LoginRegister

ഡോ. മുഹ്സിന കെ ഇസ്മായിൽ; വര: മറിയംബീവി പുറത്തീൽ

Feed Back


“ഒരു രക്ഷയുമില്ല. ഡെഡ് എൻഡ്. നിനക്ക് വല്ലതും കിട്ടിയോ” എന്നു ചോദിച്ചു നടാഷ ഓടിവന്നപ്പോഴേക്കും യൽദ നിലത്തു വീണുകഴിഞ്ഞിരുന്നു. യൽദയുടെ തല മടിയിൽ ഉയർത്തിവെച്ച് തുറന്ന കണ്ണുകളിലെ നിശ്ചലമായ കൃഷ്ണമണിയിലേക്ക് നോക്കിയപ്പോൾ നടാഷ പരിഭ്രാന്തയായി. നടാഷ ൈകയിൽ പിടിച്ചിരുന്ന പേപ്പറുകളും ഫോട്ടോയും നിലത്തു ചിന്നിച്ചിതറി അന്ധാളിപ്പ് വിട്ടുമാറാതെ യൽദയെ നോക്കുമ്പോഴും അവളെ സഹായിക്കാൻ ഡോക്ടർമാരുടെ സഹായം തേടേണ്ടിവരുമോ എന്ന് നടാഷ ആശങ്കപ്പെട്ടു. അടുത്ത നിമിഷം സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണരുന്നതുപോലെ യൽദ കണ്ണുമിഴിച്ചു നടാഷയെ നോക്കി എഴുന്നേൽക്കാൻ ശ്രമിച്ചു. താൻ നിലത്തിരിക്കുന്നതു കണ്ട് അവിശ്വസനീയതയോടെ യൽദ കൈ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ യൽദയുടെ കൈ താങ്ങി നടാഷ “ടീ, പെട്ടെന്നെഴുന്നേൽക്കല്ലേ, പതുക്കെ ആ ചെയറിലേക്കിരുന്നോ” എന്നു പറഞ്ഞു. നേരത്തെ പ്ലേ ഏരിയയുടെ മേൽനോട്ടം വഹിച്ചിരുന്ന യോയോ പയ്യൻ ഓടിവന്നു യൽദയ്ക്ക് ഒരു കുപ്പി വെള്ളം കൊടുത്തു. വെള്ളം കുടിച്ചതിനു ശേഷമെഴുന്നേറ്റു പ്ലേ ഏരിയയുടെ അടുത്തുള്ള കസേരയിലിരിക്കുമ്പോഴേക്കും ആട്ടം കഴിഞ്ഞ പൂരപ്പറമ്പ് പോലെ എല്ലാം പഴയ സ്ഥിതിയായിക്കഴിഞ്ഞിരുന്നു.
“പെട്ടെന്നെന്തു പറ്റി?”
“അറിയില്ല. വല്ലാതെ ക്ഷീണമുള്ള ചില ദിവസങ്ങളിൽ എനിക്ക് ഇങ്ങനെയുണ്ടാകാറുണ്ട്. ഞാൻ ഫോണിൽ സംസാരിച്ചതും അയാളുടെ മുഖം കണ്ടതും മാത്രേ ഓർമയുള്ളൂ… പിന്നെ നോക്കുമ്പോ നിലത്തിരിക്ക്യാ.”
“ഞാൻ വന്നപ്പോ നീ എന്തോ സുഖമില്ലെന്നു പറയുന്നതുപോലെ തോന്നി. ഞാൻ ഓടിവന്നു പിടിച്ചതാ. ശരിക്ക് പിടിക്കാൻ പറ്റിയില്ല. അതിനു മുമ്പ് വീണു.” നടാഷ തന്റെ ൈകയിലുള്ള യൽദയുടെ ഫോൺ തിരിച്ചുകൊടുക്കുന്നതിനിടയിൽ പറഞ്ഞു.
“ഞാനിതു നിന്റെ ൈകയീന്നു വാങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിലിപ്പോ നിലത്തു വീണ്‌ പൊട്ടിയേനേ.”
യൽദ ഫോൺ തിരിച്ച് വാങ്ങി ഓൺ ബട്ടൺ അമർത്തി.
“എന്താ? എങ്ങനെയാ നിലത്തു വീണത്?” സംഭവം കണ്ടോടിവന്ന നിത്യ അന്വേഷിച്ചു.
