LoginRegister

റുഫൈദ: മദീനയുടെ മാലാഖ

വി എസ് എം കബീര്‍

Feed Back


ഇഷ്ടഭാജനമായിരുന്ന മുസ്അബിനെ യസ്‌രിബിലേക്ക് പ്രബോധനത്തിനയക്കുമ്പോള്‍ തിരുനബിക്കൊരു സ്വപ്‌നമുണ്ടായിരുന്നു. പിറന്ന മണ്ണായ മക്ക വിടേണ്ട ഘട്ടം വന്നാല്‍ പകരം അണയാനൊരു മണ്ണ് വേണം. അതിന് പറ്റിയ പച്ചപ്പ് നിറഞ്ഞ ഇടമാണ് യസ്‌രിബ്. ആ ദൗത്യമാണ് സുമുഖനായ മുസ്അബ് ഏറ്റെടുത്തത്. മുന്തിരിയുടെയും ഈത്തപ്പനയുടെയും നാട്ടിലെത്തിയ മുസ്അബിനെ പക്ഷേ കുറെ എതിര്‍ ശബ്ദങ്ങളാണ് വരവേറ്റത്. അവരില്‍ പ്രമുഖനായിരുന്നു ഔസുകാരുടെ നേതാവ് സഅ്ദുബ്‌നു മുആദ്.
മുസ്അബിനെ പോലെതന്നെ സുന്ദരന്‍, അരോഗദൃഢഗാത്രന്‍, വയസ്സ് 26.
ഭീഷണികളെയും പ്രതിയോഗികളെയും പുഞ്ചിരികൊണ്ട് പ്രതിരോധിച്ചിരുന്ന തിരുനബിയുടെ ശിഷ്യനെ കേള്‍ക്കാന്‍ ഒരിക്കല്‍ മാത്രം സഅ്ദ് നിര്‍ബന്ധിതനായി. മുസ്അബിന്റെ മൊഴിമുത്തുകള്‍ ബുദ്ധിമാനായ സഅ്ദിന്റെ ഹൃദയത്തിലാണ് അന്ന് കൊണ്ടത്. അല്ലാഹുവിന്റെ അനുഗ്രഹം കൂടി സമംചേര്‍ന്നതോടെ ഔസുകാരുടെ യുവനേതാവ് മുസ്അബിന്റെ ആത്മമിത്രവുമായി.
വര്‍ഷം രണ്ട് കഴിഞ്ഞു. ഹിജ്‌റയുടെ വഴിയില്‍ തിരുദൂതന്‍ യസ്‌രിബണഞ്ഞു. സഅ്ദ് വൈകാതെ ദൂതരെ കണ്ടു. ബൈഅത്തും ചെയ്തു. തന്റെ വീട്ടുവാതിലുകള്‍ മുഹാജിറുകള്‍ക്കായി തുറന്നുകൊടുക്കാനും അദ്ദേഹം സന്നദ്ധനായി. നായകന്റെ വഴി ഔസുകാരെല്ലാം പിന്തുടര്‍ന്നു.
കിടപ്പാടം പോലും ലഭിക്കാതെ സ്വഹാബിമാര്‍ പ്രയാസപ്പെടുന്ന ആ ഘട്ടത്തില്‍ ഇത് ദൂതരെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്. അവിടം മുതല്‍ തുടങ്ങിയതാണ് തിരുനബിയുമായുള്ള സഅ്ദിന്റെ ആത്മബന്ധം. പ്രതിസന്ധി വേളകളിലൊക്കെയും നബിക്ക് താങ്ങായും ഉപദേശകനായും ഈ യുവാവുണ്ടായിരുന്നു.
വര്‍ഷങ്ങള്‍ കടന്നുപോയി.
ദൂതനെയും മുസ്ലിംകളെയും ദിവസങ്ങളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അഹ്‌സാബ് യുദ്ധത്തിന്റെ ഘട്ടം വന്നു. ഖുറൈശികളും ജൂതഗോത്രമായ ബനൂ നദീറും ഗത്ഫാനികളും ഒന്നിച്ചു. ഇതിലേക്ക് ബനൂ ഖുറൈദയും ചേര്‍ന്നു.
തിരുനബിയും വിശ്വാസികളും കിടിലംകൊണ്ട നാളുകളാണ് പിന്നീടുണ്ടായത്. ഇതിനിടെയാണ് സഅ്ദിന് ശത്രുപക്ഷത്തെ യോദ്ധാവില്‍ നിന്ന് കൈയില്‍ അമ്പേറ്റത്. ആഴത്തില്‍ തറച്ച അസ്ത്രം ഊരിയെടുക്കാന്‍ പറ്റാതായി. രക്തം ധാരയായി ഒഴുകി. യുദ്ധഭീതിക്കിടയിലും സഅ്ദിനേറ്റ മുറിവ് തിരുനബിക്ക് വേദനയായി.
