LoginRegister

നുസൈബ തിരുനബിയുടെ കാവല്‍ക്കാരി

വി എസ് എം കബീര്‍

Feed Back


ക്രിസ്തു വര്‍ഷം 621 ലെ ഹജ്ജ് തീര്‍ഥാടന കാലം. പ്രവാചകത്വത്തിന്റെ 13ാം വര്‍ഷമായിരുന്നു അത്. യസ്‌രിബില്‍നിന്ന് ഒരു വലിയ സംഘം ആ വര്‍ഷം കഅ്ബയുടെ നാട്ടിലെത്തി. അവരില്‍ ഖസ്‌റജുകാരും ഔസുകാരുമുണ്ട്. പുരുഷന്‍മാരും സ്ത്രീകളുമുണ്ട്. നൂറുകണക്കിന് പേരടങ്ങുന്ന ആ വലിയ സംഘം കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. ദുല്‍ഹജ്ജ് 12ന്റെ ആ രാവില്‍ ആരാധനകളില്‍ നിന്ന് വിരമിച്ച് അവര്‍ ഉറങ്ങാന്‍ കിടന്നു. രാവിന്റെ യാമങ്ങള്‍ പിന്നിടവെ അവരില്‍ ചിലര്‍ ഉറക്കംവിട്ട് എഴുന്നേറ്റു. ആരും ആരെയും തട്ടിവിളിച്ചില്ല, ഉണര്‍ത്തിയതുമില്ല. കാണാത്തവരെ പരതുകയോ കാത്തുനില്‍ക്കുകയോ ചെയ്തില്ല. ചിതറിക്കിടന്നുറങ്ങുകയായിരുന്ന സഹതീര്‍ഥാടകര്‍ക്കിടയിലൂടെ മണല്‍ക്കോഴികളെ പോലെ ഇഴഞ്ഞിഴഞ്ഞാണ് അവര്‍ നീങ്ങിയത്. ഒറ്റയായും ഇരട്ടയായും ഏറെദൂരം പിന്നിട്ട് പിന്നെപ്പിന്നെ അവര്‍ ഒരു ചെറിയ സംഘമായി മാറി. 62 ഖസ്‌റജുകാരും 11 ഔസുകാരും. പുറമെ ബനൂ നജ്ജാറിലെ കഅബിന്റെ പുത്രി നുസൈബയും ബനൂ സലമയിലെ അംറിന്റെ മകള്‍ അസ്മയും.
മുസ്അബില്‍ നിന്ന് ഇസ്‌ലാമിനെപ്പറ്റി അറിഞ്ഞവരാണ് ഇവരെല്ലാം. തിരുനബിയെ കാണണമെന്ന് അതിയായി ആശിച്ചിരുന്നവര്‍. 75 പേരടങ്ങുന്ന ആ കൂട്ടം അഖബയിലെ ഒരു അരുവിയുടെ കരയില്‍ സംഗമിച്ചു.
അല്പനേരത്തെ അവരുടെ കാത്തിരിപ്പിനൊടുവില്‍ മുന്‍ നിശ്ചയപ്രകാരമെന്നോണം രണ്ടു പേര്‍ കൂടി അവിടെയെത്തി. തിരുദൂതരും പിതൃവ്യന്‍ അബ്ബാസുബ്നു അബ്ദില്‍ മുത്തലിബും. ചരിത്രത്തിലെ സുപ്രധാനമായ ഒരു കരാറിന്റെ വേദിയാവുകയായിരുന്നു അവിടെ. തിരുനബിയെയും ആദര്‍ശത്തെയും തങ്ങള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചിരിക്കുന്നു എന്ന് പതിമൂന്നാംരാവിന്റെ ചാന്ദ്രശോഭയില്‍ കുളിച്ചുനില്‍ക്കുന്ന അഖബയുടെ ആകാശത്തെ സാക്ഷിയാക്കി യസ്‌രിബുകാര്‍ പ്രതിജ്ഞയെടുത്തത് അന്നാണ്.
