LoginRegister

അതൃപ്പങ്ങളുടെ പെരുന്നാള്‍ സന്തോഷങ്ങള്‍

നജ്‌ല പുളിക്കല്‍

Feed Back


കുട്ടിക്കാലത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ ഓര്‍മകളുടെ പടികള്‍ അധികമൊന്നും പിന്നോട്ട് ഇറങ്ങേണ്ടതില്ല. എന്നിട്ടും എത്ര വലിയ മാറ്റങ്ങളാണ് ചുറ്റും! പെരുന്നാളിന്റെ ഉച്ച തിരിഞ്ഞു വല്ലിമ്മച്ചിന്റെയും വായിച്ചിയുടെയും അരികിലേക്ക് ഓടിച്ചെല്ലുന്നത് ആ സ്‌നേഹവാത്സല്യം അപ്പാടെ പൊതിയാനും ഇരുമ്പുചട്ടിയില്‍ ഉലര്‍ത്തിയെടുത്ത ഇറച്ചി കൂട്ടി നെയ്‌ച്ചോറ് കഴിക്കാനും കൂടിയാണ്. ബിരിയാണിയും നെയ്‌ച്ചോറുമൊക്കെ അത്ര ജനകീയമല്ലാത്ത ആ കാലത്ത് ഒരു നെയ്‌ച്ചോറ് കഴിക്കാന്‍ പെരുന്നാള്‍ വരെ കാത്തിരിക്കണമായിരുന്നു. അല്ലെങ്കില്‍ എന്തെങ്കിലും വിശേഷങ്ങള്‍ കുടുംബത്തില്‍ ഉണ്ടാകണം.
റമദാന്‍ അവസാനം നോമ്പ് തുറന്നുകഴിഞ്ഞാല്‍ മാസപ്പിറവി അറിയാന്‍ റേഡിയോ ഓണാക്കി കാത്തിരിക്കും. തൊട്ടയല്‍പക്കത്തുള്ള വീടുകളിലേക്കൊക്കെ വിളിച്ചുചോദിക്കും. എന്റെ കുട്ടിക്കാലത്തൊന്നും ഇന്നത്തെപ്പോലെ ഇറച്ചിയും മീനും വാങ്ങി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന പതിവില്ല. ഫ്രിഡ്ജ് ഉള്ള വീടുകള്‍ നന്നേ ശുഷ്‌കവും. ശവ്വാല്‍പിറ കണ്ടാല്‍ മൂത്താപ്പയുടെ മകനോ അമ്മായിയുടെ മകനോ ഞങ്ങള്‍ നാലഞ്ച് വീടുകളിലേക്കുള്ള ഇറച്ചി വാങ്ങാന്‍ പേങ്ങാട് അങ്ങാടിയില്‍ പോകും. മിക്കവാറും ഇറച്ചി കിട്ടുമ്പോള്‍ 12 മണിയോടടുക്കും. അടുക്കളയില്‍ ഉമ്മച്ചി അപ്പോള്‍ നെയ്യപ്പത്തിനോ ഉണ്ണിയപ്പത്തിനോ മാവ് ഒരുക്കുകയാകും. ഞങ്ങള്‍ കുട്ടികളൊക്കെ ഉറങ്ങിക്കഴിഞ്ഞേ അപ്പം ചുടുകയുള്ളൂ. നോക്കിനിന്നാല്‍ കൊതി കൂടുമത്രേ. അപ്പം കേടാവും.
ഞങ്ങള്‍ കുട്ടികള്‍ വൈകുന്നേരം തന്നെ കിട്ടാവുന്നത്ര മൈലാഞ്ചിയിലകള്‍ നുള്ളിയെടുത്ത് വാഴയിലയില്‍ വെള്ളം കുടഞ്ഞു വെച്ചിട്ടുണ്ടാകും. മുതിര്‍ന്ന ആരെങ്കിലും അത് അരച്ച് പാകമാക്കിത്തരും. മാളിലെ മൂത്തമ്മ ചക്കവിളഞ്ഞി കോലില്‍ ചുരുട്ടി കഴുക്കോലുകള്‍ക്കിടയില്‍ സൂക്ഷിച്ചത് ചൂടാക്കി ഉരുക്കി കൈവെള്ളയില്‍ ഇറ്റിക്കും. ശേഷം അരച്ച മൈലാഞ്ചി അപ്പാടെ കൈയില്‍ പൊത്തും. കാലിലെയും കൈയിലെയും വിരലുകളില്‍ മൈലാഞ്ചി കൊണ്ട് തൊപ്പിയിടും. മൈലാഞ്ചിയിട്ടു കഴിഞ്ഞാല്‍ നിലത്ത് പായ വിരിച്ചേ ഉറങ്ങാന്‍ കിടത്തുകയുള്ളൂ. പുലര്‍ച്ചെ 4 മണിക്ക് ഉമ്മ വിളിച്ചുണര്‍ത്തും. അണിഞ്ഞ മൈലാഞ്ചിയില്‍ പാതിയും അടര്‍ന്ന് കൈയിലും കാലിലുമൊക്കെ ഉണങ്ങിപ്പിടിച്ചിട്ടുണ്ടാകും. അത് പൊതിര്‍ത്തു കഴുകിയെടുക്കും മുമ്പേ അടുക്കളയിലേക്ക് ഒരു ഓട്ടമാണ്. നെയ്യപ്പം ചുട്ട എണ്ണ കനച്ച മണം അവിടെയാകെ തങ്ങിനില്‍പുണ്ടാകും. ‘കൊതി കൂടി’ കേടുവന്ന അപ്പങ്ങള്‍ ചരുവത്തില്‍ മാറ്റിവെച്ചിട്ടുണ്ടാകും. അത് കുട്ടികള്‍ക്കുള്ളതാണ്.