“ഒന്ന് തല ചുറ്റിയതാണ്” -യൽദ എന്തോ ആലോചിക്കുന്നതിനിടയിൽ പറഞ്ഞു.
“അല്ല, എനിക്ക് വല്ലാതെ മെന്റല്ലി ഡ്രെയിൻഡ് ആയതുപോലെ തോന്നി. ഞാൻ…ഞാനയാളെ കണ്ടതുപോലെ. അയാൾ തന്നെയാണെന്ന് തോന്നുന്നു. അതെ, ആ ശബ്ദം എന്തായാലും അയാളുടേതു തന്നെ. ഞാനെത്ര പ്രാവശ്യം ആവർത്തിച്ചു കേട്ടതാണ്.”
“ആര്? ആരെക്കുറിച്ചാ നീ പറയുന്നേ?” നടാഷ അങ്കലാപ്പോടെ ചോദിച്ചു.
“നമ്മളിങ്ങനെ ഒരുമിച്ചുനിന്നാ ശരിയാകില്ല. നീ അങ്ങോട്ടുതന്നെ പൊയ്ക്കോ. ഇത് ഞാൻ മാനേജ് ചെയ്തോളാം. വീണതിന്റെ എന്തോ ഒരു കൺഫ്യൂഷനാണ്”- യൽദയുടെ തോളിൽ കൈ വെച്ച് ആശ്വസിപ്പിക്കുന്നതിനിടയിൽ നടാഷ നിത്യയോട് പറഞ്ഞു.
“ആരെക്കുറിച്ചാ നീ പറയുന്നത്? നീയൊന്നു റിലാക്സ് ചെയ്യ്. ബാക്കിയൊക്കെ നമുക്ക് പിന്നെ ആലോചിക്കാം. നിനക്കിപ്പോ കുറച്ചു റെസ്റ്റാണ് ആവശ്യം.” നടാഷ ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.
“വാഷ് റൂം എവിടെയാ?”
റിസപ്ഷനിൽ തങ്ങളെത്തന്നെ നോക്കിനിന്നിരുന്ന ചുരിദാറുകാരിയോട് ചോദിക്കുന്നതിനിടയിൽ നടാഷ പല്ലുകൾക്കിടയിലൂടെ വളരെ പതുക്കെ കൂട്ടിച്ചേർത്തു:
“ഇവിടത്തെ വാഷ്റൂമിനടുത്താണ് ഫീഡിങ് റൂം. അവിടെ നല്ല സോഫയുണ്ട്. നീയവിടെപ്പോയി…”
“അല്ല, ഞാൻ പറയുന്നത് കേൾക്ക്. അത് ഇംപോർട്ടന്റാണ്” എന്ന് യൽദ തറപ്പിച്ചു പറഞ്ഞു.
വിടർന്ന കണ്ണുകളോടെ നടാഷ യൽദയെ നോക്കി.
“എന്നെ ലൈവ് പ്രോഗ്രാമിന് വിളിച്ചില്ലേ? നിന്നേം വിളിച്ചില്ലേ ഇപ്പോ അടുത്ത്? എന്തോ പശ്ചാത്തപിക്കുന്നു എന്നൊക്കെപ്പറഞ്ഞു? അയാളൊരു ഫ്രോഡാണ്. അയാളുണ്ട് നമ്മുടെ ഹയയുടെ ക്യാമ്പിൽ എന്തൊക്കെയോ ഇന്നോവേറ്റീവ് മാജിക്കെല്ലാം ചെയ്യുന്നു. ഞാനയാളെക്കുറിച്ചാ പറഞ്ഞത്.”
“അയാളത്ര പ്രശ്നക്കാരനാണോ? എന്റെ അസസ്‌മെന്റിൽ അയാൾ ഇന്നസെന്റായിട്ടാ തോന്നിയത്. എല്ലാമൊരു കോഇൻസിഡൻസായിരിക്കും.”
“ഫുൾ ആക്ടിംഗാണ്. റിഗ്രെറ്റ് ചെയ്യുന്നു എന്ന് പറയുന്നതിനർഥം വലിയ തെറ്റെന്തോ ചെയ്തിട്ടുണ്ടെന്നല്ലേ? എനിക്കൊട്ടും വിശ്വാസമില്ല”- യൽദ ആലോചനയിൽ മുഴുകി.
