LoginRegister

പ്രകടമാവട്ടെ സ്നേഹം പ്രകാശിക്കട്ടെ ജീവിതസൗന്ദര്യം

അൻവർ കാരക്കാടൻ

Feed Back


ആര്‍തര്‍ ഹോപ്കിന്‍സിന്റെ പ്രസിദ്ധമായ വാചകം ഇങ്ങനെയാണ്: ‘പ്രകടിപ്പിക്കപ്പെടാത്ത സ്‌നേഹത്തിന്റെ ഒരു വലിയ സമ്പത്ത് ലോകത്തുണ്ട്.’
ലോകത്ത് അനുഭവിക്കപ്പെടാത്തതും പ്രകടിപ്പിക്കപ്പെടാ ത്തതുമായ അഗാധമായ സ്‌നേഹത്തിന്റെ ഒരു വലിയ നിധിശേഖരം തന്നെയുണ്ട് എന്നതാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത്തരത്തിലുള്ള സ്‌നേഹം നമ്മുടെ കുടുംബങ്ങളിലും സുഹൃത്തുക്കളിലും സമൂഹത്തിലും തുടങ്ങി നമ്മിലെല്ലാവരിലും കുടികൊള്ളുന്നുണ്ട്. ഈ സ്‌നേഹം നമ്മള്‍ വേണ്ട രീതിയില്‍ പ്രകടിപ്പിക്കുകയോ പങ്കിടുകയോ ചെയ്യുന്നില്ലെങ്കില്‍ അത് നഷ്ടപ്പെട്ടുപോകും. സ്‌നേഹം പ്രകടിപ്പിക്കുന്നതിന് നമുക്ക് നിരവധി മാര്‍ഗങ്ങളുണ്ട്. ചിലപ്പോള്‍ അത് വാക്കുകളിലൂടെയാണ്, മറ്റു ചിലപ്പോള്‍ അത് പ്രവര്‍ത്തനങ്ങളിലൂടെയാണ്. നമ്മുടെ പ്രിയപ്പെട്ടവരോടുള്ള പെരുമാറ്റത്തിലൂടെയും സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയുമെല്ലാം നമുക്ക് സ്‌നേഹം പ്രകടിപ്പിക്കാം.
സ്‌നേഹം പ്രകടിപ്പിക്കാന്‍ ധൈര്യം കാണിക്കുക എന്നത് വളരെ പ്രധാനമാണ്. അതുപോലെ നമ്മുടെ നെഗറ്റീവ് വികാരങ്ങള്‍ മറച്ചുവെക്കാനും നാം ഭയപ്പെടരുത്. കാരണം അത് നമ്മുടെ ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തുകയും നമ്മുടെ സ്വന്തം സന്തോഷത്തെത്തന്നെ തടസ്സപ്പെടുത്തുകയും ഇല്ലാതാക്കുകയും ചെയ്യും. സ്നേഹം ഒളിപ്പിച്ചുവെക്കാനുള്ളതല്ല, പ്രകടിപ്പിക്കാനുള്ളതാണ്.
”പ്രകടമാക്കാനാവാത്ത സ്‌നേഹം നിരര്‍ഥകമാണ്, പിശുക്കന്റെ ക്ലാവുപിടിച്ച നാണ്യശേഖരം പോലെ ഉപയോഗശൂന്യവും”- മാധവിക്കുട്ടിയുടെ പ്രശസ്തമായ വരികളാണിത്.
