LoginRegister

കൊലപാതകത്തിന്റെ ശിക്ഷ

അബ്ദു സലഫി

Feed Back


”ആരെങ്കിലും ഒരു സത്യവിശ്വാസിയെ മന:പൂര്‍വം കൊലപ്പെടുത്തുന്നപക്ഷം അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ നിത്യവാസിയായിരിക്കും. അവനോട് അല്ലാഹു കോപിക്കുകയും അവനെ ശപിക്കുകയും ചെയ്തിരിക്കുന്നു. കനത്ത ശിക്ഷയാണ് അവനു വേണ്ടി അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്”
(ഖുര്‍ആന്‍ 4:93).

ശിര്‍ക്കും കുഫ്റും കഴിഞ്ഞാല്‍ ഏറ്റവും വലിയ തെറ്റായി കണക്കാക്കപ്പെടുന്നതാണ് കൊലപാതകം. അനുവദിക്കപ്പെട്ട കാരണങ്ങളൊന്നുമില്ലാതെ ബോധപൂര്‍വം ഒരാളെ കൊലചെയ്യുന്നത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ് എന്നും നരകമാണ് അവന്റെ പ്രതിഫലമെന്നും ദൈവകോപവും ശാപവും അവനുണ്ടെന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. പ്രതിക്രിയ നടപ്പാക്കാന്‍ ഭരണകൂടങ്ങള്‍ക്കാണ് അധികാരം. വ്യക്തികള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അവകാശമില്ല. പ്രതിക്രിയയായി കൊലയാളിയെ കൊല്ലുകയോ കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്ക് പ്രായശ്ചിത്ത ധനം സ്വീകരിച്ച് വേണമെങ്കില്‍ മാപ്പ് കൊടുക്കുകയോ ചെയ്യാമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
കൊലയാളിക്ക് മാപ്പ് പോലും ലഭിക്കില്ലെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ പ്രായശ്ചിത്തം നല്‍കുകയും ആത്മാര്‍ഥമായി പശ്ചാത്തപിച്ച് തുടര്‍ന്നുള്ള ജീവിതം നന്നാക്കുകയും ചെയ്താല്‍ അല്ലാഹു പൊറുത്തുകൊടുത്തേക്കാം എന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം.
ഇനി ഒരാളെ അബദ്ധത്തില്‍ കൊലപ്പെടുത്തിയാലുള്ള വിധിയെക്കുറിച്ച് 4:92ല്‍ അല്ലാഹു പറയുന്നു: ”യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല, അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം, അവകാശികള്‍ അതില്‍ ഉദാരമായി വിട്ടുവീഴ്ച ചെയ്താലൊഴികെ. ഇനി കൊല്ലപ്പെട്ടവന്‍ സത്യവിശ്വാസിയും നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനുമാണെങ്കില്‍, സത്യവിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയാണ് വേണ്ടത്.
കൊല്ലപ്പെട്ടവന്‍ നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ജനവിഭാഗത്തില്‍ പെട്ടവനെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവനും അതിന് സാധ്യമായില്ലെങ്കില്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ മാര്‍ഗമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു” (4:92).
ഇസ്‌ലാം മനുഷ്യജീവന് വളരെയേറെ പ്രാധാന്യം നല്‍കുന്നു. സമാധാനപൂര്‍ണമായ ജീവിതാന്തരീക്ഷം നിലനില്‍ക്കാന്‍ വേണ്ടിയാണ് കൊലപാതകത്തിന് പ്രതിക്രിയ എന്ന കടുത്ത ശിക്ഷാനടപടി ഇസ്‌ലാം ഏര്‍പ്പെടുത്തിയത്. ഒരു കൊലയാളി കൊല്ലപ്പെട്ടാല്‍ അയാളില്‍ നിന്ന് വീണ്ടും അറുകൊലകളുണ്ടാവില്ലെന്ന് മാത്രമല്ല, മറ്റ് കൊലയാളികള്‍ക്ക് അതൊരു പാഠമായി മാറുകയും ഇത്തരം തെറ്റുകള്‍ കുറയാന്‍ ഇടയാവുകയും ചെയ്യുന്നു.
കൊലപാതകത്തിന് കടുത്ത ശിക്ഷകള്‍ നടപ്പാക്കുന്ന രാജ്യങ്ങളിലെയും അല്ലാത്ത രാജ്യങ്ങളിലെയും കുറ്റകൃത്യങ്ങളുടെ അളവ് താരതമ്യം ചെയ്താല്‍ ഇത് ബോധ്യമാകും.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top