LoginRegister

അസ്മാഅ് പ്രിയപ്പെട്ടവരുടെ പങ്കാളി

വി എസ് എം കബീര്‍

Feed Back


ഗസ്സാനികളുടെ അഹങ്കാരം അടക്കാനാണ് 3000 പേരടങ്ങുന്ന സൈന്യത്തെ ദൂതര്‍ മുഅ്തയിലേക്ക് അയച്ചത്. എന്നാല്‍ സീസറിന്റെയും വേറെ ചില ഗോത്രങ്ങളുടെയും പിന്തുണയില്‍ ഒരു ലക്ഷം പേരടങ്ങുന്ന സേനയുമായാണ് ഗസ്സാനികള്‍ എത്തിയിരിക്കുന്നത്. ഈ സന്ദിഗ്ധവേളയിലും പിന്മാറാന്‍ തയ്യാറായില്ല മുസ്ലിം സൈന്യം. സൈദുബ്‌നു ഹാരിസയെ നായകനായും ജഅ്ഫറിനെയും അബ്ദുല്ലാഹിബ്‌നു റവാഹയെയും ഉപനായകരായും നിശ്ചയിച്ചാണ് നബി അവരെ യാത്രയാക്കിയത്. അതുകൊണ്ടുതന്നെ ഒന്നുകില്‍ വിജയം അല്ലെങ്കില്‍ രക്തസാക്ഷിത്വം എന്നതായിരുന്നു അവരുടെ തീരുമാനം.
മുഅ്തയില്‍ നിന്നുള്ള വിവരങ്ങള്‍ വഹ്‌യിലൂടെയാണ് നബിക്ക് ലഭിച്ചുകൊണ്ടിരുന്നത്. യുദ്ധം തുടങ്ങി അധികം വൈകാതെ നായകന്‍ സെയ്ദും പിന്നാലെ നായകത്വം ഏറ്റെടുത്ത ജഅ്ഫറും തുടര്‍ന്ന് അബ്ദുല്ലയും രക്തസാക്ഷികളായത് തിരുനബി അറിഞ്ഞു. അദ്ദേഹം വല്ലാതെ അസ്വസ്ഥനായി. നമസ്‌കാരം കഴിഞ്ഞ് ഏറെനേരം അവിടെത്തന്നെ ഇരിക്കാറുള്ള നബി അന്ന് പക്ഷേ പെട്ടെന്ന് എഴുന്നേറ്റു. നേരെ ജഅ്ഫറിന്റെ വീട്ടിലേക്കാണ് പോയത്. അസ്മാഇനെ വിളിച്ചു. ചപ്പാത്തിക്ക് മാവ് കുഴക്കുകയായിരുന്ന അസ്മാഅ് തിടുക്കത്തില്‍ പുറത്തുവന്നു:
”മക്കളെവിടെയാണ്? അവരെ വിളിക്കൂ.”
ഇതു പറയുമ്പോള്‍ നബിയുടെ മുഖത്തെ വിഷാദഭാവം അസ്മാഅ് ശ്രദ്ധിച്ചു. മക്കളായ അബ്ദുല്ല, മുഹമ്മദ്, ഔന്‍ എന്നിവര്‍ നബിയുടെ ശബ്ദം കേട്ട് അപ്പോഴേക്കും ഓടിയെത്തിയിരുന്നു. അവര്‍ ദൂതരെ പൊതിഞ്ഞു. മടിയില്‍ കയറിയിരുന്നും താടിരോമങ്ങളില്‍ തഴുകിയും അവര്‍ സന്തോഷം പ്രകടിപ്പിച്ചു. അവരെ മൂവരെയും ചേര്‍ത്തുപിടിച്ച് തുരുതുരെ മുത്തങ്ങള്‍ നല്‍കുമ്പോള്‍ നബിയുടെ കണ്ണുകള്‍ നനയുന്നത് അസ്മാഅ് കണ്ടു. അവള്‍ ചോദിച്ചു: ”നബിയേ, വിവരങ്ങള്‍ വല്ലതും വന്നോ? എന്താ നിങ്ങള്‍ക്ക് ഒരു വല്ലായ്മ? കരയുന്നുമുണ്ടല്ലോ?”