പ്രകടിപ്പിക്കപ്പെടാത്ത സ്‌നേഹം വിലപ്പെട്ടതെങ്കിലും ഉപയോഗിക്കപ്പെടാതെ പോകുന്ന ഒരു നാണയം പോലെയാണ്. അത് മറഞ്ഞിരിക്കുകയും നിറവേറാത്തതുമായി തുടരും. സ്‌നേഹം പ്രകടിപ്പിക്കുന്നത്, അതിനെ സ്വതന്ത്രമായി ഒഴുകാന്‍ അനുവദിക്കുന്നത് ബന്ധങ്ങളെ സമ്പന്നമാക്കുകയും ചെയ്യുന്നു. വിവേകപൂർവം ചെലവഴിക്കുന്ന ഒരു നാണയം പോലെ, പരസ്യമായി പ്രകടിപ്പിക്കുന്ന സ്‌നേഹത്തിന് അർഥവത്തായ ബന്ധങ്ങള്‍ സൃഷ്ടിക്കാനും നമുക്കു ചുറ്റുമുള്ളവരുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കാനും കഴിയും എന്നതില്‍ സംശയമില്ല.
മിക്ക ദമ്പതിമാരിലും പരസ്പരം സ്നേഹമുണ്ട്. പക്ഷെ അത് പ്രകടിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെടുന്നു എന്നതാണ് വാസ്തവം. അടുത്തിടപഴകുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്താല്‍ പങ്കാളിക്കോ കുട്ടികള്‍ക്കോ തന്നോടുള്ള ആദരവിലോ അംഗീകാരത്തിലോ അനുസരണയിലോ കുറവ് വരുമെന്ന് പലരും തെറ്റിദ്ധരിക്കുന്നു.
ഏതൊരു ബന്ധവും മുന്നോട്ടുനയിക്കുന്നതിനുള്ള ഏറ്റവും വലിയ ഘടകം മനസ്സുകള്‍ തമ്മിലുള്ള നല്ല അടുപ്പമാണ്. ഒരു ബന്ധത്തില്‍ ആളുകള്‍ എത്രത്തോളം അടുക്കുന്നു എന്നതിനനുസരിച്ച് അത് ദൃഢമാകും. ഇത്തരത്തിലുള്ള അടുപ്പം ഉണ്ടാക്കിയെടുക്കുന്നതിന് ബോധപൂർവമുള്ള ശ്രമവും ഇടപഴകലുകളും വളരെ അനിവാര്യമാണ്. ഒരാള്‍ അടുപ്പം ആഗ്രഹിക്കുന്നതും അല്ലെങ്കില്‍ അടുപ്പം കാണിക്കുന്നതും മറ്റു വ്യക്തികളില്‍ നിന്നു തികച്ചും വ്യത്യസ്തമായിരിക്കും. ചിലയാളുകള്‍ അടുപ്പത്തിലൂടെയാണ് സ്‌നേഹം പ്രകടിപ്പിക്കുക. ഉദാഹരണത്തിന് അന്തര്‍മുഖനായിട്ടുള്ള ആളുകള്‍ക്ക് അവര്‍ക്കടുത്ത് കുറച്ചു സമയം ഇരിക്കുകയോ സംസാരിക്കുകയോ ചെയ്താല്‍ മാത്രം മതിയാകും. പങ്കാളിയോടുള്ള കരുതലിലൂടെയും പരിഗണനയിലൂടെയും അവര്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കാനും ആസ്വദിക്കാനുമാകും. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ പങ്കാളിയുമായി പരസ്പരം അടുത്തിടപഴകിക്കൊണ്ട് മാത്രമേ സ്‌നേഹം പ്രകടിപ്പിക്കാനും സ്‌നേഹം അനുഭവിക്കാനും കഴിയൂ. പങ്കാളിയോടുള്ള കരുതലും പരിഗണനയും സംരക്ഷണം നല്‍കലും സ്‌നേഹം പ്രകടിപ്പിക്കാനുള്ള മറ്റു നല്ല മാർഗങ്ങളാണ്. പുരുഷന്മാര്‍ പലപ്പോഴും ഇത്തരത്തിലാണ് അവരുടെ പങ്കാളിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീകൾ പ്രകടമായ സ്‌നേഹമാണ് കൂടുതലും ആഗ്രഹിക്കുന്നത്. അത് പൊതുവിടങ്ങളില്‍ കൈ പിടിച്ചു നടക്കുന്നതു