LoginRegister

സ്വപ്‌നത്തിന്റെ ഉന്മാദം

ഷെരീഫ് സാഗര്‍

Feed Back


”എനിക്കൊരു സ്വപ്‌നമുണ്ട്: തൊലിയുടെ നിറത്തിന്റെ പേരിലല്ലാതെ, സ്വന്തം ചെയ്തികളുടെ പേരില്‍ മാത്രം വിലയിരുത്തപ്പെടുന്ന ഒരു രാജ്യത്ത് എന്റെ നാലു മക്കളും ജീവിക്കണം. എനിക്കൊരു സ്വപ്‌നമുണ്ട്: ഒരുനാള്‍ ഈ നാട് ഉയര്‍ന്നുവരും. മനുഷ്യരെല്ലാം തുല്യരാണ് എന്ന സങ്കല്‍പത്തെ ഈ നാട് അംഗീകരിക്കുന്ന ആ സുവര്‍ണ ദിനത്തെക്കുറിച്ച് ഞാന്‍ സ്വപ്‌നം കാണുന്നു. എനിക്കൊരു സ്വപ്‌നമുണ്ട്: ഒരു നാള്‍ ജോര്‍ജിയയിലെ ചെമന്ന മലകള്‍ക്കു മുകളില്‍ ഇന്നത്തെ അടിമകളുടെയും ഉടമകളുടെയും അടുത്ത തലമുറ, സാഹോദര്യഭാവത്തോടെ ഒരു മേശയ്ക്ക് ചുറ്റുമിരുന്നുകൊണ്ട് അത്താഴമുണ്ണുന്ന ആ ദിനത്തെപ്പറ്റി ഞാന്‍ സ്വപ്‌നം കാണുന്നു.”
മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ ലോക ചരിത്രത്തിലെ തന്നെ ഉജ്ജ്വലമായ പ്രസംഗത്തിലെ വരികളാണിത്. 1963 ആഗസ്ത് 28നായിരുന്നു ആ പ്രസംഗം. വംശവെറിയനായ വെള്ളക്കാരന്റെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെടുന്നതിന്റെ നാലു കൊല്ലം മുമ്പ്. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച പോരാളിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്.
ഇന്ന് ലോകത്തെ ജനാധിപത്യ മര്യാദകള്‍ പഠിപ്പിക്കുന്ന അമേരിക്ക ഏതാനും ദശകങ്ങള്‍ക്കു മുമ്പ് കൊടിയ വര്‍ണവിവേചനം നിലനില്‍ക്കുന്ന രാജ്യമായിരുന്നു. നീഗ്രോകള്‍ പുഴുക്കളെ പോലെയാണ് ജീവിച്ചത്. ബസ്സുകളില്‍ കറുത്തവനും വെളുത്തവനും വെവ്വേറെ സീറ്റുകളായിരുന്നു. കറുത്തവനെ കണ്ടാല്‍ കാര്‍ക്കിച്ചു തുപ്പിയിരുന്ന, കറുത്തവനെ വെളുത്തവന്റെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്ത, റസ്റ്റോറന്റുകളില്‍ ഭക്ഷണം കൊടുക്കാത്ത, പൊതുഇടങ്ങളില്‍ നിന്നെല്ലാം അവരെ അകറ്റിനിര്‍ത്തിയിരുന്ന കാലം.
വര്‍ണവെറിയില്‍ നിന്ന് ഇപ്പോഴും പൂര്‍ണമായി മുക്തമായിട്ടില്ലെങ്കിലും മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ പോലുള്ള നേതാക്കളുടെ ജീവന്മരണ പോരാട്ടം അമേരിക്കയുടെ സാമൂഹിക ജീവിതത്തെ മാറ്റിമറിച്ചു. നിരാശയുടെ പടുകുഴിയിലേക്ക് ആണ്ടുപോയ കറുത്ത വര്‍ഗക്കാര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ആത്മവിശ്വാസം നല്‍കി. അഭിമാനത്തോടെ നിലനില്‍ക്കുന്നതിനു വേണ്ടി അവര്‍ പൊരുതിക്കൊണ്ടിരുന്നു.