അബ്ബാസാണ് ആദ്യം സംസാരിച്ചത്. ശേഷം തിരുനബി എഴുന്നേറ്റു. ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍ പാരായണംചെയ്തു. പിന്നെ സംസാരം തുടങ്ങി: ‘…നിങ്ങളെയും ഭാര്യമാരെയും മക്കളെയും നിങ്ങള്‍ സംരക്ഷിക്കുന്നത് എങ്ങനെയാണോ അതുപോലെ എന്നെയും ഈ ആദര്‍ശത്തെയും നിങ്ങള്‍ സംരക്ഷിക്കണം.’
അപ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു നിന്നു: ‘അല്ലാഹു സത്യം, ഞങ്ങളങ്ങനെ ചെയ്യും. എന്നാല്‍, താങ്കള്‍ക്ക് അല്ലാഹു വിജയം നല്‍കിയാല്‍ ഞങ്ങളെവിട്ട് നിങ്ങള്‍ നിങ്ങളുടെ ജനതയിലേക്ക് തന്നെ മടങ്ങുമോ?’
‘ഒരിക്കലുമില്ല. ഞാന്‍ നിങ്ങളുടെതും നിങ്ങള്‍ എന്റേതുമാണ്’- തിരുനബി ഉറപ്പുനല്‍കി.
ഒടുവില്‍ അവര്‍ ഒന്നുകൂടി ചോദിച്ചു: ‘ഈ ഉടമ്പടി പാലിച്ചാല്‍ ഞങ്ങള്‍ക്കെന്താണ് പകരമായി കിട്ടുക?’
‘അനശ്വരമായ സ്വര്‍ഗം’- നബിയുടെ മറുപടി.
‘എങ്കില്‍ ആ കൈകള്‍ നീട്ടിയാലും’ – അവര്‍ കൂട്ടത്തോടെ പറഞ്ഞു.
തിരുനബി കൈനീട്ടി. അവര്‍ ആ കരംപിടിച്ച് ഒരാള്‍ക്ക് പിറകെ മറ്റൊരാളായി 73 പേരും ബൈഅത്ത് ചെയ്തു. ഒടുവില്‍ രണ്ടു പേര്‍ മാത്രം ബാക്കിയായി; നുസൈബയും അസ്മയും. കൂട്ടത്തിലെ ഗസിയ്യത്തുബ്‌നു അംറ് ഇക്കാര്യം നബിയെ അറിയിച്ചു. ‘ദൂതരേ, ഞങ്ങളില്‍ രണ്ട് വനിതകളുമുണ്ട്. അവരും ബൈഅത്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നു.’
തിരുനബിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങളോട് ചെയ്ത അതേ ഉടമ്പടി ഞാന്‍ അവരോടും ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് ഞാന്‍ ഹസ്തദാനം ചെയ്യില്ല’.
പ്രിയദൂതരുടെ വാക്കുകള്‍ നുസൈബയെയും അസ്മയെയും സന്തോഷിപ്പിച്ചു. ആ കാഴ്ചയും ഉടമ്പടിയും ഹൃദയത്തില്‍ സൂക്ഷിച്ചാണ് അവര്‍ യസ്‌രിബിലേക്ക് മടങ്ങിയത്. കഅ്ബയെ സാക്ഷിയാക്കി നുസൈബ അന്ന് മനസ്സിലുറപ്പിച്ചതാണ്, ഇനിയുള്ള ജീവിതം ഇസ്ലാമിനും ദൈവദൂതനും വേണ്ടിയാണെന്ന്.