”അതേ അസ്മാ. ക്ഷമിക്കുക, ജഅ്ഫറും കൂട്ടുകാരും നമ്മെ വിട്ടുപോയി…”
അസ്മാഇന്റെ തേങ്ങലുയരുന്നത് നബി കേട്ടു. അവളെ സമാധാനിപ്പിക്കാനും അവര്‍ക്ക് ഭക്ഷണമൊരുക്കാനും ചിലരെ ചുമതലപ്പെടുത്തി നബി വീട്ടിലേക്ക് മടങ്ങി.
അടുത്ത ദിവസം രാവിലെ വീണ്ടും നബി ആ വീട്ടിലെത്തി. സങ്കടവതിയായിരിക്കുന്ന അസ്മാഇനെ സാന്ത്വനിപ്പിച്ച് ദൂതര്‍ പറഞ്ഞു: ”അസ്മാ, ചുവന്ന ചിറകുകളോടെ ജഅ്ഫര്‍ സ്വര്‍ഗത്തില്‍ പറന്നുനടക്കുന്നത് ഞാന്‍ കണ്ടു. നീ സമാധാനിക്കുക.”
നീണ്ട 13 വര്‍ഷത്തെ എത്യോപ്യന്‍ വാസത്തിനു ശേഷം മദീനയിലെത്തി ഉറ്റവരോടൊപ്പം ജീവിതം തുടങ്ങിയതാണ് അസ്മാഉം ജഅ്ഫറും. പക്ഷേ ഒരു വര്‍ഷം കഴിയും മുമ്പാണ് പ്രിയതമന്റെ ഈ വേര്‍പാട്. മക്കളെ ചേര്‍ത്തുപിടിച്ച് അവള്‍ തേങ്ങി. സങ്കടമമര്‍ത്തി നബി പള്ളിയിലേക്ക് നടന്നു.
തിരുനബിയുടെ ഇഷ്ടഭാജനങ്ങളായ ജഅ്ഫറിന്റെയും അലിയുടെയും ആത്മസുഹൃത്ത് അബൂബക്കറിന്റെയും ജീവിതസഖി, വിശ്വാസികളുടെ ഉമ്മമാരായ സൈനബിന്റെയും മൈമൂനയുടെയും അര്‍ധസഹോദരി, കൗമാരത്തിന്റെ തുടക്കത്തില്‍ തന്നെ ഇസ്‌ലാം പുണരുകയും എത്യോപ്യയിലേക്ക് പലായനം നടത്തുകയും ചെയ്ത ആദര്‍ശവതി- ഇങ്ങനെ നിരവധി പദവികളാല്‍ ചരിത്രത്തില്‍ തിളങ്ങിനില്‍ക്കുന്നവളാണ് ഉമൈസിന്റെ പുത്രി അസ്മാഅ്.