മുതല്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പ്രശംസകള്‍ കേള്‍ക്കുന്നതുവരെ അവര്‍ക്ക് വളരെയധികം ആസ്വദിക്കാന്‍ കഴിയുന്നു. അവരത് ആഗ്രഹിക്കുകയും ചെയ്യുന്നു. പുരുഷന്‍ ഇത്തരം കാര്യങ്ങള്‍ക്ക് പിശുക്കു കാണിക്കുമെന്നു മാത്രമല്ല, പൊതുവിടങ്ങളിലെ സ്‌നേഹപ്രകടനങ്ങളില്‍ പൊതുവെ താൽപര്യമില്ലാത്തവനുമായിരിക്കും. ഈ രണ്ടു വശവും പങ്കാളികള്‍ പരസ്പരം മനസ്സിലാക്കി കുറ്റപ്പെടുത്താതെ പരസ്പരം ഉപാധികളില്ലാതെ സ്‌നേഹിക്കാനും സ്‌നേഹം പ്രകടിപ്പിക്കാനും കഴിയുമ്പോഴാണ് അർഥവത്തായ, ഫലവത്തായ ജീവിതം സാധ്യമാകുന്നത്.

സ്‌നേഹം പ്രകടിപ്പിക്കാനുള്ള
ചില വഴികള്‍

. കഴിയുന്നതും നല്ല വാക്കുകള്‍ മാത്രം പറയാന്‍ ശ്രദ്ധിക്കുക. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് പറയുന്നത് എല്ലായ്‌പ്പോഴും പ്രധാനമാണ്. ഇത് ലളിതമായ ഒരു വാചകമാണെങ്കിലും വളരെയധികം അർഥവത്താണ്. നിങ്ങള്‍ അവരെ എത്രകണ്ട് സ്‌നേഹിക്കുന്നുണ്ടെങ്കിലും നിങ്ങളുടെ വാക്കിലൂടെ അതു കേള്‍ക്കുന്നത് അവരില്‍ വളരെയധികം ആഹ്ലാദമുണ്ടാക്കും. നിങ്ങളുടെ പങ്കാളിക്ക് അവര്‍ എത്രത്തോളം വേണ്ടപ്പെട്ടവരും പ്രത്യേകരും വിലപ്പെട്ടവരുമാണെന്ന് അറിയിക്കുന്ന മറ്റു ചില വാക്കു കൾ കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പരസ്പരം പിന്തുണയ്ക്കുക, പ്രോത്സാഹിപ്പിക്കുക, നിങ്ങളുടെ പങ്കാളിയെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുക. അഭിനന്ദനങ്ങള്‍, പ്രോത്സാഹന വാക്കുകള്‍, സ്തുതിവചനങ്ങള്‍ എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടവയാണ്. അവയെല്ലാം വലിയ വ്യത്യാസം വരുത്തും.
. കൈ പിടിക്കല്‍, കെട്ടിപ്പിടിക്കല്‍, ചുംബിക്കല്‍ എന്നിവ നിങ്ങളുടെ സ്‌നേഹം ശാരീരികമായി പ്രകടിപ്പിക്കാനുള്ള മികച്ച മാര്‍ഗങ്ങളാണ്. ചിലർക്ക് മൃദുസ്പർശനങ്ങളിലൂടെയും കെട്ടിപ്പിടിക്കലിലൂടെയും തലോടലിലൂടെയുമൊക്കെ ആയിരിക്കും സ്‌നേഹത്തെ കൂടുതല്‍ മനസ്സിലാക്കാനാവുക. കൈകോര്‍ക്കല്‍, ചുംബനം, ആലിംഗനം, ലൈംഗിക ബന്ധം തുടങ്ങിയ ശാരീരിക സ്പര്‍ശനങ്ങൾ ഓക്‌സിറ്റോസിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ‘സ്‌നേഹ ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ഇത് അടുപ്പവും ബന്ധവും വളര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണാണ്. നമ്മുടെ സ്‌നേഹവും ശ്രദ്ധയും പരിലാളനയും എല്ലാം നമ്മുടെ പങ്കാളിയും കുട്ടികളും ഏറെ കൊതിക്കുന്നുണ്ട്. അതവരുടെ അവകാശം കൂടിയാണ് എന്നോര്‍ക്കുക.
