LoginRegister

ഡോ. മുഹ്‌സിന കെ ഇസ്മായില്‍; വര: മറിയംബീവി പുറത്തീല്‍

Feed Back


അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കിക്കൊണ്ട് വിശ്വാസികള്‍ പരിശുദ്ധ കഅ്ബക്ക് ചുറ്റും വലംവെച്ചു കൊണ്ടിരിക്കുന്ന വീഡിയോ കണ്ട് സാഹില്‍ തൊട്ടപ്പുറത്തു ചാരുകസേരയിലിരിക്കുന്നുണ്ടായിരുന്നു. ഹയയും ഇഷാനയും നടുമുറ്റത്ത് കടലാസ് തോണി ഓടിച്ചു കളിക്കുന്നത് നോക്കി ഞാന്‍ തിണ്ണയില്‍ ഇരുന്നപ്പോഴാണ് ഹയ ഓടി വന്നത്.
”ഒരു കഥ പറഞ്ഞു തരോ?”
”സുലൈമാന്‍ നബിയുടെ കഥ മതിയോ?”
”മതി മതി…”
സുലൈമാന്‍ നബിക്കു എല്ലാ ജീവികളോടും സംസാരിക്കാനുള്ള കഴിവുണ്ടായിരുന്നു എന്ന് അറിയായിരുന്ന ഉറുമ്പ് ഫാന്‍ ഇഷാന പറഞ്ഞു.
”വേണ്ട. അത് മടുത്തു. വേറെ പറ മമ്മാ,” ഹയ കെഞ്ചി.
ഞാന്‍ ഒരു തോര്‍ത്തെടുത്തു മക്കളുടെ തല തോര്‍ത്തിയതിനു ശേഷം അവരെ എന്റെ തൊട്ടടുത്തു തിണ്ണയിലിരുത്തി. മാനം കറുത്തിരുണ്ട് നിന്നിരുന്നെങ്കിലും മഴ കുറഞ്ഞിരുന്നു.
”ഞാനിന്നു സുബൈദ രാജ കുമാരിയുടെ കഥ പറഞ്ഞു തരാം. പണ്ട് ഹജ്ജിനുപോകുന്നവര്‍ക്കു കുടിക്കാന്‍ വേണ്ടത്ര വെള്ളമൊന്നുമില്ലായിരുന്നു.”
ഇഷാനയും ഹയയും മുഖത്തോട് മുഖം നോക്കി.
” വെള്ളം കുടിക്കാതെങ്ങനെയാ? മമ്മ കള്ളം പറയേണ്” -ഹയ വാദിച്ചു.
”ഹം.. മമ്മ വെറുതെ പറയോ? ഇപ്പത്തെക്കാര്യല്ല. ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അന്ന് സുബൈദ രാജകുമാരി രാജ്യത്തുള്ള എഞ്ചിനീയര്‍മാരെയും ശാസ്ത്രജ്ഞാന്മാരെയും വിളിച്ചുകൂട്ടി ഒരു കനാല്‍ പണിയാന്‍ തീരുമാനിച്ചു. മലയും പാറയും പൊട്ടിച്ചു ഫലഭൂയിഷ്ഠമായ തായിഫ് എന്ന സ്ഥലത്ത് നിന്നു മക്കയിലേക്ക് വെള്ളമെത്തിക്കുന്ന ഒരു കനാല്‍. പത്തു വര്‍ഷം കൊണ്ടാണ് അതിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അതിനുള്ള ചിലവെല്ലാം കൊടുത്തതു രാജകുമാരിയാണ്,” അങ്ങനെ പറഞ്ഞു ഞാന്‍ കാലാട്ടിയിരിക്കുന്ന ഹയയെ നോക്കി. അവള്‍ മറ്റേതോ ലോകത്താണെന്ന് തോന്നി. അപ്പൊത്തന്നെ അതിനുത്തരവും കിട്ടി.