തിരുനബി ദാറുല്‍ അര്‍ഖം കേന്ദ്രമാക്കി പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാലം. ഒരു നാള്‍ സഹോദരി സല്‍മയോടൊപ്പം അസ്മാഅ് അവിടെ കയറിച്ചെന്നു. അന്ന് അവള്‍ക്ക് 16 വയസ്സ്. അടുത്ത കൂട്ടുകാരില്‍ നിന്ന് കേട്ടറിഞ്ഞ ദൈവിക മതത്തിന്റെ പാഠങ്ങള്‍ അവളുടെ കൗമാരമനസ്സില്‍ ഇടം നേടിയിരുന്നു. അങ്ങനെയാണ് തിരുനബിയെ നേരില്‍ കണ്ട് സാക്ഷ്യവാക്യം ചൊല്ലാന്‍ അവള്‍ ഉറച്ചത്. സഹോദരി സല്‍മയെയും അവള്‍ കൂടെ കൂട്ടുകയും ചെയ്തു. ഖത്മ് ഗോത്രത്തിലെ ഉമൈസുബ്‌നു മആദിന്റെയും ഹിന്ദ് ബിന്‍ത് ഔഫിന്റെയും മൂന്ന് മക്കളില്‍ ഇളയവളായി ക്രി.വ. 598 ല്‍ മക്കയിലാണ് ജനനം. റബീഇബ്‌നു റിആബാണ് അസ്മാഇനെ ആദ്യം വിവാഹം കഴിച്ചത്. എന്നാല്‍ ഈ ദാമ്പത്യം അധികകാലം നീണ്ടുനിന്നില്ല. റബീഅ് മരിച്ചു. വിധവയായ അസ്മാഇനെ തേടി വൈകാതെ ഒരു സൗഭാഗ്യം വന്നെത്തി. ഖുറൈശി കുലത്തിലെ ഹാശിം കുടുംബത്തില്‍ നിന്നായിരുന്നു ആ അന്വേഷണം. അബൂത്വാലിബിന്റെ മകന്‍ ജഅ്ഫര്‍.
സ്വഭാവം കൊണ്ടും സൗന്ദര്യം കൊണ്ടും സമ്പന്നനായ യുവാവ്. അതീവ ധര്‍മിഷ്ഠന്‍. സ്വരഗാംഭീര്യം കൊണ്ട് ആരെയും ആകര്‍ഷിക്കാനും ജഅ്ഫറിന് കഴിഞ്ഞിരുന്നു. അബിസീനിയന്‍ ചക്രവര്‍ത്തി നേഗസിന്റെ രാജസദസ്സില്‍ ജഅ്ഫര്‍ നടത്തിയ പ്രഭാഷണം ചരിത്രത്തിലെ ആവേശമായി ഇന്നും പ്രതിധ്വനിക്കുന്നുണ്ട്. തിരുനബി ഒരിക്കല്‍ അദ്ദേഹത്തോട് തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”കാഴ്ചയിലും സ്വഭാവത്തിലും ജഅ്ഫര്‍, നീ എന്നെ പോലെയാണ്.”
മറ്റൊരു വേളയില്‍ ദൂതന്‍ പറഞ്ഞതിങ്ങനെ: ”ജഅ്ഫര്‍, നീ സ്വര്‍ഗത്തിലെ പക്ഷിയാണ്.”
അസ്മാഅ് ജഅ്ഫറിന്റെ ഇണയായി. ജഅ്ഫറിനോടുള്ള നബിയുടെ ഇഷ്ടവും വാത്സല്യവും അസ്മാഇനും ലഭിച്ചു. ഖദീജയുടെയും ഇഷ്ടക്കാരിയായി അവള്‍.
അധികകാലം കഴിഞ്ഞില്ല. പരസ്യപ്രബോധനം തുടങ്ങിയ നബിയെ തളര്‍ത്താന്‍ ഖുറൈശികള്‍ കടുത്ത വഴി സ്വീകരിച്ചു. ഹാശിം, മുത്തലിബ് കുടുംബങ്ങളെ ബഹിഷ്‌കരിക്കുക. ബഹിഷ്‌കരണം നേരിടാന്‍ നബി ഉറച്ചു. എന്നാല്‍ പലരോടും ഹിജ്‌റ പോകാനാണ് ദൂതര്‍ നിര്‍ദേശിച്ചത്. അങ്ങനെയാണ് ഭാര്യയുമൊന്നിച്ച് ജഅ്ഫര്‍ എത്യോപ്യയിലേക്ക് ഹിജ്‌റ പോകുന്നത്. അവിടെ ഇരുവരും സന്തുഷ്ട കുടുംബജീവിതം തുടങ്ങി. നജ്ജാശി അവര്‍ക്ക് സംരക്ഷണവും നല്‍കി. മക്കളായ അബ്ദുല്ലയും മുഹമ്മദും ഔനും പിറന്നതും അവിടെ വെച്ചാണ്.

