LoginRegister

ഡോ. മുഹ്‌സിന കെ ഇസ്മായില്‍; വര: മറിയംബീവി പുറത്തീല്‍

Feed Back


വീഡിയോയിലെ ദൃശ്യങ്ങള്‍ ചിത്രത്തുണ്ടുകളായി വന്ന് ഉദയസൂര്യന്റെ ചുറ്റും ഒരു ചങ്ങല തീര്‍ത്തു. പ്രകാശ രശ്മികളെ പുറത്തേക്കയക്കാന്‍ കഴിയാതെ ശ്വാസം മുട്ടി നില്‍ക്കുന്ന സൂര്യനെ നോക്കി നിന്ന യല്‍ദ ‘ജവാരിയ’ എന്ന നാമത്തെ കീറിമുറിച്ചു.
”ചിലര്‍ക്കങ്ങനെയാണ്. സന്തോഷിക്കാനവകാശമില്ല”- യല്‍ദ ആരോടെന്നില്ലാതെ പറഞ്ഞു.
”മാം, കട്ട് ചെയ്യട്ടെ?”
”താനെന്തൊരു ക്യാമറാമാനാടോ? അതൊക്കെ ചോദിച്ചിട്ടാണോ ചെയ്യുന്നേ? തനിക്കതു തന്ത്രപൂര്‍വം ചെയ്തൂടെടോ?”- എന്ന് താന്‍ തലേദിവസം ക്യാമറാമാനോട് പറഞ്ഞത് മറ്റൊരു വീഡിയോ ആയി യൂടൂബില്‍ ആരോ അപ്ലോഡ് ചെയ്തിരിക്കുന്നു.
എന്തെങ്കിലുമൊരു പ്രശ്‌നമുണ്ടായാല്‍ അത് വരെ ചെയ്ത നല്ല കാര്യങ്ങളെല്ലാം എത്ര വേഗത്തിലാണ് ആളുകള്‍ വിസ്മരിക്കുന്നത്? യല്‍ദയറിയാതെ ഭൂതകാലം വര്‍ത്തമാനകാലത്തെ കയ്യേറിക്കഴിഞ്ഞിരുന്നു.
ജവാരിയയെന്ന മുഖം മൂടിയണിഞ്ഞവര്‍ യല്‍ദയുടെ മുന്നില്‍ തലകുനിച്ചു നിന്നു. അവര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ കഴിയാതെ യല്‍ദ ഭാവിയെക്കുറിച്ച് പരിതപിച്ചു.
”മോളേ, നീ വിഷമിക്കേണ്ട. എല്ലാം ശരിയാകും. ഇതൊന്നും അത്ര വല്യ കാര്യമാക്കണ്ട” -എന്ന് പറഞ്ഞു രാവിലെ അപ്രതീക്ഷിതമായി മുറിയിലേക്ക് കയറി വന്ന ഉമ്മ ഇന്നലത്തെ വീഡിയോയുടെ അവസാനഭാഗം കണ്ടു ഞെട്ടിയതും എങ്ങനെ യല്‍ദയെ ആശ്വസിപ്പിക്കണമെന്നറിയാതെ കണ്ണ് തുടച്ചുകൊണ്ടു മുറി വിട്ടു പോയതും യല്‍ദ ഓര്‍ത്തു. ഉമ്മ പണ്ട് മുതലേ അങ്ങനെയാണ്. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ദു:ഖിക്കാനേ അറിയൂ. പരിഹരിക്കാനറിയില്ല. വല്ല്യുമ്മയായിരുന്നു എല്ലാം ധൈര്യത്തോടെ നേരിട്ടിരുന്നത്.
