരണവരുടെ സപ്തതിക്ക് വരാത്തതുപോലൊരു കൊടുംപാതകം ചെയ്യുക. മാത്രമല്ല, സ്വത്ത് ഭാഗം വയ്ക്കലുൾപ്പെടെയുള്ള ചടങ്ങുകളുമുണ്ട്. ഒരാളുടെ അഭാവം അയാളുടെ കുടുംബത്തെ മുഴുവൻ ബാധിച്ചേക്കാം.
“എത്തണം.” അതൊരു ആജ്ഞയാണ്. മൂപ്പെത്തിയ കാരണവർ സുബ്രഹ്മണ്യൻ കർത്ത പറയുന്ന കാര്യങ്ങൾ അപ്പടി അനുസരിച്ചാണ് ജൂനിയർ കാരണവൻമാർക്ക് ശീലം. അവർ മാത്രമല്ല, കുട്ടികളും പേരക്കുട്ടികളുമൊക്കെ എത്തിയേ മതിയാകൂ. കുറച്ച് വർഷങ്ങളായി കർത്താ കുടുംബത്തിലെ ഓരോ കാര്യങ്ങളും വേദിക്കിന്റെ വാക്കുകളിലൂടെ കേട്ട് അഹമ്മദിനും കുടുംബചരിതം കാണാപ്പാഠമാണ്.
“ഡോക്ടർ, ഐ ഹാവ് എ സൊല്യൂഷൻ. രോ ഗിയെ അസിസ്റ്റ് ചെയ്ത് ഞാനും കൂടെ പോകാം.”
“യുവർ ഓൺ റിസ്ക്. അങ്ങനെ ചെയ്യാം. അപ്പോഴും കാര്യങ്ങൾ എളുപ്പമാകുന്നില്ലെന്നോർക്കുക.”
അന്ന് വൈകുന്നേരം പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇറാനിലെ എല്ലാ റിസർച്ച് സൂപ്പർവൈസേഴ് സും ചേർന്നൊരു തീരുമാനത്തിലെത്തി. ഈയവസ്ഥയിൽ വേദിക്കിനെ നാട്ടിലയക്കുന്നത് അപകടമാണ്. പ്രത്യേകിച്ചും കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം മുന്നോട്ടു നടക്കാൻ വിസമ്മതിക്കുന്ന കാലൻകുട പോലുള്ള കാരണവൻമാരുള്ളപ്പോൾ. എന്തെങ്കിലും ചെയ്തേ പറ്റൂ.
“താൽക്കാലികമായി ഒരു ഇമോഷൻ സിസ്റ്റം കൃത്രിമമായി ഉണ്ടാക്കിക്കൊടുത്താലോ?” ആശയം വേദിക്കിനെ അസിസ്റ്റ് ചെയ്തിരുന്ന ജൂനിയർ റിസർച്ചർ പോളിയുടേതായിരുന്നു.
“പക്ഷേ, അതിന് വേദിക്കിന്റെ ഇമോഷൻസ് കിട്ടണ്ടേ?” ഇറാനിയൻ സൂപ്പർവൈസർ ബഹദൂരിയുടെ സംശയത്തിൽ കഴമ്പുണ്ട്.
“അതെനിക്ക് വിട്ടേക്കൂ. ഒരു ബയോമെഡിക്കൽ പ്രോജക്ടിനായി ഇ.ഇ.ജി ഉപയോഗിച്ച് അദ്ദേഹത്തിന്റെ ഇമോഷൻ ഡാറ്റ കലക്ട് ചെയ്തിട്ടുണ്ട്.”