ഇതിനിടെ നബിയും കൂട്ടരും മദീനയണഞ്ഞു. ബദ്‌റും ഉഹ്ദും ഖന്‍ദഖും കഴിഞ്ഞു. ഇവയിലൊന്നും പങ്കെടുക്കാന്‍ കഴിയാത്തത് സങ്കടമായി കൊണ്ടുനടക്കുകയാണ് ജഅ്ഫര്‍. ഒടുവില്‍ ഹിജ്‌റ ഏഴില്‍ അവര്‍ മദീനയിലേക്ക് മടങ്ങി. തിരുനബി ജീവിതത്തില്‍ ഏറ്റവുമേറെ ആഹ്ലാദിച്ച വേളകളില്‍ ഒന്ന് ജഅ്ഫറിന്റെയും അസ്മാഇന്റെയും ഈ മടങ്ങിവരവാണ്. അവരുടെ മൂന്നു മക്കളെയും ദൂതന്‍ വളരെയേറെ ഇഷ്ടപ്പെടുകയും ചെയ്തു.
ഒരു വര്‍ഷം കടന്നുപോയി. മുഅ്ത പടനീക്കത്തിനുള്ള ഒരുക്കത്തിലാണ് നബി. അതില്‍ അണിചേരണമെന്ന് ജഅ്ഫര്‍ ആദ്യമേ നബിയോട് പറഞ്ഞു. ദൂതന്‍ അത് അംഗീകരിച്ചു. പ്രിയതമയോടും മക്കളോടും യാത്ര പറഞ്ഞിറങ്ങിയതാണ് ജഅ്ഫര്‍. പിന്നീട് കേട്ടത് മരണവാര്‍ത്തയാണ്.
വിധവയായ അസ്മയും മക്കളും നബിയുടെ സങ്കടമായി. ജഅ്ഫറിന്റെ മക്കളോട് കൂട്ടുകൂടാന്‍ പലപ്പോഴും നബി സമയം കണ്ടെത്തിയിരുന്നു. അധികം കഴിയും മുമ്പ് അസ്മാഇന് ഭര്‍ത്താവിനെയും കണ്ടെത്തി തിരുനബി, ആത്മസുഹൃത്ത് അബൂബക്കറിനെ. മക്കളെയും അസ്മാഇനെയും മരണം വരെ ചേര്‍ത്തുപിടിച്ചു സിദ്ദീഖ്. ഈ ബന്ധത്തിലും അവര്‍ക്കൊരു കുഞ്ഞ് പിറന്നു, മുഹമ്മദ്.
സിദ്ദീഖും യാത്രയായി. യൗവനം വിട്ടുമാറാത്ത അസ്മാഅ് നാലു മക്കളെയും നോക്കി ജീവിതം നയിക്കവെ മറ്റൊരു ഭാഗ്യം കൂടി അവളെ തേടിയെത്തി. ജഅ്ഫറിന്റെ ഇളയ സഹോദരന്‍ കൂടിയായ അലിയുടെ ഭാര്യാപദവി. വര്‍ഷങ്ങളോളം നീണ്ട ഈ ദാമ്പത്യത്തിലും അസ്മാഇന് രണ്ട് ആണ്‍മക്കള്‍ പിറന്നു. യഹ്‌യയും ഔനും.
അലിയുടെ വിയോഗത്തോടെ നാലാമതും വൈധവ്യം അനുഭവിച്ച ഈ മഹതി ക്രി.വ. 658ല്‍ ദമസ്‌കസില്‍ വെച്ചാണ് മരിച്ചത്. അപ്പോള്‍ അവര്‍ക്ക് പ്രായം 60 ആയിരുന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top