”മമ്മാ, സൂഫി പറഞ്ഞല്ലോ അവന്‍ ക്രിക്കറ്റ് പഠിക്കാന്‍ പോണുണ്ടെന്ന്. നേരാ?”
”ആ…അവര് കഴിഞ്ഞ കൊല്ലോം പോയിരുന്നു…” ഞാന്‍ അവളെ തലോടിക്കൊണ്ട് പറഞ്ഞു. അവളുടെ അടുത്ത ചോദ്യമെന്തായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതവളെന്നോട് ഒരു നൂറ് പ്രാവശ്യം ചോദിച്ചു കഴിഞ്ഞതുമാണ്. അതിനു ഞാനവള്‍ക്ക് നല്‍കിയ ഉത്തരം തൃപ്തികരമല്ലെന്നു എനിക്കു തന്നെ നല്ല ബോധ്യമുള്ളതുമാണ്.
”മമ്മ ചോറ് തരട്ടെ? നിങ്ങള്‍ടെ ഫേവറേറ്റ് കറിയുണ്ടിന്ന്” -ഞാനൊരു ചെറിയ ഡിസ്ട്രാക്ഷന്‍ ടെക്‌നിക് പരീക്ഷിച്ചു നോക്കി.
”സാമ്പാറാണോ?” ഇഷാന ചോദിച്ചു.
”അയ്യോ. അല്ല. മമ്മ ഇന്നു അത്രയൊന്നും കുക്ക് ചെയ്തില്ല.”
”ചിക്കന്‍ ഫ്രൈ?” കയ്യിലിരുന്ന പാവയെ മുകളിലേക്കേറിഞ്ഞു പിടിക്കുന്നതിനിടയില്‍ ഹയ ചോദിച്ചു.
”അല്ല ഗേള്‍സ്. പൊട്ടറ്റോ ഫ്രൈ.”
‘അതാണോ ഇത്ര വലിയ കാര്യമെന്നു’ ഹയ ചോദിക്കുമെന്ന് കരുതിയതാണ്. പക്ഷേ, അതുണ്ടായില്ല. ചിലപ്പോള്‍ കുട്ടികള്‍ നമ്മള്‍ വിചാരിക്കുന്നത് പോലെയല്ല എന്ന് വിചാരിച്ചു അടുക്കളയിലേക്ക് നടക്കുമ്പോള്‍ അടുത്ത ഡിമാന്‍ഡ് വന്നു.
”മമ്മ, വാരിത്താ”
ഇതൊന്നും കേട്ടിട്ടില്ല എന്ന ഭാവത്തിലിരിക്കുന്ന സാഹിലിനെ ഞാന്‍ ഇടം കണ്ണിട്ടു നോക്കി.
‘നീ അവര്‍ പറയുന്നതൊക്കെ ചെയ്തു കൊടുത്തിട്ടാണ് ഈ വാശി’ എന്ന വാചകമാണ് എനിക്കോര്‍മ വന്നത്.
സാഹില്‍ തിരക്കിട്ടു ഫോണില്‍ എന്തോ സ്‌ക്രോള്‍ ചെയ്തു കൊണ്ടേയിരുന്നു.
”ഓക്കേ” -ഞാന്‍ കുറുമ്പികളോട് പറഞ്ഞു.
രണ്ട് പ്ലെയ്റ്റ് ചോറും കയ്യിലെടുത്തു നടുമുറ്റത്തേക്ക് വന്നപ്പോഴും ഹയയും ഇഷാനയും മഴ നോക്കിയിരിപ്പാണ്. മഴത്തുള്ളികള്‍ മുത്തുകളായി വരിവരിയായി മാല കോര്‍ക്കുന്നത് പോലെയെനിക്ക് തോന്നി.