“അല്ല, ഹീ ഈസ് അപ് റ്റു സംതിങ്. യെസ്, ഐ ആം റൈറ്റ്…” യൽദ ഫോൺ കൈയിലെടുത്തു, “ഐ ഷുഡ് സ്റ്റോപ്പ്‌ ഇറ്റ്.”
“ഉമ്മാ, ഒരാളില്ലേ, നേരത്തെ കണ്ട? എന്തോ മാജിക്കൊക്കെ കാണിക്കുന്ന? അയാൾ ഡെയ്ഞ്ചറസാണ്. അയാൾ… അയാളൊരു ക്രിമിനലാണ്. അയാൾടെ അടുത്ത് പോണ്ട. ഞാൻ അങ്ങോട്ട്‌ വരുന്നുണ്ട്. മക്കളെ കൂടുതൽ ശ്രദ്ധിച്ചോണം.”
“അയാളൊരു പാവമാണെന്നു തോന്നുന്നു. എന്താ പെട്ടെന്ന് ? നീ കാര്യം പറ”- ഉമ്മയുടെ ശബ്ദത്തിൽ ആധി നിറഞ്ഞു.
“അന്ന് റൈഡ്…” എന്നു യൽദ പറഞ്ഞുതുടങ്ങിയെങ്കിലും അതു കേട്ട് ഉമ്മ പരിഭ്രാന്തയാകുമെന്നു തോന്നിയതുകൊണ്ട് അവൾ അതിങ്ങനെ മാറ്റിപ്പറഞ്ഞു:
“കുഴപ്പമൊന്നുമില്ല. കുട്ടികൾ ഹാപ്പിയല്ലേ? ഞാനൊരു മൂന്ന് മണിക്കൂർ കൊണ്ടെത്തും.” യൽദ ഫോൺ കട്ട് ചെയ്തു.
“നീ നോക്കിയേ, നൗഫലിനെയും സജ്‌നയെയും കാണുന്നില്ല. അവർ റിലയബിളാണോ?”
“അവര്… അവര് കുഴപ്പൊന്നൂല്ലല്ലോ. എനിക്ക് ചെറുപ്പം മുതലേ അറിയുന്നതല്ലേ?”
“ചെറുപ്പം മുതലാണോ അതോ ചെറുപ്പത്തിലാണോ?” നടാഷ യൽദയുടെ ചിന്തകൾക്ക്‌ കുറച്ചുകൂടി വ്യക്തത വരുത്താൻ ശ്രമിച്ചു.
“ചെറുപ്പത്തിൽ. പക്ഷേ, അവര്… അറിയില്ല, ആരേം വിശ്വസിക്കാൻ പറ്റില്ല.”
യൽദയുടെ മനസ്സിൽ വിവിധ സന്ദർഭങ്ങളിൽ നൗഫലും സജ്നയും പറഞ്ഞ കാര്യങ്ങൾ മിന്നിമറഞ്ഞു.
“നീയിപ്പോ പോകുന്നുണ്ടോ?”
“വേഗമിറങ്ങണം. എന്റെ മിസ്‌റ്റേക്ക് കൊണ്ട് വേറൊരു ആക്സിഡന്റ് കൂടി നടന്നുകൂടാ. എന്നാ, നൗഫലിനോടും വരാൻ പറയാം. അവന് മെക്കാനിക്കൽ കാര്യങ്ങളിലൊക്കെ നല്ല നോളജാ.”
“അത് ശരിയാകുംന്നു തോന്നുന്നില്ല. അവർക്ക് വേറെന്തോ പ്ലാനുണ്ട്”- നടാഷ യൽദയുടെ ടിക്കറ്റ് ഗൂഗിൾ ചെയ്യുന്നതിനിടയിൽ പറഞ്ഞു.
“അതെന്താ? അവര് സസ്‌പീഷ്യസ് ആയിട്ടെന്തെങ്കിലും ചെയ്തോ?” യൽദ തന്റെ ചുറ്റും വട്ടംകറങ്ങുന്ന ഓർമശകലങ്ങളിലെ ശബ്ദങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നതിനിടയിൽ ചോദിച്ചു.
