LoginRegister

സ്മാര്‍ട്ട് കിച്ചന്‍; ഭാവിയിലെ എഐ അടുക്കള

സരിത മാഹിന്‍

Feed Back


വീട്ടമ്മമാര്‍, ജോലിക്ക് പോകുന്നവര്‍, ബാച്ചിലേഴ്സ് എന്നു വേണ്ട അടുക്കളപ്പണിയെടുക്കുന്ന കാര്യത്തില്‍ ആര്‍ക്കായാലും എത്ര കൈയുണ്ടെങ്കിലും മതിയാവില്ലെന്ന തോന്നലാണ്. തേങ്ങ ചിരവലും കണ്ണൊന്നു തെറ്റിയാല്‍ തിളച്ചുമറിയുന്ന പാലും ഒരേസമയം പ്രാതലും ഉച്ചഭക്ഷണവും തയ്യാറാക്കലും തുടങ്ങി ഇന്ത്യന്‍ അടുക്കള എന്നും ബഹളമുറിയാണ്. ഒരേസമയം നിരവധിപണികള്‍ ഇങ്ങനെ ഇടതടവില്ലാതെ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ ആരും പറഞ്ഞുപോകും: ഞാനെന്താ മെഷീനാണോ, എനിക്ക് ആകെ രണ്ടു കൈയേയുള്ളൂ, സ്വിച്ചിട്ടാല്‍ കോഴീം പത്തിരീം തരുന്ന ഒരു മെഷീന്‍ എന്നാണാവോ ഉണ്ടാവുന്നത് എന്നൊക്കെ. രണ്ടും മൂന്നും കൂട്ടം കറികളും വറവും പൊരികളുമൊക്കെ കൂട്ടി ഭക്ഷണം കഴിക്കുന്ന ഇന്ത്യക്കാരുടെ അടുക്കളയിലെ സ്ത്രീകള്‍ ഇതുപോലെ എന്നും പണിയെടുത്തുകൊണ്ടേയിരിക്കും.
അടുക്കളയിലെ സ്ഥലം എങ്ങനെ ഉപയോഗപ്രദമാക്കാം എന്ന ആശയമായിരുന്നു മോഡുലാര്‍ കിച്ചണുകള്‍. അത് വലിയ ഹിറ്റുമായിരുന്നു. അടുക്കളയിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് സ്മാര്‍ട്ട് കിച്ചണുകള്‍. ഭാവിയിലെ അടുക്കളയാണ് സ്മാര്‍ട്ട് കിച്ചണ്‍. ആധുനിക സാങ്കേതികവിദ്യയായ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് അടുക്കളയെ നിയന്ത്രിക്കുന്ന സംവിധാനമാണിത്.
അടുക്കളകളില്‍ നിലവിലുള്ള സൗകര്യങ്ങളുടെ ഒരു പുനര്‍നിര്‍വചനമാണ് എഐ കിച്ചണുകള്‍. വോയ്സ് അസിസ്റ്റന്റുകള്‍ മുതല്‍ മോഷന്‍ സെന്‍സറി ഡിവൈസുകള്‍ വരെ എഐ കിച്ചണുകളിലെ കാര്യക്ഷമത ഉറപ്പാക്കുന്നു, യൂട്ടിലിറ്റി ബില്ലുകള്‍ കുറക്കുന്നു, അടുക്കളപ്പണികള്‍ മൊത്തത്തില്‍ മെച്ചപ്പെടുന്നു. പക്ഷേ, ഇതിനെല്ലാം വന്‍ വില കൊടുക്കണമെന്നു മാത്രം.