”മമ്മാ, ഇന്നു നമുക്ക് ഗ്രൗണ്ടില്‍ പോയാലോ? മമ്മ പറയോ അവരോട് എന്നേം കളിക്കാന്‍ കൂട്ടാന്‍?”
”ഓക്കേ. ഡണ്‍” -ഞാന്‍ ഹയയോട് പറഞ്ഞു.

”താങ്ക്യൂ മമ്മ,” അവള്‍ പ്ലെയിറ്റില്‍ നിന്നു ഒന്ന് രണ്ട് കഷ്ണം പൊട്ടറ്റോ ഫ്രൈ എടുത്ത് കഴിച്ചു. ചിലപ്പോളെനിക്ക് തോന്നും ഇഷാനക്ക് സംസാരിക്കാന്‍ ഹയ സമയം കൊടുക്കാറില്ലെന്ന്. ഞാനവള്‍ക്ക് ഒരുരുള ചോറ് കൊടുത്തിട്ടും ഇഷാന ഒന്നും മിണ്ടിയില്ല.
”മമ്മ മമ്മ, നമുക്ക് സൂഫി പോകുന്ന ആ സ്ഥലത്ത് പോയാലോ? ക്രിക്കറ്റ് പഠിക്കാന്‍?” ഹയ പെട്ടന്ന് ഞാന്‍ പേടിച്ചിരുന്ന ആ ചോദ്യം ചോദിച്ചു. ഞാന്‍ സാഹിലിനെ നോക്കി. ഫോണ്‍ കസേരക്കാലില്‍ വെച്ചു കാല്‍ നീട്ടി കണ്ണടച്ചു കിടക്കുകയാണ് സാഹില്‍. ഒരുപാട് തവണ ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുള്ളതും സാഹില്‍ പൊട്ടിത്തെറിച്ചിട്ടുള്ളതുമായ ഒരു കാര്യമാണിത്. സാഹില്‍ ഉറങ്ങിയിട്ടുണ്ടാകണേ എന്ന് പ്രാര്‍ഥിച്ച് ഞാന്‍ ഹയയോട് സ്ഥിരം ഡയലോഗ് തട്ടി വിട്ടു,
”നീയാദ്യം ഇത്തിരി കൂടി വലുതാകട്ടെ. കോച്ചു പറഞ്ഞു തരുന്നതൊക്കെ അതുപോലെ ചെയ്യേണ്ടി വരും. മോള്‍ ടയേര്‍ഡ് ആകില്ലേ?”
”ഇല്ല മമ്മ. എനിക്കു പോണം. എനിക്കിഷ്ടമാ. മമ്മിക്കറിയാലോ ഞാന്‍ ക്രിക്കറ്റ് കളിക്കുമ്പോ ടയേര്‍ഡ് ആകാറില്ലെന്നു” -ഹയ വിട്ടു തരാന്‍ ഭാവമില്ലായിരുന്നു.
”മമ്മ, എനിക്കും പോണം” -ഓര്‍ക്കാപ്പുറത്തു ഇഷാനയും പറഞ്ഞു.
” ഞാനും…ഞാനും” എന്ന് പറഞ്ഞു ഇഷാനയും ഹയയും എന്റെ ചുറ്റും കൂടി.
”ഫുഡ് കഴിച്ചിട്ട്. നോക്കിയേ… ഓലെഞ്ഞാലി എവിടെപ്പോയി?”
ഹയ മുറ്റത്തുള്ള ഓല നോക്കാന്‍ തിണ്ണയില്‍ ചടിക്കയറി.
ഹയയെ നോക്കാന്‍ തല പൊക്കിയപ്പോഴാണ് സാഹില്‍ ഇതെല്ലാം കേട്ടു കണ്ണുരുട്ടി കസേരയിലിരിക്കുന്നത് കണ്ടത്.
”ദാ…നോക്കിക്കേ. അതല്ലേ മമ്മേടെ ഫേവറേറ്റ് ബേര്‍ഡ്?”
