LoginRegister

സ്വഹാബി വനിതകളുടെ ജീവിതങ്ങളിലൂടെ ഒരു യാത്ര

സഹ്‌ൽ ഹാദി

Feed Back


പ്രവാചകത്വത്തിനു മുമ്പും ശേഷവുമായി തിരുനബിയുടെ ജീവിതത്തിൽ നിരവധി വനിതകൾ സ്വാധീനശക്തികളായി വന്നിട്ടുണ്ട്. ചരിത്രത്തിന്റെ വെളിച്ചത്തിൽ ജീവിക്കുന്ന ഇവരിൽ പലരും നമുക്ക് സുപരിചിതരാണ്. എന്നാൽ നബിയുടെ സ്നേഹവാത്സല്യത്തിനും ആദരവിനും പാത്രമായ എത്രയോ പേർ ചരിത്രത്തിൽ മങ്ങിയോ തിരശ്ശീലയ്‌ക്കു പിന്നിലായോ കിടപ്പുണ്ട്. ഇസ്‌ലാമിനെ സംരക്ഷിക്കുന്നതിലും പ്രബോധനം നടത്തുന്നതിലും തങ്ങളുടേതായ പങ്കുവഹിച്ചവരാണ് ഇവരിൽ പലരും. നബിയുടെ കളിക്കൂട്ടുകാരികൾ, വളർത്തമ്മമാർ, തണലും സംരക്ഷണവും നൽകിയവർ തുടങ്ങി ഒട്ടേറെ പേർ ഈ പട്ടികയിൽ വരും. ഇത്തരത്തിൽ ചിലരെ പരിചയപ്പെടുത്തുന്ന കൃതിയാണ് വി എസ് എം കബീറിന്റെ ‘പ്രകാശം പരത്തിയ സ്ത്രീരത്നങ്ങൾ.’
സ്ത്രീജീവിതങ്ങളുടെ ശക്തിയും സ്വാധീനവും ലളിതസുന്ദരമായ വാക്കുകളിലൂടെ വായനക്കാരന്റെ ഹൃദയത്തിൽ കുടിയിരുത്തുന്നുണ്ട് ഈ പുസ്തകം. പുതിയ കാലത്ത് പിന്നെയും പിന്നെയും വായിച്ചിരിക്കേണ്ട പുണ്യവതികളെയാണ് പരിചയപ്പെടുത്തുന്നത്.
ഹാത്തിമുത്വാഈയുടെ മകൾ സഫാനയുടെ കഥ ധീരതയുടെ പാഠമാണെങ്കിൽ ഹലീമയുടെ മകൾ ഷൈമയുടേത് പ്രവാചകനുമായുള്ള ബാല്യകാല ചങ്ങാത്തത്തിന്റേതാണ്. ഇവരുടെ പുനഃസമാഗമവും സ്നേഹവർത്തമാനങ്ങളും വായനക്കാരന്റെ മനസ്സ് നിറക്കുകയും കണ്ണ് നനയിക്കുകയും ചെയ്യും. ഇസ്‌ലാമിലെ ആദ്യത്തെ നഴ്‌സും ഡോക്ടറുമായ റുഫൈദ, അഖബ ഉടമ്പടിയിലെ സ്ത്രീസാന്നിധ്യവും ഉഹ്ദ് മലയിൽ മുസ്‌ലിം സൈന്യം ഉലഞ്ഞുപോയപ്പോൾ ഉടൽ പണയംവെച്ച് പ്രവാചകന് സംരക്ഷകയായി നിലകൊള്ളുകയും ചെയ്ത നുസൈബ എന്നിവരെ വായിക്കുമ്പോൾ നമ്മുടെ മനസ്സ് അഭിമാനപൂരിതമാവും.
നബി(സ)യുടെ രണ്ട് വിവാഹങ്ങൾക്ക് വഴിയൊരുക്കുകയും ഉമ്മുൽ മുഅ്മിനീൻ പദവിയിൽ എത്താൻ ആഗ്രഹിക്കുകയും ചെയ്ത പ്രവാചക ഭവനത്തിലെ സ്ഥിരസാന്നിധ്യം ഖൗല, ആദ്യം പോറ്റുമ്മയും പിന്നെ വളർത്തുമകന്റെ ഭാര്യയുമായ ഉമ്മുഅയ്‌മൻ എന്ന ബറക, അമ്മായിയും കളിക്കൂട്ടുകാരിയും യുദ്ധത്തിലെ കാവലാളുമായ സ്വഫിയ ബിൻത് അബ്ദിൽ മുത്തലിബ്… അങ്ങനെ നിരവധി പേർ ഓരോ അധ്യായങ്ങളിലായി കടന്നുവരുന്നു. ഓരോ വനിതാരത്നത്തെയും കുറിച്ച പുതിയ അറിവുകളും ലഭിക്കും.
ചരിത്രവായന പൊതുവെ വിരസമാണ്. സഹാബിമാരുടെ ചരിത്രമാവട്ടെ പലപ്പോഴായി വായിച്ചവയോ കേട്ടവയോ ആകാനും സാധ്യതയുണ്ട്. എന്നാൽ ഈ പുസ്തകവായന അൽപം വ്യത്യസ്തമായാണ് നമുക്ക് അനുഭവപ്പെടുക. രചനാശൈലി ഹൃദ്യവും മനോഹരവുമാണ്. കഥ പറയുംപോലെയാണ് എഴുത്ത്. സംഭവങ്ങളെ തൻമയത്വത്തോടെ അവതരിപ്പിക്കുന്നുമുണ്ട്. പലരുടെയും ഇസ്‌ലാമിക ചരിത്രവായനയിൽ പെട്ടിട്ടില്ലാത്ത സഹാബി വനിതകളുടെ ജീവിതങ്ങളിലെ ഏടുകളാണ് ആകർഷകമായി ചേർത്തുവെച്ചിരിക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top