LoginRegister

സ്ത്രീകളും മാനസികാരോഗ്യവും

റസാഖ് മലോറം

Feed Back


അനിശ്ചിതത്വങ്ങളിലൂടെയാണ് മനുഷ്യന്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. കാഴ്ചകള്‍ക്കും കേള്‍വികള്‍ക്കും വൈവിധ്യവും വേഗതയും പ്രവചനാതീതമായിരിക്കുന്നു. മഹാമാരി നമ്മളിലെത്തിച്ച നാനാവിധ ജീവിതാവസ്ഥ ഇതിനു പുറമെയാണ്. മുമ്പും ശേഷവും എന്നു പറയുന്നതു പോലെ പലതിനും മാറ്റങ്ങള്‍ വന്നു. മാറ്റങ്ങളുടെ അനന്തരഫലങ്ങള്‍ സമൂഹത്തില്‍ ദൃശ്യമാവാന്‍ തുടങ്ങി. ശരീരത്തിനും അവയവങ്ങള്‍ക്കുമേല്‍ക്കുന്ന പ്രത്യാഘാതങ്ങളെ കൃത്യമായി നിര്‍വചിക്കുകയും നേരിടുകയും ചെയ്യുമ്പോള്‍ ചുറ്റുപാടേല്‍പ്പിക്കുന്ന മാനസികാഘാതങ്ങളെ പലപ്പോഴും വിസ്മരിക്കുകയാണു പതിവ്. പല ശാരീരികാസ്വസ്ഥതകളുടെയും പിന്നില്‍ മനോനിലയുടെ സ്വാധീനമുണ്ട് എന്ന് അറിയുമ്പോള്‍ മാനസികാരോഗ്യത്തിന്റെ ഗൗരവം വര്‍ധിക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ നിര്‍വചന പ്രകാരം ‘അവരവരുടെ കഴിവു തിരിച്ചറിയാനും ജീവിതത്തിലെ സാധാരണ സമ്മര്‍ദങ്ങളുമായി രാജിയാവാനും ക്രിയാത്മകവും സഫലവുമായി പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും സമൂഹത്തിനു വേണ്ടി തന്നാലാവുന്ന സംഭവാനകളര്‍പ്പിക്കാനും കഴിയുന്ന ഒരു വ്യക്തിയുടെ സുഖകരമായ അവസ്ഥ’ക്കാണ് മാനസികാരോഗ്യം എന്നു പറയുന്നത്. മാനസികമായ താളഭംഗം ഇല്ലാത്ത അവസ്ഥക്കല്ല മാനസികാരോഗ്യം എന്നു പറയുന്നത് എന്ന് സംഘടന ഊന്നിപ്പറയുന്നു.
മാനസികാരോഗ്യം ചിന്തയെയും വികാരങ്ങളെയും പെരുമാറ്റ സ്വഭാവങ്ങളെയും പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ സാമൂഹികക്രമമനുസരിച്ച് പുരുഷന്‍മാരേക്കാള്‍ മാനസികാരോഗ്യ രംഗത്ത് സ്ത്രീകള്‍ പിന്നില്‍ നില്‍ക്കുന്നു എന്നു കാണാം. സാമൂഹിക ഇടപെടലുകളിലൂടെ ഒരു തുറവി പുരുഷന്മാര്‍ക്ക് ലഭിക്കുമ്പോള്‍, പലവിധ പ്രശ്നങ്ങളാല്‍ സ്ത്രീകള്‍ വലിഞ്ഞുമുറുക്കപ്പെടുന്നുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സ്ത്രീത്വത്തെ മാനിക്കാനും അവരിലെ സവിശേഷതകളെ ഉള്‍ക്കൊണ്ടംഗീകരിക്കാനും ആത്യന്തികമായി മതങ്ങള്‍ അവര്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യങ്ങളെ വകവെച്ചുകൊടുക്കാനുമുള്ള പാഠങ്ങള്‍ മനോഭാവ മാറ്റത്തിലൂടെ സമൂഹം ഇനിയും പഠിക്കേണ്ടതുണ്ട്.
