LoginRegister

പരീക്ഷണങ്ങൾ തിരിച്ചറിയുക

അബ്ദു സലഫി

Feed Back


”തീര്‍ച്ചയായും സമ്പത്തുകളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്. മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍ പെട്ടതാകുന്നു” (ഖുര്‍ആന്‍ 3:186).
വിശ്വാസികളുടെ ഭൗതിക ജീവിതത്തിൽ അനുഗ്രഹങ്ങളെപ്പോലെ തന്നെ ബുദ്ധിമുട്ടുകളും പ്രതിസന്ധികളും കടന്നുവരാം. വിവിധ തലങ്ങളിലുള്ള കടുത്ത പരീക്ഷണങ്ങളിലൂടെ വിശ്വാസികള്‍ക്ക് കടന്നുപോകേണ്ടിവരുമെന്ന് സൂറഃ അല്‍ബഖറ 155, 156 വചനങ്ങളിലൂടെ അല്ലാഹു ഉണര്‍ത്തുന്നുണ്ട്. ഭയം, വിശപ്പ്, ജീവനിലും കൃഷിയിലുമുള്ള നഷ്ടം എന്നിങ്ങനെ അത് പല വിധത്തിലാവാം.
ഇവിടെ മൂന്നു തരം പരീക്ഷണങ്ങളെക്കുറിച്ചാണ് അല്ലാഹു വിവരിക്കുന്നത്. സാമ്പത്തികരംഗത്ത് ഉണ്ടാവുന്ന വിവിധ പ്രയാസങ്ങൾ, ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ എന്നിവ സർവസാധാരണമായ പരീക്ഷണങ്ങളാണ്.
വേദക്കാരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും കേള്‍ക്കേണ്ടിവരുന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും കുത്തുവാക്കുകളും പ്രധാനപ്പെട്ട മറ്റൊരു പരീക്ഷണമായാണ് അല്ലാഹു ഇവിടെ എടുത്തുപറയുന്നത്. ഇസ്‌ലാമിനെ വിമര്‍ശിക്കുക, മുസ്‌ലിംകളെ ലോകത്തിനു മുന്നില്‍ താറടിച്ചു കാണിക്കുക, ഇസ്‌ലാമോഫോബിയ വളര്‍ത്തുക, മുസ്‌ലിംകളാണ് രാജ്യത്തെ വിവിധ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍, സര്‍ക്കാരുകള്‍ മുസ്‌ലിം പ്രീണനം നടത്തുന്നു, മുസ്‌ലിംകള്‍ അനര്‍ഹമായി പലതും നേടിയെടുക്കുന്നു തുടങ്ങിയ പ്രസ്താവനകള്‍ നടത്തുക എന്നീ കാര്യങ്ങള്‍ ‘വേദ’ക്കാരായ ആളുകളില്‍ നിന്നും ബഹുദൈവവിശ്വാസികളില്‍ നിന്നും നിരന്തരം കേള്‍ക്കാറുണ്ട്.
എന്നാല്‍, ഈ വിമര്‍ശനങ്ങളെയും പരീക്ഷണങ്ങളെയും നേരിടേണ്ടത് അതേ നാണയത്തില്‍ തിരിച്ചടിച്ചല്ല. മറിച്ച് ക്ഷമ അവലംബിച്ച് സത്യസന്ധമായി ഇടപെടുക. സൂക്ഷ്‌മതയും ഭക്തിയും നിലനിര്‍ത്തി തിന്മയെ നന്മ കൊണ്ട് നേരിടുകയാണ് വേണ്ടത്. ഈമാനികമായി കരുത്താര്‍ജിക്കുകയും പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള ദൃഢനിശ്ചയം സ്വായത്തമാക്കുകയും വേണം. ക്ഷമയും തഖ്‌വയും കൈമുതലാക്കി മാതൃകാപരമായ ജീവിതം നയിക്കലാണ് അതിന്റെ ശരിയായ വഴി. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top