LoginRegister

വൃത്തിക്കൂടുതലും പ്രശ്നമാണ്

നാജിയ ടി

Feed Back


അമിതമായി വൃത്തി കാണിക്കുന്ന, അടുക്കും ചിട്ടയും ഇല്ലെങ്കിൽ അസ്വസ്ഥതകൾ കാണിക്കുന്ന ചിലരെയെങ്കിലും ഒ.സി.ഡിയാണ് എന്നു പറഞ്ഞ് നാം കളിയാക്കാറുണ്ട്. എന്താണ് യഥാർഥത്തിൽ ഈ ഒ.സി.ഡി എന്നതിലേക്ക് പോകുന്നതിനു മുമ്പ് രണ്ടു പേരെ പരിചയപ്പെടുത്താം.
വ്യത്യസ്തമായ ചില പ്രശ്നങ്ങളുമായാണ് റയാനെയും കൊണ്ട് അവന്റെ ഉപ്പ വന്നത്. കുളിക്കാനും വുദുവെടുക്കാനും റയാൻ കൂടുതൽ സമയം എടുക്കുന്നു എന്നതായിരുന്നു പ്രധാന പരാതി. ചില ദിവസങ്ങളിൽ പത്തു തവണയിലേറെ വുദു എടുത്ത ശേഷമാണ് അവൻ നമസ്കരിക്കുന്നത്. മാത്രമല്ല, ഒറ്റയ്ക്കാണ് നമസ്കരിക്കുന്നതെങ്കിൽ പ്രാർഥനകളും മറ്റും അവൻ കൂടുതൽ തവണ ചൊല്ലുന്നതായി അവർക്ക് സംശയമുണ്ട്. ഒരു മണിക്കൂറിലേറെ സമയം എടുത്താണ് അവൻ കുളിക്കാറുള്ളത്. എത്ര വഴക്ക് പറഞ്ഞിട്ടും നിയന്ത്രിച്ചിട്ടും അവൻ ഇതിൽ ഒരു മാറ്റം വരുത്തുന്നേയില്ല.
അനീഷ് 28കാരനായ പെയിന്റിങ് തൊഴിലാളിയാണ്. അനാവശ്യമായ ചില ചിന്തകളാണ് അനീഷിനെ അലട്ടുന്നത്. തന്റെ അച്ഛനും അനിയനും എന്തെങ്കിലും അപകടങ്ങൾ സംഭവിക്കും, അവർ മരിച്ചുപോകും എന്നുള്ള ചിന്ത തുടർച്ചയായി അനീഷിന് ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതു കാരണം ജോലിയിലോ മറ്റു കാര്യങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. അനീഷുമായി കൂടുതൽ സംസാരിച്ചപ്പോഴാണ് അവന്റെ മറ്റു ചില ആശങ്കകളും പെരുമാറ്റങ്ങളും മനസ്സിലായത്. രാത്രിയിൽ വാതിൽ അടച്ചില്ല, പുറത്തു വെച്ച കസേര ഉള്ളിലേക്ക് വെച്ചില്ല, ഗ്യാസ് ഓഫ് ആക്കിയില്ല എന്നിങ്ങനെയുള്ള ചിന്തകൾ അടിക്കടി വരുന്നതിനാൽ അവയെല്ലാം