ജൈവഘടനയിലെ സവിശേഷതകളാല്‍ ഒരു സ്ത്രീ ജനനം മുതല്‍ മരണം വരെ ഒട്ടേറെ മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ശരീര ഘടന, ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ശിശുപരിപാലനം, ഗൃഹഭരണം, ജോലികള്‍ എന്നിവ ഈ സമ്മര്‍ദങ്ങള്‍ക്ക് ആക്കംകൂട്ടുന്നു. സ്ത്രീകള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍, താളഭംഗങ്ങള്‍ അതിലൂടെ എത്തിച്ചേരുന്ന ശാരീരിക അവശതകള്‍ എന്നിവ തിരിച്ചറിയുകയും പരിഹരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ആരോഗ്യമുള്ള സമൂഹം പടുത്തുയര്‍ത്തപ്പെടുന്നത്.
മാനസികാരോഗ്യത്തില്‍ സ്ത്രീകള്‍ പൊതുവേ അനുഭവിക്കുന്ന പ്രയാസങ്ങളാണ് ഉത്കണ്ഠ രോഗം (Anxiety Disorder), പരിഭ്രാന്തി ആക്രമണം (Panic attack), വിഷാദം (Depression), വൈകാരിക ക്ഷതമേല്‍പിക്കുന്ന സംഭവങ്ങളുടെ അനന്തരക്രമക്കേടുകള്‍ (Posttraumatic stress disorder), പ്രസവാനന്തര വിഷാദം (Post Partum depression), ഒബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ (OCD) തുടങ്ങിയവ.

ഉത്കണ്ഠ രോഗം
ഉത്കണ്ഠ മനുഷ്യസഹജമാണ്. പ്രാഥമിക തലത്തില്‍ ചില ഗുണഫലങ്ങള്‍ അതുണ്ടാക്കുകയും ചെയ്യും. എന്നാല്‍ വ്യക്തിപരവും സാമൂഹികവും തൊഴില്‍പരവുമായ പ്രവര്‍ത്തനങ്ങളില്‍ പ്രയാസങ്ങളുണ്ടാക്കുന്ന തരത്തില്‍ അനിയന്ത്രിതമായി ഉത്കണ്ഠ കടന്നുവരുന്നത് രോഗാവസ്ഥയായി പരിഗണിക്കപ്പെടുന്നു. ഉത്കണ്ഠയും ഭയവും അനുഭവത്തില്‍ ഒരേ പോലെയാണെങ്കിലും മനശ്ശാസ്ത്രപരമായി രണ്ടും ഭിന്നമാണ്. കാര്യകാരണ സഹിതം ഒരു ഭീഷണി(ഠവൃലമ)േക്കു നേരെയുള്ള പ്രതികരണമാണ് ഭയമെങ്കില്‍, അജ്ഞാതവും അവ്യക്തവുമായ ഒരു ഭീഷണിക്കു നേരെയുള്ള പ്രതികരണമാണ് ഉത്കണ്ഠ.
മക്കളെയോര്‍ത്ത് ഉത്കണ്ഠപ്പെടാത്ത മാതാപിതാക്കളുണ്ടാവില്ല. എന്നാല്‍ ഈ ഉത്കണ്ഠ വര്‍ധിച്ച് നാഡീവ്യൂഹങ്ങളെ വരിഞ്ഞുമുറുക്കുകയും ശാരീരിക അസ്വസ്ഥതകളിലേക്ക് വഴിമാറുകയും ഹൃദയമിടിപ്പ് കൂട്ടുക, വിയര്‍ക്കുക, ശ്രദ്ധ പതറുക, നെഞ്ചുവേദന അനുഭവപ്പെടുക തുടങ്ങിയ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുവെങ്കില്‍ ഉത്കണ്ഠ രോഗലക്ഷണമായി കണക്കാക്കാം. അയഥാര്‍ഥ്യവും യുക്തിരഹിതവുമായ ഭയമായിരിക്കും ഇതിലേക്ക് നയിക്കുന്നത്. ഇതു പെട്ടന്നു വരികയും പോവുകയും ചെയ്യുമെങ്കിലും വളരെ ചുരുക്കം ചിലരില്‍ ഏറെക്കാലം നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്.
