LoginRegister

ക്ഷീരവിപ്ലവത്തില്‍ വഴിത്തിരിവിന്റെ ഗാഥകള്‍

ഹാറൂന്‍ കക്കാട്‌

Feed Back


അനുദിനം പുരോഗതിയുടെ പറുദീസയിലേക്ക് പറന്നുയരുകയാണ് ഖത്തര്‍. ഞങ്ങളുടെ ഖത്തര്‍ യാത്രയിലെ ആദ്യത്തെ ആഴ്ച വളരെയേറെ സന്തോഷത്തോടെ പിന്നിട്ടു. ഓരോ കേന്ദ്രങ്ങളിലെയും വിവിധ കാഴ്ചകള്‍ ആസ്വദിച്ചുകഴിയുമ്പോഴേക്കും അവശേഷിക്കുന്ന കാര്യങ്ങളെപ്പറ്റി ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചുകൊണ്ടിരുന്നു. അങ്ങനെ ഈ കൊച്ചു രാജ്യത്തെ ഓരോരോ തുരുത്തുകളില്‍ നിന്ന് പുതിയ വിസ്മയച്ചെപ്പുകള്‍ ഓരോ ദിവസവും തുറന്നുകൊണ്ടേയിരുന്നു.
എത്ര തിരക്കായിരുന്നാലും ബലദ്ന കാണാതെ പോവരുത് എന്ന് പല ബന്ധുമിത്രാദികളും പ്രത്യേകം ഉണര്‍ത്തിയിരുന്നു. ഖത്തറിലെ പ്രശസ്തമായ ഡയറി ഫാമാണ് ബലദ്‌ന. ധവളവിപ്ലവത്തിന്റെ കഥ പറയുന്ന വലിയ സംരംഭമാണിത്. ഒരു കൊച്ചു രാജ്യത്തിന്റെ വിസ്മയകരമായ അതിജീവന ചരിത്രമാണ് ഓരോ സഞ്ചാരിയോടും ബലദ്‌ന തുറന്നുപറയുന്നത്.
ധവള വിപ്ലവത്തിന്റെ
വഴിത്തിരിവ്

ബലദ്‌ന എന്ന അറബി പദത്തിന്റെ അര്‍ഥം ‘നമ്മുടെ രാജ്യം’ എന്നാണ്. ഖത്തറിന്റെ തലസ്ഥാന നഗരിയായ ദോഹയില്‍ നിന്ന് അല്‍ശമാല്‍ റോഡിലൂടെ 55 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ എക്സിറ്റ് 44 വഴി ഉമ്മുല്‍ ഹവയ എന്ന പ്രദേശത്ത് എത്താം. ഇവിടെയാണ് ലോകശ്രദ്ധ ആകര്‍ഷിച്ച ബലദ്ന ഫാം സ്ഥിതി ചെയ്യുന്നത്.
രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് വിവിധ ലോകരാഷ്ടങ്ങളില്‍ നിന്ന് പശുക്കളെ ഇറക്കുമതി ചെയ്ത് ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ബലദ്‌ന ഫാം ഖത്തരി ഉടമസ്ഥതയിലുള്ളതാണ്. ഉപരോധത്തെ തുടര്‍ന്ന് പാല്‍ക്ഷാമം തീര്‍ക്കാനായി ആസ്ത്രേലിയ, ജര്‍മനി, അമേരിക്ക, യൂറോപ്പ് തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് ഇവിടേക്ക് പശുക്കളെ ഇറക്കുമതി ചെയ്തത്. പശുക്കളെ കൊണ്ടുവരാന്‍ വേണ്ടി മാത്രം ഖത്തര്‍ എയര്‍വെയ്‌സ് വിവിധ രാഷ്ട്രങ്ങളിലേക്ക് പറന്നു. പിന്നീട് ലേകം ദര്‍ശിച്ചത് ക്ഷീരവിപ്ലവത്തില്‍ വഴിത്തിരിവിന്റെ ഗാഥകളാണ്. ബലദ്നയുടെ ലോഗോയിലെ മരം പോലെ ഈ സ്ഥാപനം വളരെ വേഗം വളര്‍ന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും തണലായി മാറി.