പോളിയുടെ ആത്മധൈര്യത്തേയും യുക്തിപൂർവമായ ഇടപെടലിനെയും പ്രശംസിച്ച് എല്ലാവരും കൈയടിച്ചു. പിന്നെ അമാന്തിച്ചില്ല. ഹോസ്പിറ്റലിൽ വെച്ച് സയന്റിസ്റ്റുകളും ഡോക്ടേഴ്സും ചേർന്ന് നേരത്തെ എലിസിറ്റ് ചെയ്ത ഇമോഷൻസ് അടങ്ങിയ ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സെൻസർ വേദിക്കിന്റെ തലച്ചോറിലേക്ക് ഷിഫ്റ്റ് ചെയ്തു. അടുത്ത മാസം ഒരു പുതിയ വേദിക്കിനൊപ്പം പാലായിലെ തറവാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ വേദിക്കിന്റെ ഉറ്റ സുഹൃത്ത് അഹമ്മദ് എന്ന മലപ്പുറത്തുകാരന്റെ മുഖത്ത് വരാനിരിക്കുന്ന ദുരൂഹമായ വിധികളുടെ നിഴൽ ചിത്രങ്ങൾ മിന്നിമറയുന്നുണ്ടായിരുന്നു.

** ** **
മീനച്ചിലാറിന്റെ അരികിലിരുന്ന് നദിയിലേക്ക് കല്ലുകളെറിയുന്നതിനിടയിൽ ചിന്തകളുടെ ആവേഗം കൂടിയിട്ടെന്നവണ്ണം ഭാസി ഓർമകളിലേക്ക് നീട്ടിത്തുപ്പി. പൂജാദി കർമങ്ങൾ ചെയ്യാത്ത, വേദമോതാത്ത നിഷേധിയെന്ന ഓമനപ്പേരിന് പുറമെ ഈയടുത്ത് പതിച്ചുകിട്ടിയ ‘ഇളംതലമുറയെ വഴി തെറ്റിക്കുന്നവൻ’ എന്ന പുതിയ പേരും സന്തോഷപൂർവം സ്വീകരിച്ച കർത്താ കുടുംബത്തിലെ ഇളയ സന്തതി. തറവാട്ടിൽ താമസിക്കാൻ വയ്യാത്തതിനാൽ അന്യനാട്ടിൽ മനഃപൂർവം ജോലിക്ക് പോയെന്ന ഖ്യാതി നേടിയവൻ. കുടുംബത്തിലെ അനാചാരങ്ങളോട് പോരാടിത്തോറ്റ് ശരവേഗം മാറിക്കൊണ്ടിരിക്കുന്ന കൽക്കത്ത പോലുള്ളാരു നഗരത്തിൽ തന്നെ പറിച്ചുനട്ടപ്പോൾ ഇതുപോലൊരു വരവ് പ്രതീക്ഷിച്ചതല്ല. പക്ഷേ, ഫോൺ നമ്പർ തേടിപ്പിടിച്ച് കാരണവർ തന്നെ നേരിട്ട് ക്ഷണിച്ചപ്പോൾ സപ്തതിക്ക് വരാതിരിക്കാനായില്ല. വന്നപ്പോഴോ എരിതീയിൽ എണ്ണയൊഴിക്കാനായി ഇതുപോലൊരു അബദ്ധം ചെയ്യേണ്ടിയിരുന്നിെല്ലന്ന് തോന്നുകയാണ്. ഇറാനിലെ യുവശാസ്ത്രജ്ഞൻ തൊട്ടു മൂത്ത ജ്യേഷ്ഠപുത്രൻ മനുവെന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന വേദിക്കിന്റെ ഇപ്പോഴത്തെ അവസ്ഥകൾക്ക് കാരണം ദേവതമാരുടെ ശാപമാണെന്ന തീർപ്പുകൽപ്പിക്കലിൽ അവിടെ അരങ്ങേറാൻ പോകുന്ന പൂജാ മാമാങ്കത്തെ എതിർക്കുന്നതാണ് തന്റെ നേരെയുള്ള കാരണവൻമാരുടെ പുതിയ അമ്പെയ് ത്തുകൾക്ക് കാരണം. കാര്യം വേറൊന്നുമല്ല, ചെറുമകന്റെ പെരുമാറ്റങ്ങളിൽ വന്നതു മുതൽ എന്തൊക്കെയോ വൈകല്യങ്ങളുണ്ടെന്നൊരു തോന്നൽ. മുത്തച്ഛന്റെ സപ്തതിക്ക് വന്ന പ്രതിശ്രുധ വധു കീർത്തിയെപ്പോലും കണ്ടില്ലെന്നു നടിച്ച്, അയൽപക്കത്തെ രാജമ്മയുടെ മകൾ ഭാനുമതിയെ ഏറെ നാളായി കാണാൻ കൊതിച്ചൊരാളെ കണ്ടതുപോലെ ഉറ്റുനോക്കി നിൽക്കുന്ന മനുവിനെ അവന്റെ അച്ഛൻ കഷ്ടപ്പെട്ടാണ് പിടിച്ചുമാറ്റിയത്.