“ഞാൻ നേരത്തേ പറഞ്ഞിരുന്നില്ലേ, ശ്രദ്ധിക്കണമെന്നൊക്കെ? ഈ ആക്‌സിഡന്റിനു പിറകിലുള്ളവർ വൻ ഷാർക്കുകളാണെന്നതിൽ സംശയമില്ല. അല്ലെങ്കിൽ അതൊക്കെ എപ്പഴേ മീഡിയയിൽ ചർച്ചയായേനെ. ഇതിപ്പോ, അതിനെക്കുറിച്ചുള്ള റിപോർട്ടുകൾ തന്നെ കുറവായിരുന്നു. യൽദയ്‌ക്ക് ഓർമയുണ്ടാകില്ല. പഴയ പത്രങ്ങളൊക്കെ എടുത്തു നോക്കിയാ അറിയാം, അകത്തു ചെറിയൊരു കോളം ന്യൂസ് മാത്രമാണ് മിക്ക പത്രത്തിലും വന്നത്. അതും മാളിന്റെ പേരും മറ്റും റിവീൽ ചെയ്തിട്ടുണ്ടായിരുന്നില്ല. അത്രയും അൺക്ലിയറായിരുന്നു ന്യൂസ്.”
“അത് കറക്‌ടായിരിക്കും. ഞാനന്ന് അത്രയ്ക്ക് അപ്‌‍സെറ്റ് ആയതുകൊണ്ട് ശ്രദ്ധിച്ചില്ല. ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽത്തന്നെ ഞാൻ മുംബൈയിലേക്ക് പോകുകയും ചെയ്തു…” യൽദ സംസാരിച്ചുകൊണ്ടേയിരുന്നു.
“ഹോൾഡോൺ. എനിക്ക് അദ്ഭുതമായി തോന്നിയത് അതല്ല. അത്രയൊക്കെ പറഞ്ഞിട്ട് നിന്റെ ഫ്രണ്ട്സ് ഉറക്കെ സംസാരിച്ചുകൊണ്ടിരുന്നു. ഒരു പ്രാവശ്യം ഇവിടത്തെ ഫയലൊക്കെ എടുക്കുന്നതിനിടയിൽ സെക്യൂരിറ്റിയോടും തട്ടിക്കേറുന്നത് കണ്ടു. അതെന്നെ കാണിക്കാൻ വേണ്ടി ആക്ട് ചെയ്തതാണെന്ന് തോന്നുന്നു. അയാളൊന്നും തിരിച്ചുപറഞ്ഞില്ല. ഫയലൊക്കെ തപ്പിയതല്ലാതെ അവരതൊന്നു മറിച്ചുനോക്കുക പോലും ചെയ്തില്ല. അവരെന്തോ ഒളിപ്പിക്കുന്നതുപോലെ. അവസാനം, ഞാനാണ് ഈ ഫോട്ടോസെല്ലാം കണ്ടുപിടിച്ചത്” എന്ന് പറഞ്ഞു നിലത്തു വീണുകിടക്കുന്ന ഫോട്ടോകളിലേക്ക് നടാഷ കൈ ചൂണ്ടി.
“അതിലൊന്നും പക്ഷേ, ഒരു കാര്യവുമില്ല. പണ്ടെങ്ങോ ഇവിടെ വർക്ക് ചെയ്ത ആൾക്കാരുടെ ഫോട്ടോസാണ്. അതിൽ ഒന്നുരണ്ടു ഫോട്ടോ പറിച്ചുമാറ്റിയിരുന്നു. അത് മേശയ്‌ക്കു താഴെ നിന്നാണ് കിട്ടിയത്. അതിലെന്തോ ഒരു മിസ്‌റ്റേക്കുള്ളതുപോലെ തോന്നി ആദ്യം. പിന്നെ, നമ്മള് സൈക്കോളജിസ്റ്റുകൾക്ക് കുറച്ച് അന്വേഷണബുദ്ധിയും കൂടുതലാണല്ലോ. എനിക്ക് തോന്നിയതാകും”- നടാഷ വിശദീകരിച്ചു.
“അവരുടെ മേലൊരു കണ്ണുവേണം. ടൈമില്ല. അയാൾ അവിടെ പിന്നെയുമെന്തെങ്കിലും പ്രോബ്ലമുണ്ടാക്കുന്നതിനു മുൻപ് എനിക്ക് അവിടെയെത്തണം. എന്റെ കുട്ടികൾക്ക് ഇനി എന്തെങ്കിലും സംഭവിച്ചാൽ… നോ! എനിക്കതു സ്റ്റോപ്പ്‌ ചെയ്യണം.”