അല്‍ഖോറിന് സമീപത്തെ ഉമ്മുല്‍ ഹവയയില്‍ 24 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് രാജ്യത്തെ ഏറ്റവും വലിയ കന്നുകാലി ഫാമായ ബലദ്ന സ്ഥിതി ചെയ്യുന്നത്. പശുക്കളെ താമസിപ്പിക്കാനും കാലിത്തീറ്റ ഉല്‍പാദിപ്പിക്കാനും സൂക്ഷിക്കാനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമായാണ് ഇതില്‍ 18 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലം ഉപയോഗപ്പെടുത്തിയത്. 24,000 പശുക്കളെ അനുയോജ്യമായ അന്തരീക്ഷത്തില്‍ വളര്‍ത്താന്‍ ഫാമിന് ശേഷിയുണ്ട്. പാല്‍ ഉത്പന്നങ്ങള്‍ ഉന്നത ഗുണനിലവാരത്തില്‍ അന്താരാഷ്ട്ര മികവോടെ രാജ്യത്ത് ലഭ്യമാക്കുക എന്നതാണ് ബല്ദനയുടെ പ്രധാന ലക്ഷ്യം. വൈവിധ്യമാര്‍ന്ന പാല്‍, ചീസ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനം ഫാമില്‍ നടക്കുന്നുണ്ട്. പ്രകൃതിദത്ത ഉല്‍പന്നങ്ങള്‍ക്കാണ് പ്രാമുഖ്യം.
ഒരുമയോടെ
സ്വയംപര്യാപ്തതയിലേക്ക്


സ്വയംപര്യാപ്തതയ്ക്ക് ആവശ്യമായതെല്ലാം വേഗത്തില്‍ ചെയ്യുക എന്ന നയമാണ് ഖത്തറിന്റേത്. ബലദ്നയുടെ പരസ്യവാചകം ‘ടുഗെതര്‍, ടുവാര്‍ഡ് സെല്‍ഫ് സഫിഷ്യന്‍സി’ അഥവാ ‘സ്വയംപര്യാപ്തതയിലേക്ക് നമ്മളൊരുമിച്ച്’ എന്നാണ്.
തദ്ദേശീയമായി ആട്ടിറച്ചിയും ആട്ടിന്‍പാല്‍ ഉത്പന്നങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബലദ്ന ഫാം പ്രവര്‍ത്തനം ആരംഭിച്ചത്. ഫാം വികസിപ്പിക്കുമ്പോള്‍ പശുവിന്‍ പാല്‍ ഉത്പാദനവും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ ആടുകളിലായിരുന്നു ആദ്യ ശ്രദ്ധ. മുപ്പതിനായിരത്തിലേറെ ആടുകളെ പാര്‍പ്പിക്കാവുന്ന തരത്തിലുള്ള വിശാലമായ ഷെഡുകളും അനുബന്ധ സൗകര്യങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, 2017 ജൂണില്‍ രാജ്യത്തിനു മേല്‍ അപ്രതീക്ഷിതമായി ഉപരോധം വന്നതോടെ ബലദ്‌ന പുതിയ ചരിത്രത്തിന് വഴിമാറി. തുടര്‍ന്നു രാജ്യത്തെ പാല്‍ക്ഷാമം തീര്‍ക്കുന്നതിനു വേണ്ടി പശുക്കള്‍ക്കു കൂടി അതിവേഗം ഫാമില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
മികച്ച പ്രോട്ടീനും കൊഴുപ്പും അടങ്ങിയ, കാത്സ്യത്തിന്റെയും ഫോസ്ഫറസിന്റെയും സിങ്കിന്റെയും വൈറ്റമിന്‍ ബിയുടെയും ചേര്‍ച്ചകളുള്ള പാല്‍, അവാസി ആട്ടിന്‍പാലില്‍ നിന്നുള്ള മികച്ച വെണ്ണയും കട്ടിത്തൈരും തുടങ്ങി വിവിധ പോഷകങ്ങളുടെ കലവറയാണ് ഫാം. പാലും വെണ്ണയും തൈരും പാല്‍ക്കട്ടിയും നെയ്യും ഉള്‍പ്പെടെ മുപ്പതോളം ഉത്പന്നങ്ങളാണ് ബലദ്ന ഫാമില്‍ നിന്നു ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ എത്തുന്നത്.