ആവർത്തിച്ച് പരിശോധിക്കുന്നത് പതിവാണ്. അനീഷിന് 3 എന്ന സംഖ്യയോട് വല്ലാത്തൊരു ഭയമാണ്. അതിനാൽ ഇത്തരം സന്ദർഭങ്ങൾ പരമാവധി അനീഷ് ഒഴിവാക്കും. മാത്രമല്ല ഈ ചിന്തകളെ മാറ്റാനായി മനസ്സിൽ ഇരട്ട സംഖ്യകൾ എണ്ണിക്കൊണ്ടിരിക്കും.
അനീഷും റയാനും കടന്നുപോകുന്ന രോഗാവസ്ഥയാണ് ഒ.സി.ഡി അല്ലെങ്കിൽ ഒബ്സസീവ് കംപൽസീവ് ഡിസോഡർ. അനിയന്ത്രിതമായ അനാവശ്യ ചിന്തകളും ആവർത്തിച്ച് ചെയ്യുന്ന പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായുള്ളതാണ്. ഇവയെ യഥാക്രമം ഒബ്സെഷൻ എന്നും കമ്പൽഷൻ എന്നും വിളിക്കാം. തീർത്തും അനാവശ്യമായ ചില ചിന്തകൾ യാതൊരു നിയന്ത്രണവുമില്ലാതെ മനസ്സിലേക്ക് ഇടിച്ചു കയറിവരുന്നതിനെയാണ് ഒബ്സെഷൻ എന്ന് പറയുന്നത്. ഈ ചിന്തകളെപ്പോലെ ചില ചിത്രങ്ങളോ മുമ്പ് കണ്ട ചില കാഴ്ചകളോ ചില കാര്യങ്ങൾ ചെയ്യാനുള്ള ത്വരയോ ആവാം ഇങ്ങനെ അനിയന്ത്രിതമായി മനസ്സിലേക്ക് കടന്നുവരുന്നത്. ഇവ അനാവശ്യമായ ചിന്തകളാണെന്ന് മനസ്സിലാക്കാമെങ്കിലും അവയെ നിയന്ത്രിക്കാൻ ഒ.സി.ഡി ഉള്ള വ്യക്തികൾക്ക് കഴിയാറില്ല. ഇതുമൂലം കടുത്ത ഉത്കണ്ഠയും ദുരിതവും ഇവർ അനുഭവിക്കുന്നുണ്ടാകും.
ഇത്തരം ചിന്തകളെ മറികടക്കാനായി ഒ.സി.ഡിയുള്ള വ്യക്തികൾ ആവർത്തിച്ചു ചെയ്യുന്ന ചില പ്രവർത്തനങ്ങളെയാണ് കമ്പൽഷൻ എന്ന് പറയുന്നത്. ചിന്തകൾ മൂലമുള്ള ഉത്കണ്ഠ കുറയ്ക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെങ്കിലും ഓരോ തവണയും ഇത് കൂടുതൽ തവണ ചെയ്യേണ്ടിവരുന്നു. ഒത്തിരി സമയം ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാനായി രോഗികൾക്ക് ചെലവഴിക്കേണ്ടിവരുന്നു. ഇത് ഇവരുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിക്കുന്നു.