“തറവാട്ടിൽ നിന്നകന്ന് മാമൂലുകൾക്ക് പുറത്തല്ലേ കുട്ടി ജീവിക്കുന്നത്. അതൊരു കാരണാകാം.”
കർത്താ കുടുംബത്തിലെ വിശ്വസ്തനായ ജ്യോതിഷി മേലൂട്ട് പണിക്കരുടെ കണ്ടെത്തലിൽ പെണ്ണുങ്ങളെല്ലാം മൂക്കത്ത് വിരൽ വച്ച് ‘ശരിയല്ലേ’യെന്ന ഭാവത്തിൽ മനുവിന്റെ അമ്മ സാവിത്രിയേടത്തിയെ നോക്കി.
പട്ടണത്തിൽ നിന്നുമെത്തിയ ഉന്നതവിദ്യാഭ്യാസമുള്ള സാവിത്രി മാത്രമാണ് ‘വന്നുകയറിയ പെണ്ണുങ്ങളു’ടെ ഇടയിലെ അധികപ്പറ്റായി കാരണവൻമാർ എഴുതിത്തള്ളിയ കേസ്. ബാക്കിയെല്ലാവരും തികഞ്ഞ പുരുഷാധിപത്യത്തിൽ വിശ്വസിച്ചുപോരുന്ന, ഭർത്താവിന്റെ ചരണങ്ങളിൽ സ്വയം സമർപ്പിക്കപ്പെട്ടവരുമായ ഉത്തമ രത്നങ്ങളത്രേ. മാത്രമല്ല, സാവിത്രിയാണ് മകനെ നിർബന്ധിച്ച് അന്യനാട്ടിലേക്ക് പറഞ്ഞയച്ചതെന്ന ചീത്തപ്പേരുമുണ്ട്.
“എന്താ പരിഹാരം?”
കാരണവരുടെ ചോദ്യം കേട്ട് വീണ്ടും നിരത്തിയിട്ട കവടികളിൽ ഗണനം നടത്തി ജ്യോതിഷി തീരുമാനം പറഞ്ഞു.
“ഇരുപത്തിയെട്ട് നാൾ കഴിഞ്ഞ് ഒരു വലിയ ഹോമം നടത്തേണ്ടിവരും. അതുവരെ കുട്ടിയുടെ സമീപം ഞാനും കാരണവരും മതി. മന്ത്രങ്ങൾ ചൊല്ലിക്കൊടുക്കാനുമുണ്ട്.”
ഇതുവരെ എല്ലാറ്റിനും മൂകസാക്ഷിയായി നിന്ന അഹമ്മദ് ഇത്തവണ ഞെട്ടി. ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത പുതിയ പ്രോജക്ട് എത്രത്തോളം സക്സസ് ആകുമെന്നുള്ള റിസൾട്ട് അനാലിസിസ് ചെയ്യുന്ന സൂപ്പർവൈസർ മാത്രമല്ല, ഒന്നു പാളിപ്പോയാൽ ഇതുവരെയുള്ള എല്ലാ ചുവടുകളും പിഴച്ചുപോകുന്ന പ്ലെയറുടെ മനസ്സാണിപ്പോൾ തനിക്ക്. കുടുംബത്തിലെ ചില പുരോഗമന വാദികൾ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞതിനെ മുതിർന്നവർ എതിർത്തതുകൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്. ചരിത്രത്തിലാദ്യമായി സയൻസും മന്ത്രവാദവും ഒന്നിക്കുകയാണ്. അല്ലെങ്കിലും ആവശ്യങ്ങൾക്കനുസരിച്ച് ഏത് ശാസ്ത്രവും വിശ്വാസത്തിന്റെ കൂട്ടുപിടിക്കുമല്ലോ.