കാലങ്ങളായി സ്മാര്‍ട്ട് കിച്ചണ്‍ എന്നു പറയുന്ന ഭാവിയിലെ അടുക്കള നാം സിനിമകളില്‍ മാത്രം കണ്ടുവന്നിരുന്ന ഒരാശയമായിരുന്നു. റോബോട്ടിക്സിനോടും ഒപ്പം കഠിനാധ്വാനികളായ എന്‍ജിനീയര്‍മാരോടും നമുക്ക് നന്ദി പറയാം. സ്മാര്‍ട്ട് കിച്ചണുകള്‍ പതുക്കെയാണെങ്കിലും വരവറിയിച്ചുതുടങ്ങിയിട്ടുണ്ട്. ചില റസ്റ്റോറന്റുകളിലെങ്കിലും ഇതിനകം എഐ എനേബ്ള്‍ഡ് കിച്ചണുകള്‍ ഉണ്ട്. ഓര്‍ഡറുകള്‍ എടുക്കാനും ആഹാരം തയ്യാറാക്കാനും ഇളക്കാനും ഭക്ഷണത്തില്‍ മസാലചേര്‍ക്കാന്‍ വരെ അവര്‍ ആ അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. പാചകത്തിലെ കൊച്ചുകൊച്ചു പണികളെ ഇല്ലാതാക്കുന്നു എന്നു മാത്രമല്ല, ജോലി എളുപ്പമാക്കുകയും ഊര്‍ജം ലാഭിക്കുകയും ചെയ്യുക എന്ന പ്രവര്‍ത്തന നേട്ടങ്ങളും എഐ അടുക്കളകള്‍ക്കുണ്ട്. കൂടാതെ ഈ സ്മാര്‍ട്ട് കിച്ചണുകള്‍ കണ്ടാല്‍ നാം വിചാരിക്കും നമ്മള്‍ എതോ സയന്‍സ് ഫിക്ഷന്‍ സീരിസ് കണ്ടുകൊണ്ടിരിക്കുകയാണെന്ന്.
അത്യാധുനിക സാങ്കേതികവിദ്യയുടെയും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുകളുടെയും ഡൈഹാര്‍ഡ് ഫാനാണ് നിങ്ങളെങ്കില്‍ പിന്നെ ഇതൊന്നും വലിയ അതിശയമായി തോന്നില്ല. നമ്മുടെ നിത്യജീവിതത്തിലേക്ക് എഐ നിയന്ത്രിത കിച്ചണുകള്‍ ഇതുവരെയും വന്നുതുടങ്ങിയിട്ടില്ല. മറ്റേതൊരു സാങ്കേതികവിദ്യയെയും പോലെ എല്ലാവര്‍ക്കും വാങ്ങാനാവുന്നൊരു വിലയിലെത്തുമ്പോള്‍ അതും സര്‍വസാധാരണമാകും.
‘തരൂ കുടുക്കേ ചോറും കറീം’ എന്നു പറയുമ്പോഴേക്കും ഭക്ഷണം മുമ്പിലെത്തുന്ന ഒരു കുടുക്കയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാവില്ല. ഇന്ത്യന്‍ ഭക്ഷണരീതികളുടെ പ്രത്യേകത തന്നെ അതാണ്. ഓരോ വിഭവങ്ങളും ഉണ്ടാക്കാന്‍ കുറേ സമയം വേണം. 10 മിനിറ്റ് ആസ്വദിച്ച് കഴിക്കാന്‍ വേണ്ടി രണ്ടോ മൂന്നോ മണിക്കൂര്‍ അടുക്കളയില്‍ ചെലവഴിക്കേണ്ട കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ പലരും ഒന്നും ഉണ്ടാക്കില്ല. സ്മാര്‍ട്ട് കിച്ചണുകളുടെ ആശയം തന്നെ ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ട സമയം ലാഭിക്കുക എന്നതാണ്. ഭക്ഷണം തയ്യാറാക്കാന്‍ വേണ്ട കാര്യങ്ങളെല്ലാം നമുക്ക് അവയെക്കൊണ്ട് ചെയ്യിക്കാം. അതിന് സ്മാര്‍ട്ടായിട്ടുള്ള വീട്ടുപകരണങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് എനര്‍ജി ലാഭിക്കുകയും കുറേക്കാലം നിലനില്‍ക്കുന്നതുമാണ്. അതുകൊണ്ടുതന്നെ ധാരാളം കറന്റ് ബില്ല് ലാഭിക്കാം. പരമ്പരാഗത അടുക്കളകളെ അപേക്ഷിച്ച് എഐ അടുക്കളകള്‍ക്ക് ഒരുപാട് പ്രവര്‍ത്തന ആനുകൂല്യങ്ങളുണ്ട്.
കുക്കിങിനെ അത് ഓട്ടോമേറ്റ് ചെയ്യുന്നു. വൈഫൈയിലോ ബ്ലൂടൂത്തിലോ കണക്റ്റഡായിരിക്കും സ്മാര്‍ട്ട് കിച്ചണിലെ ഉപകരണങ്ങള്‍. മൊബൈല്‍ ആപ്പുകളിലൂടെ വിദൂരത്തിരുന്നും നമുക്കീ സ്മാര്‍ട്ട് ഡിവൈസുകളെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യാം. ഈ സ്മാര്‍ട്ട് ഉപകരണങ്ങളെയെല്ലാം ആമസോണ്‍ അലക്സ, ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളുമായും ബന്ധിപ്പിക്കാം. ഇവയെ നമ്മുടെ ശബ്ദം കൊണ്ടും നിയന്ത്രിക്കാമെന്നര്‍ഥം.