റബ്ബര്‍മരക്കാടുകളുടെ തണുപ്പിലേക്കിറങ്ങിച്ചെല്ലാനാഗ്രഹിച്ചു വീടിന്റെ പിന്‍വശത്തുള്ള വരാന്തയിലെത്തിയ യല്‍ദയുടെ മുന്നിലൂടെ കൊക്കില്‍ നിശാശലഭത്തെയേന്തിയ ഒരു ബുള്‍ബുള്‍ പക്ഷി പറന്ന് പോയി. അതിന്റെ ശബ്ദം തന്റെ ചിന്തകളെ ഭൂതകാലത്തേക്ക് തള്ളിവിടുമോയെന്നു യല്‍ദ ഭയന്നു. ചെറിയ കുട്ടികളെപ്പോലെ വാശിയോടെ മുന്നില്‍ക്കാണുന്ന എന്തിനും ഏതിനും മഞ്ഞ നിറം കൊടുക്കുന്ന സൂര്യനപ്പോള്‍ കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ഞെരിപിരി കൊള്ളുകയായിരിക്കുമെന്ന് യല്‍ദ ചിന്തിച്ചു. വരാന്തയില്‍ സ്റ്റെപ്പിലിരുന്നപ്പോള്‍ യല്‍ദയുടെ കൈ വീണ്ടും ‘ജെ ‘ എന്നെഴുതിയ യൂടൂബ് ചാനലിലേക്ക് നീണ്ടു. തലേ ദിവസത്തെ ലൈവിന്റെ മോശം കമന്റിട്ടവരില്‍ താന്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊടുത്തവരായിരുന്നു മുന്നിലെന്നുള്ള സത്യം യല്‍ദയെ ഡെന്‍ഡ്രൈറ്റുകളെപ്പോലെ വരിഞ്ഞു മുറുക്കി. കമന്റ്‌സ് ഓഫ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുമ്പോഴും പെട്ടു പോയ ചതിക്കുഴിയുടെ വലിപ്പം യല്‍ദക്കറിയില്ലായിരുന്നു. തലേന്നു കോളര്‍ ലൈവിനിടയില്‍ കാണിച്ച വീഡിയോ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണുന്നത് വരെ.
”മാം, ഇങ്ങനെ പോയാല്‍ ശരിയാകില്ല. രണ്ട് പേരും ഒന്നും എഴുതാറില്ല. ഹോം വര്‍ക്കും ചെയ്യാറില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടോ?” വരാന്‍ പോകുന്ന കാര്യങ്ങളോരോന്നാലോചിച്ചു കാട് കേറിപ്പോകുന്നതിനിടയിലാണ് ഹയയുടെയും ഇഷാനയുടെയും ക്ലാസ് ടീച്ചര്‍ വിളിച്ചത്.
”എന്ത് പ്രശ്‌നം? അല്ല, നിങ്ങളെന്താണുദ്ദേശിച്ചത്?”
”ഹയ നല്ല ആക്ടീവ് കുട്ടിയായിരുന്നല്ലോ, ആദ്യമൊക്കെ. ഇഷാനയും പറഞ്ഞ വര്‍ക്കെല്ലാം കൃത്യമായി ചെയ്യുമായിരുന്നു.”
രണ്ട് കൊല്ലമായി താന്‍ തികച്ചും അവരുടെ കാര്യത്തില്‍ അശ്രദ്ധയാണ് എന്ന യല്‍ദയുടെ മനസ്സിലെ കുറ്റബോധം പുതിയ ഒഴിവ് കഴിവുകളെ കണ്ടുപിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.
”നിനങ്ങളെന്താ ഇന്‍ഫോം ചെയ്യാതിരുന്നത്?”
”ഇന്‍ഫോം ചെയ്തിരുന്നല്ലോ. കഴിഞ്ഞ പേരന്‍സ് മീറ്റിങിന് ആരും വന്നില്ലല്ലോ,” ടീച്ചര്‍ അറ്റാക്കിങ് മോഡിലേക്ക് കടന്നുകഴിഞ്ഞിരുന്നു.
കുറ്റബോധത്തില്‍ നിന്നു വന്ന ഈ വികാര വിചാരങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ രാവിലത്തന്നെ പൂച്ചവാല്‍ പൂക്കളെക്കൊണ്ട് കളിക്കുന്ന ഹയയുടെയും ഇഷാനയുടെയും അടുത്തേക്ക് പോയെങ്കിലും പ്രതീക്ഷക്ക് വിപരീതമായിരുന്നു സംഭവിച്ചതെല്ലാം.
”ടീ, എന്താ പരിപാടി? നിന്റെ ഹസ്സിനെതിരെ കേസ് കൊടുക്കണ്ടേ?”
മനസ്സിലെ ഭാരമിറക്കിവെക്കാനാകാതെ ഹെഡ് ഫോണ്‍ ചെവിയില്‍ തിരുകി വെച്ച് സംഗീതത്തിലേക്ക് മുങ്ങാംകുഴിയിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യല്‍ദയോട് നടാഷ ഫോണ്‍ വിളിച്ചു ചോദിച്ചു.