“അതെങ്ങനെ ശരിയാവും”- അറിയാത്ത പുറത്തുവന്ന ഒച്ചയെ കാരണവർ ഒറ്റനോട്ടത്തിന് ദഹിപ്പിച്ചുകളഞ്ഞു. അല്ലെങ്കിൽ തന്നെ സുഹൃത്താണെങ്കിൽ കൂടി ഒരന്യജാതിക്കാരൻ സദാസമയവും ഇങ്ങനെ കൂടെ നടക്കുന്നത് തറവാട്ടിൽ പലർക്കും ഇഷ്ടക്കേടുണ്ടാക്കിയിട്ടുണ്ട്. പിന്നെ മനുവിനു പോലും ഓർമയില്ലാത്ത കുടുംബത്തിന്റെ ചരിത്രങ്ങൾ ആൾ എണ്ണിപ്പറയുന്നതു കേട്ടപ്പോഴാണ് വീട്ടിലുള്ളവരുടെ മനോനിലയിൽ മാറ്റം വന്നത്.
“പുറത്തുള്ളവരുടെ അഭിപ്രായം ഇക്കാര്യത്തിൽ സ്വീകരിക്കില്ല.” ചില മറുപടികൾക്ക് താക്കീതിന്റെ ഭാഷ്യമുണ്ട്.
“ക്ഷമിക്കണം. ഞങ്ങൾക്ക് പരസ്പരം ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കാനുള്ള അവസരമുണ്ടാക്കണം. ഞങ്ങളുടെ ജോലിയെ ബാധിക്കുന്ന കാര്യമാണ്.”
“ഇത് മനുവിന്റെ ജീവിതത്തെ ബാധിക്കുന്ന കാര്യമാണ്. ജീവനേക്കാൾ വലുതല്ലല്ലോ ജോലി.”
അങ്ങനെ ഒരു നിവൃത്തിയുമില്ലാതെയാണ് കുടുംബത്തിലെ പുരോഗമനാശയത്തിന് നേതൃത്വം കൊടുക്കുന്ന ‘പുകഞ്ഞ കൊള്ളി’യെ കാണാൻ തീരുമാനിച്ചത്. പകൽ മുഴുവനും തിരഞ്ഞിട്ട് കാണാഞ്ഞപ്പോൾ വേദിക്കിന്റെ അമ്മയാണ് രാത്രിയിൽ പുഴവക്കിലിരുന്ന് കല്ലെറിയുന്ന ആളുടെ ദുഃസ്വഭാവത്തെപ്പറ്റി പറഞ്ഞത്. പിറകിലെ കാൽപ്പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഡോ. അഹമ്മദിനെ കണ്ട് ഭാസി തട്ടിക്കയറി.
“താങ്കളെപ്പോലെ ശാസ്ത്രം അഭ്യസിക്കുന്ന ഒരാളിൽ നിന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത കാര്യം കേട്ട ഷോക്കിലാണ് ഞാനിപ്പോഴും. പിന്നെയെന്താണ് വരവിന്റെ ഉദ്ദേശ്യം?”
മറുപടി പറയാൻ തുടങ്ങുന്നതിനു മുന്നേ ഭാസി പിന്നെയും ശരങ്ങൾ തൊടുത്തു.
“മറ്റു കാരണവൻമാരെപ്പോലെ അന്ധവിശ്വാസം പേറുന്ന വിവരമില്ലായ്മ എനിക്കില്ല. എനിക്ക് സത്യമറിയണം. ഡോക്ടറെ കാണിക്കുന്നതിൽ നിന്ന് വിലക്കിയതെന്തിന്?”
