അല്ലാഹുവേ, എന്റെ ആകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു (ബുഖാരി 6369).
എല്ലാവരാലും ഇഷ്ടപ്പെടുന്ന വ്യക്തിത്വങ്ങളെ കുറിച്ച് ആലോചിച്ചു നോക്കൂ. അവരുടെ ഭൗതികമായ നേട്ടങ്ങളെക്കാളും സമ്പത്തിനെക്കാളും അവരോട് ജനങ്ങള്‍ക്ക് ഇഷ്ടമുണ്ടാക്കിയത് അവരുടെ സ്വഭാവവും പെരുമാറ്റവും ആവും. ധാരാളം സമ്പത്തും സ്വാധീനവുമുള്ള എത്രയോ ആളുകള്‍ അവരുടെ മോശം സ്വഭാവം കാരണം വെറുക്കപ്പെട്ടവരുണ്ട്!. പ്രവാചകന്റെ സ്വഭാവമായിരുന്നു ജനങ്ങള്‍ പ്രവാചകനിലേക്ക് അടുക്കാന്‍ കാരണം. ഖുര്‍ആന്‍ പറയുന്നു: ”നബിയേ, നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കില്‍ നിന്റെ ചുറ്റില്‍ നിന്നും അവര്‍ പിരിഞ്ഞ് പോയിക്കളയുമായിരുന്നു”(ഖുര്‍ആന്‍ 3:159).
മനുഷ്യന്‍ ഏറ്റവും ഉത്കൃഷ്ടനാവുന്നത് ഉന്നതമായ സ്വഭാവത്തിന്ന് ഉടമയാകുമ്പോഴാണ്. പ്രവാചകന്‍ (സ) പറഞ്ഞു: ”നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സല്‍സ്വഭാവികളാകുന്നു.” മറ്റൊരിക്കല്‍ പ്രവാചകന്‍ പറഞ്ഞത് ഇങ്ങനെയാണ്: ”സല്‍സ്വഭാവത്തേക്കാള്‍ മീസാനില്‍ കനം തൂങ്ങുന്ന മറ്റൊന്നുമില്ല.”
ഇസ്ലാം പഠിപ്പിച്ച ആരാധാനാ കര്‍മങ്ങളിലൂടെ വിശ്വാസികള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങള്‍ പ്രധാനമായും സ്വഭാവശുദ്ധിയുമായി ബന്ധപ്പെട്ടതാണ്. നമസ്‌കാരവുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ സൂചിപ്പിക്കുന്നു: ”തീര്‍ച്ചയായും നമസ്‌കാരം നീചവൃത്തിയില്‍ നിന്നും നിഷിദ്ധകര്‍മത്തില്‍ നിന്നും തടയുന്നു” (ഖുര്‍ആന്‍ 29:45). പ്രവാചക നിയോഗത്തിന്റെ ഉദ്ദേശ്യങ്ങളില്‍ ഒന്ന് ഉത്തമ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണമാണെന്നും നബി(സ) പഠിപ്പിച്ചിട്ടുണ്ട്. സ്വഭാവശുദ്ധിക്ക് ഇത്രയധികം പ്രധാന്യമുള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട് ധാരാളം പ്രാര്‍ഥനകള്‍ കാണാം.
നമ്മുടെ ജീവിതത്തെ അവതാളത്തിലാക്കുന്ന പ്രധാനപ്പെട്ട പല പെരുമാറ്റ-സ്വഭാവ ദൂഷ്യങ്ങളില്‍ നിന്നെല്ലാം നാഥനോട് കാവല്‍ തേടുന്നതാണ് ഈ പ്രാര്‍ഥന.
ജീവിതത്തില്‍ ഒരുപാട് ടെന്‍ഷനടിക്കുകയും സങ്കടപ്പെടുകയും അതിലൂടെ മാനസികമായി തളരുകയും ചെയ്യുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുകയാണ്. ഇത്തരത്തിലുള്ള അനാവശ്യമായ ആകുലതകളില്‍ നിന്നും ദുഃഖങ്ങളില്‍ നിന്നുമെല്ലാം ഈ പ്രാര്‍ഥനയില്‍ രക്ഷ തേടുന്നുണ്ട്.
ഭൗതികവും ആത്മീയവുമായ കാര്യങ്ങളില്‍ ദൗര്‍ബല്യം സംഭവിക്കുക എന്നത് മനുഷ്യന്റെ ബലഹീനതയാണ്. കഴിവുകളുണ്ടായിട്ടും ഉയര്‍ച്ച കൈവരിക്കാന്‍ കഴിയാത്ത ധാരാളം ആളുകളെ നാം കാണാറുണ്ട്. പ്രാര്‍ഥനയുടെ മൂന്നാമത്തെ തേട്ടം ഇത്തരം ദുര്‍ബലതകളില്‍ നിന്നുള്ള കാവലാണ്.
നാലാമതായി അലസതയില്‍ നിന്നുള്ള മോചനമാണ് ആവശ്യപ്പെടുന്നത്. സാമ്പത്തിക രംഗത്ത് പിശുക്ക് ഉണ്ടാവുന്നതില്‍ നിന്നും കടഭാരം സംഭവിക്കുന്നതില്‍ നിന്നും ഈ പ്രാര്‍ഥനയില്‍ രക്ഷ തേടുന്നു. സാമ്പത്തിക മേഖലയിലെ സ്വഭാവശുദ്ധിയും ഇതിലൂടെ കൈവരിക്കാന്‍ വിശ്വാസിക്ക് കഴിയും.
ആധുനിക കാലത്തെ വിശ്വാസി നിരന്തരം ചോദ്യം ചെയ്യലുകള്‍ക്കും ഭീഷണികള്‍ക്കും വിധേയനാവുന്നവനാണ്. അതോടൊപ്പം ശാരീരികമായ കീഴ്പ്പെടുത്തലുകളും സംഭവിക്കുന്നു. എവിടെയായാലും ധൈര്യസമേതം മുന്നേറല്‍ ആവശ്യമാണ്. ഇതിനെല്ലാം ഈ പ്രാര്‍ഥന പരിഹാരത്തിന്റെ പ്രാര്‍ഥനാ കവാടങ്ങള്‍ തുറന്നിടുന്നു.