അവിടുന്ന് ഉടനെ റുഫൈദയെ വിളിപ്പിച്ചു. സഅ്ദിന് മികച്ച ചികിത്സയും പരിചരണവും നല്‍കാന്‍ അവളോട് നിര്‍ദേശിച്ചു. അസ്ത്രം ഊരിയെടുക്കാന്‍ സഅ്ദ് റുഫൈദയോട് ആവശ്യപ്പെട്ടെങ്കിലും അവള്‍ വിസമ്മതിച്ചു. അത് ഊരിയെടുത്താല്‍ രക്തപ്രവാഹം നിയന്ത്രിക്കാനാവില്ലെന്നായിരുന്നു വിദഗ്ധയായ ആ നഴ്‌സിന്റെ പക്ഷം. സഅ്ദിന് അത് അംഗീകരിക്കേണ്ടിവന്നു.
യുദ്ധം കഴിഞ്ഞു. സഅ്ദിന്റെ മുറിവ് അപ്പോഴും ഉണങ്ങിയിരുന്നില്ല. മദീനയില്‍ തിരിച്ചെത്തിയ നബി സഅ്ദിന്റെ ചികില്‍സക്കായി പള്ളിയില്‍ ഒരു ടെന്റൊരുക്കി. അതില്‍ ചികിത്സകയായി സേവനം ചെയ്യാന്‍ റുഫൈദയോട് തന്നെ ആവശ്യപ്പെട്ടു. പ്രവാചകന്‍ സ്ഥാപിച്ച ആദ്യആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാകാനുള്ള ഭാഗ്യം അങ്ങനെ റുഫൈദക്ക് സ്വന്തമായി.
ആശ്വാസത്തിന്റെ ലേപനവുമായി പരിക്കേറ്റവര്‍ക്ക് അവള്‍ ദിവസങ്ങളോളം അവിടെ കൂട്ടിരുന്നു. മദീനക്കാരിയാണ് റുഫൈദ. ഖസ്‌റജ് ഗോത്രത്തിലെ അസ്‌ലമിയ്യ കുടുംബത്തിലാണ് ജനനം.
കുഅയ്ബ എന്നായിരുന്നു യഥാര്‍ഥ നാമം. പിതാവ് സഅ്ദ് അസ്‌ലമി അക്കാലത്തെ പേരുകേട്ട വൈദ്യനായിരുന്നു. രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഏറെ ആശ്വാസം പകര്‍ന്നിരുന്ന സഅ്ദ് മകള്‍ റുഫൈദയെയും ഈ മേഖലയിലേക്ക് കൊണ്ടുവന്നു.
ചികിത്സയില്‍ പിതാവിനെ സഹായിക്കാനും ഒട്ടേറെ പേര്‍ക്ക് വേദനകളില്‍ നിന്ന് ആശ്വാസം നല്‍കാനും കൗമാരകാലത്ത് തന്നെ ഇതുവഴി അവള്‍ക്ക് സാധിച്ചിരുന്നു.
ഇതിനിടെയാണ് മുസ്അബ് മദീനയിലെത്തുന്നതും സ്വകാര്യമായി ഇസ്‌ലാമിക പ്രബോധനത്തിന് തുടക്കമിടുന്നതും. എതിര്‍പ്പുകള്‍ക്കിടയിലും ഇക്കാര്യം റുഫൈദയുമറിഞ്ഞു. പുതിയ സന്ദേശം കേള്‍ക്കാന്‍ അവള്‍ക്കും ആഗ്രഹമായി. മുസ്അബില്‍ നിന്ന് തന്നെ അത് കേള്‍ക്കുകയും ചെയ്തു. കുടിപ്പകയും വൈരവും മൂലം ഔസും ഖസ്‌റജും പരസ്പരം പോരടിക്കുന്ന കാലമായിരുന്നു അത്.
അതിനിടയിലേക്കാണ് ഏകദൈവ വിശ്വാസവും സമാധാനജീവിതവും പരിചയപ്പെടുത്തുന്ന ഇസ്‌ലാമിക സന്ദേശമെത്തുന്നത്. റുഫൈദയില്‍ അത് ഏറെ പ്രതീക്ഷ വളര്‍ത്തി.
മുസ്അബിനെ അവള്‍ പലതവണ പിന്നെയും കേട്ടു. അങ്ങനെ അവളുടെ മനസ്സില്‍ ഇസ്‌ലാം ഉറച്ചുകഴിഞ്ഞിരുന്നു. യസ്‌രിബിന്റെ മണ്ണിലേക്ക് തിരുനബിയെ വരവേല്‍ക്കാന്‍ ഒരുങ്ങിനില്‍ക്കുന്ന നിരവധി പേരില്‍ ഒരാളായി റുഫൈദയും മാറി.
കാത്തിരിപ്പിനറുതിയായി ദൂതരെത്തി. യസ്‌രിബിന്റെ ആഹ്‌ളാദത്തിരക്കിന് അല്പം ശമനമായപ്പോഴാണ് തിരുനബിയെ കാണാന്‍ റുഫൈദ പുറപ്പെട്ടത്. ഏതാനും കൂട്ടുകാരികളും കൂടെയുണ്ടായിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത ആ വേളയില്‍ അവള്‍ തിരുനബിക്ക് ബൈഅത്ത് ചെയ്തു.