“ഒരു ചെറിയ കഥയാണ്. പറയേെണ്ടന്നു കരുതിയതാണ്. പക്ഷേ, ചില കഥകൾ കാലമാണ് നമ്മെക്കൊണ്ട് പറയിപ്പിക്കുക. എല്ലാം ക്ഷമയോടെ കേൾക്കണം.”
കേട്ടുകഴിഞ്ഞപ്പോൾ തല പെരുക്കുന്നതുപോലെ തോന്നി ഭാസി പുഴവക്കിലിരുന്നു. വന്നതു മുതൽ മനുവിനെ ശ്രദ്ധിക്കുന്നതാണ്.
ആരെയും അറിയാത്തതുപോലെയും കേൾക്കാത്തതുപോലെയുമുള്ള പെരുമാറ്റം, പ്രതികരണ ശേഷിയിലെ വ്യത്യാസം, വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി വന്നപ്പോൾ പോലും ഒന്നും മിണ്ടിയില്ല- ഇങ്ങനെ ആകെ തെറ്റിയ മട്ടാണ്. കൂട്ടിനായി എത്തിയ സുഹൃത്തിന്റെ പെരുമാറ്റങ്ങളിലും സംശയമുണ്ടാകുന്ന തരത്തിൽ എന്തൊക്കെയോ ഉണ്ട്. മനുവിനെ എപ്പോഴും നിഴലിനെപ്പോലെ പിന്തുടരുന്നു. അങ്ങനെ ചെക്കനെ ഡോക്ടറെ കാണിക്കാനിരുന്നപ്പോഴാണ് കാരണവൻമാർ കടക്കൽ തീ വച്ചത്. ”ഇതിപ്പോ ഇയാൾ പറയുന്നതൊക്കെ സത്യമാണെങ്കിൽ…”
പിറ്റേന്നു തന്നെ തന്റെ തീരുമാനം ഭാസി വെളിപ്പെടുത്തി.
“ശരി. ഞാനായിട്ട് ഒരു പൂജാകർമങ്ങളും മുടക്കുന്നില്ല. നമ്മുടെ മനുവിന്റെ കാര്യമല്ലേ. പക്ഷേ ഒരു കാര്യം. കൂടെയുള്ള സുഹൃത്തിനെ ഈയവസരത്തിൽ മനുവിൽ നിന്നകറ്റിയാൽ അതു കൂടി ആ മനസ്സിനെ ബാധിക്കും. ”
“അതു പറ്റില്ല, നാലാം വേദക്കാരന്റെ സാന്നിധ്യം പണിക്കർക്ക് മന്ത്രം ചൊല്ലിക്കൊടുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും.”
“വേണ്ട. പകരം ഞാൻ ചൊല്ലിക്കൊടുത്താലോ. മന്ത്രങ്ങൾ നിങ്ങളെയൊക്കെപ്പോലെ ഞാനും പഠിച്ചിട്ടുണ്ടല്ലോ. ഉപയോഗിക്കുന്നില്ലെങ്കിലും എല്ലാം ഓർമയുമുണ്ട്. ജ്യേഷ്ഠന് ഓർമക്കുറവുള്ളതുകൊണ്ടല്ലേ ജ്യോതിഷിയെ കൂട്ടുപിടിച്ചത്. എനിക്കതിന്റെ ആവശ്യമില്ല.”
മറ്റുള്ള വിശ്വാസക്കാരേക്കാൾ മുഖ്യ ശത്രു സ്വന്തം വിശ്വാസത്തെ തള്ളിപ്പറയുന്നവരായിരിക്കും. അങ്ങനെ നോക്കുമ്പോൾ തറവാട്ടിലെ നിഷേധി വിശ്വാസത്തിലേക്ക് വന്നതിന് പകരമായി ഏത് നിബന്ധനകളും അംഗീകരിക്കാം.