സ്മാര്‍ട്ട് അവനുകള്‍, ഡിഷ് വാഷറുകള്‍ എന്നിവയാണ് നിലവില്‍ ലഭ്യമായ വിദൂര നിയന്ത്രിത സ്മാര്‍ട്ട് ഡിവൈസുകള്‍. പക്ഷേ, ഭാവിയിലേക്ക് റോബോട്ടിക്സും ഓട്ടോമേഷനും ഒക്കെ സംയോജിപ്പിച്ചുള്ള അടുക്കള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

എഐ റെസിപ്പികള്‍
2011ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചിത്രത്തില്‍ പെണ്ണുകാണാന്‍ പോകുന്ന നായകന്‍ പെണ്ണിന്റെ വീട്ടിലെ കുക്കിനെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്ന ഒരു സീന്‍ ഉണ്ട്. അത്രയ്ക്കും കൈപ്പുണ്യം ഉണ്ടായിരുന്നത്രേ കുക്ക് ബാബുവിന്. കുക്ക് ബാബുവിനോളം വരില്ലെങ്കിലും നമ്മുടെ സ്മാര്‍ട്ട് ഫ്രിഡ്ജില്‍ നിറയെ ഗ്രോസറിയുണ്ടെന്നിരിക്കെ എന്തുണ്ടാക്കണമെന്ന് ഒരു അന്തവുമില്ലാതിരിക്കുമ്പോള്‍ അടുത്തുള്ള റസ്റ്റോറന്റില്‍ നിന്ന് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യാമെന്ന് നാം കരുതുന്നു. പക്ഷേ അങ്ങനെ ഓര്‍ഡര്‍ ചെയ്യാന്‍ വരട്ടെ. എഐ ഉണ്ടെങ്കില്‍ എന്തും സാധ്യമാണ്. ഒരു ഐഎ എനേബ്ള്‍ഡ് കിച്ചണ്‍ ആണെങ്കില്‍ അത് നിങ്ങളുടെ ഫോണുമായി ബന്ധിപ്പിക്കപ്പെട്ട സ്മാര്‍ട്ട് റഫ്രിജറേറ്റര്‍ ഒരു കാമറയുടെ സഹായത്തോടെ സ്‌കാന്‍ ചെയ്യും. അതില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന എല്ലാ തരം വിഭവങ്ങളുടെയും റെസിപ്പി എഐ പറഞ്ഞുതരും. എന്തുണ്ടാക്കണം എന്നു മാത്രമല്ല, നിങ്ങള്‍ക്കുള്ള ഡയറ്റ് പ്ലാന്‍ അനുസരിച്ചുള്ള റെസിപ്പികളും അത് പറയും. നിങ്ങളുടെ ഇഷ്ടഭക്ഷണം, ഇപ്പോഴത്തെ കാലാവസ്ഥ എന്നതൊക്കെ വിലയിരുത്തി ഭക്ഷണം തയ്യാറാക്കാനുള്ള റെസിപ്പികളും നമുക്ക് ലഭ്യമാണ്. നാം ഇതിനു മുമ്പ് എന്താണ് കഴിച്ചത്, പൊതുവേ നാം എന്താണ് കഴിക്കുന്നത് എന്നൊക്കെ നോക്കിയും റെസിപ്പികള്‍ തയ്യാറാക്കും. പെട്ടെന്നു നശിച്ചുപോകുന്ന വസ്തുക്കളെക്കുറിച്ചും, ഓരോന്നിന്റെയും എക്‌സ്പയറി ഡേറ്റിനെക്കുറിച്ചുമൊക്കെ സ്മാര്‍ട്ട് റഫ്രിജറേറ്റര്‍ നമുക്ക് പറഞ്ഞുതരും.