മുഹാജിറുകളെ സഹായിച്ചും അവര്‍ക്ക് താമസയിടം ഒരുക്കിയും റുഫൈദ സജീവമായി. ഇസ്‌ലാമിക കാര്യങ്ങള്‍ പഠിക്കാനും വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കാനും സമയം കണ്ടെത്തി. ഇതിനിടെ അവളുടെ ചികിത്സാ വൈദഗ്ദ്യം മനസ്സിലാക്കിയ നബി അവളുടെ സേവനം പലപ്പോഴും തേടുകയും ചെയ്തു.
പ്രവാചകന്റെ സൈന്യത്തില്‍ പോരാളികളായും പരിക്കേറ്റവര്‍ക്ക് പരിചാരികമാരായും സ്വഹാബി വനിതകളുണ്ടായിരുന്നു. ആദ്യകാല യുദ്ധങ്ങളായ ബദറിലും ഉഹ്ദിലും വനിതാ സാന്നിധ്യം കുറവായിരുന്നു. റുഫൈദയെ പോലെ ചുരുക്കം ചിലര്‍ മാത്രമേ സന്നദ്ധരായി രംഗത്ത് വന്നുള്ളൂ. എന്നാല്‍ അഹ്‌സാബ്, ഖൈബര്‍, ഹുനൈന്‍, തബൂക്ക്, യര്‍മൂക്ക് സേനകളില്‍ വനിതാ സാന്നിധ്യം കൂടിക്കൂടി വന്നു. റുഫൈദയെ പോലുള്ളവര്‍ പകര്‍ന്ന ആവേശമാണിതിന് കാരണം.
മാരകമായി പരിക്കേറ്റവരെ മരണത്തിന് വിട്ടുനല്‍കാതെ വിദഗ്ധ ചികിത്സ വഴി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന മാലാഖമാരായി ഈ പരിചാരികമാര്‍ മാറി. ഉമ്മു അത്വിയ്യ, ഹംന ബിന്‍ത് ജുഹ്ശ്, ഉമ്മു സുലൈം, റബീഅ് ബിന്‍ത് മുഅവ്വദ്, ഉമ്മു അയ്മന്‍, ലൈല ഗിഫാരിയ്യ തുടങ്ങിയവരായിരുന്നു ഇവരില്‍ പ്രമുഖര്‍. പിതാവില്‍ നിന്ന് പകര്‍ന്നുകിട്ടിയ ചികിത്സാമുറകള്‍ റുഫൈദയെ ഇവരില്‍ നിന്നെല്ലാം വേറിട്ടു നിര്‍ത്തി. കൂട്ടത്തിലെ പലര്‍ക്കും പരിക്കേറ്റവരെ സഹായിക്കാനും പരിചരിക്കാനും മാത്രം സാധിച്ചപ്പോള്‍ റുഫൈദക്ക് അവരെ ചികില്‍സിക്കാനും മരുന്ന് നല്‍കാനും കൂടി കഴിഞ്ഞു. അങ്ങനെയാണ് ഇസ്‌ലാമിലെ പ്രഥമ നഴ്‌സ് എന്ന പദവിയിലേക്ക് അവളെത്തിയത്.
ഔസുകാരുടെ നേതാവ് എന്ന നിലക്ക് സഅ്ദിന് മികച്ച ചികിത്സ നല്‍കാന്‍ തിരുനബി റുഫൈദയെ ചുമതലപ്പെടുത്തിയതും അതുകൊണ്ടാണ്. മസ്ജിദുന്നബവിയില്‍ തിരുനബി തുറന്ന ഇസ്‌ലാമിലെ ആദ്യ ആതുരാലയത്തിലെ ഭിഷഗ്വര എന്ന പദവിയും റുഫൈദയുടെ പേരിലാണ്. പോരാളികള്‍ക്ക് പുറമെ മദീനയിലെ മറ്റു രോഗികളെയും റുഫൈദ ഇതേ ആശുപത്രിയില്‍ വെച്ച് ചികിത്സിച്ചതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മിക്ക ഇസ്‌ലാമിക രാജ്യങ്ങളിലും റുഫൈദയുടെ നാമധേയത്തില്‍ ആശുപത്രികള്‍ സ്ഥാപിച്ചിട്ടുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ ഹൃദ്യമായി പാരായണം ചെയ്യാന്‍ റുഫൈദക്ക് കഴിഞ്ഞിരുന്നു. എഴുത്തുകാരി കൂടിയായിരുന്നു ഇവര്‍. സമ്പന്നയായ റുഫൈദ ധര്‍മിഷ്ഠയും അഗതികളോട് അതീവ ദയ കാട്ടിയവളുമായിരുന്നു. ദൈവികമാര്‍ഗത്തിലെ പോരാളികള്‍ക്ക് പരിചരണം കൊണ്ട് സാന്ത്വനം പകര്‍ന്ന് മദീനയുടെ മാലാഖയായി ഈ സ്വഹാബി വനിത ചരിത്രത്തില്‍ ഇടം നേടി.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top