ഉത്കണ്ഠയോടൊപ്പം വിഷാദവും ചിലരില്‍ കണ്ടുവരുന്നു. കൗമാരത്തിലെ മാറ്റങ്ങള്‍, വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള ആശങ്ക, മക്കളെയും ഇണകളേയും കുറിച്ചുള്ള ചിന്ത തുടങ്ങിയവ സ്ത്രീകളില്‍ ഉത്കണ്ഠ രോഗത്തിന് ഹേതുവായിട്ടുള്ള കാര്യങ്ങളാണ്.
പൊതുവെ ഉത്കണ്ഠ രോഗം, സാമൂഹിക ഉത്കണ്ഠ രോഗം, ഫോബിയകള്‍, പാനിക് ഡിസോര്‍ഡര്‍, സെലക്ടീവ് മ്യൂട്ടിസം തുടങ്ങിയവ ഉത്കണ്ഠ രോഗത്തിന്റെ ഉപവിഭാഗങ്ങളാണ്. ഒരു വസ്തുവിലോ സാഹചര്യത്തിലോ ശ്രദ്ധകേന്ദ്രീകരിക്കാത്ത ദീര്‍ഘകാല ഉത്കണ്ഠയുടെ സ്വഭാവ സവിശേഷതകളുള്ള ഒന്നാണ് ജനറല്‍ ആങ്സൈറ്റി ഡിസോര്‍ഡര്‍. ദൈനം ദിന കാര്യങ്ങളിലുള്ള അമിത ഉത്കണ്ഠയാണ് ഇത്തരക്കാരുടെ പ്രത്യേകത. ഏത് കാര്യത്തിലും ഒരു വെപ്രാളമായിരിക്കും. തലവേദന, അസ്വസ്ഥത, വയറുവേദന, ഹൃദയമിടിപ്പ് കൂടുതല്‍ എന്നിവ ഈ വിഭാഗത്തിലുള്ളവരില്‍ കണ്ടുവരുന്നു. തന്നെക്കുറിച്ച് മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു ചിന്തിച്ചുകൊണ്ടിരിക്കുന്നവരാണ് സാമൂഹിക ഉത്കണ്ഠാ രോഗികള്‍. പൊതു ഇടങ്ങളിലോ ആള്‍ക്കൂട്ടത്തിലോ ഇടപെടാന്‍ ഇത്തരക്കാര്‍ക്ക് പ്രയാസമായിരിക്കും. അവരത് ഒഴിവാക്കും.
ഒരു പ്രത്യേക വസ്തുവിനോടോ സാഹചര്യത്തോടൊ ഉള്ള, നിലനില്‍ക്കുന്നതും അനുപാത രഹിതവുമായ ഭയത്തെയാണ് ഫോബിയ എന്നു വിളിക്കുന്നത്. രക്ഷപ്പെടാന്‍ എളുപ്പമാര്‍ഗമില്ലാത്ത ഇടങ്ങള്‍, ജനക്കൂട്ടം, പൊതുസ്ഥലങ്ങള്‍, ഒറ്റക്കുള്ള യാത്ര തുടങ്ങിയവ ഭയക്കുന്നതിനെ അഗോറോ ഫോബിയ എന്നു പറയുന്നു. പൊതു ഇടങ്ങളില്‍ സംസാരിക്കാനും ഭക്ഷണം കഴിക്കാനുമുള്ള തടസ്സം, വിമര്‍ശനങ്ങളെ ഭയക്കല്‍, പൊതു ഇടങ്ങളില്‍ ഛര്‍ദ്ദിച്ചു പോകുമോ എന്ന ഭീതി തുടങ്ങിയവ സോഷ്യല്‍ ഫോബിയയുടെ ലക്ഷണങ്ങളാണ്. മൃഗങ്ങള്‍, ഉയര്‍ച്ച, ഇടിമിന്നലുകള്‍, ഇരുട്ട്, പറക്കല്‍, പൊതുശൗചാലയം ഉപയോഗിക്കാനുള്ള ഭയം, രക്തം, അടച്ചിട്ട മുറി തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠയാണ് സ്പെസിഫിക് ഫോബിയ.