”അയാള് പണ്ട് കോളജില്‍ പഠിക്കുമ്പോള്‍ പ്രണയിനിയുടെ കൂടെ നടന്നിരുന്നു എന്ന് പറഞ്ഞു കേസ് കൊടുക്കാന്‍ പറ്റില്ലല്ലോ.”
”അതല്ലെടീ. സാഹിലെന്തിനാ അതെടുത്ത് അപ്‌ലോഡ് ചെയ്തത്?”
”അയാളാണോ അത് ചെയ്തത്?”
”പിന്നല്ലാതെ. ഞാനന്വേഷിച്ചു .ഈ നടാഷക്ക് അതിന് മിനുട്ടുകള്‍ മതി.”
നടാഷ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. യല്‍ദയുടെ മനസ്സ് രണ്ട് കൊല്ലം മുന്‍പുള്ള സാഹിലിന്റെ വീട്ടിലെത്തിക്കഴിഞ്ഞിരുന്നു. ദീര്‍ഘ ദൂര യാത്ര കഴിഞ്ഞു തിരിച്ചു വന്നിട്ടും സാഹിലിന്റെ വീട്ടുകാര്‍ കുട്ടികളുടെ മുഖത്ത് പോലും നോക്കാത്ത, തങ്ങളവിടെയുണ്ട് എന്നു പോലും ഭാവിക്കാത്ത ആ വൈകുന്നേരം യല്‍ദയെ ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും ആ വീട്ടിലെ ഓരോ അംഗവും തനിക്ക് ചുറ്റും നൂറായിരം കുറ്റങ്ങളുടെ ഒരു ചങ്ങല തന്നെ തീര്‍ത്തു കഴിഞ്ഞിരിക്കണം.
”ഒന്നുകൂടി ആലോചിച്ചിട്ട് മതി. റിസൈന്‍ ചെയ്താല്‍ ഞാന്‍ വേറെ ആളെയെടുക്കും. പിന്നെപ്പറഞ്ഞിട്ട് കാര്യമുണ്ടാവില്ല..” എന്നു ട്രീസ മാം പറഞ്ഞത് യല്‍ദയുടെ ചെവിയില്‍ ഡയലര്‍ ടോണിനോടൊപ്പം പ്രതിധ്വനിച്ചു കൊണ്ടിരുന്നു.

”ഹലോ. ആ… യല്‍ദാ, ഞാനിത്തിരി തെരക്കിലാ. താന്‍ കൊറച്ച് കഴിഞ്ഞു വിളിക്ക്” -എന്നു പറഞ്ഞു ട്രീസ മാഡം ഫോണ്‍ വെക്കാനൊരുങ്ങുമ്പോള്‍, ‘പറ.. പറ.. ഇപ്പൊത്തന്നെ പറ. ഇനി ചിലപ്പോള്‍ അവര്‍ ഫോണെടുത്തില്ലെങ്കിലോ?’ എന്നു ആരോ യല്‍ദയെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
”മാം, ഒരത്യാവശ്യ കാര്യമുണ്ടായിരുന്നു.”
”യല്‍ദയ്ക്കു പറഞ്ഞാ മനസ്സിലാകില്ലേ? നാളെ രാവിലെ പത്തു മണിക്ക് എന്നെ വന്നു കാണ്. ജോലീടെ കാര്യമാണെങ്കി വരണമെന്നില്ല. സിന്‍സിയരിറ്റി ഉള്ള രണ്ട് പേരെ ഞാന്‍ ഓള്‍റെഡി അപ്പോയന്റ് ചെയ്തിട്ടുണ്ട്.”
അതോടെ ഫോണ്‍ കട്ടായി.
ആര്‍ക്കും വേണ്ടാതെ എന്തിനാണ് താന്‍ ജീവിക്കുന്നതെന്ന ചോദ്യം എപ്പോഴത്തേതിനെക്കാളും ഉച്ചത്തില്‍ യല്‍ദയുടെ മനസ്സിനെ കാര്‍ന്നുതിന്നുകൊണ്ടിരുന്നു.