** ** **
രാജമ്മയുടെ വീടിന്റെ ഉമ്മറത്തിരുന്ന് ചായ ഊതിക്കുടിക്കുന്നതിനിടയിൽ ഭാസി ചുറ്റുവട്ടത്തേക്കൊന്നു പരതിനോക്കി. ആരുമില്ലെന്നുറപ്പായപ്പോൾ പതിയെ രാജമ്മയുടെ അടുത്തേക്ക് നീങ്ങി താൻ വന്ന കാര്യം സ്വകാര്യം പോലെ പറഞ്ഞു.
“രാജമ്മയുടെ മകളെ എനിക്കൊന്നു കാണണം. വേറെ ഒരു നിവൃത്തിയുമില്ലാത്തതുകൊണ്ടാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. ഭാനുമതിയും മനുവും തമ്മിൽ എന്തെങ്കിലും രഹസ്യമായി നടന്നുനീങ്ങിയിരുന്നോ എന്നറിഞ്ഞാൽ മതി.”
വർഷങ്ങളായി കർത്താ കുടുംബത്തിന്റെ ആശ്രയത്തിൽ കഴിഞ്ഞുകൂടുന്ന ഒരു ചെറു കുടുംബം. അയൽപക്കക്കാരി മാത്രമല്ല, വീട്ടിലെ പണികളിൽ ജോലിക്കാരികൾക്കൊപ്പം നിന്ന് നേതൃത്വം കൊടുത്തിരുന്നതും രാജമ്മയാണ്. അവിടത്തെ കുട്ടിയുടെ കാര്യത്തിൽ കുടുംബക്കാരേക്കാൾ മനോവിഷമവുമുണ്ട്. ഈയിടയായി നടന്ന പൂജയിൽ പങ്കെടുത്തപ്പോഴാണ് അവന്റെ അസുഖത്തെപ്പറ്റിയൊക്കെ അറിഞ്ഞത്. പക്ഷേ അതും തന്റെ മകളും തമ്മിലെന്തു ബന്ധമാണെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
“അവർ തമ്മിൽ അങ്ങനെ എന്തെങ്കിലുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല കുഞ്ഞേ. കൊച്ചുംനാളിൽ കൂട്ടുകാരായിരുന്നതൊഴിച്ചാൽ മുതിർന്നപ്പോൾ പരസ്പരം മിണ്ടുന്നതുപോലും കണ്ടിട്ടില്ല. അതെങ്ങനാ, ആ മോൻ എപ്പോഴും പൊസ്തകക്കെട്ടുകൾക്കിടയിലല്ലാരുന്നോ?”
ഭാസി വീണ്ടും ചിന്താനിമഗ്നനായി. അന്ന് മനുവിന്റെ അസുഖം വീട്ടുകാർ തിരിച്ചറിയാൻ കാരണം ഭാനുമതിയായിരുന്നു. അന്ന് തറവാട്ടിൽ നിന്ന് കരഞ്ഞിറങ്ങിപ്പോയ കീർത്തിയുടെ കലങ്ങിയ കണ്ണുകൾ ഇപ്പോഴും തന്നെ അലട്ടുന്നുണ്ട്. ഈ വിവരം പ്രൊഫ. അഹമ്മദിനെ അറിയിച്ചപ്പോൾ അയാളാണ് ഭാനുവിനോട് ഈ വിവരത്തെപ്പറ്റി ചോദിക്കാനാവശ്യപ്പെട്ടത്. മനുവിന്റെ ഇപ്പോഴത്തെ ഗാർഡിയനെന്ന നിലയിൽ ആ വാക്കുകൾ തള്ളിക്കളയാനാകില്ല.
