LoginRegister

അനുമോന്റെ പുള്ളിക്കോഴി

കെ എ മജീദ്

Feed Back


പറമ്പത്ത് എല്‍പി സ്‌കൂളില്‍ മൂന്നാം ക്ലാസിലാണ് അനുമോന്‍ പഠിക്കുന്നത്. കുഞ്ഞാപ്പയാണ് സ്‌കൂളില്‍ അവന്റെ അടുത്ത കൂട്ടുകാരന്‍. അനുമോന്‍ നിത്യവും പുള്ളിക്കോഴിയുടെ കഥകള്‍ കുഞ്ഞാപ്പയ്‌ക്ക് പറഞ്ഞു കൊടുക്കാറുണ്ട്. കുഞ്ഞാപ്പ എല്ലാം വിസ്മയത്തോടെ കേള്‍ക്കും. തനിക്ക് അങ്ങനെ ഒരു കോഴിയെ കിട്ടിയില്ലല്ലോ എന്ന് സങ്കടപ്പെടും.
”കോഴിയെ അകത്ത് വളര്‍ത്തുന്നത് അമ്മായിക്ക് ഇഷ്ടമുണ്ടായിരുന്നില്ല.” അനുമോന്‍ പറഞ്ഞു.
”വെള്ള വസ്ത്രം ധരിച്ചു നടക്കുന്ന ഒരു സാധു സ്ത്രീയല്ലേ നിന്റെ അമ്മായി?” കുഞ്ഞാപ്പ ചോദിച്ചു.
”അതെ, നിനക്കറിയാമോ അവരെ?” അനുമോന്റെ ജിജ്ഞാസ വര്‍ധിച്ചു.
”ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അയല്‍പക്കത്താണ് അവരിപ്പോള്‍ താമസിക്കുന്നത്.”
കുഞ്ഞാപ്പ പറഞ്ഞതു കേട്ട് അനുമോന്‍ അത്ഭുതപ്പെട്ടു.
”നിന്റെ അയല്‍പക്കത്തോ? അത് ആരുടെ വീടാണ് ?”
”താടിയും മുടിയുമെല്ലാം നരച്ച സൈദുക്കയെ കണ്ടിട്ടില്ലേ? അദ്ദേഹത്തിന്റെ വീടാ.”
”ങാ, മനസ്സിലായി. അത് ഞങ്ങളുടെ കുടുംബക്കാരാ. സ്‌കൂള്‍ വിട്ടുപോകുമ്പോള്‍ ഞാനും വരുന്നുണ്ട് നിന്റെ കൂടെ.”
കുഞ്ഞാപ്പ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അനുമോന്‍ തന്റെ കൂടെ വീട്ടിലേക്കു വരുന്നു. അവന്റെ വിവരങ്ങള്‍ കേള്‍ക്കുന്നത് ഉമ്മക്കും വലിയ താല്‍പര്യമാണ്. അവനെ നേരിട്ടു കാണുമ്പോള്‍ ഏറെ സന്തോഷമാകും.
അന്ന് സ്‌കൂള്‍ വിട്ടപ്പോള്‍ അനുമോന്‍ കുഞ്ഞാപ്പയുടെ കൂടെ നടന്നു. ചെമ്മണ്‍പാത കഴിഞ്ഞ് ഒരു ഊടുവഴിയിലേക്കിറങ്ങി വീണ്ടും തുറസ്സായ സ്ഥലം. വിശാലമായ മേച്ചില്‍പ്പുറം. ഇടയ്ക്ക് കുറ്റിക്കാടുകളും മരങ്ങളും. പുല്‍ത്തകിടിയില്‍ പല വർണത്തിലുള്ള കൊച്ചു പൂക്കള്‍. പൂക്കള്‍ക്കു ചുറ്റും പറന്നുല്ലസിക്കുന്ന കൊച്ചു തുമ്പികളും പൂമ്പാറ്റകളും. തണുത്ത കാറ്റില്‍ നൃത്തം ചെയ്യുന്ന പുല്‍ത്തലപ്പുകള്‍. അകലെ മരത്തില്‍ കൂടണയാനെത്തിയ കിളികള്‍ കലപില കൂട്ടുന്നു. എത്ര സുന്ദരമായ വഴിയിലൂടെയാണ് കുഞ്ഞാപ്പ സ്‌കൂളിലേക്കു വരുന്നതെന്ന് അനുമോന്‍ ചിന്തിച്ചു.