മേലാകെ എണ്ണ തേച്ചുള്ള കുളി രണ്ടു പെരുന്നാളിനും നിര്‍ബന്ധമാണ്. എണ്ണ തേച്ചുപിടിച്ചാല്‍ കിണറ്റിന്‍കരയില്‍ നിന്നാണ് അന്നത്തെ കുളി. അപ്പോഴേക്കും പള്ളിയില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ ഉയരും. ആണുങ്ങള്‍ മാത്രമാണ് അന്നൊക്കെ പെരുന്നാള്‍ നമസ്‌കാരത്തിനു പള്ളിയില്‍ പോയിരുന്നത്. സ്ത്രീകളും പെണ്‍കുട്ടികളും വീട്ടില്‍ നിന്ന് നമസ്‌കരിക്കും. അതിനു ശേഷമാണ് പെരുന്നാള്‍ കോടി ഇടുന്നത്. രാമനാട്ടുകരയിലെ മാക്‌സില്‍ നിന്നോ ഗണപതി ചെട്ടിയാരുടെയോ കുഞ്ഞക്കന്‍ ചെട്ടിയാരുടെയോ കടയില്‍ നിന്നോ നോമ്പിനു വാങ്ങിവെച്ച ഉടുപ്പ് ഒരുനൂറാവര്‍ത്തി എടുത്തും മണത്തും മടക്കിയും വെച്ചിട്ടുണ്ടാകും അപ്പോഴേക്കും. ചെറുപയര്‍പരിപ്പ് പായസവും അപ്പവും ചുറ്റുമുള്ള വീടുകളില്‍ എത്തിക്കുന്നതാണ് അടുത്ത പണി.
സാധാരണഗതിയില്‍ പള്ളി വിട്ടുവന്നാല്‍ ഏകദേശം പത്ത്പത്തരക്ക് ചോറ് വിളമ്പുന്നതാണ് കണക്ക്. പക്ഷേ ഞങ്ങളുടെ വീട്ടില്‍ പണ്ടുമുതലേ എന്നും കഴിക്കും പോലെ ഉച്ചക്കേ ചോറ് വിളമ്പുകയുള്ളൂ. വെറുംചോറ്, കുമ്പളം മോര് കറി, ഇഞ്ചിക്കറി, വെണ്ടക്ക മുളകിട്ടത്, പപ്പടം, പയറുപ്പേരി, കാബേജ് തോരന്‍, ഇറച്ചി വരട്ടിയത്, കോഴിക്കറി, പഴം, പായസം… ഇതാണ് വീട്ടിലെ സ്ഥിരം പെരുന്നാള്‍ മെനു.
ഉച്ചക്ക് ഹാളില്‍ നിലത്ത് ഇലയിട്ട് എല്ലാവരും ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കും. സുജേച്ചിയും തങ്കേടത്തിയും കുട്ടനും അനിയേട്ടനും ബിന്ദുവും താഴത്തെ അമ്മയും പിന്നെ കുടുംബക്കാര്‍ എല്ലാവരുമുണ്ടാകും.
ഇടക്കും തലക്കും കുടുംബക്കാരും ബന്ധുക്കളും വിരുന്നു വരും. എല്ലാവര്‍ക്കും അപ്പവും പായസവും വിളമ്പും. അതൊക്കെ കഴിഞ്ഞാണ് വല്ലിമ്മച്ചിന്റെ അടുത്ത് പോകുന്നത്. അവിടെ അപ്പോഴേക്കും ഉമ്മയുടെ സഹോദരങ്ങളും അവരുടെ മക്കളും വന്നിട്ടുണ്ടാകും. എല്ലാവരും ചേര്‍ന്ന് നെയ്‌ച്ചോറും ഇറച്ചിയും കഴിക്കും. നെയ്‌ച്ചോര്‍ തിന്നാന്‍ പെരുന്നാള്‍ വരാന്‍ കാത്തിരുന്ന കാലം. അതുകൊണ്ടുതന്നെ അതിന്റെ രുചിയും മണവും ഇന്നും ഓര്‍മയില്‍ നിറയുന്നു.