എന്റെ മനസ്സിലൂടെ കാടുമുഴക്കിയുടെ ശബ്ദം ഒരു മിന്നല്‍പ്പിണര്‍ പോലെ കടന്നു പോയി.
”ടീ, നീയെന്തിനാ ആ കുട്ടികളെപ്പറഞ്ഞു പറ്റിക്കുന്നേ? അവരോട് പറഞ്ഞൂടെ പറ്റില്ലാന്ന്? ചെല കാര്യങ്ങള്‍ പറ്റില്ല എന്ന് തന്നേ പറയണം. കെണറ്റില്‍ ചാടാന്‍ പറഞ്ഞാ പറ്റോ?”
”സാഹില്‍, പ്ലീസ്” -ഞാന്‍ സാഹിലിനെ നോക്കി കൈകൂപ്പി.
”എന്താടീ, ഇനി ഞാന്‍ നീ പറഞ്ഞത് കേക്കണോ?”
പിന്നെ, ഞാനൊന്നും പറഞ്ഞില്ല. പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. അത് സാഹിലിനെ കൂടുതല്‍ ചൊടിപ്പിക്കുകയേ ഉള്ളൂ. താഴോട്ട് നോക്കി നിന്നപ്പോഴും സാഹില്‍ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കുട്ടികള്‍ പേടിച്ചു എന്നെ കെട്ടിപ്പിടിച്ചു, ഞാനവരെയും. സാധാരണ ഇത് കാണുമ്പോള്‍ സാഹില്‍ നിലം ചവിട്ടിപ്പൊളിച്ച് അകത്തേക്കു പോകാറാണ് പതിവ്.
”എന്നാ, കേട്ടോ. ഇനി നീ ഇവരേം കൊണ്ട് ഗ്രൗണ്ടിലോ മറ്റോ കളിക്കാന്‍ പോയെന്നു കേട്ടാ.! കണ്ട ചെക്കന്മാരുടെ കൂടെയാണ് പോണതെന്നോര്‍ക്കണം. നിന്റെ വീടിന്റെ പാരമ്പര്യം ഈ തറവാടിനില്ല.”
അത്രയും കേട്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ വിറക്കുന്നുണ്ടായിരുന്നു. സാഹിലിന്റെ മുഖത്തേക്ക് നോക്കാതെ ഞാന്‍ കുട്ടികളെയും കൊണ്ട് അകത്തേക്ക് പോകാന്‍ ശ്രമിച്ചു. അപ്പോഴേക്കും വലിയ ശബ്ദത്തോടെ മഴ ആര്‍ത്തുലഞ്ഞു പെയ്തു.

”മമ്മാ, മഴ..” കുട്ടികളെന്നെ വരാന്തയിലേക്ക് പിടിച്ചുവലിച്ചു.
എന്റെ ഹൃദയത്തില്‍ ഇഷ്ടികകള്‍ എരിയുന്ന വേദന അനുഭവപ്പെട്ടുവെങ്കിലും ഞാന്‍ ദേഷ്യം കടിച്ചമര്‍ത്തി. കാലങ്ങളായി കുറ്റം മാത്രമാണല്ലോ കേള്‍ക്കുന്നത് എന്ന് എന്റെ മനസ്സ് വേദനിച്ചതിനു തെളിവായി ഒരു തുള്ളി കണ്ണുനീര്‍ കവിളിലൂടെ ഒലിച്ചിറങ്ങി. എന്നെയും സാഹിലിനെയും മാറി മാറി നോക്കുന്ന ഹയയെ കണ്ടപ്പോള്‍ ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കാന്‍ പാടു പെട്ടു. അപ്പോഴേക്കും സാഹിലിന്റെ ഉപ്പയും ഉമ്മയും നടുമുറ്റത്തെത്തി.
