LoginRegister

സുഊദി കായികരംഗത്തെ വനിതാ മുന്നേറ്റം

വി കെ ജാബിര്‍

Feed Back


പല നിലകളിലും പുതുവഴി വെട്ടിത്തുറന്നിട്ടവളാണ് അദ്വ അല്‍ ആരിഫിയെന്ന സുഊദി അറേബ്യന്‍ ചെറുപ്പക്കാരി. കായികരംഗത്തെ സുഊദി അറേബ്യയിലെ ശ്രദ്ധേയയായ വനിതാ വ്യക്തിത്വമായ അദ്വ ബിന്‍ത് അബ്ദുറഹ്മാന്‍ അല്‍ ആരിഫി എന്ന 35കാരി വീണ്ടും വാര്‍ത്തകളുടെ തലക്കെട്ടുകള്‍ സ്വന്തമാക്കുകയാണ്.
സുഊദിയിലെ പുതിയ കായിക സഹമന്ത്രിയായി കഴിഞ്ഞ ദിവസം നിയമിതയായ അദ്വ അല്‍ ആരിഫിയുടെ കരിയര്‍ കായിക സംഘാടനവും വികസനവുമായി വളരെ അടുത്തുനില്‍ക്കുന്നുണ്ട്. ഡിസംബറിലെ അവസാന ദിനങ്ങളിലാണ് സുഊദി അറേബ്യയുടെ കായിക-യുവജനകാര്യ സഹമന്ത്രിയായി അദ്വയെ നിയോഗിച്ചുകൊണ്ട് കായിക മന്ത്രാലയത്തിന്റെ ചുമതലയുള്ള അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍കി അല്‍ ഫൈസലിന്റെ പ്രഖ്യാപനം വന്നത്. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് കായിക മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ തുര്‍കിയെ നന്ദി അറിയിച്ച അദ്വ അല്‍ ആരിഫി, സ്ത്രീകളുടെ കായിക വിനോദങ്ങള്‍ക്ക് അവരുടെ പുരുഷ സഹോദരന്മാരേക്കാള്‍ കൂടുതല്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, എല്ലാവര്‍ക്കും ദൈവം വിജയം നല്‍കട്ടെയെന്നുമാണ് ട്വിറ്ററില്‍ കുറിച്ചിട്ടത്.
കമ്മ്യൂണിറ്റി സ്പോര്‍ട്സില്‍ വിപുലമായ കഴിവും വൈദഗ്ധ്യവും പ്രകടിപ്പിച്ച അല്‍ ആരിഫി രാജ്യത്തെ വനിതകളുടെ കായിക വികസനത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിത്വമാണ്. സുഊദി ഒളിംപിക്സ് കൗണ്‍സില്‍ അംഗത്വം നേടുന്ന ആദ്യ സുഊദി വനിതയാണ്. ഫുട്ബോള്‍ ഫെഡറേഷനില്‍ അംഗത്വം നേടുന്ന ആദ്യ സുഊദി പെണ്‍കുട്ടിയുമാണ്. കായിക മന്ത്രാലയത്തിലെ പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് അണ്ടര്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്വ. 2020ല്‍ വുമന്‍ ഇന്‍ സ്പോര്‍ട്സ് പുരസ്‌കാരം നേടിയിട്ടുണ്ട്. അല്‍യമാമ വിമന്‍സ് ക്ലബ് രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ അദ്‌വ ക്ലബ്ബിന്റെ അധ്യക്ഷയായിരുന്നു. സുഊദി ഫുട്‌േബാള്‍ ഫെഡറേഷന്റെ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കമ്മിറ്റി പ്രസിഡന്റ് പദവിയിലെത്തിയ ആദ്യ വനിതയും അദ്വയാണ്.
കായിക മന്ത്രാലയത്തില്‍ ആസൂത്രണ-വികസന ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന അല്‍ ആരിഫി റിയാദ് അല്‍യമാമ സര്‍വകലാശാലയില്‍ നിന്നുള്ള ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബിരുദധാരിണിയാണ്. ചെറുപ്പം മുതലേ വിവിധ കായിക മത്സരങ്ങള്‍ ആവേശത്തോടെ വീക്ഷിച്ചിരുന്ന അല്‍ ആരിഫി ഫുട്‌ബോളിനോട് അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. 