ഉത്കണ്ഠ പാരമ്പര്യരോഗമായി കണക്കാക്കുന്നുണ്ട്. മനശ്ശാസ്ത്ര ചികിത്സയും ഔഷധ ചികിത്സയും ഇതിനു ലഭ്യമാണ്. ഗുരുതരമായ ലക്ഷണങ്ങളുള്ളവര്‍ക്കേ മരുന്നിന്റെ ആവശ്യമുള്ളൂ. ഉത്കണ്ഠയുടെ തോത് കൃത്യമായി മനസ്സിലാക്കി കുറച്ചുകൊണ്ടുവരുന്ന ‘സിസ്റ്റമാറ്റിക് ഡി സെന്‍സറ്റൈസേഷന്‍’ എന്ന എക്സ്പോഷര്‍ തെറാപ്പി, കൊഗ്‌നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, റിലാക്സേഷന്‍ തെറാപ്പികള്‍ എന്നിവ മനശ്ശാസ്ത്ര ചികിത്സാ രീതികളാണ്.

പരിഭ്രാന്തി ആക്രമണം
ഒരു പ്രത്യേക സന്ദര്‍ഭമോ സാഹചര്യമോ ഒന്നുമില്ലാതെ കഠിനമായ ഉത്കണ്ഠയാല്‍ വന്നുചേരുന്ന മനോ ശാരീരികാഘാതമാണ് പരിഭ്രാന്തി ആക്രമണം. ഇതു തീര്‍ത്തും പ്രവചനാതീതമാണ്. ലക്ഷണങ്ങള്‍ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. നെഞ്ചിടിപ്പ് കൂടുക, നെഞ്ചുവേദന, ശ്വാസ തടസ്സം, തളര്‍ച്ച, ഒരു തരം മായികത എന്നിവ പെട്ടെന്നുള്ള തുടക്ക ലക്ഷണമാണ്. നിയന്ത്രണം നഷ്ടപ്പെടല്‍, ഭ്രാന്തമായ അവസ്ഥ എന്നിവ രണ്ടാം ഘട്ട ലക്ഷണമായി വരാം. വളരെ അപൂര്‍വമായി നീണ്ടു നില്‍ക്കുമെങ്കിലും മിനിട്ടുകൊണ്ട് അവസാനിക്കുകയാണ് പതിവ്. ഹാര്‍ട്ടറ്റാക്കിന് സമാനമാണ് ലക്ഷണങ്ങളെങ്കിലും അതുമായി ബന്ധമില്ല. എവിടെ വെച്ചാണോ പാനിക് അറ്റാക്ക് സംഭവിച്ചത് ആ സ്ഥലവും സന്ദര്‍ഭവും ജീവിതത്തില്‍ നിന്ന് പിന്നീട് ഒഴിവാക്കാന്‍ ശ്രമിക്കും. അടുത്ത അറ്റാക്ക് എപ്പോഴാണ് സംഭവിക്കുക എന്ന സ്ഥിര ഭീതി എപ്പോഴും ഇവരെ പിന്തുടരും. പാനിക് അറ്റാക്കിന്റെ സാധ്യതകള്‍ സ്ത്രീകളില്‍ കൂടുതലാണെന്ന് പഠനങ്ങള്‍ പറയുന്നു.
വ്യക്തി ജീവിത പ്രശ്നങ്ങളെ ദുര്‍ബല ചിത്തരായി സമീപിക്കുന്നവരിലും മനസ്സിനോ ശരീരത്തിനോ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങളെ സങ്കീര്‍ണമായിക്കാണുന്നവരിലും പാനിക് അറ്റാക്ക് സാധ്യത കൂടുന്നു. അപ്രതീക്ഷിത സംഭവങ്ങളുടെ ആഘാതം, ടെന്‍ഷന്‍, അടുത്ത ബന്ധുക്കളുമായുള്ള സംഘര്‍ഷങ്ങള്‍ എന്നിവയും കാരണമാകാം. ഹൃദായാഘാതം, ആസ്മ, തൈറോയിഡ്, രക്തത്തില്‍ പഞ്ചാസാരയുടെ അളവ് കുറയല്‍, അപസ്മാരം തുടങ്ങിയവക്കൊക്കെ ഇതേ ലക്ഷണമായതിനാല്‍ കൃത്യമായ രോഗ നിര്‍ണയം അനിവാര്യമാണ്.
ആന്റി ഡിപ്രസന്റ് മെഡിസിനുകളും സി ബി റ്റി പോലുള്ള തെറാപ്പികളും ചികിത്സാ രീതിയായി സ്വീകരിക്കാം. രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം ഇതിന്റെ തീവ്രത കുറക്കാന്‍ സഹായിക്കും. ശാന്തതയനുഭവിക്കാനുള്ള അവസരം ഒരുക്കുന്നത് വലിയ ആശ്വാസമാകും.