”എന്താ മോനേ?” എന്ന് ചോദിക്കേണ്ട താമസം സാഹില്‍ ഞാന്‍ പറഞ്ഞതെല്ലാം പൊടിപ്പും തൊങ്ങളും പിടിപിച്ചങ്ങോട്ട് പറഞ്ഞു.
”പെണ്ണുങ്ങളായാല്‍ അടക്കോം ഒതുക്കോം വേണം” സാഹിലിന്റെ ഉമ്മ പറഞ്ഞു.
”ഇവള്‍ പോകും. ഞാന്‍ കൊണ്ട് പോകും…” ഞാന്‍ സാഹിലിനെ നോക്കിപ്പറഞ്ഞു.
”നീ കൊറേ കൊണ്ട് പോകും. നീയുമൊരു പെണ്ണല്ലേ? കൊണ്ടോവാന്‍ ഞാന്‍ തന്നേ വേണ്ടേ? പിന്നെ, ഈ പെണ്‍കുട്യോളൊക്കെ ക്രിക്കറ്റ് കളിക്കാന്‍ പോയിട്ടെന്തിനാ? നിനക്കറിയാലോ?”
സാഹിലും ഉപ്പയും തമ്മില്‍ത്തമ്മില്‍ നോക്കിച്ചിരിച്ചു. ഉമ്മയുടെ മുഖത്തൊരു പുച്ഛഭാവമുണ്ടായിരുന്നു.
”ഞാന്‍ തന്നെ കൊണ്ടുപോകും” വാക്കുകള്‍ വിറച്ചുവിറച്ചു പുറത്തുവീണു.
”അതിനെന്താ ഒരു തീര്‍ച്ചയില്ലാത്തത്?” ഉപ്പ ദേഷ്യത്തോടെ എന്നെ നോക്കിപ്പറഞ്ഞു.
എന്റെ വാക്കുകള്‍ തണുത്തുറഞ്ഞു കഴിഞ്ഞിരുന്നു. അവയിനി തിരിച്ചു വരില്ലേ എന്ന് ഞാന്‍ ഭയന്നു. ഹയ എന്റെ മുഖത്തേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്. ഇഷാനയുടെ കവിളിലൂടെ കണ്ണുനീര്‍ ഒലിച്ചിറങ്ങി. ഞാന്‍ അവരെയും കൊണ്ട് അകത്തേക്കു പോകാനൊരുങ്ങിയപ്പോള്‍ സാഹിലിങ്ങനെ കൂടി പറഞ്ഞു,
”അഹങ്കാരീ, ഉപ്പാന്റെ നേരെ നിന്റെ നാവു പൊന്തും, ലേ?”
ഞാനതു കേട്ടെന്ന് ഭാവിച്ചില്ല. സാഹിലിന്റെ മുഖത്തൊന്നു നോക്കുക കൂടി ചെയ്തില്ല. നോക്കിയിരുന്നെങ്കില്‍ സാഹിലിന്റെ ചുമന്ന കണ്ണുകള്‍ എന്നെ എന്നത്തേയുംപോലെ തൂക്കുമരത്തില്‍ കേറ്റിയേനെ.
”നിക്ക്. നീ എങ്ങോട്ടാ ഓടിപ്പോകുന്നത്? എന്തായാലും ഇഷാനയെ കൊണ്ട് പോകാന്‍ പറ്റില്ല.”
