LoginRegister

ഉമ്മുകുൽസൂം, ഹിജ്റ വഴിയിലെ ഏകാന്ത സഞ്ചാരി

വി എസ് എം കബീർ

Feed Back


ഹുദൈബിയാ സന്ധിയിലെ കരാർ വ്യവസ്ഥകളിൽ രണ്ടാമത്തേത് ഇങ്ങനെയായിരുന്നു: “സംരക്ഷകരുടെ സമ്മതമില്ലാതെ മക്കയിൽനിന്ന് മദീനയിലേക്ക് വരുന്നവരെ മുഹമ്മദ്‌ തിരിച്ചയക്കണം. എന്നാൽ മദീനയിൽ നിന്ന് മക്കയിലേക്ക് ആരെങ്കിലും വന്നാൽ അവരെ തിരികെ അയക്കേണ്ടതില്ല.” ഇതടക്കമുള്ള വ്യവസ്ഥകളടങ്ങുന്ന കരാർപത്രത്തിൽ ഒപ്പുവെച്ച ശേഷം ഇരിപ്പിടത്തിൽ നിന്ന് തിരുനബി എഴുന്നേറ്റു. വിശുദ്ധ കഅ്ബയും ഉംറയും സ്വപ്നം കണ്ട് മദീനയിൽ നിന്ന് പുറപ്പെട്ട സഹാബിമാരെല്ലാം കരാർ വ്യവസ്ഥകൾ കേട്ട് പരസ്പരം നോക്കി. അവർക്ക് ഒന്നും വിശ്വസിക്കാനാവുന്നില്ല. കരാർ എഴുതിയ അലിയുടെ മുഖത്ത് കടുത്ത നിരാശ പരന്നു. അരികിൽ നിൽക്കുകയായിരുന്ന ഉമറിനാകട്ടെ ക്ഷോഭം അടക്കാനുമായില്ല. എല്ലാം കണ്ടുനിൽക്കുകയായിരുന്ന അബൂബക്കർ പക്ഷേ ശാന്തനായിരുന്നു.
ഇഹ്റാമിൽ നിന്ന് വിരമിച്ചുകൊണ്ട് തല മുണ്ഡനം ചെയ്യുന്ന തിരുനബിയെ തന്നെ നോക്കി, എന്തു വേണമെന്നറിയാതെ സഹാബിമാർ അല്പനേരം നിന്നു.
ഇതിനിടയിലേക്കാണ് മക്കയിൽ നിന്ന് രക്ഷപ്പെട്ടെത്തിയ അബൂജൻദൽ വന്നുകയറുന്നത്. തന്നെ സ്വീകരിക്കണം എന്ന് ദൈന്യതയോടെ മുസ്‍ലിംകളോട് അദ്ദേഹം കെഞ്ചി. കരാർ വ്യവസ്ഥ ചൂണ്ടിക്കാട്ടി, സത്യനിഷേധിയായ സ്വന്തം പിതാവ് തന്നെ അബൂജൻദലിനെ തടഞ്ഞു.
“അബൂജൻദൽ, താങ്കൾ ക്ഷമയോടെ കാത്തിരിക്കുക” എന്നു പറയാൻ മാത്രമേ അപ്പോൾ തിരുനബിക്കും കഴിഞ്ഞുള്ളൂ. ഇതെല്ലാം കണ്ട് നിരാശയും അസംതൃപ്തിയും നിഴലിട്ട മനസ്സുമായാണ് മുസ്‍ലിംകൾ തിരുനബിയോടൊപ്പം മദീനയിലേക്ക് മടക്കയാത്രയായത്.