”നീയല്ലേ എല്ലാത്തിനും കാരണക്കാരി? വിജയിക്കുമെന്ന് പറഞ്ഞു പറ്റിച്ചത് നീയല്ലേ?” -യല്‍ദ ജവാരിയയെ കുറ്റപ്പെടുത്തി.
”ഞാനെന്ത് ചെയ്തു? നീ തന്നെയാണ് എല്ലാത്തിനും കാരണക്കാരി. പ്രശ്‌നങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമായാണ് നീ എന്നെ കണ്ടത്. നീയൊരിക്കലും നിന്റെ കുറവുകളെ അംഗീകരിക്കാന്‍ തയ്യാറല്ലായിരുന്നു. ഇപ്പോഴുമല്ല”- ജവാരിയ വാദിച്ചു.
”അത് ശരിയല്ല. നീ വെറുതെ കഥകളുണ്ടാക്കുകയാണ്. നീയെന്നെ തോല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്..”
യല്‍ദയും വിട്ടുകൊടുത്തില്ല.
”എന്നെ വാര്‍ത്തെടുത്ത നിമിഷം നീ തോറ്റു കഴിഞ്ഞിരിക്കുന്നു. അത് നീ തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. അല്ലേ?”
അല്ലെന്ന് പറയാന്‍ യല്‍ദക്കു കഴിയുമായിരുന്നില്ല. ഇക്കാര്യം ഇതിന് മുന്‍പ് ഒരുപാടു തവണ യല്‍ദ ചിന്തിച്ചതാണ്.
മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞു നിസ്‌കാരപ്പായിലിരിക്കുമ്പോഴും ഉമ്മയുടെ അടുത്ത് വിരിച്ച ചെറിയ നിസ്‌കാരപ്പായില്‍ നെറ്റിയിലേക്കിറങ്ങി നില്‍ക്കുന്ന ലെയിസുള്ള കുഞ്ഞ് മക്കനയുമിട്ട് ഉമ്മയേക്കാള്‍ ഉച്ചത്തില്‍ ‘അല്ലാഹു അക്ബര്‍’ എന്നു പറഞ്ഞ് ഇടക്ക് തന്നെ ഇടംകണ്ണിട്ടു നോക്കുന്ന കുട്ടിക്കുറുമ്പികളെ യല്‍ദ ആശ്ചര്യത്തോടെ നോക്കി.
ദിക്്‌റുകള്‍ ചൊല്ലിക്കഴിഞ്ഞപ്പോള്‍ യല്‍ദക്ക് മനസ്സിലെ ഇരുട്ടറകളില്‍ വെളിച്ചം അരിച്ചരിച്ച് കയറുന്നത് പോലെത്തോന്നി.
”മമ്മ അഴിച്ചു തരാമത്” – മക്കനയുടെ അകത്തു നിന്നു തല വലിച്ചൂരാന്‍ ബുദ്ധിമുട്ടുന്ന ഇഷാനയോട് യല്‍ദ പറഞ്ഞു.
”വേണ്ട മമ്മാ. മമ്മ ബാഡ്,” ഇഷാനയും ഹയയും ഒരുമിച്ച് പറഞ്ഞു.
”അതെന്താ?” പതറുന്ന സ്വരത്തോടെ യല്‍ദ അന്വേഷിച്ചു.
”മമ്മയ്ക്ക് ഞങ്ങളെ ഇഷ്ടല്ല,” ഹയയാണ് ഇത്തവണ ഉത്തരം പറഞ്ഞത്.
”എന്താ നിങ്ങള് ഇങ്ങനൊക്കെപ്പറയണെ? കൊഞ്ചിച്ച് കൊഞ്ചിച്ച് വഷളാക്കി. ആ ഫോണിങ് തന്നെ. പോയി ബുക്കില് കളറ് കൊടുക്കാന്‍ നോക്ക്,” ഹയയുടെ കയ്യിലെ ഫോണ്‍ പിടിച്ചുവാങ്ങുന്നതിനിടയില്‍ അവളുടെ കണ്ണ് നിറഞ്ഞത് കണ്ടു യല്‍ദക്കു കൂടുതല്‍ ദേഷ്യം വന്നു.
”എന്തിനാ കരയണെ? ഞാനിപ്പോ എന്തെങ്കിലും പറഞ്ഞോ?” ഹയയുടെ കരച്ചില്‍ ഉച്ചത്തിലായി. ഇഷാനയും ഒപ്പം കൂടി.