അവാസികളുടെ
ഉത്പാദനകേന്ദ്രം

മികച്ചയിനം അവാസി ആടുകളുടെ ഉത്പാദനകേന്ദ്രം കൂടിയാണ് ബലദ്ന ഫാം. ഉയര്‍ന്ന അളവില്‍ പാലും മാംസവും അവാസി വിഭാഗത്തിലുള്ള ആടുകളില്‍ നിന്ന് ലഭിക്കും. മിഡില്‍ ഈസ്റ്റിലെ ഉയര്‍ന്ന താപനില തരണം ചെയ്യാനും വിവിധ രോഗങ്ങളെ പ്രതിരോധിക്കാനും കഴിവുള്ള ആടുവര്‍ഗമാണിത്. പാലും പാലുത്പന്നങ്ങളും പോലെ ബലദ്നയുടെ മാംസവും മാംസോല്‍പന്നങ്ങളും രുചികരവും ആരോഗ്യദായകവുമാണ്. വളര്‍ത്തുമൃഗങ്ങളുടെയും മാംസം ഉത്പാദിപ്പിക്കുന്ന മൃഗങ്ങളുടെയും ആരോഗ്യാവസ്ഥ പരിശോധിക്കാന്‍ വിപുലവും നൂതനവുമായ സംവിധാനങ്ങള്‍ ഫാമില്‍ ക്രമീകരിച്ചിട്ടുണ്ട്. രണ്ട് അറവുശാലകള്‍ ഉള്‍പ്പെടെയാണ് മാംസ സംസ്‌കരണ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ വന്‍കിട രീതിയില്‍ അറവും വിതരണവും അനുബന്ധ കാര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
കാലിത്തീറ്റ ഉത്പാദനത്തിലും ബലദ്ന സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. ആടുകളുടെയും പശുക്കളുടെയും വ്യത്യസ്ത തീറ്റകള്‍ ചേര്‍ത്ത് ആവശ്യമായ പോഷണത്തോടെ നിര്‍മിക്കുന്ന കാലിത്തീറ്റയുടെ വില്‍പനയുമുണ്ട്. ഫാമില്‍ നിന്നുള്ള ഏറ്റവും പുതിയ മാംസം ഉപഭോക്താക്കള്‍ക്ക് നേരിട്ട് വാങ്ങാം.
മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ മില്‍ക്ക് പാര്‍ലറും ബലദ്നയുടേതാണ്. ഉല്‍പന്നങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നിരവധി സ്ഥാപനങ്ങള്‍ ബലദ്ന നേരിട്ട് നടത്തുന്നുണ്ട്.