. പങ്കാളിയോടുള്ള കരുത ലും പരിഗണനയും വളരെ വിലപ്പെട്ടതാണ്, നിങ്ങളുടെ പങ്കാളിക്കു വേണ്ടി കാര്യങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് കാണിക്കാനുള്ള ഒരു മാര്‍ഗമാണ്. ഒരുമിച്ച് രസകരമായ പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കുക. അത് അവര്‍ക്കു വേണ്ടി ഭക്ഷണം പാകം ചെയ്യുന്നതാവാം, വീട്ടുജോലികള്‍ ചെയ്യുന്നതാവാം, ഒരുമിച്ചു യാത്ര ചെയ്യുമ്പോൾ ഡോര്‍ തുറന്നു കൊടുക്കുന്നതുപോലുള്ള കാര്യങ്ങളാവാം. ഇത്തരത്തില്‍ അവരെ കെയര്‍ ചെയ്യുന്നതും പരിഗണിക്കുന്നതുമായ കാര്യങ്ങള്‍ ബോധപൂര്‍വം ചെയ്യുക.
. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കുക, അവരോടൊപ്പം സമയം ചെലവഴിക്കുക, അവര്‍ക്കു വേണ്ടി മാത്രം സമയം മാറ്റിവെക്കുക. പരസ്പരം സംസാരിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക. പങ്കാളിയോടൊപ്പം ഫോണും മറ്റ് ശ്രദ്ധ തിരിക്കലുകളും ഇല്ലാതെ തന്നെ പ്രത്യേകം സമയം ചെലവഴിക്കുക. ഒരുമിച്ച് കാര്യങ്ങളും തമാശകളും സംസാരിക്കുക, സൊറപറഞ്ഞിരിക്കുക, യാത്ര ചെയ്യുക, വിനോദങ്ങളിൽ ഏർപ്പെടുക, അങ്ങനെ അവരോടൊപ്പം മികച്ച സമയം ചെലവഴിക്കുക. പരസ്പരം മനസ്സിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരെ ശരിയായി കേള്‍ക്കുക എന്നതാണ്.
. സമ്മാനങ്ങളും പാരിതോഷികങ്ങളും നൽകുക. വലുതോ ചെറുതോ വിലപിടിപ്പുള്ളതോ അല്ലാത്തതോ ആയ സമ്മാനങ്ങള്‍ നല്‍കുക. അവയൊക്കെ പങ്കാളിക്ക് നിങ്ങള്‍ അവരെക്കുറിച്ച് ചിന്തിക്കുന്നുവെന്ന് കാണിക്കാനുള്ള മാര്‍ഗമാണ്. അവ നിങ്ങള്‍ പ്രിയപ്പെട്ടവരെ എത്രത്തോളം കരുതുന്നുവെന്ന് കാണിക്കാനുള്ള ഉപാധി കൂടിയാണ്.
. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാനായി എപ്പോഴും ശ്രമിക്കുക. ഒരുമിച്ചു വ്യായാമം ചെയ്യുന്നതോ നടക്കാന്‍ പോകുന്നതോ പാചകം ചെയ്യുന്നതോ വീടും പരിസരവും വൃത്തിയാക്കുന്നതോ തുടങ്ങി ഒരുമിച്ചായിരിക്കാന്‍ പറ്റുന്ന പലതും നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും അടുപ്പം വളര്‍ത്താനും വളരെയധികം ഉപകരിക്കും.