ഖസ്‌റജ് ഗോത്രത്തിലെ നജ്ജാര്‍ കുടുംബത്തില്‍ കഅ്ബുബ്‌നു അംറിന്റെയും റുബാബ് ബിന്‍ത് അബ്ദില്ലയുടെയും മകളായി മദീനയിലാണ് നുസൈബയുടെ ജനനം. ഉമ്മു ഉമാറ എന്നാണ് വിളിപ്പേര്. ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ തമ്മിലുള്ള പോരും പോരാട്ടവും കണ്ടുവളര്‍ന്നവളാണ്. കൗമാരമെത്തിയപ്പോഴേക്കും വിവാഹം നടന്നു. സൈദുബ്‌നു ആസ്വിമായിരുന്നു വരന്‍. ഈ ബന്ധത്തില്‍ മൂന്ന് ആണ്‍മക്കള്‍ പിറന്നു. ബന്ധം വേര്‍പ്പെട്ടതിന് ശേഷം ഗസിയ്യത്തുബ്‌നു അംറാണ് വിവാഹംചെയ്തത്. ഇതില്‍ ഒരു മകനും പിറന്നു.
പ്രവാചകത്വവും ഇസ്‌ലാമുമൊന്നും മദീനക്കാര്‍ക്ക് പരിചയമില്ലാത്ത കാലമായിരുന്നു അത്. തിരുനബിയുടെ ദൂതനായി മുസ്അബ് അവിടെ എത്തിയതോടെ സാഹചര്യം മാറിത്തുടങ്ങി. ഔസിലെയും ഖസ്‌റജിലെയും പ്രമുഖര്‍ മുസ്അബിന്റെ കൂടെക്കൂടി. ഖുര്‍ആന്‍ വചനങ്ങള്‍ അവരുടെ ആവേശമായി. ഇതറിഞ്ഞതോടെയാണ് നുസൈബയും മുസ്അബിനെ കേട്ടുതുടങ്ങിയത്. ദൈവിക സന്ദേശം ഹൃദയംകൊണ്ട് സ്വീകരിച്ച അവള്‍ക്ക് തിരുനബിയെ കാണണമെന്ന ആഗ്രഹം ജനിച്ചു. ഭര്‍ത്താവ് ഗസിയ്യയും അവളോടൊപ്പം നിന്നു. അങ്ങനെയാണ് അവര്‍ ഹജ്ജിന് പുറപ്പെടുന്നതും അഖബയില്‍ വെച്ച് തിരുനബിയെ കണ്ട് ബൈഅത്ത് ചെയ്യുന്നതും.
തൊട്ടടുത്ത വര്‍ഷം തിരുനബി മദീനയിലെത്തി. ഹിജ്‌റയുടെ ആ നാളുകളില്‍ മദീനക്കാരോടൊപ്പം നുസൈബയും കുടുംബവും ആഹ്‌ളാദങ്ങളില്‍ പങ്കുചേര്‍ന്നു.
ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവള്‍ ഇസ്‌ലാമിക പ്രബോധനവഴിയില്‍ സജീവമാവുകയും ചെയ്തു. നബി പത്‌നി ആയിശയുടെ അടുപ്പക്കാരിയുമായിരുന്നു നുസൈബ. നബിയുമായി പരിചയം നിലനിര്‍ത്താന്‍ ഇത് സഹായകമായി.