”എന്താ? എന്താ പ്രശ്‌നം?” മുസല്ല മടക്കി വെക്കുന്നതിനിടയില്‍ ഉമ്മ ചോദിച്ചു.
”ഉമ്മ ചീത്ത പറയണ്”ഹയ പരാതി ബോധിപ്പിച്ചു.
”നിനക്ക് വല്ല ടെന്‍ഷനുമുണ്ടെങ്കി അവരെ എന്തിനാ ചീത്ത പറയണത്?”
”ഉമ്മയെന്തിനാ അവരുടെ ഭാഗം പറയണത്? അവര് ഞാന്‍ പറയണതൊന്നും കേള്‍ക്കണില്ല,” യല്‍ദയല്‍പ്പം സ്വരമുയര്‍ത്തിപ്പറഞ്ഞു.
”നീ അവരു പറയണത് മനസ്സിലാക്കുന്നുണ്ടോ? അവരു വളര്‍ന്നു വരല്ലേ? നീ അതെന്താ മനസ്സിലാക്കാത്തത്? നീയാണ് മാറേണ്ടത്. പടച്ച റബ്ബില്‍ ഭരമേല്‍പ്പിച്ചു നോക്കിയേ. നമുക്ക് ചെയ്യാന്‍ പറ്റുന്നതിനൊരു പരിധിയുണ്ട്.”
യല്‍ദ ഒന്നും പറയാതെ തന്റെ മുറിയില്‍ കയറി വാതിലടച്ചു.
യല്‍ദയുടെ മനസ്സും അത് തന്നെ പറഞ്ഞിരുന്നത് കൊണ്ടാണ് ഉമ്മയുടെ വാക്കുകള്‍ വളഞ്ഞും പുളഞ്ഞും പറന്നും വന്നു അവളെ മുറിപ്പെടുത്തിയത്. പണ്ട് താന്‍ കുട്ടികളുടെ അടുത്ത് ദേഷ്യപ്പെടാറില്ലായിരുന്നു. അവര്‍ പറഞ്ഞതെല്ലാം തനിക്ക് മനസ്സിലാകാറുണ്ടായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ അവരുടെ ഭാഷ തനിക്ക് മനസ്സിലാകാതിരുന്നത് പോലെ ഇപ്പോള്‍ തന്റെ ഭാഷ അവര്‍ക്ക് അന്യമായിരിക്കുന്നു. എന്തോ ഒരു അപരിചിതത്തം ഇടയില്‍ കടന്നുകളിക്കുന്നത് പോലെ. യല്‍ദ യാന്ത്രികമായി വാട്‌സാപ് സന്ദേശങ്ങള്‍ സ്‌ക്രോള്‍ ചെയ്തുകൊണ്ടിരുന്നു. ഫോര്‍വേഡെഡ് മെസ്സേജുകള്‍ അവഗണിച്ചു മുന്നോട്ട് പോകുന്നതിനിടയില്‍ ഒരു അണ്‍നോണ്‍ നമ്പറില്‍ നിന്നുള്ള സന്ദേശം ഉയര്‍ന്നു വന്നു. അതില്‍ ക്ലിക്ക് ചെയ്തു നോക്കിയപ്പോള്‍ തന്റെ യൂടൂബ് ലൈവ് പ്രോഗ്രാമിനിടയില്‍ കണ്ട വീഡിയോയുടെ അസാനഭാഗം പ്രദര്‍ശിപ്പിക്കപ്പെട്ടു. മടുപ്പോടെ ബാക് ബട്ടണ്‍ അമര്‍ത്താനൊരുങ്ങുമ്പോള്‍ ഒരു സിംബല്‍ സ്‌ക്രീനില്‍ തെളിഞ്ഞു- ഒരു കൊച്ചു മാലാഖയുടെ മാജിക് വാന്റില്‍ നിന്ന് വരുന്ന പോസിറ്റീവ് ആശയങ്ങള്‍. യല്‍ദയുടെ വിറയാര്‍ന്ന കയ്യില്‍ നിന്നു ഫോണ്‍ വഴുതി താഴെ വീണു. നടാഷ പണ്ട് ഡിസൈന്‍ ചെയ്തു തന്ന എംബ്ലം. അപ്പോള്‍, എല്ലാത്തിനും പിന്നില്‍ നടാഷയായിരുന്നോ?
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top