ബലദ്നയുടെ ആസ്ഥാനത്തുള്ള വില്‍പനകേന്ദ്രത്തിനു പുറമേ ഖത്തര്‍ നാഷണല്‍ മ്യൂസിയത്തിന് സമീപത്തെ ഓറിയന്റല്‍ പേള്‍ റസ്റ്റോറന്റിന് പിന്‍വശത്തെ കോര്‍ണിഷ്, പേള്‍ ഖത്തറിലെ മദീന സെന്‍ട്രലേ, മാള്‍ ഓഫ് ഖത്തര്‍ ഈസ്റ്റ് ഗേറ്റ്-3 എന്നിവിടങ്ങളിലും ബലദ്നയുടെ വിപണനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യവും വിനോദവും
മേളിക്കുന്ന കാഴ്ചകള്‍

ഓര്‍മയില്‍ എന്നും തങ്ങിനില്‍ക്കുന്ന അനുഭവങ്ങളും മനോഹരമായ കാഴ്ചകളുമാണ് ബലദ്‌നയില്‍ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നത്. പച്ചപ്പുല്‍ത്തകിടിയും ബോണ്‍സായ് മരങ്ങളും ഇരിപ്പിടങ്ങളുമുള്ള മനോഹരമായ ഭൂവിഭാഗം ഒരു ഭാഗത്ത്, അഡ്മിനിസ്ട്രേഷനും ഹോട്ടലുകളും ഉള്‍പ്പെടെയുള്ള കെട്ടിടം മറ്റൊരു ഭാഗത്ത്, നിറങ്ങളുടെ സൗന്ദര്യത്തില്‍ പഴമയുടെ പ്രൗഢിയോടെ നില്‍ക്കുന്ന പള്ളിയും സന്ദര്‍ശകഹാളും പ്രത്യേക ഏരിയയില്‍. പശുത്തൊഴുത്തുകള്‍ക്ക് മറ്റൊരിടം; അവയ്ക്കെല്ലാം പിറകില്‍ ആടുകള്‍ക്കും പശുക്കുട്ടികള്‍ക്കും കാലിത്തീറ്റ നിര്‍മാണത്തിനുമൊക്കെയായി വിശാലമായ വേറെയും പ്രത്യേക ഇടങ്ങള്‍.

രണ്ടാം നമ്പര്‍ ഗേറ്റിലൂടെ അകത്തു പ്രവേശിക്കുമ്പോള്‍ മനോഹരമായ പുല്‍ത്തകിടിയില്‍ വിവിധ വര്‍ണങ്ങളിലുള്ള പശുക്കളുടെ ശില്‍പങ്ങള്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യും. വിസിറ്റേഴ്സ് ബ്ലോക്ക് കെട്ടിടത്തിനകത്തെ ഗ്യാലറിയില്‍ പ്രവേശിച്ചാല്‍ പാല്‍ ചുരത്താനായി വൃത്തിയുള്ള പ്രതലത്തിലൂടെ കറങ്ങിനീങ്ങുന്ന ഹോള്‍സ്റ്റൈന്‍ പശുക്കളെ നേരിട്ട് കാണാം. ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ നൂറ് പശുക്കളുടെ പാലാണ് ഒരേസമയം കറന്നെടുക്കുന്നത്. ഓരോ നൂറ് പശുക്കളുടെയും ഊഴം തീരുന്നതിനനുസരിച്ച് അടുത്ത നൂറ് പശുക്കള്‍ പ്രതലത്തിലേക്ക് കയറും. വിസ്മയകരമായ ഈ സംവിധാനങ്ങള്‍ തൊട്ടടുത്ത് നിന്ന് സന്ദര്‍ശകര്‍ക്ക് എത്ര നേരം വേണമെങ്കിലും വീക്ഷിക്കാം.
ഏറ്റവും നവീനമായ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് പശുക്കളെ കറക്കുന്നത്. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട നിരവധി വിജ്ഞാനങ്ങള്‍ പകരുന്ന ഹൃദ്യമായ കാഴ്ചകളും സന്ദര്‍ശക ഗ്യാലറിയില്‍ ഒരുക്കിയിട്ടുണ്ട്. ക്ഷീരകൃഷി, പാല്‍ ഉല്‍പാദന രീതികള്‍, കന്നുകാലി മേഖലയുടെ ചരിത്രം തുടങ്ങിയവ വിശദമാക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനം സന്ദര്‍ശക ഗ്യാലറിയിലെ മികച്ച വൈജ്ഞാനിക വിരുന്നാണ്. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്.
