LoginRegister

സ്വപ്‌നശലഭങ്ങളുടെ ചിറകടികള്‍

ഷാഫി വേളം

Feed Back


വേദനയിലും പുഞ്ചിരിച്ച് പ്രതിസന്ധികളെ കരുത്താക്കി അക്ഷരങ്ങളുടെ ചിറകിലേറി ജീവിത പ്രയാണം തുടരുകയാണ് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം സ്വദേശിനി ഫര്‍സാന. സെറിബ്രല്‍ പാള്‍സി രോഗം ബാധിച്ച് വീല്‍ചെയറിലിരുന്നാണ് ഫര്‍സാന ജീവിതത്തിന്റെ താളുകള്‍ മറിക്കുന്നത്.
‘ജീവിതമേല്‍പ്പിച്ച പരിക്കുകളില്‍ നിന്ന് ചിലതെല്ലാം വീണ്ടെടുക്കാനുള്ള മോഹത്തോടെ എഴുതി. കവിതയെന്ന് ചിലര്‍ അതിന് പേരിട്ടു’ എന്നാണ് പ്രഥമ കവിതാ സമാഹാരത്തിന്റെ മുഖവുരയില്‍ ഫര്‍സാന കുറിച്ചിട്ടിരിക്കുന്നത്.
വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാതെ ഒത്തിരിദൂരം ഫര്‍സാന മുന്നോട്ടു പോയി, ആ യാത്രയാണ് പലരുടെയും ജീവിതത്തില്‍ വെട്ടം പകരുന്നത്. വീട്ടുകാരുടെയും നല്ല സൗഹൃദങ്ങളുടെയും അതിരില്ലാത്ത സ്‌നേഹമാണ് ഫര്‍സാനയുടെ ജീവിത വഴിയിലെ ഊര്‍ജം.
തന്റെ കുറവുകളെയല്ല, തന്റെ കഴിവുകളില്‍ ശ്രദ്ധ നല്‍കിയാല്‍ വിജയത്തിന്റെ വാതിലുകള്‍ നമുക്ക് മുന്നില്‍ തുറക്കുമെന്ന് ഫര്‍സാനയുടെ ജീവിതം പറയുന്നു. അനുഭവിച്ച നിരാശയുടെയും അവഗണനയുടെയും കയ്പിനു പകരം ഫര്‍സാന സമൂഹത്തിന് നല്‍കുന്നത് പ്രത്യാശയുടെ പുഞ്ചിരിയാണ്.
പ്രതിസന്ധികളും പ്രയാസങ്ങളും ജീവിത വഴികളില്‍ വിലങ്ങുതടി സൃഷ്ടിക്കുമ്പോഴും സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാന്‍ കരുത്ത് പകരുന്നത് തനിക്ക് ചുറ്റും സ്നേഹവലയം തീര്‍ത്ത് കൈകള്‍ ചേര്‍ത്തുപിടിക്കുന്ന കുടുംബമാണ്.
വീട്ടില്‍തന്നെ ചടഞ്ഞിരിക്കുന്നതിന്റെ ഒറ്റപ്പെടലായിരുന്നു ബാല്യത്തില്‍ വലിയ നിരാശയുണ്ടാക്കിയിരുന്നത്. ആശുപത്രികളിലേക്കുള്ള യാത്രയില്‍ വാഹനത്തിനരികിലൂടെ നീങ്ങിമായുന്ന പുറംകാഴ്ചകള്‍മാത്രം. കുറ്റിപ്പുറം കഴുത്തല്ലൂരിലെ വീട്ടിലിരുന്നാല്‍ തൊട്ടടുത്ത സ്‌കൂളിലെ ബഹളങ്ങള്‍ കേള്‍ക്കാം. കാതോര്‍ത്താല്‍ ക്ലാസ്മുറികളിലെ അധ്യാപനങ്ങളും. വീട്ടില്‍ ചക്രക്കസേരയിലും കിടക്കയിലുമായി ഫര്‍സാന അവയെല്ലാം കേട്ടിരുന്നു.
മറ്റു കുട്ടികളെ പോലെ പഠിക്കാന്‍ അവസരം കിട്ടുമെന്ന് കരുതിയിരുന്നില്ല. മോഹങ്ങള്‍ ചക്രക്കസേരകള്‍ക്ക് ചുറ്റും കറങ്ങിയപ്പോഴാണ് എന്‍ ഐ യു പി സ്‌കൂളിലെ അധ്യാപകര്‍ പരിഹാരവുമായെത്തിയത്. സ്‌കൂളില്‍ ചേര്‍ന്ന് വീട്ടിലിരുന്ന് പഠിക്കാനായിരുന്നു നിര്‍ദേശം. അയല്‍വാസി റസീന ടീച്ചര്‍ അങ്ങനെ ആദ്യ ഗുരുവായി. വീടിന്റെ ഉമ്മറത്തിരുന്ന് ഫര്‍സാന പഠിപ്പുതുടങ്ങി. മൂന്നാം ക്ലാസ് മുതല്‍ മറ്റൊരു അയല്‍ക്കാരി മുംതാസായിരുന്നു ടീച്ചറായി കൂടെ നിന്നത്. വാര്‍ഷിക പരീക്ഷക്ക് അധ്യാപകര്‍ ചോദ്യം വീട്ടിലെത്തിക്കും. ഫര്‍സാന ഉത്തരം പറയും. താഴ്ന്ന ക്ലാസില്‍ പഠിക്കുന്നയാള്‍ അത് പകര്‍ത്തി അധ്യാപകര്‍ക്ക് തിരിച്ചെത്തിക്കും. അങ്ങനെയാണ് ഫര്‍സാന പത്താംക്ലാസ് പരീക്ഷയെ മറികടന്നത്. നിലവില്‍ ബി.എ സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് ആകണമെന്നാണ് ഫര്‍സാനയുടെ സ്വപ്‌നം.
ഏത് പ്രതികൂല സാഹചര്യത്തിലും ഊര്‍ജസ്വലതയോടെ അതിന് വേണ്ട പരിഹാരങ്ങള്‍ ആലോചിക്കുന്നവളാണ് ഫര്‍സാന. അമ്പരപ്പിക്കുന്നതാണ് ഫര്‍സാന ജീവിതത്തോട് കാട്ടിയിട്ടുള്ള സമര്‍പ്പണബോധവും അഭിനിവേശവും. ശാരീരിക പരിമിതികളെയും മനസ്സിന്റെ ഏകാന്തതകളെയും മറികടക്കാനുള്ള അതിജീവന തന്ത്രമാണ് ഫര്‍സാനക്ക് എഴുത്ത്. തന്റേതായ ഒരു ലോകം സൃഷ്ടിക്കാന്‍ പ്രാപ്തനാക്കിയത് വായനയായിരുന്നു. വായനവഴി പല ജീവിതങ്ങളെ അറിഞ്ഞു.
പലയിടങ്ങളിലായി കുറിച്ചിട്ട വരികളില്‍ കവിതയുണ്ടെന്ന് കണ്ടെത്തിയത് വീട്ടില്‍ പതിവായെത്തുന്ന ബി ആര്‍ സിയിലെ രേഖ ടീച്ചറായിരുന്നു. ഫര്‍സാനയുടെ ജീവിതവും എഴുത്തും അങ്ങനെ വാര്‍ത്തയായി. കുറ്റിപ്പുറം ഷെല്‍ട്ടര്‍ പാലിയേറ്റിവ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി തുടങ്ങിയതോടെ ജീവിതം മാറി. നിറയെ സൗഹൃദങ്ങളെയും അതുവഴി ലഭിച്ചു. ഷെല്‍ട്ടര്‍ പാലിയേറ്റീവ് വഴിയൊരുക്കിയപ്പോള്‍ ഫര്‍സാന വീടിന് പുറത്തെ ലോകവും ജീവിതവും കണ്ടു തുടങ്ങി.