അടുക്കളയിലെ എഐ എന്ത് തിന്നണം എന്നു മാത്രമല്ല പറയുന്നത്. ഫുഡ് വേസ്റ്റ് മാനേജ് ചെയ്യാനും അതുകൊണ്ട് സാധിക്കും. ഒരു ശരാശരി മനുഷ്യന്‍ വാങ്ങുന്ന ഭക്ഷണത്തിന്റെ 15 ശതമാനം ഒരു വര്‍ഷം പാഴാക്കുന്നു എന്നാണ് കണക്ക്. ഇത് ചെറുതാണെന്ന് തോന്നുമെങ്കിലും കാലം ചെല്ലുംതോറും ഭക്ഷണത്തിന്റെ വേസ്റ്റ് വര്‍ധിക്കും. അതു കുറക്കാന്‍ എഐ സാങ്കേതികവിദ്യ കൊണ്ട് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന വാക്വം ക്ലീനറുകള്‍ക്ക് ഇന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പുകളില്‍ വന്‍ ഡിമാന്റാണ്. ആപ്പിനാല്‍ നിയന്ത്രിതമായ ക്ലീനറുകള്‍ മുറി സ്‌കാന്‍ ചെയ്ത് ഇതിലുള്ള തടസ്സങ്ങളെ കണ്ടെത്തി റൂം ക്ലീന്‍ ചെയ്യുന്നു. പഴയകാല ക്ലീനറുകളെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ വളരെ എളുപ്പവുമാണിവ.
മോഷന്‍ സെന്‍സറി ചിമ്മിനികളാണ് അടുക്കളയിലെ മറ്റൊരു താരം. സ്വയം വൃത്തിയാക്കുന്ന ചിമ്മിനികള്‍ മാര്‍ക്കറ്റില്‍ ആദ്യമേയുണ്ട്. പുതിയ ചിമ്മിനികള്‍ക്ക് മോഷന്‍ സെന്‍സറുകളുണ്ട്. അടുക്കളയുടെ സൗകര്യമനുസരിച്ച് അവ പ്രവര്‍ത്തിക്കും. നിര്‍ദേശമനുസരിച്ച് സ്വിച്ച് ഓണാകാനും ഓഫാകാനും കുറക്കാനും കൂട്ടാനും ഒക്കെ സാധിക്കുന്നതാണിത്. വോയ്സ് അസിസ്റ്റന്റ് ആപ്പുകളായ സിരി, അലക്‌സ, ഗൂഗള്‍ അസിസ്റ്റന്റ് എന്നിവ കാലങ്ങളായി നാം ഉപയോഗിക്കുന്നതാണ്. അടുക്കളയുടെ കാര്യത്തില്‍ വരുമ്പോള്‍ ഗ്രോസറി ലിസ്റ്റില്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങളുടെ വിവരങ്ങള്‍ ചേര്‍ക്കാം, റെസിപ്പികള്‍ സെര്‍ച്ച് ചെയ്യാം, നമ്മള്‍ ബിസിയാണെങ്കില്‍ കോഫി മെഷീനും ചിമ്മിനിയും ഓവനുമൊക്കെ ഓണാക്കാനും വോയ്‌സ് അസിസ്റ്റന്റിനോട് പറഞ്ഞാല്‍ മതി. ഒരുകാലത്ത് നമ്മളായിരുന്നല്ലോ വീട്ടിലെ വോയ്സ് അസിസ്റ്റന്റുകള്‍.
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ സമയം വേണ്ടിവരുന്നതും ആളു വേണ്ടതുമായ ജോലിയാണ് ഭക്ഷണം പാകം ചെയ്യല്‍. എഐയും റോബോട്ടിക്സും ചേര്‍ന്ന് കുക്കിങ് കുറച്ചുകൂടി എളുപ്പമാക്കുന്നു. റോബോട്ടിക് ആംസ് (റോബോട്ട് കൈകള്‍) സ്മാര്‍ട്ട് കിച്ചണുകളില്‍ സ്ഥാപിക്കുന്നതോടെ അവ നമുക്കു വേണ്ടി പണിയെടുത്തോളും. ഫാക്ടറികളിലും വെയര്‍ ഹൗസുകളിലുമൊക്കെ കാണുന്നതുപോലുള്ള യന്ത്രക്കൈകളാണിവ. ഒരേയൊരു വ്യത്യാസം ഇവയെ ഭക്ഷണം ഉണ്ടാക്കാന്‍ വേണ്ടി പ്രോഗ്രാം ചെയ്തിരിക്കുന്നുവെന്നതാണ്. ഈ യന്ത്രക്കൈകള്‍ സീലിങില്‍ ഒരു റെയിലില്‍ സ്ഥാപിച്ചിരിക്കും. അവിടെ നിന്ന് അവര്‍ക്ക് ഓവനും ഹോബ്സുമൊക്കെ പ്രവര്‍ത്തിപ്പിക്കാനാവും. നിങ്ങള്‍ ചെയ്യേണ്ടത് 5000ത്തോളം വരുന്ന റെസിപ്പികളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കുകയും ഒരു യഥാര്‍ഥ ഷെഫിനെപ്പോലെ പ്രവര്‍ത്തിക്കുന്ന എഐയുടെ മാജിക്കിനായി കാത്തിരിക്കുകയുമാണ്.