വിഷാദം
പ്രായഭേദമന്യേ ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ടു വരുന്ന മനോരോഗമാണ് വിഷാദം. ഒന്നിലും താത്പര്യമില്ലായ്മ, സന്തോഷക്കുറവ്, ശക്തിക്ഷയം, തളര്‍ച്ച, ഏകാഗ്രത നഷ്ടം, ആത്മ വിശ്വാസക്കുറവ്, ആത്മാഭിമാനമില്ലായ്മ, കുറ്റബോധം, നിരാശ, ഭാവിയെക്കുറിച്ചുള്ള ശൂന്യതാ ബോധം, ആത്മഹത്യാ പ്രവണത, ഉറക്കമില്ലായ്മ, വിശപ്പു കുറയുക എന്നിവയാണ് പൊതുലക്ഷണങ്ങള്‍. ഇത്തരം ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലധികം ഇടവിട്ട് ആവര്‍ത്തിക്കുന്നുവെങ്കില്‍ ചികിത്സ നിര്‍ബന്ധമാണ്.
ബാല്യത്തിലെയും കൗമാരത്തിലെയും തിക്താനുഭവങ്ങള്‍, ഉറ്റ ബന്ധുക്കളുടെ വേര്‍പാട്, പ്രണയ നൈരാശ്യം, വിവാഹ മോചനം, സാമ്പത്തികത്തകര്‍ച്ചകള്‍, മാനസിക- ശാരീരിക അസുഖങ്ങള്‍, വഴക്കുകള്‍, പിണക്കങ്ങള്‍, വേര്‍പിരിഞ്ഞിരിക്കേണ്ട അവസ്ഥകള്‍, പ്രസവാനുബന്ധം എന്നിങ്ങനെ നിരവധി ജീവിത സാഹചര്യങ്ങള്‍ വിഷാദത്തിന് വഴിയൊരുക്കും. ചില മരുന്നുകളുടെ ഉപയോഗവും ലഹരിക്കടിമപ്പെടലും വിഷാദ കാരണമാകുന്നുണ്ട്.
നേരിയ തരം (Mild), ശരാശരി (Moderate), കഠിനം (Severe) എന്നിങ്ങനെ വിഷാദത്തിന്റെ തീവ്രതയനുസരിച്ച് മൂന്നായി തരം തിരിക്കാം. ലക്ഷണങ്ങളില്‍ ഏതെങ്കിലും രണ്ടെണ്ണം രണ്ടാഴ്ചക്കാലത്തിലധികം ആവര്‍ത്തിക്കപ്പെടുന്നതാണ് മൈല്‍ഡ്. കൂടെ മൂന്നു ലക്ഷണങ്ങള്‍ കൂടി ചേര്‍ന്നാല്‍ മോഡറേറ്റും മറ്റു ലക്ഷണങ്ങളും ശാരീരിക ലക്ഷണങ്ങളും പ്രകടിപ്പിച്ചാല്‍ കഠിനരോഗവുമായി കണക്കാക്കുന്നു. ഈ ഘട്ടത്തില്‍ മനോ ശാരീരിക വിക്ഷോഭവും മന്ദതയും പ്രധാന ലക്ഷണമാണ്.
ജീവിതത്തെ യാഥാര്‍ഥ്യ ബോധ്യത്തോടെ സമീപിക്കുകയും അടുക്കും ചിട്ടയും പുലര്‍ത്തുകയും ചെയ്യുന്നതിലൂടെ വിഷാദത്തെ നിയന്ത്രിക്കാന്‍ സാധിക്കും. ഉള്ളു തുറന്നു പങ്കുവെക്കാനവസരം, ഹൃദയ ബന്ധങ്ങള്‍, കൃത്യമായ വ്യായാമമുറകള്‍, മത്സ്യവും പച്ചക്കറികളും പഴങ്ങളും അടങ്ങിയ ഭക്ഷണ രീതി, ശരിയായ ഉറക്കം, മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങളില്‍ വ്യാപൃതരാവല്‍, ആത്മനിന്ദാപരമായ വാക്കുകളും അനാവശ്യ ചിന്തകളും ഒഴിവാക്കല്‍ തുടങ്ങിയ ജീവിതക്രമീകരണങ്ങളിലൂടെ വിഷാദത്തെ തടയിടാന്‍ പറ്റും. കഠിന ലക്ഷണമുള്ളവര്‍ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.

