LoginRegister

ഈ ലക്ഷണങ്ങൾ നിങ്ങളുടെ ജോലിയെ ബാധിച്ചുതുടങ്ങിയോ?

നാജിയ ടി

Feed Back


“മാം, ഞാൻ ആകെ ബുദ്ധിമുട്ടിലാണ്. പഠനം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞാണ് ജോലി കിട്ടുന്നത്. ഒത്തിരി സന്തോഷത്തോടെയാണ് ഞാൻ ജോലിയിൽ കയറിയത്. പക്ഷേ, ഒരു കാര്യവും എനിക്ക് കൃത്യമായി ചെയ്യാനാകുന്നില്ല. എന്നെ ഏൽപിക്കുന്ന പ്രോജക്ടുകളെല്ലാം അവസാന ദിവസമാണ് ഞാൻ ചെയ്യുന്നത്. പലതും ഒട്ടും തൃപ്തിയാവാതെ സബ്മിറ്റ് ചെയ്യേണ്ടി വരുന്നു. കൃത്യസമയത്ത് ഒരു മീറ്റിങിലും അറ്റൻഡ് ചെയ്യാത്തതുകൊണ്ട് എനിക്കിപ്പോൾ തന്നെ വാണിംഗ് കിട്ടിയിരിക്കുന്നു. എന്നും ഞാൻ ജോലിക്ക് വൈകിയാണ് എത്തുന്നത്. ഇറങ്ങാൻ നേരം എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകും. ഒന്നുകിൽ കീ കാണില്ല, അല്ലെങ്കിൽ പേഴ്‌സ് കാണില്ല, അങ്ങനെയൊക്കെ. ജോലി എടുക്കാനുള്ള ഇഷ്ടം തന്നെ പോയിരിക്കുന്നു. ഒന്ന് ഓർഗനൈസ് ആവാൻ എന്താ ചെയ്യാ… പ്ലാൻ ചെയ്യുന്നപോലെ എല്ലാം സെറ്റ് ആവണം… ഒന്ന് കോൺസൻട്രേറ്റ് ചെയ്യാനും ഫോക്കസ് ചെയ്യാനും പറ്റണം… ഇതിനൊക്കെ എന്തെങ്കിലും വഴിയുണ്ടോ?”
24കാരനായ ഇർഷാദിന്റെതാണ് ഈ വാക്കുകൾ. അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോഡർ (ADHD) ആയിരുന്നു ഇർഷാദിന്റെ പ്രശ്നം. ADHD കുട്ടികളിലല്ലേ വരൂ എന്ന് തോന്നിയേക്കാം. സാധാരണ കുട്ടികളിൽ കണ്ടുവരുന്ന ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങൾ അമിത വികൃതി, എടുത്തുചാട്ടം, ശ്രദ്ധക്കുറവ് തുടങ്ങിയവയാണ്. കുട്ടിക്കാലത്ത് കൃത്യമായ ചികിത്സ ലഭിക്കാതെ വരുമ്പോൾ മറ്റു ചില ലക്ഷണങ്ങളോടുകൂടി ഇവ മുതിർന്നാലും നിലനിൽക്കാം. ചിലർക്കെങ്കിലും കുട്ടിക്കാലത്ത് കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാതെ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടാവാറുണ്ട്. ഹൈപ്പർ ആക്ടിവിറ്റി അഥവാ അമിത വികൃതി ADHDയുടെ ഒരു പ്രധാന ലക്ഷണമാണെങ്കിലും പ്രായം കൂടുന്നതിനനുസരിച്ച് നമ്മുടെ പ്രവർത്തനങ്ങളിൽ സ്വാഭാവികമായി ഉണ്ടാകുന്ന മന്ദഗതി കാരണം മുതിർന്നവരിൽ ഇതു കാണാറില്ല.
എന്നാൽ ശ്രദ്ധക്കുറവും എടുത്തുചാട്ടവും മറ്റും കൂടിയ തോതിൽ ഉണ്ടാവുന്നു. ഇത് അസ്ഥിരത, ജോലിയിലും മറ്റും ഉണ്ടാക്കുന്ന മോശം പ്രകടനം, ആത്മാഭിമാനക്കുറവ് തുടങ്ങിയ പ്രത്യാഘാതങ്ങളിലേക്ക് നയിക്കാം. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിൽ ADHD ചിലരിൽ കണ്ടേക്കാം.