ഖത്തറിലെങ്ങുമില്ലാത്ത വ്യത്യസ്തമായ സൗകര്യങ്ങളോടെയാണ് ബലദ്ന പാര്‍ക്ക് സജ്ജീകരിച്ചിരിക്കുന്നത്. നിരന്നുനില്‍ക്കുന്ന ഈന്തപ്പനകള്‍ക്കിടയിലൂടെയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന കവാടം. 35 റിയാലാണ് പ്രവേശന ഫീസ്. പാര്‍ക്കിനകത്ത് കളിപ്പൊയ്കയില്‍ സജ്ജീകരിച്ച സ്റ്റണ്ട് ബോട്ട് സവാരിയും പൊയ്കയ്ക്ക് മുകളിലൂടെയുള്ള ആര്‍ച്ച് രൂപത്തിലുള്ള മരപ്പാലവും ആകര്‍ഷണീയമാണ്.
തടാകത്തില്‍ അരയന്നങ്ങളും ഫ്ളയിങ് ഡക്കുകകളും ഉണ്ട്. കളിപ്പൊയ്കയില്‍ നീന്തിത്തുടിക്കുന്ന താറാവുകള്‍ക്കൊപ്പം കുഞ്ഞുബോട്ടില്‍ സ്വയം ഡ്രൈവ് ചെയ്ത് കുട്ടികള്‍ക്ക് യാത്ര ചെയ്യാം. പാര്‍ക്കില്‍ പലതരം മൃഗങ്ങളെയും പക്ഷികളെയുമെല്ലാം അടുത്തു കാണാനാവും. ലാമ, പോണി, കംഗാരു എന്നിങ്ങനെ പലതരം മൃഗങ്ങള്‍ കുട്ടികളെ ആകര്‍ഷിക്കുന്നു. കുഞ്ഞുകുതിരകളില്‍ കുട്ടികള്‍ക്ക് സവാരി ചെയ്യാം. ഫാമിനോട് ചേര്‍ന്ന് സ്ലൈഡും ഊഞ്ഞാലുമായി കുട്ടികള്‍ക്കുള്ള പ്രത്യേക കളിസ്ഥലവും പൂന്തോട്ടവുമുണ്ട്.
അഡ്വഞ്ചര്‍ പാര്‍ക്കില്‍ റോപ്പിലൂടെ തൂങ്ങിയാടി പല വ്യത്യസ്ത രീതികളില്‍ സാഹസിക വിനോദങ്ങള്‍ നടത്താനും സാധിക്കും. രണ്ട് മുതല്‍ ആറ് പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന സൈക്കിളില്‍ പുഷ്പോദ്യാനത്തിനകത്തേക്ക് പോകാം. പല നിറങ്ങളിലുള്ള ബോഗണ്‍വില്ലകളും മറ്റു പൂച്ചെടികളും ബോണ്‍സായി മരങ്ങളുമെല്ലാം പരിചരിക്കപ്പെടുന്ന നഴ്സറിയും ഏറെ ആകര്‍ഷണീയമാണ്. കുട്ടികള്‍ക്ക് സാഹസിക വിനോദങ്ങള്‍ക്ക് ഇവിടെ എമ്പാടും സൗകര്യങ്ങളുണ്ട്. ഫാമിനകത്ത് രണ്ട് മനോഹരമായ പള്ളികളും ഏതാനും ഹോട്ടലുകളും കഫ്റ്റീരിയകളും ഉണ്ട്.