“ഭാനുമതി ഒന്നും പറഞ്ഞില്ല”- സ്കൂൾ മരച്ചുവട്ടിൽ നിശ്ശബ്ദയായി വിദൂരതയിലേക്ക് കണ്ണുംനട്ട് നിൽക്കുന്ന ഭാനു അതേ സ്കൂളിൽ ഇരുപത് വർഷം മുൻപ് പഠിച്ചുപോയ രണ്ട് വിദ്യാർഥികളെ ഓർത്തെടുക്കുകയായിരുന്നു. ഒരുമിച്ച് കളിച്ചു വളർന്ന കളിക്കൂട്ടുകാർക്കപ്പുറം മനുവിനോട് ഒരു പ്രത്യേക താൽപര്യം തോന്നിയതും തലമറന്ന് എണ്ണ തേയ്ക്കരുതെന്ന അമ്മയുടെ ഉപദേശപ്രകാരം അതവനോട് പറയാതിരുന്നതും, പിന്നെയും വർഷങ്ങൾക്കു ശേഷം ഇടവഴികളിൽ വല്ലപ്പോഴും കണ്ടുമുട്ടുമ്പോൾ അർഥഗർഭമായ ഒരു ചിരി സമ്മാനിക്കുന്നതുമൊക്കെ ഓർത്തെടുത്തെങ്കിലും അതിലൊന്നും പ്രണയത്തിന്റെ ഒരു സൂചന പോലും തോന്നിയില്ല. എന്നാൽ വിവാഹമുറപ്പിക്കാനായെത്തിയ യാത്രയിൽ തന്നെ വഴിയിൽ കണ്ടതും തടഞ്ഞുനിർത്തി ‘താനെന്താ വിവാഹം കഴിക്കാത്തത് ‘ എന്നന്വേഷിച്ചു. സ്കൂൾ ജോലിയൊക്കെയായി തിരക്കിലാണെന്ന് പറഞ്ഞപ്പോൾ തിരക്കുള്ളവരൊന്നും വിവാഹം കഴിക്കില്ലേന്ന് കളിയാക്കി. എന്റെ വിവാഹമുറപ്പിച്ചെന്ന് പറഞ്ഞ് മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഒന്നും പറയാതെ ഞാൻ നടന്നുപോയി. ഇതായിരുന്നു അവസാന കൂടിക്കാഴ്ച.
കേട്ടതും കണ്ടതുമായ അറിവുകളെല്ലാം അഹമ്മദിന്റെ മുന്നിൽ നിരത്തിയപ്പോഴും അയാൾക്ക് ഒന്നേ പറയാനുള്ളൂ. ഇ.ഇ.ജി ഡാറ്റ കള്ളം പറയില്ല. വേദിക്കിന്റെ നിഗൂഢമായ ഇമോഷനുകളെ എഐ സെൻസർ വേർതിരിച്ചെടുത്തിരിക്കുന്നു. ഈ ഡാറ്റ കലക്ട് ചെയ്തത് വിവാഹനിശ്ചയത്തിനു മുൻപായിരുന്നു. അതുകൊണ്ടാണ് കീർത്തിയെ മനസ്സിലാക്കാനാകാഞ്ഞത്.
അന്ന് വൈകുന്നേരം ടീമംഗങ്ങളുമായി സൂം മീറ്റിംഗ് സ്റ്റാർട്ട് ചെയ്തത് ഈ സന്തോഷവാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു.
“നമ്മുടെ പ്രോജക്ട് സക്സസ് ആയിരിക്കുന്നു.”
“വാട്ട് ഈസ് നെക്സ്റ്റ് ?”
“എത്രയും പെെട്ടന്ന് വേദിക്കുമായി മടക്കം. അവന്റെ ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്യണം. പക്ഷേ അതിനു മുൻപ് ഒരു കടമ്പ കൂടിയുണ്ട്.”
ബെസ്റ്റ് വിഷസ് ആശംസിച്ചുകൊണ്ട് ടീമംഗങ്ങൾ അഹമ്മദിനെ നോക്കി കൈവീശി.
പാറ പോലെ ഉറച്ചതാണ് കാരണവൻമാരുടെ ചില തീരുമാനങ്ങൾ. മനുവിന്റെയും കുടുംബത്തിന്റേയും സ്വത്ത് കിട്ടണമെന്നുണ്ടെങ്കിൽ അവന്റെ അസുഖം ഭേദമായെന്ന് കുടുംബത്തിന് ബോധ്യമാകണം. മന്ത്രങ്ങൾ കൊണ്ടും മാറിയില്ലെന്നുണ്ടെങ്കിൽ അവർ അടുത്ത മാർഗം നോക്കും. അതിനനുവദിച്ചുകൂടാ.