പ്രധാന ലക്ഷണങ്ങൾ
. ചെയ്യുന്ന പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
. ക്രമരഹിതമായ പ്രവർത്തനങ്ങൾ.
. ജോലിയും മറ്റു പ്രവർത്തനങ്ങളും പൂർത്തീകരിക്കാനുള്ള ബുദ്ധിമുട്ട്.
. ഒരേസമയം ഒന്നിലധികം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്.
. അമിതാവേശം.
. സമയം കൈകാര്യം ചെയ്യാൻ കഴിയാതെ വരിക.
. ആസൂത്രണം ചെയ്യാനുള്ള ബുദ്ധിമുട്ട്.
. അമിതമായ ദേഷ്യം.
. കുറച്ചു ചിന്തിക്കേണ്ട ജോലികൾ ചെയ്യാതെ മാറ്റിവെക്കുക.
. മീറ്റിംഗുകളും മറ്റും മറന്നു പോവുക.
. സ്വന്തം സാധനങ്ങൾ എവിടെ വെച്ചെന്നറിയാതെ തിരയേണ്ടി വരിക.
. ഇടയ്ക്കിടെ പെരുമാറ്റത്തിലും സ്വഭാവത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങൾ.
. മാനസിക സമ്മർദം.
കുട്ടിക്കാലത്ത് പെട്ടെന്നു തന്നെ ADHD കണ്ടുപിടിക്കാവുന്ന തരം ലക്ഷണങ്ങൾ ഉണ്ടാകുമെങ്കിലും മുതിർന്നുകഴിഞ്ഞാൽ ഇത് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. പലപ്പോഴും വ്യക്തി സ്വയം അനുഭവിക്കേണ്ട പ്രശ്നങ്ങളായിട്ടാണ് ഇവ കാണാറുള്ളത്. മറ്റുള്ളവർ വെറുമൊരു ശ്രദ്ധക്കുറവായോ ജോലി ചെയ്യാനുള്ള താൽപര്യക്കുറവായോ ഇതിനെ വ്യാഖ്യാനിച്ചേക്കാം. മിതമായത് മുതൽ ഗുരുതരമായ തോതിലേക്കു വരെ ഇതിന്റെ ലക്ഷണങ്ങൾ നീളാം.
ഇങ്ങനെയുള്ള പ്രശ്നങ്ങളുള്ള കാര്യം പലപ്പോഴും തിരിച്ചറിയാതെപോകുന്നു എന്നതാണ് സത്യം. ഈയിടെ മലയാളത്തിലെ ഒരു പ്രശസ്ത സിനിമാ താരം 41 വയസ്സിൽ തനിക്ക് ADHD ഉണ്ടെന്ന് തിരിച്ചറിഞ്ഞു എന്നു പറഞ്ഞിരുന്നു. ഇത്തരത്തിൽ തിരിച്ചറിയാതെ പോകുന്ന ADHD പലരുടെയും ആത്മവിശ്വാസത്തെയും ജോലിയിലെ വളർച്ചകളെയും കുടുംബത്തിലെ നല്ല നിമിഷങ്ങളെയും തകർത്തെന്നുവരാം. ഇത് വലിയ തോതിലുള്ള മാനസിക സമ്മർദങ്ങളിലേക്ക് നയിക്കാം.
ഒന്ന് ശ്രമിച്ചാൽ എല്ലാം എനിക്കു തന്നെ ശരിയാക്കിയെടുക്കാം എന്ന ചിന്ത മാറ്റിവെച്ച് മാനസികാരോഗ്യ വിദഗ്ധരെ കാണേണ്ടത് അത്യാവശ്യമാണ്. ചികിത്സ വൈകുംതോറും പ്രശ്നങ്ങളും കൂടിവരാം. അതിനാൽ ലക്ഷണങ്ങൾ ഉണ്ടെന്നു തോന്നിയാൽ ഉടനെത്തന്നെ ചികിത്സ തേടുക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top