വിവാഹം കഴിഞ്ഞ് അരീക്കോട് എത്തിയതു മുതല്‍ ചിട്ടവട്ടങ്ങള്‍ എല്ലാം മാറിമറിഞ്ഞു. ഭക്ഷണകാര്യങ്ങള്‍ വിശേഷിച്ചും. പുതുക്കോടിനെ അപേക്ഷിച്ച് സഹോദരസമുദായക്കാര്‍ തുലോം തുച്ഛം. അണുകുടുംബമായിരുന്നെങ്കിലും തൊട്ടയല്‍പക്കത്തൊക്കെ കുടുംബക്കാര്‍ ഉള്ളതുകൊണ്ട് ഒരു കൂട്ടുകുടുംബത്തിന്റെ ഹരം കുട്ടിക്കാലത്തെ സമ്പന്നമാക്കിയിരുന്നു. വിവാഹം കഴിഞ്ഞു വന്നപ്പോള്‍ വലിയൊരു പറമ്പും അതില്‍ ഒറ്റപ്പെട്ട ഒരു വീടും. പെരുന്നാളിന്റെ അന്ന് രാവിലെ ഉമ്മ നെല്ല് പുഴുങ്ങുന്ന ചെമ്പില്‍ ചെറുപയര്‍ പരിപ്പ് ശര്‍ക്കരപ്പാനിയില്‍ വരട്ടി മൂന്നാം പാലും രണ്ടാം പാലും ഒന്നാം പാലും സമയാസമയം ഒഴിച്ചു കുറുക്കി യഥേഷ്ടം അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ചേര്‍ത്തു മൂപ്പിച്ച പായസമുണ്ടാക്കും. അത് ജഗ്ഗുകളില്‍ നിറച്ച് അയല്‍പക്കങ്ങളില്‍ കൊണ്ടുകൊടുത്തിരുന്ന പെരുന്നാള്‍ നാളുകള്‍ക്ക് എന്തൊരു പൊലിവായിരുന്നു! തേങ്ങ ചിരകാനും പാലെടുക്കാനും ഇല വെട്ടാനുമെല്ലാം തങ്കേടത്തിയും സുജേച്ചിയും കൂടും.
വിവാഹശേഷമുള്ള പെരുന്നാളുകളില്‍ സന്തോഷം നിറക്കുന്നത് പെരുന്നാള്‍ നമസ്‌കാരത്തിനു പള്ളിയില്‍ പോകുന്നതാണ്. മൈലാഞ്ചി കോണ്‍ കൊണ്ട് അറിയാവുന്ന കോലത്തില്‍ കൈയില്‍ ചിത്രം വരക്കും. രാവിലെ നേരത്തെ ചായ കുടിച്ചു പുതുവസ്ത്രങ്ങള്‍ അണിഞ്ഞു പള്ളിയില്‍ പോകും. അയല്‍പക്കക്കാരും സുഹൃത്തുക്കളും കുടുംബക്കാരും എല്ലാവരും കാണും. ജോലി ആവശ്യാര്‍ഥമോ പഠനാവശ്യമോ ദൂരദിക്കിലുള്ളവരൊക്കെ പെരുന്നാളിനു നാട്ടിലെത്തും. എല്ലാവരെയും ഒന്നിച്ചു കാണാം. സലാം പറഞ്ഞ് ഈദ് ആശംസകള്‍ കൈമാറി പള്ളിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ മനസ്സ് നിറയും.
മക്കളുടെയും പേരക്കുട്ടികളുടെയും വിളിക്കായി വല്ലിമ്മച്ചി രാവിലെ മുതല്‍ കാത്തിരിക്കും. അതുകൊണ്ട് ആദ്യം വിളിക്കുന്നത് ഞാനാവണമെന്ന് ഓരോരുത്തരും മത്സരിക്കും. വല്ലിമ്മച്ചിയെ വിളിച്ചതിനു ശേഷം മറ്റു കുടുംബക്കാരെയും കൂട്ടുകാരെയും വിളിച്ച് ആശംസകള്‍ കൈമാറും. ഭക്ഷണശേഷം കുടുംബവീടുകള്‍ സന്ദര്‍ശിക്കും. എന്റെ മക്കള്‍ മുതിര്‍ന്നതു മുതല്‍ അവരുടെ സുഹൃത്തുക്കളും പെരുന്നാള്‍ ദിനത്തില്‍ വിരുന്നെത്തും.