ദിവസങ്ങൾ കഴിഞ്ഞു. ഇതിനിടെ നബിപത്നി ഉമ്മുസൽമയുടെ വീട്ടിൽ ഒരു യുവതി വന്നു.മക്കയിൽ നിന്ന് അഭയം തേടി വന്നതാണവൾ.മാന്യനായ ഒരു വഴികാട്ടി തുണയായപ്പോൾ അവൾ വീട്ടിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങിയതാണ്.ഇസ്‍ലാം ഹൃദയത്തിൽ കയറിയിട്ട് വർഷങ്ങളായി. പക്ഷേ അതനുസരിച്ച് ജീവിക്കാൻ അവൾക്ക് മക്കയിലെ വീട്ടിൽ സ്വാതന്ത്ര്യമില്ലായിരുന്നു. സഹോദരൻമാർ അത്രയ്ക്ക് ഇസ്‍ലാമിന്റെ ശത്രുക്കളാണ്. കുടുംബത്തെ വിട്ട് അല്ലാഹുവിലേക്കും ദൂതനിലേക്കും തനിച്ച് യാത്ര ‍പുറപ്പെട്ട ഏക വനിത എന്ന ഖ്യാതി അങ്ങനെയാണ് അവൾക്ക് സ്വന്തമായത്. ഉമ്മുകുൽസൂം എന്നാണ് അവളുടെ പേര്. ഉമ്മുസൽമയെ അവൾ കാര്യങ്ങൾ ധരിപ്പിച്ചു. ഇതിനിടയിലേക്കാണ് തിരുനബിയെത്തിയത്.
തിരുദൂതരെ കണ്ടപ്പോൾ ഉമ്മുകുൽസൂമിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അവൾ സ്വയം പരിചയപ്പെടുത്തി. തന്റെ അവസ്ഥ വിശദീകരിച്ചു. നബി എല്ലാം കേട്ടിരുന്നു. “സംരക്ഷകരുടെ അനുവാദമില്ലാതെ മദീനയിലെത്തിയവരെ തിരിച്ചയക്കണമെന്നാണ് സന്ധിവ്യവസ്ഥ.നീ കാത്തിരിക്കൂ”- നബി അവളോട് പറഞ്ഞു.
“നബിയേ, ഞാനൊരു യുവതിയാണ്. തുണയായി ആരുമില്ലാത്തവളാണ്. മക്കയിലേക്ക് എന്നെ തിരികെ അയച്ചാൽ എന്റെ ഗതി അങ്ങേക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നെ അവർക്ക് വിട്ടുകൊടുക്കരുത്.” ഉമ്മുകുൽസൂം ഇടറിയ സ്വരത്തിൽ പറഞ്ഞു.
തിരുനബി അവളെ സാന്ത്വനിപ്പിച്ചു. മാതൃവാൽസല്യത്തോടെ ഉമ്മുസൽമയും അവളെ ചേർത്തുപിടിച്ചു.
അധികം വൈകിയില്ല. അല്ലാഹുവിന്റെ വിധിയിറങ്ങി.
“വിശ്വാസികളേ, സത്യവിശ്വാസിനികൾ അഭയം തേടി നിങ്ങളെ സമീപിച്ചാൽ അവരെ നിങ്ങൾ പരീക്ഷിക്കുക. അവരുടെ വിശ്വാസ വിശുദ്ധി അല്ലാഹുവിന് നന്നായി അറിയാം.അവർ യഥാർഥ വിശ്വാസിനികളാണെന്ന് ബോധ്യമായാൽ പിന്നെ അവരെ നിങ്ങൾ സത്യനിഷേധികളിലേക്ക് തിരികെ അയക്കരുത്. വിശ്വാസിനികൾ സത്യനിഷേധികൾക്കും നിഷേധികൾ വിശ്വാസിനികൾക്കും അനുവദനീയരല്ല” (മുംതഹിന 10).
പുതിയ സൂക്തങ്ങൾ ഉമ്മുകുൽസൂമിനെക്കാൾ ആശ്വാസം നൽകിയത് തിരുദൂതർക്കായിരുന്നു. നബി അത് പാരായണം ചെയ്തു. ഉമ്മുകുൽസൂം ആനന്ദക്കണ്ണീർ വാർത്തു. ഉമ്മുസൽമയെയും അത് ആഹ്ലാദവതിയാക്കി.
അടുത്ത ദിവസം തന്നെ ഉമ്മുകുൽസൂമിനെ തേടി സഹോദരൻമാരായ ഖാലിദും ഉമാറയും മദീനയിലെത്തി. തിരുനബിയെ കണ്ട അവർ ഹുദൈബിയ കരാർ പ്രകാരം സഹോദരിയെ വിട്ടുകിട്ടണമെന്ന ആവശ്യം മുന്നിൽ വെച്ചു.എന്നാൽ അവരുടെ ആവശ്യം നബി അംഗീകരിച്ചില്ല. തർക്കിക്കാൻ ശ്രമിച്ച അവരോട് ദൂതൻ ഒരു മറുചോദ്യം ഉന്നയിച്ചു:
“സ്ത്രീകളുടെ കാര്യം നമ്മുടെ കരാറിലുണ്ടോ?”