‘മൗനം പുണര്‍ന്ന ശലഭച്ചിറകുകള്‍’ എന്ന കവിതാ സമാഹാരം നിയതം ബുക്‌സാണ് പുറത്തിറക്കിയത്. 96 കവിതകളുടെ സമാഹാരമാണിത്. കൂട്ടുകാരി ഫാത്തിമ നസ്‌റിന്റെ വിവാഹ ദിവസമായിരുന്നു പ്രകാശനം. സാമൂഹിക പ്രവര്‍ത്തകനായ നജീബ് കുറ്റിപ്പുറമാണ് മകളുടെ വിവാഹവേദിയില്‍ പുസ്തക പ്രകാശനത്തിനുള്ള സൗകര്യം ഒരുക്കിയത്.
‘ജീവിതത്തിന്റെ അഗ്‌നി പടര്‍ന്ന ഏടുകളാണിത്. മുറുകെ പിടിച്ചാല്‍ വാക്കുകള്‍ പൊടിഞ്ഞു പോകും. വെന്തുറഞ്ഞ അക്ഷരക്കൂട്ടങ്ങളില്‍ നിന്നുയര്‍ന്നത് സ്വപ്‌ന ശലഭങ്ങളുടെ നിറുത്താതെയുള്ള ചിറകടി ശബ്ദമാണ്’ എന്നാണ് പുസ്തകത്തിന്റെ ആമുഖത്തില്‍ ജീജോ നിയതം എഴുതിയത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top