. പങ്കാളി നിങ്ങള്‍ക്കു വേണ്ടി ചെയ്തുതരുന്ന കാര്യങ്ങള്‍ക്ക് എപ്പോഴും നന്ദി പറയുക. പ്രിയപ്പെട്ടവരോടും കുടുംബത്തിലുമൊക്കെ അവര്‍ ചെയ്തുതരുന്ന കാര്യങ്ങളെക്കുറിച്ച് അവരോട് നന്ദി പറയുക.
. സ്‌നേഹം പ്രകടിപ്പിക്കാന്‍ ധൈര്യം കാണിക്കുക. അത് നിങ്ങളുടെ ബന്ധങ്ങളെ മെച്ചപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും മാത്രമല്ല നിങ്ങളുടെയും നിങ്ങളുടെ ചുറ്റുമുള്ളവരുടെയും ജീവിതത്തെ സന്തോഷകരമാക്കുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.

പ്രകടമായി സ്‌നേഹം
നല്‍കുന്നതിന്റെ പ്രാധാന്യം

സ്‌നേഹം തുറന്നു പ്രകടിപ്പിക്കുന്ന കുടുംബങ്ങളില്‍ വളരുന്ന കുട്ടികള്‍ക്ക് മറ്റുള്ളവരുമായി ആരോഗ്യകരമായ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അവര്‍ സ്‌നേഹം എങ്ങനെ നല്‍കുകയും സ്വീകരിക്കുകയും ചെയ്യണമെന്നു പഠിക്കുന്നു. കുട്ടികളില്‍ ആരോഗ്യകരമായ ബന്ധങ്ങള്‍ വികസിപ്പിക്കാനും ഇത് പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, അവരുടെ വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും കൂടി ഉപകരിക്കുമെന്നർഥം.
ദമ്പതിമാർ സ്‌നേഹവും വാത്സല്യവും പരസ്യമായി പ്രകടിപ്പിക്കുന്നതിലൂടെ കുട്ടികള്‍ക്ക് ഒരു നല്ല മാതൃക നല്‍കുന്നു. കുട്ടികൾ സമ്മര്‍ദവും ഉത്കണ്ഠയും ഇല്ലാതെ വളരാനുള്ള ഒരു അന്തരീക്ഷം ഒരുക്കൽ കൂടിയാണിത്. കുട്ടികള്‍ സ്‌നേഹിക്കപ്പെടുന്നുവെന്നും അംഗീകരിക്കപ്പെടുന്നുവെന്നും അറിഞ്ഞാല്‍ അവരില്‍ സുരക്ഷിതത്വബോധം ഉടലെടുക്കും. മാത്രമല്ല ഇത് അവരുടെ ആത്മവിശ്വാസവും സ്വയം ബഹുമാനവും വളര്‍ത്താന്‍ വളരെയധികം സഹായിക്കും.
സ്‌നേഹവും വാത്സല്യവും നിറഞ്ഞ ഒരു ബന്ധത്തില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. വളരെ വിരളമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരസ്പരം കൂടുതല്‍ തുറന്നതും സഹകരണപരവുമായിരിക്കാന്‍ ദമ്പതികള്‍ക്ക് കഴിയും.
സ്‌നേഹവും വാത്സല്യവും നിറഞ്ഞ ഒരു കുടുംബത്തില്‍ ജീവിക്കുന്നത് കൂടുതല്‍ രസകരവും ആസ്വാദ്യകരവുമാണ് എന്ന് മനസ്സിലാകുന്നതുകൊണ്ടുതന്നെ ദമ്പതിമാരും കുട്ടികളും ഒരുമിച്ച് സമയം ചെലവഴിക്കാനും ഒഴിവുസമയങ്ങള്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാനും അതിനായി കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കാനും മുന്നിട്ടിറങ്ങും.