വൈകാരിക ക്ഷതമേല്‍പിക്കുന്ന
സംഭവങ്ങളുടെ
അനന്തരഫല ക്രമക്കേടുകള്‍

തലക്കെട്ട് സൂചിപ്പിക്കുന്നതു പോലെ ഏതെങ്കിലും തരത്തിലുള്ള അത്യാഹിതങ്ങള്‍ മനോനിലയെ ബാധിക്കും വിധം പില്‍ക്കാല ജീവിതത്തില്‍ അനുഭവിക്കുന്നതാണ് പി ടി എസ് ഡി. പ്രകൃതിപരമോ മനുഷ്യനിര്‍മിതമോ ആയ ദുരന്തങ്ങള്‍, സാരമായ അപകടങ്ങള്‍, യുദ്ധങ്ങള്‍, കൊലപാതകങ്ങള്‍ക്ക് സാക്ഷിയാകല്‍, പീഡനത്തിനിരയാകല്‍, ബലാത്സംഗ ശ്രമങ്ങള്‍, ഭയപ്പെടുത്തുന്ന രംഗങ്ങള്‍ക്ക് ദൃക്സാക്ഷിയാകല്‍ തുടങ്ങി വൈകാരികക്ഷതമേല്‍പിക്കുന്ന എന്തും പിന്നീടുള്ള ജീവിതത്തില്‍ ഒഴിയാബാധയായി തുടരാം. ഇതു ദൈനംദിന ജീവിത താളം തെറ്റിക്കും. സ്വപ്നങ്ങളിലും ഓര്‍മകളിലും പുനരാനയിക്കുകയും ഒരുതരം മരവിപ്പോ പ്രവര്‍ത്തന വിമുഖതയോ, സ്വഭാവ പെരുമാറ്റങ്ങളിലെ അസ്വാഭാവികതയോ ആയി സംഭവം നടന്ന് ആറുമാസത്തിനുള്ളില്‍ അനുഭവപ്പെട്ടാല്‍ രോഗലക്ഷണമായി കണക്കാക്കാം.
കൊഗ്്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, ഫാമിലി തെറാപ്പി തുടങ്ങി ഉത്കണ്ഠ കുറക്കാനുള്ള ചികിത്സാ രീതികള്‍ ഇതിനും ഉപയോഗിക്കാം. നമ്മുടെ തെറ്റായ ചിന്തകളെ പുനക്രമീകരിച്ച് ക്ഷതമേറ്റ സംഭവത്തില്‍ നിന്ന് മനസ്സിനെ മോചിപ്പിച്ചെടുക്കുകയാണ് സി ബി ടിയിലൂടെ ചെയ്യുന്നത്.
പ്രസവാനന്തര വിഷാദം
പ്രസവ ദിവസമോ ശേഷമുള്ള ദിവസങ്ങളിലോ അനുഭവിക്കുന്ന വിഷാദ രോഗമാണിത്. വ്യക്തികള്‍ക്കനുസൃതമായി വ്യത്യാസപ്പെട്ടിരിക്കും. ബേബി ബ്ലൂസ് എന്നും ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. പ്രസവത്തിന്റെ ആഴ്ചകളില്‍ 50% മുതല്‍ 80 % വരെയും മാതാക്കള്‍ ഇതിലൂടെ കടന്നുപോകുന്നു. വൈകാരിക പ്രകടനങ്ങള്‍, ദുഃഖം, കരച്ചില്‍, ഉത്തരവാദിത്തത്തെക്കുറിച്ചുള്ള ഭയം, ഒരു നല്ല മാതാവാകാന്‍ കഴിയില്ലേ എന്ന കുറ്റബോധം, ശൂന്യതാ ബോധം, കുഞ്ഞിനെ സ്നേഹിക്കാനും ശ്രദ്ധിക്കാനും കഴിയുമോ എന്ന ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായി വരാം.