ആ അവസരത്തില്‍ തോറ്റു പോയി എന്ന ചിന്ത കൊണ്ടാണ് സാഹില്‍ അങ്ങനെ പറഞ്ഞതെന്നാണ് വിചാരിച്ചത്. എന്നത്തെയും പോലെ വെറും ഡ്രാമ. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ സാഹില്‍ അതില്‍ കടിച്ചു തൂങ്ങി. ഇഷാനയെ വീട്ടിലാക്കി എനിക്കും ഹയക്കും ട്രെയിന്‍ കേറേണ്ടി വന്നു. തീവണ്ടിയുടെ താളത്തിനകത്തു മുങ്ങിപ്പോയ ഇഷാനയുടെ കരച്ചിലിനൊത്ത് എന്റെ ഹൃദയമിടിപ്പുയര്‍ന്നു. സാഹിലും ഉമ്മയും ചേര്‍ന്ന് പിടിച്ചുവലിച്ച ആ കുഞ്ഞു കൈകള്‍ നൊന്തിട്ടുണ്ടാകുമോ എന്ന് എന്റെ മനസ്സ് വിങ്ങി. കണ്ണുനീര്‍ തുള്ളികള്‍ പുറത്തേക്കൊഴുകാന്‍ മത്സരിച്ചപ്പോഴും ഞാന്‍ ഹയയെ ഓര്‍ത്തു വിടര്‍ന്നുചിരിച്ചു.
” ഇഷാനേം കൂടി കൊണ്ടോവായിരുന്നു” -ഹയ എന്നെ നോക്കിപ്പറഞ്ഞു.
”അടുത്ത പ്രാവശ്യം നമുക്കെന്തായാലും ഇഷാനയേം കൊണ്ടോവാം.”
അങ്ങനെയാണ് ആ ട്രെയിന്‍ യാത്ര. അന്ന്, പരിശുദ്ധ അറഫ നാളില്‍ ഹാജിമാര്‍ ആത്മസംതൃപ്തിയോടെ അറഫയില്‍ അണിനിരന്നപ്പോള്‍ നോമ്പും പിടിച്ചു ഞാന്‍ എന്റെ മക്കള്‍ക്ക് വേണ്ടി വാദിക്കുകയായിരുന്നു. അതോ, അതെനിക്ക് വേണ്ടിത്തന്നെയായിരുന്നോ? വിവാഹത്തിന് മുമ്പുള്ള ഓരോ പെരുന്നാളിന്റെയും വിലയെന്തായിരുന്നുവെന്നു ഞാനിന്നോര്‍ക്കാറുണ്ട്. പൂമ്പാറ്റകളെപ്പിടിച്ചു ചിറകുവെട്ടി കൂട്ടിലടക്കുന്നതാണോ വിവാഹമെന്ന് എന്റെ മനസ്സ് ചോദിച്ചു.
തീവണ്ടി യാത്ര ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ മനോഹരമായി കടന്നുപോയി. ട്രെയിനില്‍ നിന്നിറങ്ങി ടാക്‌സി കിട്ടാതെ വലഞ്ഞപ്പോള്‍ എന്നെ ആരോ ഒരാള്‍ പുറകില്‍ നിന്നു തൊട്ടു. ഞാന്‍ ഞെട്ടിത്തരിച്ചു. പട്ടാപ്പകല്‍ ആളെ വെട്ടിക്കൊല്ലുന്ന സ്ഥലമാണ് എന്ന ചിന്തയായിരുന്നു എന്റെ മനസ്സിലൂടെ തീതുപ്പിപ്പാഞ്ഞത്. അതൊരു സ്ത്രീയായിരുന്നു. നീണ്ടു മെലിഞ്ഞ മെയ്ക്കപ്പ് വാരിപ്പൂശിയ ഒരു സാരിക്കാരി. ആ മുഖം ഞാന്‍ പല തവണ കണ്ടു മറന്നതാണല്ലോ എന്നെന്റെ മനസ്സ് കണക്കു കൂട്ടിക്കൊണ്ടിരിക്കെ അവളിങ്ങനെ പറഞ്ഞു,
”ഞാന്‍ അമീന. സാഹിലിന്റെ ക്ലാസ് മെയിറ്റാണ്.”
സാഹിലിന്റെ ടൂര്‍ ഫോട്ടോകളിലും കോളജിലെ ഓണപ്പരിപാടികളുടെ വീഡിയോകളിലും കണ്ടിട്ടുള്ള ആ മുഖമെന്നില്‍ ഔപചാരികതയുടെ പുഞ്ചിരി വിടര്‍ത്തി.