“നീയൊറ്റക്ക് പോകണ്ട. ഞാനും വരാം. എപ്പഴാ അടുത്ത ട്രെയിനെന്നു നോക്കട്ടെ”- നടാഷ തന്റെ ഫോണിൽ ട്രെയിൻ ടൈമിംഗ്സ് ടുഡേ എന്ന് ടൈപ് ചെയ്യുന്നതിനിടയിൽ പറഞ്ഞു.
“പരശുവുണ്ട്. കാൽ മണിക്കൂറിനുള്ളിലെത്തണം. പിന്നെ ഈവനിങ്ങേയുള്ളൂ. നൈറ്റ് ട്രെയിനുണ്ട്.”
“അതൊന്നും ശരിയാകില്ല. ഞാൻ വേഗം പോട്ടെ. നീ വരണ്ട. എന്തെങ്കിലും കിട്ടുമോന്നു നോക്ക്. നൗഫലിനെയും സജ്നയെയും ഒബ്സേർവ് ചെയ്യാൻ മറക്കണ്ട. എനിക്കുമെന്തോ സംശയങ്ങൾ തോന്നിത്തുടങ്ങിയിട്ടുണ്ട്…” യൽദ ബാഗ് തോളിൽ തൂക്കുന്നതിനിടയിൽ പറഞ്ഞു.
“നീയൊറ്റയ്‌ക്ക് പോകണ്ട. ഞാനും വരുന്നു”വെന്ന് പറഞ്ഞു നടാഷ തിരിഞ്ഞപ്പോൾ നിലത്തു കിടന്ന ഫോട്ടോകൾ വാരിക്കൂട്ടുന്ന കറുത്ത യൂണിഫോമണിഞ്ഞ ആജാനുബാഹുവായ ഒരാളെ നടാഷ ശ്രദ്ധിച്ചു.
“നിങ്ങളെന്താ ഈ ചെയ്യുന്നത്?” നടാഷ ആക്രോശിച്ചു.
“ഓഹോ! നിങ്ങളെന്താ വിചാരിച്ചത്, ഞങ്ങളൊന്നും കാണുന്നില്ലെന്നോ? നിങ്ങൾ ഈ മാളിൽ കാലുകുത്തിയതു മുതൽ ഞങ്ങൾ പിന്തുടരുന്നുണ്ട്. ഞങ്ങളറിയാതെ ഇവിടെ ഒരില പോലുമനങ്ങില്ല. നൗഫൽ സാറ് പ്രത്യേകം പറഞ്ഞിരുന്നു, നിന്നെ എങ്ങനെയും സ്റ്റോപ്പ്‌ ചെയ്യണമെന്ന്”- അതിൽ ചെറിയ മീശയുള്ള, എന്നാൽ വലിയ ശബ്ദമുള്ളൊരാൾ പറഞ്ഞു.
എത്രയും വേഗം റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് മനസ്സിലുറപ്പിച്ച് ഫൺ വേൾഡ് എന്നെഴുതിയ വാതിലിനടുത്തെത്തിയ യൽദ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
“എന്താ? എന്താ പ്രശ്‌നം?”
നീ പൊയ്ക്കോ, ഇത് ഞാൻ മാനേജ് ചെയ്തോളാമെന്ന് യൽദയ്ക്ക് മാത്രം മനസ്സിലാക്കാവുന്ന ഭാഷയിൽ നടാഷ കണ്ണുകൊണ്ട് സംസാരിച്ചത് കണ്ടു യൽദ മുന്നോട്ടു നടന്നപ്പോൾ ഗുണ്ടയെ പോലെ തോന്നിക്കുന്ന ആളുകൾ വന്ന് നടാഷയെ വളഞ്ഞു. ഗുണ്ടാസംഘമുള്ള വലിയ മാഫിയകളുടെ ൈകയിലേക്ക് നടാഷയെ വലിച്ചെറിഞ്ഞുകൊടുക്കുന്നതിൽ വിഷമം തോന്നിയ യൽദ ഒരു നിമിഷം തിരിച്ചുപോകാൻ ആലോചിച്ചെങ്കിലും തിരക്കിട്ടു മറ്റുള്ളവരെ ഇടിച്ചുവീഴ്‌ത്താൻ ശ്രമിക്കുന്ന സ്‌ട്രൈക്കിങ് കാറുകളുടെ സ്ഥാനത്ത് അഞ്ചു കൊല്ലം മുൻപുണ്ടായിരുന്ന പൊട്ടിവീണ റൈഡിനടിയിലെ ചോരക്കളത്തിൽ കിടന്ന് പുളയുന്ന ഹയയുടെ കരച്ചിൽ നടാഷയെ അവിടെ നിന്നു വികർഷിച്ചു.
