LoginRegister

സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിലെ സാധ്യതകള്‍

പി കെ അന്‍വര്‍ മുട്ടാഞ്ചേരി

Feed Back



സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിലെ സാധ്യതകള്‍ വിശദമാക്കാമോ?
– ഹിബ കരുവാരകുണ്ട്

ഗണിത അഭിരുചിയും താല്‍പര്യവുമുള്ളവര്‍ക്ക് നിരവധി സാധ്യതകള്‍ നല്‍കുന്ന മേഖലയാണ് സ്റ്റാറ്റിസ്റ്റിക്‌സ്. വിവരങ്ങളുടെ ശേഖരണം, ക്രോഡീകരണം, വിശകലനം തുടങ്ങിയവയെ കുറിച്ചുള്ള പഠനശാഖയാണിത്. സാധ്യതകളുടെ കലവറയായ ഡാറ്റാ സയന്‍സുമായുള്ള സ്റ്റാറ്റിസ്റ്റിക്‌സിന്റെ ബന്ധം ഈ മേഖലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
നാടിന്റെ വികസനം ആസൂത്രണം ചെയ്യുന്നതിന്റെ അടിത്തറയും സ്റ്റാറ്റിസ്റ്റിക്‌സാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇമേജ് പ്രോസസിംഗ്, ഡാറ്റാ കംപ്രഷന്‍ & മൈനിങ്, ന്യൂറല്‍ നെറ്റ്വര്‍ക്ക് തുടങ്ങിയ നവ സാങ്കേതിക മേഖലകളിലും സ്റ്റാറ്റിസ്റ്റിക്‌സിന് പ്രാധാന്യമുണ്ട്.
സാമ്പത്തിക ശാസ്ത്രം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, കാര്‍ഷിക ഗവേഷണം, വാര്‍ത്താ വിനിമയം, ഇന്‍ഷുറന്‍സ്, സ്റ്റോക്ക് മാര്‍ക്കറ്റ്, സ്‌പോര്‍ട്‌സ്, ദേശസുരക്ഷ, പരിസ്ഥിതി, സെന്‍സസ്, ജനസംഖ്യാ പഠനം, ബയോളജിക്കല്‍ സയന്‍സ് തുടങ്ങിയ മേഖലകളിലെല്ലാം സ്റ്റാറ്റിസ്റ്റിക്‌സ് ആവശ്യമായി വരുന്നുണ്ട്.
തൊഴിലവസരങ്ങള്‍
സര്‍ക്കാര്‍, പ്രൈവറ്റ് മേഖലകളിലായി നിരവധി അവസരങ്ങളുണ്ട്. സിവില്‍ സര്‍വീസിന് സമാനമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് (ഐ.എസ്.എസ്) പരീക്ഷക്ക് സ്റ്റാറ്റിസ്റ്റിക്‌സ് / മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് /അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഒരു വിഷയമായി പഠിച്ചവര്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ (സി ജി എല്‍) പരീക്ഷ വഴി ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസറാകാം.
സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദധാരികള്‍ക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷ വഴി, എക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ ഗ്രേഡ് കക സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ തസ്തികകളിലെത്താം.
സര്‍ക്കാര്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകള്‍, ബ്യൂറോകള്‍, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ്, നീതി ആയോഗ്, സെന്‍സസ് ഓര്‍ഗനൈസേഷന്‍, ആസൂത്രണ ബോര്‍ഡുകള്‍, റിസര്‍വ് ബാങ്ക്, വിവിധ പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയിലും അവസരങ്ങളുണ്ട്.
അധ്യാപന മേഖലയില്‍ താല്‍പര്യമുള്ളവര്‍ക്ക് ബിരുദാനന്തര ബിരുദത്തോടൊപ്പം ബി എഡും സെറ്റും നേടി കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാവാം. യു ജി സി നെറ്റ് യോഗ്യതയുണ്ടെങ്കില്‍ കോളജ് തലത്തിലും അവസരമുണ്ട്. പി എച്ച് ഡി പൂര്‍ത്തിയാക്കിയവര്‍ക്ക് വിവിധ സര്‍വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും അധ്യാപകരായും സയന്റിസ്റ്റുകളായും പ്രവര്‍ത്തിക്കാം.
സ്റ്റാറ്റിസ്റ്റിക്‌സ് പഠനം വഴി സ്വകാര്യ മേഖലകളിലും മികച്ച അവസരങ്ങളുണ്ട്. സ്റ്റാറ്റിസ്റ്റിക്‌സ് പഠനത്തോടൊപ്പം വിവിധ സ്റ്റാറ്റിസ്റ്റിക്കല്‍ – അനലിറ്റിക്‌സ് സോഫ്റ്റ്വെയറുകളില്‍ നൈപുണ്യം നേടുകയാണെങ്കില്‍ ഡാറ്റ അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കാം.
കൂടാതെ വിവിധ ധനകാര്യ, വാണിജ്യ, ഐ.ടി സ്ഥാപനങ്ങളില്‍ സ്റ്റാറ്റിസ്റ്റിഷ്യന്‍, റിസ്‌ക് അനലിസ്റ്റ്, ഡാറ്റ അനലിസ്റ്റ്, കണ്ടന്റ് അനലിസ്റ്റ് തുടങ്ങിയ ശ്രദ്ധേയമായ അവസരങ്ങളുമുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top