ഹിജ്‌റ മൂന്നം വര്‍ഷം സംഭവച്ച ഉഹ്ദ് യുദ്ധമാണ് നുസൈബയുടെ ജീവിതത്തിലെ പ്രധാന ഓര്‍മകളിലൊന്ന്. പോരാളികളുടെ പരിചാരികമാരിലൊരാളായി അവളും പടയണിയില്‍ ചേര്‍ന്നു. യോദ്ധാക്കള്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കുക, ആയുധങ്ങള്‍ എത്തിക്കുക, മുറിവേല്ക്കുന്നവരെ ശുശ്രൂഷിക്കുക തുടങ്ങിയ ജോലികള്‍ വനിതകളെയാണ് തിരുനബി ഏല്പിച്ചിരുന്നത്. ആയിശ, ഉമ്മുസുലൈം, റുഫൈദ എന്നിവരോടൊപ്പം നുസൈബയും ഈ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഉഹ്ദില്‍ മുസ്ലിംകള്‍ വിജയത്തോട് അടുക്കവെ പെട്ടെന്നാണ് പിന്നിലൂടെയുള്ള ശത്രുക്കളുടെ ആക്രമണമുണ്ടായത്. ഇതോടെ മുസ്ലിം നിര പതറി. യുദ്ധമുഖത്ത് നിന്ന് തിരിഞ്ഞോടിയ ശത്രുസൈനികര്‍ അവസരം മുതലാക്കാന്‍ തിരിച്ചുവരിക കൂടി ചെയ്തതോടെ ഉഹ്ദ് താഴ്‌വര ഉസ്സ, ഹുബാല്‍ വിളികളാല്‍ മുഖരിതമായി. ദ്വിമുഖ ആക്രമണത്തില്‍ പകച്ച മുസ്ലിം സൈനികരില്‍ ചിലര്‍ കളംവിട്ടോടാന്‍ തുടങ്ങി. യുദ്ധമുഖം തിരുനബി ഇരിക്കുന്ന കുന്നിനടുത്തേക്ക് നീങ്ങുകയാണ്. നബിയാണ് ഇപ്പോള്‍ ശത്രുക്കളുടെ ലക്ഷ്യം. അവരിലെ യുവസൈനികര്‍ ദൂതരെ തെരയുകയായിരുന്നു. സാഹചര്യം തീക്ഷ്ണമാണെന്ന് തിരിച്ചറിഞ്ഞ നുസൈബ വെള്ളപ്പാത്രം വലിച്ചെറിഞ്ഞ് പടച്ചട്ടയണിഞ്ഞു. മുഖം പൂര്‍ണമായും മൂടി അമ്പും വില്ലുകളും കൈയിലെടുത്ത് അവള്‍ തിരുനബിയുടെ മുന്നില്‍നിന്നു. മൂന്നു ഭാഗത്തുംനിന്ന് വരുന്ന ശരങ്ങളെ അവള്‍ തടഞ്ഞു. ഇതിനിടെ തിരിഞ്ഞോടുകയായിരുന്ന സൈനികനോട് അദ്ദേഹത്തിന്റെ പരിച നുസൈബക്ക് നല്‍കാന്‍ നബി വിളിച്ചുപറഞ്ഞു. നുസൈബയുടെ മകന്‍ അബ്ദുല്ലയോട് ഉമ്മയുടെ ഒപ്പമുണ്ടാവണമെന്നും നിര്‍ദേശിച്ചു.
നബിക്ക് നേരെയുണ്ടായ വധശ്രമങ്ങള്‍ തടയുന്നതിനിടെ പല സ്വഹാബിമാരും മരിച്ചുവീണു. ചിലര്‍ മാരകമായി മുറിവേറ്റു വീണു. എന്നാല്‍ നുസൈബ പൊരുതിനില്ക്കുകയായിരുന്നു. യുദ്ധം അവസാനിച്ചപ്പോള്‍ 13 മുറിവുകള്‍ അവളുടെ ശരീരത്തിലുണ്ടായിരുന്നു. വേദനയെ പുഞ്ചിരിയോടെ സ്വീകരിച്ച നുസൈബ, അഖബയില്‍ നബിയോട് ചെയ്ത കരാര്‍ പാലിക്കാന്‍ സാധിച്ചതിലുള്ള സംതൃപ്തിയിലായിരുന്നു. നുസൈബക്ക് ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ച നബി ഇടയ്ക്കിടെ അവരുടെ വിവരങ്ങള്‍ ആരായാന്‍ ആളെ അയക്കുകയും ചെയ്തു.
ബനൂ ഖുറൈള, ഖൈബര്‍ സേനകളിലെ ദൗത്യവും നുസൈബ ഭംഗിയായി നിര്‍വഹിച്ചു. ഹിജ്‌റ ആറില്‍, ഉംറയെന്ന ചിരകാല മോഹത്തോടെ 1500 അംഗ സംഘവുമായി തിരുനബി മക്കയിലേക്ക് പുറപ്പെട്ടു. ഭാര്യ ഉമ്മുസലമയെയാണ് ദൂതര്‍ കൂടെക്കൂട്ടിയത്. അവര്‍ക്ക് കൂട്ടായി നുസൈബയും ഉമ്മുമാനിഉമുണ്ടായിരുന്നു. ഈ യാത്രയിലാണ് പ്രസിദ്ധമായ റിദ്‌വാന്‍ പ്രതിജ്ഞയുണ്ടാവുന്നത്. ഇതില്‍ പങ്കെടുക്കാനുള്ള ഭാഗ്യവും ഇതുവഴി നുസൈബക്കുണ്ടായി.