….
“ഉമ്മാ, കുട്ടികൾ എവിടെ?”
നാലു മണിക്കൂർ നീണ്ട തീവണ്ടിയാത്ര തന്നിൽ നിന്നു പിടിച്ചുകൊണ്ടുപോകാൻ മടിച്ച ആവലാതികളുമായി കായികവിനോദ ക്യാമ്പ് നടക്കുന്ന വലിയ ഗ്രൗണ്ടിനു മുന്നിലെത്തി ഉമ്മയെ ഫോൺ ചെയ്തു കണ്ടെത്തിയപ്പോൾ യൽദ ആദ്യം അന്വേഷിച്ചത് അതാണ്‌.
“പേടിക്കേണ്ട. അയാളുടെ പരിപാടിക്കൊന്നും പോയിട്ടില്ല. കുട്ടികൾ കരച്ചിലായിരുന്നു പോകണമെന്നും പറഞ്ഞ്. ദേ, രണ്ടു മിനിറ്റ് മുൻപ് ഇവിടത്തെ ഒരു വോളന്റിയർ വന്ന് ഹയക്ക് ഡിസ്‌ട്രിക്‌റ്റ് ടീമിലേക്ക് സെലക്‌ഷൻ കിട്ടിയെന്നു പറഞ്ഞ് അകത്തേക്ക് കൊണ്ടുപോയി. അപ്പോ ഇഷാനയ്ക്കും പോകണമെന്നു പറഞ്ഞു. അവർ തിരിച്ചുകൊണ്ടാക്കാമെന്നു പറഞ്ഞിട്ടുണ്ട്. നടന്നു നടന്നു കാലുവേദനയാണ്. നമുക്ക് കുട്ടികളെപ്പോലെ ഇങ്ങനെ എപ്പോഴും നടക്കാൻ പറ്റോ? ഇന്നലെ ഈ സ്‌റ്റാളുകൾ മുഴുവൻ നടന്നു… നിനക്ക് ചായ എന്തെങ്കിലും വേണോ?”
“വേണ്ട. വിശപ്പില്ല.”
എരിയുന്ന പ്രശ്നങ്ങൾ കുറേ നാളുകളായി കവർന്നെടുത്ത വിശപ്പെന്ന വികാരം തന്നെ തുറിച്ചുനോക്കുന്നത് വകവെക്കാതെ യൽദ ചോദിച്ചു:
“അതല്ല, വോളന്റിയർ എന്നു പറഞ്ഞാ ആരാ? യൂണിഫോമിട്ടിട്ടുണ്ടോ? ബാഡ്ജ് എന്തെങ്കിലുമുണ്ടോ?”
“ദേ കണ്ടില്ലേ? ആ നീല ഡ്രസ്സാണ് അവരിട്ടിരിക്കുന്നത്. വെള്ള ക്യാപ്പുമുണ്ട്. ഐഡി കാർഡൊന്നുമില്ല. ഇതൊരു വലിയ പ്രോഗാമല്ലേ? അവരില്ലാതെ നടക്കില്ല. ആദ്യത്തെ ദിവസം തിരിച്ച് താമസസ്ഥലത്തേക്കു പോകാൻ ഞങ്ങളിങ്ങനെ വഴിയറിയാതെ നിൽക്കുമ്പോ അവരാണ് സഹായിച്ചത്. ഇവിടെ എല്ലാം ഒരുപോലെയിരിക്കും. കണ്ടാ മനസ്സിലാവേയില്ല…” ഉമ്മ സംസാരിച്ചുകൊണ്ടേയിരുന്നു.