വ്യക്തിത്വത്തെ
വിലമതിക്കുക

ബന്ധങ്ങള്‍ക്കുള്ളില്‍ എപ്പോഴും നിങ്ങള്‍ നിങ്ങളായി തന്നെയിരിക്കുക. പങ്കാളിയുടെ ഇഷ്ടത്തിന് അനുസരിച്ച് മാറുമ്പോള്‍ അത് ഒരിക്കലും നിങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുന്ന രീതിയിലാവരുത്.
പങ്കാളി എന്താണോ അങ്ങനെത്തന്നെ അവരെ സ്‌നേഹിക്കാനും പരിഗണിക്കാനും തയ്യാറാവുകയും അവരുടെ വ്യക്തിത്വത്തെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് ബന്ധങ്ങള്‍ മനോഹരമാകുന്നത്.
അന്തര്‍മുഖര്‍ പലപ്പോഴും ബഹിര്‍മുഖരെപ്പോലെ സ്‌നേഹം പ്രകടിപ്പിക്കാറില്ല. എന്നാല്‍ അവര്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കാന്‍ സ്വന്തമായ പ്രത്യേക മാര്‍ഗങ്ങളുണ്ട്. ശ്രദ്ധാപൂർവമായ കേള്‍ക്കല്‍ അന്തര്‍മുഖരുടെ വളരെ പ്രധാനപ്പെട്ട ഒരു സ്‌നേഹപ്രകടനമാണ്. അവര്‍ക്ക് ഏറ്റവും വിലപ്പെട്ട മറ്റൊരു കാര്യം അവര്‍ ആരോടൊപ്പം സമയം ചെലവഴിക്കുന്നു എന്നതാണ്.
അന്തര്‍മുഖര്‍ക്ക് പലപ്പോഴും വാക്കുകളാല്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടാം. പകരം അവര്‍ പ്രവര്‍ത്തനങ്ങളിലൂടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. അതുപോലെത്തന്നെ ഭൗതിക സ്പര്‍ശം അവര്‍ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ അവര്‍ക്ക് അത് നേരിട്ട് പ്രകടിപ്പിക്കാന്‍ ബുദ്ധിമുട്ട് നേരിടാം.
ഒരു അന്തര്‍മുഖന്റെ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് ബന്ധത്തെ കൂടുതല്‍ ആഴത്തിലാക്കുകയും ബന്ധത്തിനുള്ളില്‍ ശക്തമായ ധാരണ സൃഷ്ടിക്കുകയും ചെയ്യും.
അന്തര്‍മുഖർ സ്‌നേഹം പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമാണെങ്കിലും, അത് അത്രയും ശക്തവും അർഥവത്തുമാണ്. അവരുടെ സ്‌നേഹഭാഷ മനസ്സിലാക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തവും സംതൃപ്തവുമാക്കും.

സ്നേഹമാണ് പ്രധാനം
അടിസ്ഥാനപരമായി എല്ലാവര്‍ക്കും വേണ്ടത് സ്‌നേഹമാണ് എന്നറിയുക. ഒരു മൃദുസ്പര്‍ശമോ സ്നേഹത്തോടെയുള്ള ഒരു നോട്ടമോ ഒരു നല്ല വാക്ക് പറയലോ ഒരുമിച്ചു സമയം ചെലവഴിക്കലോ എന്നിങ്ങനെ പല രീതിയില്‍ സ്‌നേഹം പ്രകടിപ്പിക്കാനും അതിലൂടെ അടുപ്പം കൂട്ടാനുമാകും. ഇണകള്‍ തമ്മില്‍ അതിരുകളില്ലാത്ത സ്നേഹത്തിന്റെ പാരമ്യതയിലെത്തുമ്പോള്‍ പരസ്പരം എന്തും സഹിക്കാനും സമർപ്പിക്കാനും അവര്‍ സദാ സന്നദ്ധമായിരിക്കും. പോരായ്മകളും പാകപ്പിഴവുകളുമൊക്കെ മറക്കാനും പൊറുക്കാനും അവര്‍ക്ക് കഴിയും.