“ഒരു മാർഗമുണ്ട്. കീർത്തിയെ മനു തിരിച്ചറിഞ്ഞാൽ കാരണവൻമാർക്ക് വിശ്വാസമാകും.”
ഭാസിയുടെ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രാക്ടിക്കൽ വശങ്ങളെപ്പറ്റി ചിന്തിച്ച് അഹമ്മദ് വിഷണ്ണനായി.
“ഈയവസ്ഥയിൽ സാധ്യമല്ല. അതിന് കുറഞ്ഞത് ഒരു വർഷമെങ്കിലും പിടിക്കും.”
“നമുക്ക് ഭാനുവിന്റെ സഹായം തേടിയാലോ?”
ഒന്നു നിർത്തിയിട്ട് ഭാസി തുടർന്നു.
“ഭാനുവിന്റെ വേഷത്തിലും ഭാവത്തിലും കീർത്തി മറ്റൊരു ഭാനുവായി മാറണം.”
“അതു കൊള്ളാം. മറ്റുള്ളവരുടെ മുന്നിൽ കീർത്തിയും വേദിക്കിന്റെ മുന്നിൽ ഭാനുവുമായി ദ്വന്ദ്വവ്യക്തിത്വമായിത്തീരണം. പക്ഷേ, ആ കുട്ടി സമ്മതിക്കുമോ?”
ഒരു സൈക്കോളജിസ്റ്റിനല്ലാതെ മറ്റാർക്കാണത് സാധിക്കുക.
എല്ലാം ഭംഗിയായി നടന്നതിന്റെ സന്തോഷം ഭാസിക്കും ഭാനുവിനും അഹമ്മദിനും മാത്രമല്ല, സുബ്രഹ്മണ്യൻ കർത്ത ഉൾപ്പെടെയുള്ള കാരണവൻമാരുടെ മുഖത്തുമുണ്ടായിരുന്നു. തിരുവനന്തപുരം എയർപോർട്ടിൽ മനുവിനെയും അഹമ്മദിനെയും യാത്രയാക്കുമ്പോൾ കീർത്തിയുടെ കണ്ണിൽ നിന്നു മാത്രം രണ്ടു തുള്ളി ഭൂമിയിലേക്കിറ്റുവീണു. സാവിത്രി അവളെ ആശ്വസിപ്പിച്ചു.
“ഒരു വർഷം പെെട്ടന്നങ്ങ് പോകും.”
അതേസമയം എമിറേറ്റ്സ് ഫ്ളൈറ്റിൽ അഹമ്മദിന്റെയൊപ്പമിരുന്ന് വേദിക് വാട്ട്സ് ആപ്പിൽ ഇറാനിയൻ ഡോക്ടർ ഹമീദ് മുഹമ്മദിക്ക് രഹസ്യ സന്ദേശമയച്ചു.
“താങ്ക് യൂ ഡോ. ഹമീദി. ഐ നെവർ ഫെർഗെറ്റ് യുവർ ഹെൽപ്പ്. സീ യൂ സൂൺ.”
അവന്റെ തലയിലൂടെ ചില രംഗങ്ങൾ ഫ്ലാഷ് ചെയ്ത് മിന്നി.
ഇഷ്ടമില്ലാത്ത വിവാഹബന്ധം, തറവാട്ടുസ്വത്ത് കിട്ടണമെങ്കിൽ കാരണവൻമാരെ അനുസരിക്കണമെന്ന അച്ഛന്റെ ഭീഷണി, കീർത്തിയുമായുള്ള നിശ്ചയം… അങ്ങനെയെല്ലാം…
വിൻഡോ സീറ്റിലൂടെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ വെളുത്ത മേഘത്തുണ്ടുകൾ നീലാകാശത്തു നിന്ന് സ്വതന്ത്രരായതുപോലെ അവനു ചുറ്റും പറന്നുനടക്കുന്നുണ്ടായിരുന്നു.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top