ഈ പ്രസംഗത്തിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. ഒരു ദിവസം അമേരിക്കയിലെ അലബാമയില്‍ റോസ പാര്‍ക്‌സ് എന്ന കറുത്ത വര്‍ഗക്കാരി ബസ്സില്‍ കയറുന്നു. വെളുത്തവര്‍ക്കായി സംവരണം ചെയ്ത പ്രത്യേക സീറ്റിലാണ് അവര്‍ ഇരുന്നത്. ഒരു വെളുത്ത വര്‍ഗക്കാരന്‍ ഉടനെ അവരോട് എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ സമ്മതിച്ചില്ല. അടുത്ത സ്റ്റോപ്പില്‍ ഇറക്കിവിട്ട അവരെ പൊലീസ് അറസ്റ്റ് ചെയ്തു.
റോസ പാര്‍ക്‌സ് കൊളുത്തിയ തീപ്പന്തം ആളിപ്പടര്‍ന്നു. കറുത്ത വര്‍ഗക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിലേക്ക് കാലുകുത്തി. ഒരൊറ്റ കറുത്തവനും ബസ്സില്‍ കയറില്ലെന്ന് തീരുമാനിച്ചു. ചരിത്രപ്രസിദ്ധമായ മോണ്ട്‌ഗോമറി ബസ് ബഹിഷ്‌കരണ സമരം. ഭരണകൂടത്തെ ഞെട്ടിച്ച സമരമായിരുന്നു അത്. 385 ദിവസം നീണ്ടുനിന്ന ഐതിഹാസിക പോരാട്ടം. ബസ്സുകളിലെ വിവേചനം അവസാനിപ്പിക്കുന്നതുവരെ ആ സമരം തുടര്‍ന്നു.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ആയിരുന്നു പ്രേരക ശക്തി. പലതവണ അദ്ദേഹം ആക്രമിക്കപ്പെട്ടെങ്കിലും അക്രമത്തിന്റെ മാര്‍ഗം തിരഞ്ഞെടുത്തില്ല. സമരക്കാര്‍ക്കിടയിലേക്ക് നായകളെ അഴിച്ചുവിടുന്ന ക്രൂരത ചെയ്തിട്ടുപോലും അവരുടെ പ്രക്ഷോഭം വഴിമാറിയില്ല. അദ്ദേഹത്തിന് ഈ ആശയം ലഭിച്ചത് ഇന്ത്യയില്‍ നിന്നാണ്. ഗാന്ധിയായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ മാതൃക.
വാഷിങ്ടണിലെ ലിങ്കണ്‍ സ്മാരകത്തിലേക്ക് അന്ന് ജനം ഒഴുകിയെത്തി. കറുത്തവര്‍ മാത്രമല്ല, വര്‍ണവിവേചനം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്ന വെളുത്തവനും ചുവന്നവനുമെല്ലാം അവിടെ തടിച്ചുകൂടി. ഏതാണ്ട് രണ്ടര ലക്ഷം പേര്‍. അബ്രഹാം ലിങ്കണ്‍ അടിമത്തം അവസാനിപ്പിച്ച് നൂറ് കൊല്ലം കഴിഞ്ഞിട്ടും നീഗ്രോകള്‍ അപമാനിതരായി തുടരുന്നതിനെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ചോദ്യം ചെയ്തു.
60 ലക്ഷത്തിലേറെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് 2500 പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഓരോ പ്രസംഗവും പരിവര്‍ത്തനത്തിന്റെ സന്ദേശമായിരുന്നു. സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയായിരുന്നു. ഓരോ പ്രസംഗവും കറുത്ത വര്‍ഗക്കാരെ ചലനാത്മകമാക്കി. സ്വപ്‌നം നേടാനായി അവര്‍ മുന്നോട്ട് കുതിച്ചു.
അദ്ദേഹം പറഞ്ഞു: ”നിങ്ങള്‍ക്ക് പറക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഓടുക, ഓടാന്‍ കഴിയുന്നില്ലെങ്കില്‍ നടക്കുക, നടക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇഴഞ്ഞു നീങ്ങുക. പക്ഷേ, എങ്ങനെയാണെങ്കിലും നിങ്ങളുടെ പ്രയാണം മുന്നോട്ട് മാത്രമായിരിക്കണം.”