അടുക്കളയിലെ മനംമടുപ്പിക്കുന്ന പണികളില്‍ നിന്നെല്ലാം എഐ നമ്മെ സഹായിക്കുമെങ്കിലും മനുഷ്യര്‍ തന്നെയായിരിക്കും അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം നിയന്ത്രിക്കുന്നത്. അത് രുചിയാണ്.
എഐ കിച്ചണുകളുടെ ഒരു ഗുണം അത് ഊര്‍ജം ലാഭിക്കുന്നുവെന്നാണ്. ഓട്ടോമാറ്റിക്കായി ടേണ്‍ഓഫ് ആവുന്നതുകൊണ്ട് 15-20 ശതമാനം വരെ ബില്ലുകള്‍ കുറയുമെന്നാണ് കണക്കുകള്‍. ഏറ്റവും കൂടുതല്‍ ഉപയോഗം കുറവ് ഊര്‍ജത്തില്‍ എന്നതാണ് സ്മാര്‍ട്ട് ഉപകരണങ്ങളുടെ അടിസ്ഥാന ആശയം തന്നെ. സൗകര്യമാണ് മറ്റൊരു ഗുണം. ഒരു ഉപകരണം കൊണ്ട് നമുക്ക് നിരവധി അപ്ലയന്‍സുകളെ നിയന്ത്രിക്കാം. വീട്ടുസാധനങ്ങള്‍ തീരുമ്പോഴും നമ്മുടെ സ്മാര്‍ട്ട് ഉപകരണങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കും.
ഇതൊക്കെയാണെങ്കിലും സ്മാര്‍ട്ട് കിച്ചണ്‍ സാധാരണക്കാരുടെ അടുത്തെത്താന്‍ അല്‍പം കൂടി കാത്തിരിക്കണം. ഏതൊരു സ്മാര്‍ട്ട് അപ്ലയന്‍സ് ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കിലും വന്‍ തുക ചെലവാണ്. അതിനൂതനത്വവും ഉപയോഗിക്കാനുള്ള അനായാസവും കാരണം പരമ്പരാഗതമായ അത്തരം ഉപകരണത്തേക്കാള്‍ 20-50 ശതമാനം കൂടുതലാണ് സ്മാര്‍ട്ട് അപ്ലയന്‍സുകളുടെ വില. പൂര്‍ണമായി ഇന്റര്‍നെറ്റില്‍ കണക്റ്റഡ് ആയതിനാല്‍ സ്വകാര്യത ഹനിക്കപ്പെടുകയും ഡാറ്റാ മോഷണത്തിനും സാധ്യതയുണ്ട്. നമ്മുടെ സെന്‍സിറ്റീവ് ഡാറ്റ ഹാക്കേഴ്സ് കൈക്കലാക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഹാക്കേഴ്സ് സിസ്റ്റത്തിലേക്ക് ഇടിച്ചുകയറി ശല്യമാകാനും മതി. അതു മറികടക്കാന്‍ പാസ്‌വേഡ് നിരന്തരം മാറ്റേണ്ടിവരും.
എല്ലാ ഉപകരണങ്ങളും ഇന്റര്‍നെറ്റിന്റെയും വൈഫൈയുടെയും സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ എന്തെങ്കിലും വിധത്തിലുള്ള കണക്റ്റിവിറ്റി പ്രശ്നം ഉണ്ടായാല്‍ ഉപകരണങ്ങള്‍ നിശ്ചലമാകും. ഇന്ത്യന്‍ സാഹചര്യത്തില്‍ ദീര്‍ഘനേരം വൈദ്യുതി കട്ടാവുന്നത് സര്‍വസാധാരണമാണ്. അത് വൈഫൈ റൂട്ടറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ടുതന്നെ ഒരു സ്മാര്‍ട്ട് ഡിവൈസിന്റെ പ്രവര്‍ത്തനത്തെയും അത് ബാധിക്കും. ഇത്തരം അടുക്കള സെറ്റ് ചെയ്യുന്നതിനു മുമ്പ് ഉപയോക്താക്കള്‍ ഒരു മാര്‍ക്കറ്റ് സ്റ്റഡി ചെയ്യുന്നത് നന്നായിരിക്കും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top