ഹുദൈബിയ സന്ധിയിലും തൊട്ടടുത്ത വര്‍ഷമുണ്ടായ ഉംറ തീര്‍ഥാടനത്തിലും തിരുനബിയുടെ കൂടെ നുസൈബ പങ്കെടുത്തു. ഹുനൈന്‍ യുദ്ധഭൂമിയില്‍ സാന്നിധ്യമറിയിച്ച ഈ അന്‍സാരി വനിത അബൂബക്കര്‍ സിദ്ദീഖിന്റെ കാലത്തുണ്ടായ മതപരിത്യാഗികള്‍ക്കെതിരായ യുദ്ധത്തിലും വീറോടെ പോരാടി.
പ്രവാചകത്വവാദവുമായി സമൂഹത്തില്‍ ഭിന്നതയുണ്ടാക്കിയ മുസൈലിമ നുസൈബയുടെ മകന്‍ ഹുബൈബിന്റെ ഘാതകന്‍ കൂടിയായിരുന്നു. യമാമ യുദ്ധത്തില്‍ മകന്‍ അബ്ദുല്ലയോടൊപ്പം പ്രതികാരത്തിനിറങ്ങിയ ഇവര്‍ മുസൈലിമയെ തെരഞ്ഞു നടന്നു. ഒടുവില്‍ അബ്ദുല്ലയും വഹ്ശിയും ചേര്‍ന്നാണ് ആ കൃത്യം നിര്‍വഹിച്ചത്.
സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നബിയോട് ചോദിക്കുന്നതില്‍ നുസൈബ ഒരു മടിയും കാണിച്ചിരുന്നില്ല. ഒരിക്കല്‍ നബിയോട് നുസൈബ ഒരു പരാതി ഉന്നയിച്ചു: ‘തിരുദൂതരേ, എല്ലാ കാര്യങ്ങളിലും പുരുഷന്മാരെ മാത്രമേ കാണുന്നുള്ളൂ. സ്ത്രീകളെ കാണുന്നില്ല. ഒരിടത്തും വനിതകളെ പരാമര്‍ശിക്കുന്നു പോലുമില്ല’. കൂടെയുണ്ടായിരുന്ന പത്‌നി ഉമ്മുസലമയും നുസൈബയെ ശരിവെച്ചു. തിരുനബി ഇതുകേട്ട് പുഞ്ചിരിച്ചുനില്‍ക്കവെയാണ് സൂറ.അഹ്‌സാബിലെ 35ാം വചനമിറങ്ങിയത്.
പത്ത് കാര്യങ്ങളില്‍ മുസ്ലിം പുരുഷന്‍മാരെയും സ്ത്രീകളെയും പ്രത്യേകം എടുത്തുപറയുന്നതാണ് ഈ വചനം. പാപമുക്തിയിലും കര്‍മങ്ങള്‍ക്കുള്ള പ്രതിഫലത്തിലും ഇവര്‍ തുല്യരാണെന്നും വചനം പറയുന്നു.
യമാമ യുദ്ധത്തില്‍നിന്നേറ്റ മുറിവുകള്‍ നുസൈബയെ രോഗിയാക്കി. സ്വര്‍ഗത്തില്‍ നബിയോടൊപ്പമാവണേ എന്ന തേട്ടമായിരുന്നു മരണവേളയിലും നുസൈബയുടെ നാവില്‍. ഖലീഫ ഉമറിന്റെ ഭരണകാലത്ത്, ഹിജ്‌റ 13ലാണ് ഈ ധീരവനിതയുടെ വേര്‍പാട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top