അവർക്ക് ഉത്തരമില്ലായിരുന്നു. അവർ വന്നവഴി മടങ്ങി.
വർഷങ്ങളായുള്ള ആഗ്രഹം സഫലമാക്കി ഉമ്മുകുൽസൂം മദീനയിൽ സ്വസ്ഥമായ ഇസ്‍ലാമിക ജീവിതം തുടങ്ങി.
** ** **
ആരായിരുന്നു ഈ ഉമ്മുകുൽസൂം എന്നുകൂടി അറിയണം. മക്കയിൽ ഇസ്‌ലാമിന്റെ ബദ്ധവൈരികൾ നിരവധി പേരായിരുന്നു. നബിയുടെ പിതൃവ്യൻ അബൂലഹബ്, അബൂജഹൽ, ഉത്ബതുബ്‌നുു അബീറബീഅ, വലീദുബ്‌നു ഉത്ബ, ഉമയ്യത്തുബ്‌നു ഖലഫ് തുടങ്ങിയവരാണ് ഇവരിലെ വമ്പൻമാർ. ഇവർ സഹാബിമാരെ മർദിച്ചൊതുക്കിയതിനും പരിഹസിച്ചതിനും കണക്കില്ലായിരുന്നു. തിരുനബിക്കു നേരെയും ഇവർ പലതവണ പരസ്യമായി പരിഹാസങ്ങളെറിഞ്ഞു. ചിലപ്പോൾ അത് ദേഹോപദ്രവത്തിലേക്കും നീങ്ങി.
എന്നാൽ, അബീമുഐത്തിന്റെ മകൻ ഉഖ്‍ബ ഇസ്‌ലാമിനോടും ഏകദൈവവിശ്വാസത്തോടുമുള്ള അടങ്ങാത്ത പക തീർത്തിരുന്നത് തിരുനബിയെ തരംകിട്ടുമ്പോഴെല്ലാം മനസ്സാക്ഷിയില്ലാതെ മർദിച്ചുകൊണ്ടായിരുന്നു. കഅ്ബയുടെ ചാരത്ത് ഏകനായി നമസ്കരിക്കുകയായിരുന്ന നബിയുടെ ചുമലിൽ അബൂലഹബിന്റെ നിർദേശപ്രകാരം ഒട്ടകത്തിന്റെ കുടൽമാല ചാർത്തിയത് ഇയാളാണ്. മേൽവസ്ത്രം കൊണ്ട് കഴുത്ത് ഞെരിച്ച് ദൂതരെ അപായപ്പെടുത്തുന്നതിനിടെ ഇയാളിൽ നിന്ന് അബൂബക്കറാണ് ഒരിക്കൽ തിരുനബിയെ രക്ഷിച്ചത്.
സുഹൃത്ത് ഉബയ്യുബ്‍നു ഖലഫിനെ തൃപ്തിപ്പെടുത്താൻ മറ്റൊരു ഹീനകൃത്യം കൂടി ഈ വെറുക്കപ്പെട്ടവൻ ചെയ്തു. പരിഹസിക്കുക എന്ന ലക്ഷ്യത്തോടെ ഉഖ്‍ബ ഒരിക്കൽ ദൂതരുടെ സദസ്സിൽ ചെന്നിരുന്നു. ഇത് സുഹൃത്ത് ഉബയ്യ് അറിഞ്ഞു. അയാൾ ഉഖ്‍ബയോട് ദേഷ്യപ്പെട്ടു.ഇതിന് പ്രതിവിധിയായി നീ മുഹമ്മദിനെ ക്ഷണിച്ചുവരുത്തി അവന്റെ മുഖത്ത് തുപ്പണം.അല്ലാത്തപക്ഷം നീയുമായി എനിക്ക് സൗഹൃദമുണ്ടാവില്ല എന്ന് ഉബയ്യ് ശഠിക്കുകയും ചെയ്തു.സുഹൃത്തിന്റെ ആവശ്യം അപ്പടി അംഗീകരിച്ച് ഉഖ്‍ബ എന്ന ദുഷ്ടൻ തിരുനബിയെ പരസ്യമായി അപമാനിച്ചു.