ഇരുട്ട് കൊണ്ടല്ല പ്രകാശം കൊണ്ടാണ് ഇരുട്ടിനെ അകറ്റേണ്ടതെന്നും, വിദ്വേഷം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ് വിദ്വേഷത്തെ തോല്‍പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കാരുടെ വെറുപ്പിനെ വെറുപ്പുകൊണ്ട് നേരിടരുതെന്നും അക്രമത്തിന്റെ വഴി വേണ്ടെന്നും അദ്ദേഹം കറുത്ത വര്‍ഗക്കാരെ പഠിപ്പിച്ചു.
1965ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെ സമരം വിദ്യാഭ്യാസ സംരക്ഷണത്തിനു വേണ്ടിയായിരുന്നു. വെളുത്തവന്റെ കുട്ടികള്‍ക്ക് കിട്ടുന്ന അതേ വിദ്യാഭ്യാസം കറുത്തവന്റെ കുട്ടികള്‍ക്കും കിട്ടണമെന്ന് അദ്ദേഹം വാദിച്ചു. അതിനായി പോരാടി. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ കേരളത്തിലും സമാനമായ സമരം നടന്നിട്ടുണ്ട്. ‘എങ്ങടെ കുട്ടികളെ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് മുളപ്പിക്കും’ എന്ന ആ പണിമുടക്ക് പ്രഖ്യാപനം ചരിത്രത്തിലെ ശ്രദ്ധേയമായ ഓര്‍മയാണ്.
ലോകത്ത് എല്ലായിടത്തും സാമൂഹിക നീതിക്കു വേണ്ടിയുള്ള ഇത്തരം സമരങ്ങളെല്ലാം നടന്നത് ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ്. ആത്മാഭിമാനത്തിന്റെ ഉണര്‍ത്തുപാട്ടുകളായിരുന്നു അത്. നേതാക്കള്‍ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയും ആ സ്വപ്‌നസാക്ഷാത്കാരത്തിനായി നിരന്തരം ശ്രമിക്കുകയും ചെയ്തപ്പോഴാണ് സാമൂഹിക പരിവര്‍ത്തനങ്ങള്‍ ഉണ്ടായത്.
ദുരവസ്ഥകളെ പഴിച്ച് കാലം കഴിക്കുന്നതിനു പകരം നല്ല കാലത്തെക്കുറിച്ച് അവര്‍ സ്വപ്‌നം കണ്ടു. ആ സ്വപ്‌നം കൂടെയുള്ളവരിലേക്ക് പകര്‍ന്നു. വിമോചന സ്വപ്നം ഉന്മാദം പോലെ അവരെ പിടികൂടി. അങ്ങനെയൊരു പ്രത്യാശ നമുക്കൊപ്പമുണ്ടെങ്കില്‍ അത് യാഥാര്‍ഥ്യമാവുക തന്നെ ചെയ്യുമെന്ന് പില്‍ക്കാലം തെളിയിച്ചു. അങ്ങനെയൊരു സ്വപ്‌നത്തിന്റെ തേരിലേറിയാണ് പില്‍ക്കാലത്ത് അമേരിക്ക കറുത്ത വര്‍ഗക്കാരനായ ബറാക് ഒബാമയെ രാജ്യത്തിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.
സ്വപ്‌നത്തിന്റെ ഉന്മാദം പങ്കുവെച്ചുകൊണ്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ചരിത്രപ്രസിദ്ധമായ പ്രസംഗം അവസാനിപ്പിക്കുന്നത്. അത് ഇങ്ങനെയാണ്:
”ഒടുവില്‍ നാം സ്വതന്ത്രരായി,
ഒടുവില്‍ നാം സ്വതന്ത്രരായി,
ദൈവമേ നന്ദി,
ഒടുവില്‍ നമ്മളെല്ലാം സ്വതന്ത്രരായി.”

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top