”അതാണ് എന്റെ വീട്.” കുഞ്ഞാപ്പ അകലെ നിന്നു തന്നെ അനുവിനു തന്റെ വീട് കാണിച്ചുകൊടുത്തു.
ഹായ് ! കുഞ്ഞാപ്പയുടെ വീട് എത്ര സുന്ദരം! പച്ചക്കുടകള്‍ നിവര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ക്കു താഴെ ഓടു മേഞ്ഞ ഒരു സുന്ദരന്‍ വീട്. ഗേറ്റ് കടന്ന് വീട്ടിലേക്കു നടന്നപ്പോള്‍ പച്ചപ്പിന്റെ തണുപ്പ് അരിച്ചു വന്നു. വൃത്തിയുള്ള മുറ്റം. ചുറ്റും പൂച്ചെടികള്‍.
”കുഞ്ഞാപ്പയുടെ കൂടെ ഇതാരാ വന്നിരിക്കുന്നത് ?” ഒരു സ്ത്രീ മുന്‍വശത്തേക്കു വന്ന് വിസ്മയപ്പെട്ടു.
”ഉമ്മാ, ഇതാണ് ഞാന്‍ പറയാറുള്ള അനുമോന്‍.” കുഞ്ഞാപ്പ അനുവിനെ ഉമ്മക്ക് പരിചയപ്പെടുത്തി.
അതു കേട്ട് ഉമ്മ സന്തോഷത്തോടെ മുറ്റത്തേക്ക് ഇറങ്ങിവന്നു.
”എന്തു തോന്നി ഇങ്ങോട്ടൊക്കെ വരാന്‍?” ഉമ്മ അനുവിനെ ചേര്‍ത്തുപിടിച്ചു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഉമ്മക്കു തന്നെക്കാള്‍ സ്‌നേഹം അനുവിനോടാണെന്ന് കുഞ്ഞാപ്പയ്‌ക്ക് തോന്നി. അത് അവന്‍ പുറത്തു കാണിച്ചില്ലെന്നേയുള്ളൂ. കുഞ്ഞാപ്പയുടെ അനുജത്തി മോണ കാണിച്ചു ചിരിച്ച് അടുത്തേക്കു വന്നപ്പോള്‍ അനുവിനും ചിരി വന്നു.
”എന്താ ഉമ്മാന്റെ വര്‍ത്താനം? സുഖം തന്നെയല്ലേ?” കുഞ്ഞാപ്പയുടെ ഉമ്മ ചോദിച്ചു.
”സുഖമാണ്.”
”ഞങ്ങള്‍ ഒരുമിച്ചു പഠിച്ചവരാ.”
അനുമോന് അതൊരു പുതിയ അറിവായിരുന്നു. അക്കാര്യം ഉമ്മ തന്നോട് ഇതുവരെ പറഞ്ഞില്ലല്ലോ എന്നോര്‍ത്തു. അവന്‍ കുഞ്ഞാപ്പയെ നോക്കി. അവനും അത് പുതിയ അറിവാണെന്നു തോന്നി.
കുഞ്ഞാപ്പയുടെയും ഉമ്മയുടെയും സൽക്കാരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍ നിഴലുകള്‍ക്കു നീളംവെച്ചുതുടങ്ങിയിരുന്നു.
”വീട്ടിലേക്കാണോ? തനിച്ചു പോകണ്ട. സ്‌കൂള്‍ വരെ കുഞ്ഞാപ്പ കൂടെ വന്നോളും.” ഉമ്മ പറഞ്ഞു.
”അല്ല, ഞാന്‍ ആ വീട്ടിലേക്കാ.” അവന്‍ അകലേക്കു വിരല്‍ ചൂണ്ടി.
”അതെ, അവിടെ അവന്റെ അമ്മായിയുണ്ടത്രെ.” കുഞ്ഞാപ്പ പറഞ്ഞു.
