LoginRegister

സുവാർത്തയാൽ സന്തുഷ്ടരാവുക

അബ്ദു സലഫി

Feed Back


”ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും എന്നിട്ട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്യുന്നവരുണ്ടല്ലോ, നിശ്ചയമായും അവരുടെ മേല്‍ മലക്കുകള്‍ ഇറങ്ങിവരും. അവര്‍ അവരോട് പറയും: ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ട സ്വര്‍ഗത്തിന്റെ സുവാര്‍ത്തയാല്‍ സന്തുഷ്ടരായിക്കൊള്ളുക” (ഖുര്‍ആന്‍ 41:30).

അല്ലാഹുവിന്റെ ഏകത്വം അംഗീകരിച്ച് പ്രഖ്യാപിക്കുകയും അതില്‍ അടിയുറച്ചു നില്‍ക്കുകയും ചെയ്യുന്നതോടൊപ്പം അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ കൃത്യമായി പാലിച്ചു നിലകൊള്ളുന്ന സത്യവിശ്വാസികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണിത്.
ദുന്‍യാവിലെ ജീവിതത്തില്‍ തന്നെ അല്ലാഹുവിന്റെ അദൃശ്യമായ സഹായങ്ങള്‍ മലക്കുകളിലൂടെ അല്ലാഹു സത്യവിശ്വാസികള്‍ക്ക് നല്‍കുന്നതാണ്. ബദ്‌റില്‍ മലക്കുകളെ ഇറക്കി അല്ലാഹു സഹായിച്ചതും വിശ്വാസികള്‍ക്ക് അല്ലാഹു സംരക്ഷണം നല്‍കുമെന്ന് അറിയിച്ചതും ഇതിന്റെ ഭാഗം തന്നെയാണ്.
മരണവേളയില്‍ സ്വര്‍ഗത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിച്ചും സ്‌നേഹത്തോടെ സ്വാഗതം ചെയ്തും സത്യവിശ്വാസികളോടൊപ്പം മലക്കുകള്‍ ഉണ്ടാവും. ബര്‍സഖീ ജീവിതത്തിലും മഹ്ശറയിലും സത്യവിശ്വാസികള്‍ക്ക് മലക്കുകള്‍ കൂട്ടുണ്ടായിരിക്കും. അവരെ സ്വര്‍ഗത്തിലേക്ക് ആനയിച്ച് സന്തോഷം പകരാന്‍ മലക്കുകള്‍ കൂടെ വരുന്നതുമാണ്.
റബ്ബ് അല്ലാഹുവാണെന്ന് പ്രഖ്യാപിക്കല്‍ യഥാര്‍ഥ തൗഹീദില്‍ നിലകൊള്ളുന്നതിന്റെ ഭാഗമാണ്. പിന്നീട് വിശ്വാസപരമായ ചാഞ്ചല്യം അവരിലുണ്ടാവില്ല. നേരാംവണ്ണം നിലകൊള്ളുക എന്നു പറയുന്നത്, വിശ്വാസപരമായ ദൃഢതയും സത്കര്‍മങ്ങള്‍ നിറഞ്ഞ ജീവിതവുമാണ്. അനസ്(റ) പറയുന്നു: ”ധാരാളം ആളുകള്‍ അല്ലാഹുവാണ് അവരുടെ റബ്ബ് എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ, പിന്നെ പലരും അതിനെ നിഷേധിച്ചുകളഞ്ഞു. മരണം വരെ ആ ആദര്‍ശത്തില്‍ ഉറച്ചുനിന്നവരാണ് നേരാംവണ്ണം നിലകൊണ്ടവര്‍” (നസാഈ, ഇബ്‌നു ജരീര്‍).
സത്യവിശ്വാസവും സത്കര്‍മവും കൊണ്ട് ജീവിതം ധന്യമാക്കുന്ന വിശ്വാസികള്‍ക്ക് മലക്കുകളില്‍ നിന്നുള്ള സന്തോഷവാര്‍ത്ത എന്നും വലിയ കരുത്തായിരിക്കും. ‘ഭയപ്പെടേണ്ട, ദുഃഖിക്കേണ്ട’ എന്ന വാക്കും ‘സ്വര്‍ഗം നിങ്ങള്‍ക്കാണെ’ന്ന സന്തോഷവാര്‍ത്തയും മരണവേളയിലും മഹ്ശറയിലും അവര്‍ക്ക് സമാധാനമേകുക തന്നെ ചെയ്യും. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top