ഒ.സി.ഡിയുടെ പ്രധാന
ലക്ഷണങ്ങൾ
അമിതമായ വൃത്തി

ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു അനിയന്ത്രിത ചിന്തയാണ് അഴുക്കു പറ്റുമോ എന്ന ഭയം. ഇതു മറികടക്കാൻ ഒ.സി.ഡിയുള്ള വ്യക്തികൾ കൂടുതൽ തവണ കൈകളും ശരീരവും വൃത്തിയാക്കുക സാധാരണമാണ്. ഇതുമൂലം രോഗിക്കും ചുറ്റുമുള്ളവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാം.

ആവർത്തിച്ചുള്ള പരിശോധന
വാതിൽ അടച്ചോ, ഗ്യാസ് ഓഫ് ചെയ്തോ തുടങ്ങിയ അനാവശ്യ പരിശോധനകൾ, കത്തുകളും ഇ-മെയിലും തുടർച്ചയായി വായിച്ചുകൊണ്ടിരിക്കുക, എഴുതിയ നോട്ടിൽ തെറ്റുകൾ വന്നോ എന്ന് വീണ്ടും പരിശോധിക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ഒ.സി.ഡിയുള്ള വ്യക്തികൾ കാണിക്കാറുണ്ട്.

അമിതമായ അടുക്കും ചിട്ടയും
കൃത്യമായ സ്ഥലത്ത് അവർ വെക്കുന്ന വസ്തുക്കൾ ഇല്ലെങ്കിൽ ഒ.സി.ഡി ഉള്ള വ്യക്തികൾക്ക് അത് വളരെ ബുദ്ധിമുട്ടുണ്ടാകും. അതിനാൽ അവർ എപ്പോഴും അടുക്കിപ്പെറുക്കി വെച്ചുകൊണ്ടിരിക്കും. ഇതോടൊപ്പം സാധനങ്ങൾ പ്രത്യേക ഓർഡറിൽ വയ്ക്കുക, ആരെങ്കിലും അവ സ്ഥാനം തെറ്റിച്ചാൽ വളരെയധികം അസ്വസ്ഥത പ്രകടിപ്പിക്കുക തുടങ്ങിയവ ഒ.സി.ഡി ഉള്ളവരിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.

അമിതമായ ലൈംഗിക ചിന്തകൾ
ആവർത്തിച്ചുവരുന്ന അക്രമ ചിന്തകളും ലൈംഗിക ചിന്തകളും ഒ.സി.ഡിയുടെ ഭാഗമായി ഉണ്ടാവാം. പലപ്പോഴും അടുത്തറിയാവുന്ന ആളുകളെ കുറിച്ച് ആയിരിക്കും കൂടുതൽ ചിന്തകൾ വരുന്നത്. അതിനാൽ ഒ.സി.ഡി ഉള്ള വ്യക്തികൾക്ക് അവരോടു തന്നെ ഒരു അവജ്ഞ ഉണ്ടാകാൻ ഇത് കാരണമാകുന്നു. ഇതു മറികടക്കാൻ തുടർച്ചയായി മനസ്സിൽ പ്രാർഥിക്കുക, എണ്ണുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇവർ ചെയ്യുന്നതായി കാണാം.

അപകടങ്ങൾ സംഭവിക്കുമോ
എന്ന ഭയം

തനിക്കോ തന്റെ പ്രിയപ്പെട്ടവർക്കോ അപകടങ്ങൾ സംഭവിക്കുമോ, മരിച്ചുപോകുമോ തുടങ്ങിയ അനാവശ്യമായ പേടിയും ആശങ്കയും ഒ.സി.ഡി ഉള്ളവരിൽ പതിവാണ്. താൻ മറ്റുള്ളവരെ ഉപദ്രവിച്ചുപോകുമോ, മറ്റുള്ളവർക്ക് താൻ കാരണം പ്രശ്നങ്ങൾ ഉണ്ടാകുമോ തുടങ്ങിയ ചിന്തകളും ഇവർക്ക് ഉണ്ടാകാം.
ഈ ലക്ഷണങ്ങളെ കൂടാതെ ധാരാളം അനിയന്ത്രിത ചിന്തകളും ആവർത്തിച്ചുള്ള പെരുമാറ്റങ്ങളും ഒ.സി.ഡിയുള്ള ആളുകളിൽ കാണാം. ചിലരിൽ ഒന്നോ രണ്ടോ ലക്ഷണങ്ങൾ ആവാം, മറ്റു ചിലരിൽ കൂടുതൽ ലക്ഷണങ്ങൾ ഒരുമിച്ച് കാണാം. ഇത് ഇത്തരം വ്യക്തികളുടെ ജീവിതത്തെ വളരെയധികം ബാധിക്കും. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൃത്യമായ പരിശോധനകളിലൂടെ ഇത് മനസ്സിലാക്കി വിദഗ്ധ ചികിത്സയിലേക്ക് പോകേണ്ടതുണ്ട്. മനഃശാസ്ത്ര ചികിത്സകളും മരുന്നുചികിത്സകളും ആവശ്യമായി വന്നേക്കാം. ഇവ മടിക്കാതെ സ്വീകരിച്ചാൽ മാത്രമേ ഒ.സി.ഡി ഉള്ള ആളുകൾക്ക് അവർ കടന്നുപോകുന്ന മാനസിക സംഘർഷങ്ങളിൽ നിന്ന് രക്ഷപ്പെടാനാവൂ.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top