റോഡില്‍ നിന്ന് കുട്ടികളുടെ ബഹളം. അവര്‍ സ്‌കൂള്‍ വിട്ടു വരികയാണ്. കുമ്മിണിപ്പാടം യുപി സ്‌കൂളിലെ കുട്ടികളാണ്. പറമ്പത്ത് എല്‍പി സ്‌കൂളിലെ കുട്ടികളെല്ലാം നേരത്തെ പോയിക്കഴിഞ്ഞു. അനുമോന്‍ ഇതുവരെ എത്തിയിട്ടില്ല. ഏറെ നേരമായി ഉമ്മ അവന്റെ വരവും പ്രതീക്ഷിച്ചു നില്‍ക്കുന്നു. അകലെ നിന്ന് കുട്ടികള്‍ വരുന്നതു കണ്ടാല്‍ അതില്‍ അനുമോനുണ്ടാകുമെന്നു വിചാരിക്കും. അവര്‍ പോയിക്കഴിഞ്ഞാല്‍ നിരാശയോടെ അടുത്ത സംഘത്തെ നോക്കും. അങ്ങനെ എല്ലാവരും പോയിക്കഴിഞ്ഞു.
അപ്പോള്‍ അനുമോനെവിടെ? അവനെന്താ വരാത്തത്? കുട്ടികളുടെ കൂടെ വഴിയില്‍ കളിച്ചുനില്‍ക്കുകയാണോ? എന്തു കളിയാണിത്? ഇങ്ങോട്ട് വരട്ടെ, ഞാന്‍ കാണിച്ചു കൊടുക്കുന്നുണ്ട്. അവര്‍ക്കു ദേഷ്യം ഇരച്ചുകയറി. ഇനി മറ്റു വല്ലതും? ഉടനെ ഭീതിയുടെ തളര്‍ച്ച അവരെ ബാധിച്ചു, കണ്ണുകള്‍ വികസിച്ചു. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.
അകലെ നിന്ന് റഊഫ് വരുന്നത് കണ്ടു. എന്നും അനുമോന്‍ വന്നതിനു ശേഷമാണ് അവന്‍ വരാറുള്ളത്. ഉമ്മയുടെ നെഞ്ചില്‍ തീയാളാന്‍ തുടങ്ങി. പടച്ചോനേ, അനുമോനെവിടെ?
”അസ്സലാമു അലൈക്കും ഉമ്മാ.” വരാന്തയില്‍ ഉമ്മയെ കണ്ട് റഊഫ് സന്തോഷത്തോടെ സലാം പറഞ്ഞു.
സലാം മടക്കിയപ്പോള്‍ ഉമ്മയുടെ തൊണ്ട ഇടറുന്നത് അവന്‍ ശ്രദ്ധിച്ചു. അകത്തേക്കു കയറാന്‍ ഭാവിച്ച അവന്‍ തിരിഞ്ഞുനിന്നു.
”ഉമ്മയെന്തിനാ കരയുന്നത്?” അവന്‍ ചോദിച്ചു.
”അനുവിനെ കാണുന്നില്ല.”
അതു കേട്ട് റഊഫും അമ്പരന്നു. അവനിതുവരെ വന്നില്ലേ? എങ്കില്‍ സ്‌കൂളിലെന്തെങ്കിലും പരിപാടി കാണും. താന്‍ പഠിച്ച സ്‌കൂളല്ലേ? അവിടം വരെ ഒന്നു പോയി നോക്കാം. അവന്‍ ബാഗ് അകത്ത് കൊണ്ടുപോയി വെച്ച് തിരിച്ചു വന്നു.
”നീ എങ്ങോട്ടാ?” റഊഫ് പുറത്തേക്കു പോകുന്നതു കണ്ട് ഉമ്മ ചോദിച്ചു.
”പറമ്പത്ത് സ്‌കൂളിലേക്ക്. അനുവിനെ കൂട്ടി വരാം.”
സ്‌കൂളിലേക്ക് അധികം ദൂരമില്ല. ഉമ്മ ആശ്വാസത്തോടെ റഊഫ് പോകുന്നത് നോക്കി നിന്നു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top