ശവ്വാല്‍പിറ കാണുമ്പോള്‍ തന്നെ പിറ്റേന്നേക്കുള്ള ഭക്ഷണം ഒരുക്കാന്‍ തയ്യാറെടുക്കുമായിരുന്നു. പെരുന്നാളിനു വേണ്ട വിഭവങ്ങള്‍ ഒരുക്കാന്‍ ഇക്കാടെ ഉപ്പ നേരത്തെത്തന്നെ സാധനങ്ങള്‍ വാങ്ങിവെക്കും. ഞാനും ഉമ്മയും ചേര്‍ന്ന് ബിരിയാണിക്ക് വേണ്ട മസാല ചതക്കലും പൊടിക്കലും അരക്കലുമെല്ലാം രാത്രിയില്‍ തന്നെ തകൃതിയായി നടത്തും. ഓത്തുപള്ളി പുറായ് അങ്ങാടിയില്‍ നിന്ന് പടക്കം പൊട്ടുന്ന ഒച്ച ഒറ്റക്കും തെറ്റക്കും കേള്‍ക്കാം. അതിനേക്കാള്‍ ഉച്ചത്തില്‍ തക്ബീര്‍ ധ്വനികളുമുയരും. നോണ്‍ വെജ് കൊണ്ടുള്ള പൂരമാണ് അടുക്കളയില്‍.
മിക്കവാറും ബിരിയാണിയില്‍ വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്നതൊക്കെ പെരുന്നാളിനാണ്. കാലക്രമേണ പായസം പരിഷ്‌കരിച്ച് ഫ്രൂട്ട് സലാഡുകളും പുഡ്ഡിങുകളുമായി രൂപാന്തരപ്പെട്ടു. ബിരിയാണിക്ക് പകരം കബ്‌സയും മന്തിയും ഇടം പിടിച്ചു. ചിക്കന്‍ നിര്‍ത്തിപ്പൊരിച്ചും കിടത്തിച്ചുട്ടും കോലില്‍ കുത്തി പൊള്ളിച്ചും പരീക്ഷണങ്ങള്‍ നടത്തി.
മൂന്നാലു വര്‍ഷം മുമ്പുവരെ പെരുന്നാളുകള്‍ ഇങ്ങനെയായിരുന്നെങ്കില്‍ ഇപ്പോള്‍ തലേദിവസം തന്നെ അരീക്കോടോ എടവണ്ണപ്പാറയിലോ ഉള്ള ഏറ്റവും നല്ല ഡെലിവറി സര്‍വീസുള്ള കാറ്ററിങ് സെന്ററിലേക്ക് വിളിക്കും, ആവശ്യാനുസരണം മന്തി, ഫ്രൈഡ് റൈസ്, ചിക്കന്‍ പൊള്ളിച്ചത്, കൊണ്ടാട്ടം, പുഡ്ഡിങുകള്‍ തുടങ്ങിയവ ഓര്‍ഡര്‍ ചെയ്യും. ഇനിയുമൊരു പത്തു വര്‍ഷം കഴിയുമ്പോള്‍ എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോകുന്നത് എന്നാര്‍ക്കറിയാം.
20 വര്‍ഷം മുമ്പേ വായിച്ചി അല്ലാഹുവിലേക്ക് യാത്രയായി. പേരക്കുട്ടികളുടെ ഫോണ്‍വിളിയും കാത്തിരിക്കാന്‍ ഈ പെരുന്നാളിന് വല്ലിമ്മച്ചിയുമില്ല. വിളഞ്ഞിയോ അമ്മിയില്‍ അരച്ച മൈലാഞ്ചിയോ എണ്ണതേച്ചുള്ള കുളിയോ വാഴയിലയിലെ ചോറുണ്ണലോ ഒന്നുമില്ലെങ്കിലും ഭക്ഷണത്തില്‍ ധാരാളിത്തമുണ്ടുതാനും. എന്നിട്ടും തട്ടിച്ചുനോക്കുമ്പോള്‍ വിഭവങ്ങള്‍ കുറവായിരുന്നെങ്കിലും കുട്ടിക്കാലത്തെ ഓരോ പെരുന്നാളും ഇമ്പമേറിയതായിരുന്നു.
അല്ലെങ്കിലും നമ്മുടെ ഓര്‍മകളെ സജീവമാക്കുന്നതത്രയും കുട്ടിക്കാലത്തെ അനുഭവങ്ങള്‍ തന്നെയല്ലേ?

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top