ചുരുക്കം ചില സ്ത്രീകള്‍ ഇത് രണ്ടാഴ്ചക്കാലത്തിലധികം നീണ്ടുനില്‍ക്കുകയും തനിക്കു തന്നെയും കുഞ്ഞിനു നേരെയും അതിക്രമം കാണിക്കാന്‍ ഇടയാക്കുകയും ചെയ്തേക്കാം. പ്രസവിച്ച കുഞ്ഞിനെ കൊന്നുകളയുന്നത് ഇതിന്റെ ഏറ്റവും തീവ്ര ഘട്ടത്തിലാണ്. ഇത്തരം ഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. ശരീരത്തിലെ ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ കൂടുതലായി സംഭവിക്കല്‍, പ്രിയപ്പെട്ടവര്‍ കൂടെയില്ലാത്ത അവസ്ഥ, കുടുംബത്തിലെ സംഘര്‍ഷങ്ങള്‍, വ്യക്തി അനുഭവിക്കുന്ന മറ്റു പല മാനസിക അസ്വസ്ഥതകള്‍ എന്നിവ പി പി ഡിക്ക് കാരണമായേക്കാം. ശക്തമായ മാനസിക പിന്തുണ ലഭിക്കുന്നതിലൂടെയും മുലയൂട്ടിത്തുടങ്ങുന്നതിലൂടെയും ഈ മനോനിലക്ക് അയവു വരുത്താന്‍ കഴിയും.

ചില കാര്യങ്ങള്‍ ചെയ്യുവാനുള്ള
അദമ്യമായ ഉള്‍പ്രേരണ

കൂടെക്കൂടെയുള്ള ഒഴിയാബാധ (Obsessional) ചിന്തകളും ഇതിനെ തുടര്‍ന്നുണ്ടാകുന്ന അനിയന്ത്രിത പ്രേരണകളും (Compulsion) ഒരു വ്യക്തിയുടെ ജീവിതാവസ്ഥകളിലുണ്ടാക്കുന്ന ക്രമക്കേടാണിത്. രാത്രി അടുക്കളയിലെ ജോലിയെല്ലാം പൂര്‍ത്തിയാക്കി കിടക്കാനൊരുങ്ങുമ്പോള്‍ ഗ്യാസ് ഓഫാക്കിയോ എന്നൊരു സംശയം. ഒരു തവണ ജാഗ്രതക്കിത് നല്ലതാണ്. പക്ഷെ ഇത് ആവര്‍ത്തിക്കുയും ഉറക്കം നഷ്ടപ്പെടുന്ന തരത്തിലേക്ക് പോകുകയും ചെയ്യുന്നുവെങ്കില്‍ രോഗ ലക്ഷണമാണ്. തീ എന്ന ഒഴിയാബാധയായി മനസ്സിലുറക്കുകയും ഗ്യാസ് ഓഫാക്കിയോ എന്ന് ആവര്‍ത്തിച്ച് സുരക്ഷയൊരുക്കുകയുമാണിവിടെ ചെയ്യുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സാനിറ്റൈസര്‍ ഉപയോഗിച്ചും കൈകഴുകലും ഇത്തരത്തിലേക്ക് മാറുന്ന അവസ്ഥ പലരിലും കാണാന്‍ കഴിയും. പകര്‍ച്ച വ്യാധി എന്ന ഒബ്സെഷന്‍ ചിന്തയില്‍ നിന്ന് മുക്തി നേടാനുള്ള കമ്പല്‍ഷനാണ് ആവര്‍ത്തിച്ചുള്ള സാനിറ്റൈസര്‍ ഉപയോഗവും കൈകഴുകലും. വ്യക്ത്യാന്തര ബന്ധങ്ങളിലും ദാമ്പത്യ കുടുംബ ബന്ധങ്ങളിലും ഒട്ടേറെ പ്രയാസങ്ങളുണ്ടാക്കുന്ന ഒന്നാണ് ഒ സി ഡി.