വലിയ മൈതാനത്തിനു ചുറ്റും ജേഴ്‌സിയണിഞ്ഞ വിവിധ പ്രായത്തിലുള്ള ആൺകുട്ടികളും പെൺകുട്ടികളും ഓടിക്കൊണ്ടിരിക്കുന്നു. നടുവിൽ കൃത്രിമമായ പച്ചപ്പുല്ലു വിരിച്ച ഫുട്ബോൾ കോർട്ടും ക്രിക്കറ്റ് കോർട്ടും വേലികെട്ടി തിരിച്ചിരുന്നു. വാകമരങ്ങളും മാവും പേരറിയാത്ത നിരവധി മരങ്ങൾക്കും നടുവിൽ ശ്വാസം മുട്ടി നിൽക്കുന്ന ആൽമരം. മരങ്ങൾക്കു താഴെ പണിതിരുന്ന സിമന്റ് ബെഞ്ചുകൾ പണ്ട് സാഹിലുമൊത്തു കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ പോയ മൈതാനങ്ങളിലെ ഇരിപ്പിടങ്ങളെയും അവയിൽ മുഖം വീർപ്പിച്ചും സാഹിലിന്റെ പരാതി പ്രകാരമുള്ള കുറ്റങ്ങൾ ഏറ്റുവാങ്ങി അതെല്ലാം ദൂരീകരിക്കാൻ ശ്രമിക്കുന്ന തന്നെയും യൽദ കണ്ടു.
“മമ്മാ…” ഹയയും ഇഷാനയും യൽദയുടെ അടുത്തേക്ക് ഓടിവന്നപ്പോൾ അവരുടെ ജീവിതത്തിനകത്തേക്കു പ്രവേശിച്ച തന്നെയും അവർ സ്കൂളിൽ പോയിത്തുടങ്ങിയപ്പോൾ ജോലിക്ക് പോകുന്നില്ലെന്നു പറഞ്ഞും താൻ എന്ത് ചെയ്താലും കുറ്റം കണ്ടുപിടിച്ചും ശല്യപ്പെടുത്തിക്കൊണ്ടിരുന്ന സാഹിലിനെയും യൽദ കണ്ടു. താൻ കുട്ടികളുടെ കൂടെ അന്ന് സാഹിലിന്റെ വീടിന്റെ നടുമുറ്റത്ത് മഴ കണ്ടു നിന്നതും ഒരു ഇടിയുടെ ശബ്ദം പോലെ സാഹിലിന്റെ ഉപ്പയുടെ വാക്കുകൾ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചതും യൽദ കേട്ടു.
“യൽദാ, നീയെന്തു സ്വപ്നലോകത്താ?”
യൽദയുടെ കൈയിലിരുന്ന ഫ്രൂട്സ് കവർ വാങ്ങുന്നതിനിടയിൽ ഉമ്മ ചോദിച്ചു.
“നമുക്ക് അവിടെ പോയിനോക്കാം. എങ്ങോട്ടാ അവര് പോയത് ?”
“ആ ഭാഗത്തേക്കാ നടന്നത്. അവിടെ മൂന്നാലു ഹാളുണ്ട്”- ഉമ്മ ഹാളുകളുടെ ഭാഗത്തേക്കു കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
മുകളിലേക്ക് ഇരിപ്പിടങ്ങളുള്ള, ആളുകൾ തിങ്ങിനിറഞ്ഞ ഹാളുകൾ പലതും കടന്ന് അവർ വാതിൽ ചാരിവെച്ച ഒരു ഹാളിനടുത്തെത്തി. യൽദ വാതിൽ അകത്തേക്കു തള്ളിയപ്പോൾ വലിയ ശബ്ദത്തോടെ അത് മലർക്കെ തുറക്കപ്പെട്ടു. അതിനകത്ത് സ്റ്റേജോ ഇരിപ്പിടങ്ങളോ ഉണ്ടായിരുന്നില്ല. ഉയർന്ന മേൽക്കൂരയിൽ നിന്ന് വിവിധ നിറങ്ങളിലുള്ള ലേസർ വെളിച്ചം നിലത്തേക്ക് പ്രൊജക്‌ട് ചെയ്യുന്നുണ്ടായിരുന്നു. അതിനകത്തു ചെറിയ പാവകൾ ചലിക്കുന്നുണ്ടായിരുന്നു. സൂക്ഷിച്ചുനോക്കിയപ്പോൾ യൽദയുടെ നെഞ്ചിലൂടെ ഒരു സീൽക്കാരം കടന്നുപോയി. അതു പാവകളല്ലായിരുന്നു, ചലിക്കുന്ന കുട്ടികളായിരുന്നു! അതിനിടയിൽ പേടിച്ച മുഖത്തോടെ ഹയയും ഇഷാനയുമുണ്ടായിരുന്നു!