ഇയാളെ കൂടി ഉദ്ദേശിച്ചാണ് കാരുണ്യദൂതർ ഒരിക്കൽ നിറകണ്ണുകളോടെ ഇങ്ങനെ പ്രാർഥിച്ചത്: “നാഥാ, ഖുറൈശികളെ നീ പിടികൂടണേ,ഖുറൈശികളെ നീ പിടികൂടണേ, ഖുറൈശികളെ നീ പിടികൂടണേ.”
ഉഖ്‍ബ ഈ പൈശാചിക വൃത്തികളെല്ലാം ചെയ്യുമ്പോൾ ആൺമക്കളായ വലീദും ഖാലിദും ഉമാറയും പിതാവിന് ആവേശം പകരുകയാണ് ചെയ്തത്. എന്നാൽ ഉമ്മുകുൽസൂം എന്ന ഇവരുടെ കൂടപ്പിറപ്പ് ഏകദൈവത്തെയും ഇസ്‍ലാമിനെയും സ്വകാര്യമായി നെഞ്ചേറ്റി ഇവർക്കിടയിൽ കഴിയുകയായിരുന്നു. പിതാവിന്റെ ചെയ്തികളിൽ അവൾ സങ്കടപ്പെട്ടു. ഈ ദുഷ്ചെയ്തികളെ ഹൃദയം കൊണ്ട് വെറുക്കുകയും ചെയ്തു. അർവയായിരുന്നു അവളുടെ ഉമ്മ. ഖലീഫ ഉസ്മാന്റെ ഉമ്മയൊത്ത സഹോദരിയാണ് അർവ. സഹോദരൻ ഉൾക്കൊണ്ട ഇസ്‍ലാം അവരുടെയും ഹൃദയത്തെ കീഴടക്കിയിരുന്നു. അതുകൊണ്ടാവാം മകളുടെ മനസ്സ് വായിക്കാൻ അർവക്ക് കഴിഞ്ഞു.
** ** **
മദീനയിൽ തനിച്ച് താമസിക്കുന്ന ഉമ്മുകുൽസൂമിന് നബി ഒരാളെ കൂട്ടിന് നൽകി. തന്റെ വളർത്തുമകൻ സൈദുബ്‍ന‍ു ഹാരിസയെ.ഖുറൈശി ഗോത്രക്കാരിയും ഉമയ്യ വംശജയുമായ ഉമ്മുകുൽസൂം മുമ്പ്‌ അടിമയായിരുന്ന സൈദിനെ വിവാഹം ചെയ്യുന്നതിൽ ഒരു മടിയും കാട്ടിയില്ല. സൈദിന്റെ വേർപാടോടെ വിധവയായ അവൾക്ക് തന്റെ അമ്മായി സഫിയയുടെ മകൻ സുബൈറിനെയാണ് തിരുനബി ഇണയായി നൽകിയത്. ഈ ബന്ധം പക്ഷേ അധികം നീണ്ടില്ല. വിവാഹമോചിതയായ ഉമ്മുകുൽസൂം ധനാഢ്യനായ അബ്ദുറഹ്മാനുബ്‍ന‍ു ഔഫിനെ വരനാക്കി. ഈ ദാമ്പത്യം വർഷങ്ങൾ നീണ്ടുനിന്നു. വീണ്ടും വിധവയാകാനായിരുന്നു ഉമ്മുകുൽസൂമിന്റെ വിധി. പിന്നീട് അംറുബ്‍നു‍ൽ ആസാണ് അവളെ വിവാഹം കഴിച്ചത്. പ്രമുഖരായ നാലു സഹാബിമാരുടെ ഭാര്യാപദത്തിലിരിക്കാനുള്ള സൗഭാഗ്യം സിദ്ധിച്ച ഉമ്മുകുൽസൂം മൂന്ന് മക്കളുടെ ഉമ്മയാവുകയും ചെയ്തു. അംറുബ്‍ന‍ുൽ ആസുമായുള്ള ദാമ്പത്യത്തിന് ഒരു മാസമേ ആയുസ്സുണ്ടായുള്ളൂ. ഹിജ്റ 33ലായിരുന്നുു മഹതിയുടെ വേർപാട്.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top