മെയ്ഡ് ഇന്‍ ഖത്തര്‍
വിവിധ മേഖലകളില്‍ ദേശത്തെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ‘മെയ്ഡ് ഇന്‍ ഖത്തര്‍’ എന്ന പേരില്‍ വിപുലമായ പ്രദര്‍ശനം രാജ്യത്ത് സംഘടിപ്പിക്കാറുണ്ട്. ഭക്ഷ്യോല്‍പാദന യൂനിറ്റുകള്‍ ഉള്‍പ്പെടെ മൂന്നൂറിലധികം കമ്പനികള്‍ ഈ പ്രദര്‍ശനത്തില്‍ പങ്കെടുത്തുവരുന്നു. ഖത്തര്‍ ചേംബറും രാജ്യത്തെ പ്രമുഖ ബാങ്കുകളും ഉള്‍പ്പെടെ വ്യവസായ-വാണിജ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വ്യാപാര-വ്യവസായ സംഗമം കൂടിയാണ് വിപുലമായ ഏരിയയില്‍ സംഘടിപ്പിക്കുന്ന ഇത്തരം മേളകള്‍. ഇന്ത്യന്‍ എംബസിക്കു കീഴിലെ ഐബിപിസി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുടെ എംബസി സ്റ്റാളുകള്‍ മേളക്ക് നിറം പകരുന്ന ഘടകമാണ്.
ഫാമില്‍ ഉത്പാദിപ്പിക്കുന്ന രുചികരമായ പാല്‍, പോഷകസമൃദ്ധമായ പാല്‍ക്കട്ടി, മാംസം എന്നിവ ഉപയോഗിച്ചുള്ള ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ബലദ്നയുടെ റസ്റ്റോറന്റും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഫാമിന്റെ പ്രമേയത്തോട് കിടപിടിക്കുന്ന രീതിയിലാണ് റസ്റ്റോറന്റിന്റെ സംവിധാനം. തൂങ്ങിക്കിടക്കുന്ന വിളക്കിന്റെ മാതൃകയില്‍ നിര്‍മിച്ച പാല്‍ കന്നാസ്, പാല്‍ കൊണ്ടുവരുന്ന താങ്ങുവണ്ടി തുടങ്ങിയവ സന്ദര്‍ശകരെ ആകര്‍ഷിക്കും. പാല്‍, തൈര്, മോര്, അറബി നെയ്യ് തുടങ്ങി ബലദ്നയുടെ നിരവധി ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച ഗാലറിയുമെല്ലാം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഒരു സമൂഹത്തിന്റെ സംസ്‌കാരം, ആരോഗ്യം, വിദ്യാഭ്യാസം, കാര്‍ഷികം, വിനോദം തുടങ്ങി സുപ്രധാനമായ വിവിധ മേഖലകളെ ഒരൊറ്റ മാലയില്‍ കോര്‍ത്തിണക്കിയാണ് ബലദ്‌ന എന്ന വിസ്മയകേന്ദ്രം സംവിധാനിച്ചിരിക്കുന്നത്. ഖത്തര്‍ യാത്രയില്‍ ഓരോ സന്ദര്‍ശകനും അനുഭവിച്ചറിയേണ്ടതു തന്നെയാണിത്. കൂട്ടുകാരോടൊത്തും കുടുംബാംഗങ്ങളോടൊത്തും നിരവധി സന്ദര്‍ശകര്‍ ഓരോ ദിവസവും ബലദ്‌നയില്‍ എത്തുന്നുണ്ട്.
ബല്ദനയുടെ വ്യത്യസ്ത വിഭവങ്ങളുടെ രുചിയറിയാനും ഇഷ്ടപ്പെട്ടത് വാങ്ങാനുമുള്ള സന്ദര്‍ശകരുടെ തിരക്കുകള്‍ വിവിധ കൗണ്ടറുകളില്‍ ദൃശ്യമായിരുന്നു. ലബന്‍, കസ്റ്റാര്‍ഡ് തുടങ്ങിയ ബലദ്‌നയുടെ ഏതാനും ഉല്‍പന്നങ്ങള്‍ വാങ്ങിയാണ് ഞങ്ങള്‍ ഫാമില്‍ നിന്ന് സന്തോഷത്തോടെ മടങ്ങിയത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top