ഒരു വ്യക്തിയുടെ സ്വഭാവ പെരുമാറ്റ പ്രവൃത്തികളെ നിരീക്ഷിച്ച് ഒ സി ഡി കണ്ടെത്താം. അമിത വൃത്തി, അടുക്കും ചിട്ടയും, ശേഖരിച്ചുവെക്കല്‍, എണ്ണിത്തിട്ടപ്പെടുത്തല്‍, അമിത ശ്രദ്ധ, അതിയായ രോഗഭീതി, എന്തെങ്കിലും നഷ്ടപ്പെടുമോ എന്ന ഉത്കണ്ഠ, സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ രോഗ ലക്ഷണങ്ങളാണ്. സമയനഷ്ടവും ജലത്തിന്റെയും മറ്റും അമിത ഉപയോഗം എന്നിവയും ഇത്തരക്കാരുടെ സ്വഭാവമാണ്. പാരമ്പര്യം, ജീവശാസ്ത്രപരവും നാഡീ സംബന്ധവുമായ ഘടകങ്ങള്‍, ജീവിതത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം, ജീവിതത്തില്‍ നേരിടുന്ന കടുത്ത ആഘാതങ്ങള്‍ എന്നിവ ഒ സി ഡിയിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്.
കൗണ്‍സിലിങിലൂടെയും മറ്റു മനശ്ശാസ്ത്ര ചികിത്സയിലൂടെയും ഒ സി ഡി ഭേദമാക്കാം. മരുന്നു ചികിത്സയും ലഭ്യമാണ്. മനസ്സില്‍ രൂഢമൂലമായ അനാവശ്യ ചിന്തകളെ ഒഴിവാക്കിയും ഉത്കണ്ഠ കുറച്ചുകൊണ്ടുവന്നും ഇത്തരക്കാരെ നമുക്ക് സഹായിക്കാം.
മാനസികാരോഗ്യം വളരെ പ്രധാനമാണ്. പലവിധ അസുഖങ്ങളുമായി നിരന്തരം ആസ്പത്രികള്‍ കയറിയിറങ്ങി, ഡോക്ടര്‍മാരെ മാറി മാറിക്കാണിച്ച് സുഖപ്പെടാതെ പോകുന്ന ഒട്ടേറെ പേരുണ്ട്. അത്തരം ശാരീരികാസ്വസ്ഥതകള്‍ പലതിന്റെയും പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.
അനാവശ്യ ചിന്തകളും മനസ്സു തുറക്കാത്ത അവസ്ഥകളും നമ്മെ മനോരോഗിയാക്കും. ഭൗതികതയുമായി മല്ലിട്ട് ശരിയായ ജീവിതം മറന്നു പോകുകയാണ് നമ്മില്‍ പലരും. ‘കപ്പലിന് യാത്ര ചെയ്യാന്‍ വെള്ളം വേണം. പക്ഷെ ആ വെള്ളം കപ്പലിനകത്തു കയറിയാലോ, അത് കപ്പലിന്റെ നാശവുമായിരിക്കും’ എന്നതൊരു യാഥാര്‍ഥ്യമാണ്. വിശ്വാസികളെ സംബന്ധിച്ച് മനസ്സ് പ്രധാനമാണ്. നമ്മുടെ മനസ്സിന്റെ ഭാവമാണ് അല്ലാഹുവിന് പ്രധാനം. മാറിമറിഞ്ഞു കൊണ്ടിരിക്കുന്ന ആ മനസ്സിനെ നന്മയില്‍ അടിയുറപ്പിച്ച് നിര്‍ത്താനുള്ള ശ്രമം പല പ്രയാസങ്ങളുടെയും പരിഹാരമായി മാറും.
ഊഹാപോഹങ്ങളും സംശയങ്ങളും മാനസികാസ്വാസ്ഥ്യം നിറക്കുന്നവയാണ്. ഹൃദയങ്ങളില്‍ ചൊറിച്ചിലുണ്ടാക്കുന്നവയാണ് തിന്മ എന്ന പാഠവും ശ്രദ്ധേയമാണ്. മാനസികവും ശാരീരികവുമായ വളര്‍ച്ചക്ക് വിഘാതമാകുന്നതൊന്നും വേണ്ട എന്ന തീരുമാനമെടുക്കാന്‍ കഴിയണം. മനോവൈകല്യങ്ങളില്‍ നിന്ന് മനസ്സിനെ പാകപ്പെടുത്തിയെടുക്കാന്‍ ഒരു പരിധിവരെ നമുക്ക് തന്നെ സാധിക്കും. .
(വിവരങ്ങള്‍ക്ക് ICD 10നോട് കടപ്പാട്)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top