”ആ.. അറിയാം.”
”അവനെവിടെ? സാല്‍?” എന്നു ചോദിച്ചു അമീന ചുറ്റുമൊന്നു കണ്ണോടിച്ചു. അമീനയുടെ മൂക്കിന്റെ അറ്റത്തെ പച്ചയും പിങ്കും നിറത്തില്‍ കൊത്തിവെച്ച ‘എസ്’ എന്ന അക്ഷരത്തിലെന്റെ ദൃഷ്ടി പതിഞ്ഞു. അതു പോലൊന്ന് തന്റെ മൂക്കിനറ്റത്തുമുണ്ടല്ലോയെന്നത് ഒരു കരിങ്കല്ലായി ഹൃദയത്തെ ഞെരുക്കി. അത് പണിതു കൊണ്ട് വന്നപ്പോള്‍ സാഹില്‍ പറഞ്ഞ കാര്യം എന്റെ ഓര്‍മയില്‍ നിന്നിറങ്ങി വന്നു. അന്ന് സാഹില്‍ പറഞ്ഞ വാചകങ്ങള്‍ തീക്കനല്‍ പോലെ എന്റെ ഉള്ളില്‍ പുകഞ്ഞു.
”ഇത് നിനക്ക്. ഇത് അതിനേക്കാള്‍ സ്‌പെഷ്യലായ ഒരാള്‍ക്കാണ്. അത് നിനക്ക് വഴിയേ മനസ്സിലാകും. സ്‌പെഷ്യലായി ഞാന്‍ പണിയിപ്പിച്ചതാണ്. ഇങ്ങനത്തെ ഒരെണ്ണം മറ്റാര്‍ക്കുമുണ്ടാകില്ല.”
താന്‍ പ്രെഗ്‌നന്റാണെന്ന് അറിഞ്ഞ ദിവസമാണ് സാഹിലിത് തന്നത്. ഞാന്‍ അപ്പോള്‍ കരുതിയത് അത് ജനിക്കാന്‍ പോകുന്ന കുഞ്ഞിനുള്ളതാണെന്നാണ്. പിന്നീടത് വിട്ടുപോകുകയും ചെയ്തു. ഇവളായിരുന്നോ ആ സ്‌പെഷ്യല്‍ ആള്?
”അവന്‍ വന്നില്ലേ? വരും ന്നു പറഞ്ഞിരുന്നതാണല്ലോ…” -എന്നു പറഞ്ഞു അമീന ചുറ്റും നോക്കി.
”ഇത് നിനക്ക് തരാന്‍ പറഞ്ഞിരുന്നു അവന്‍.”
അമീന നീട്ടിയ കട്ടിക്കടലാസിലേക്ക് ഞാന്‍ നോക്കി. അതില്‍ സുവര്‍ണാക്ഷരങ്ങളില്‍ ‘സാഹില്‍ കെ കെ വെഡ്‌സ് അമീന നാസര്‍’ എന്നെഴുതിയിരുന്നു.
എന്റെ കണ്ണിലിരുട്ട് കയറി. ഞാന്‍ ഹയയുടെ കൈ പിടിച്ചു നടന്നകന്നു. ഹയ ”ആരാ അത് മമ്മാ..” എന്നു ചോദിച്ചത് പോലും ഞാന്‍ കേട്ടില്ല . ഡിവോഴ്‌സ് എന്ന നീരാളിയുടെ കയറ് കഴുത്തില്‍ വലിഞ്ഞു മുറുകി എന്നെ ശ്വാസം മുട്ടിക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു. ‘സാഹില്‍ വെഡ്‌സ് അമീന’ എന്ന വാചകം ഒരു ചങ്ങലയായി എന്നെ വലം വെച്ചു കൊണ്ടിരുന്നു.
(തുടരും)

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top