നമ്മള്‍ എന്ന ചിന്തയില്‍ എല്ലാത്തിനെയും നോക്കിക്കാണുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമായതുകൊണ്ടുതന്നെ കുടുംബത്തിനുള്ളില്‍ എപ്പോഴും ഒരു we ഫീലിംഗ് ഉണ്ടാക്കാനായി ശ്രമിക്കുക.
നിങ്ങളുടെ പ്രിയപ്പെട്ടവരോട് സ്‌നേഹവും അഭിനന്ദനവും വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും എപ്പോഴും പ്രകടിപ്പിക്കുക. ഒരുമിച്ച് ഭക്ഷണം കഴിക്കുക, ഒരുമിച്ച് പുതിയ കാര്യങ്ങള്‍ പഠിക്കുക, നൃത്തം ചെയ്യുക, പാട്ടു കേള്‍ക്കുക, ഒരുമിച്ച് നല്ല പുസ്തകങ്ങള്‍ വായിക്കുക, പ്രകൃതിസുന്ദരമായ സ്ഥലങ്ങളില്‍ സമയം ചെലവഴിക്കുക, യാത്രകള്‍ ചെയ്യുക, ഒരുമിച്ച് പുതിയ ഹോബികള്‍ പരീക്ഷിക്കുക, പരസ്പരം പരിചരണം നല്‍കുക എന്നിവ സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങളാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ പതിവായി ചെയ്യുന്നത് ദമ്പതികള്‍ക്കിടയിലുള്ള ലൗ ഹോര്‍മോണിന്റെ ഉത്പാദനം വർധിപ്പിക്കാനും അടുപ്പവും ബന്ധവും ശക്തിപ്പെടുത്താനും വളരെയധികം സഹായിക്കും.
എന്നാൽ, ഒരാളുമായി കൂടുതല്‍ അടുപ്പം കാണിക്കുന്നതും അവസരോചിതമല്ലാതെ സ്‌നേഹപ്രകടനത്താല്‍ വീര്‍പ്പുമുട്ടിക്കുന്നതും അവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നതും ശല്യം ചെയ്യുന്നതും ബന്ധത്തില്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ഇത് അമിതമാകുന്നത് മറ്റേയാൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലായാല്‍ ബന്ധം വഷളാകാനും കാരണമാകും.
മറ്റുള്ളവരുടെ മുമ്പില്‍ െവച്ചുള്ള കുറ്റപ്പെടുത്തലുകളും പരാതി പറച്ചിലുകളും അവസാനിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ദാമ്പത്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തന്റെയോ പങ്കാളിയുടെയോ സുഹൃത്തുക്കളോട് പങ്കുവെക്കാതിരിക്കുക. ആദ്യം ആ പ്രശ്‌നങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കുക. എന്നിട്ടും പരിഹാരമാകുന്നില്ലെങ്കില്‍ രണ്ടു പേരും ഒരുമിച്ച് ഒരു വിദഗ്ധ റിലേഷന്‍ഷിപ് കൗൺസലറെയോ ഫാമിലി തെറാപ്പിസ്റ്റിനെയോ സമീപിക്കുക.
പുതിയ തലമുറ വ്യക്തിപരമായ എല്ലാ പ്രശ്‌നങ്ങളും സോഷ്യല്‍ മീഡിയകളിലടക്കം പങ്കുവെക്കുന്നതായി കാണാം. ആ പ്രവണത ഒട്ടും ശരിയല്ല എന്നു മാത്രമല്ല, അത് ബന്ധങ്ങളെ വളരെയധികം നെഗറ്റീവായി ബാധിക്കുകയും വഷളാക്കുകയും ചെയ്യും.
.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top