“ഹയാ… ഇഷാനാ… ഇവിടെ വാ”- യൽദ ഉറക്കെ വിളിക്കാൻ ശ്രമിച്ചു. പക്ഷേ, ശബ്ദം പുറത്തുവന്നില്ല.
“ഉമ്മാ, ഇതെന്താ?” എന്ന് പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം ചുറ്റുമുള്ള വായുവിൽ നേരിയ പ്രകമ്പനം പോലുമുണ്ടാക്കുന്നില്ലെന്നു മനസ്സിലാക്കി ചുറ്റും നോക്കിയപ്പോഴാണ് ഉമ്മ തന്റെ അടുത്തില്ലെന്ന് മനസ്സിലായത്. പരിഭ്രാന്തിയോടെ യൽദ താൻ വന്ന വഴിയിലൂടെ കണ്ണോടിച്ചെങ്കിലും അവിടെയൊന്നും ആരുമുണ്ടായിരുന്നില്ല.
“മക്കളേ, വാ… പോകാം” എന്ന് ആവർത്തിച്ചുകൊണ്ട് യൽദ കുട്ടികളുടെ പിറകേ ഓടിനോക്കി. അവർ ഗെയിമിലെ ഒബ്സ്റ്റക്കിൾ കോഴ്‌സുകൾ ഓരോന്നായി കടന്നുകൊണ്ടിരുന്നു. അവർ നന്നേ ചെറുതായിരുന്നു. അവരുടെ ഉടുപ്പ് ബിൽഡിങ് ബ്ലോക്കുകൾ കൊണ്ടുണ്ടാക്കിയതുപോലെ കൂർത്ത അരികുകളുള്ളതായിരുന്നു.
എങ്ങനെയും കുട്ടികളെ ഇതിനകത്തു നിന്നു രക്ഷിക്കണം.
“യൽദാ…”
ആ പരിചിത ശബ്ദം കേട്ടപ്പോൾ യൽദ ആവലാതികളെല്ലാം മറന്നു തിരിഞ്ഞുനോക്കി.
“കുട്ടികൾ അതിനകത്തു പെട്ടല്ലേ? ഉമ്മാനേം കാണുന്നില്ല.”
“നിനക്കെങ്ങനെ മനസ്സിലായി?”
താൻ സംസാരിക്കുന്നതിപ്പോൾ തനിക്കു തന്നെ കേൾക്കാൻ കഴിഞ്ഞതിൽ യൽദയ്ക്ക് അത്ഭുതമായി.
“ഞാൻ ചെയ്ത കാര്യങ്ങൾ പിന്നെ എനിക്കറിയുന്നുണ്ടാവില്ലേ?”
“നീ വെറുതെ തമാശ പറയല്ലേ. നമുക്ക് അവരെ രക്ഷിക്കണം.”
“ആ ശബ്ദം വന്ന സ്ഥലത്ത് വലിയൊരു കീബോർഡ് പ്രത്യക്ഷപ്പെട്ടു. ഒരു സ്വിച്ച് അമർത്തിയപ്പോൾ ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം തിരിച്ചുവന്നു.
“ഇതിനകത്തു കേറിയാ ഗെയിം കളിക്കാൻ പറ്റ്വോ?”
ഹയയുടെ ശബ്ദം ചോദിച്ചു.
“പിന്നെ, പോണോ?”
“റിയലി?” അത് ഇഷാനയായിരുന്നു.
“ശരിക്കും. ഇതിനകത്തു കേറിയവർക്ക് പുറത്തുപോകാനിഷ്ടമില്ല. നല്ല രസാ. അവരെ നോക്കിക്കേ…” ആ ശബ്ദമവരെ പ്രോത്സാഹിപ്പിച്ചു.
തന്റെ കാതുകളെ വിശ്വസിക്കാനാകാതെ മെഴുകുതിരിയെപ്പോലെ യൽദ ഉരുകിത്തീർന്നു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top