2019ല്‍ അല്‍ ആരിഫി സ്‌പോര്‍ട്‌സ് മന്ത്രാലയത്തില്‍ നിക്ഷേപ ഡയറക്ടറായി ചേര്‍ന്നു. തുടര്‍ന്ന് സുഊദി ഒളിംപിക്സ് കൗണ്‍സില്‍ അംഗമായി അല്‍ ആരിഫി നോമിനേറ്റ് ചെയ്യപ്പെട്ടു. ഇതേ വര്‍ഷം തന്നെ അവര്‍ സുഊദി ഫുട്‌ബോള്‍ അസോസിയേഷനില്‍ ചേര്‍ന്നു. പിന്നീട് സുഊദി ഫുട്‌ബോള്‍ ഫെഡറേഷന്‍ സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി കമ്മിറ്റിയില്‍ അംഗമാവുകയും പിന്നാലെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സുഊദി അറേബ്യന്‍ ഫുട്‌േബാള്‍ ഫെഡറേഷനിലെ വിമന്‍സ് ഫുട്‌ബോള്‍ ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അവര്‍ രാജിവെച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ടത് ലാമിയ ബിന്‍തു ബഹ്‌യാനാണ്. കായിക മന്ത്രാലയത്തിലെ പ്ലാനിങ് ആന്റ് ഡെവലപ്മെന്റ് അണ്ടര്‍ സെക്രട്ടറിയായി നിയമിതയായതിനെ തുടര്‍ന്നാണ് 2021ല്‍ അദ്വ ഫുട്‌ബോള്‍ ഫെഡറേഷനിലെ പദവിയൊഴിഞ്ഞത്. അപ്പോഴേക്കും സുഊദി അറേബ്യയില്‍ വനിതാ ഫുട്‌േബാള്‍ വ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ കുതിപ്പുകള്‍ നടത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടുണ്ട്.
സുഊദി അറേബ്യയില്‍ ലിംഗപരമായ തടസ്സങ്ങള്‍ തകര്‍ത്തെറിഞ്ഞ്, ഫുട്ബോള്‍ ആണുങ്ങളുടെ കളി മാത്രമല്ലെന്ന് അവള്‍ തെളിയിച്ചു. 2018 ഫെബ്രുവരിയിലാണ് ചരിത്രം സൃഷ്ടിച്ച്, സുഊദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി അല്‍ ആരിഫി മാറിയത്. വീരോചിതമായ ഇടപെടലുകളിലൂടെ സ്ത്രീകള്‍ക്ക് കൂടുതല്‍ തുല്യതയും അവസരങ്ങളും പ്രോത്സാഹിപ്പിക്കുന്ന അദ്വയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ അംഗീകാരമായാണ് കായിക സഹമന്ത്രിയായി അവര്‍ നിയമിക്കപ്പെടുന്നത്.
സുഊദി അറേബ്യയിലെ ഏറ്റവും പ്രശസ്തയായ സ്ത്രീകളില്‍ ഒരാളാകാന്‍ ഇതിനകം ഈ ചെറുപ്പക്കാരിക്കു കഴിഞ്ഞിട്ടുണ്ട്. 2007ല്‍ ബിരുദ പഠനകാലത്താണ് അല്‍ യമാമ വിമന്‍സ് ഫുട്‌േബാള്‍ ക്ലബ്ബിന് അവര്‍ രൂപം നല്‍കുന്നത്. 2008ല്‍ റിയാദ് വനിതാ ഫുട്‌േബാള്‍ കമ്മിറ്റിക്കു രൂപം നല്‍കിയ അദ്വ, വനിതാ ഫുട്‌ബോള്‍ ലീഗുകള്‍ക്കുള്ള നിയമങ്ങളും നിര്‍ദേശങ്ങളും നിബന്ധനകളും രൂപപ്പെടുത്തി. പരിശീലനങ്ങളും റഫറിമാര്‍ക്കുള്ള വര്‍ക്‌ഷോപ്പുകളും ക്ലബ്ബിനു കീഴില്‍ സംഘടിപ്പിക്കപ്പെട്ടു. വനിതാ ഫുട്‌ബോളിനു സുഊദിയില്‍ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ അടയാളപ്പെടുത്തലുകള്‍ നടത്താന്‍ സാധിച്ചതിനു പിന്നില്‍ അദ്വയുടെ പരിശ്രമവും ജാഗ്രതയുമുണ്ട്.
വിശിഷ്ടവും സ്ഥിരതയുള്ളതുമായ ചുവടുവെപ്പിലൂടെയാണ് രാജ്യത്ത് സ്ത്രീകളുടെ കായികവിനോദങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ചട്ടക്കൂടിന് അവര്‍ രൂപംനല്‍കിയത്. സ്ത്രീകളുടെ കായിക വിനോദങ്ങള്‍ പ്രചരിപ്പിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലുമുള്ള സംഭാവന പരിഗണിച്ചാണ് 2020ലെ വുമന്‍ ഇന്‍ സ്പോര്‍ട്സ് അവാര്‍ഡ് അവരെ തേടിയെത്തിയത്.
സുഊദി അറേബ്യയുടെ ഗതിമാറ്റത്തിനു വേഗത കൂട്ടുന്ന നടപടികളുടെ ഭാഗമായി അദ്വയുടെ നിയമനം വിലയിരുത്തപ്പെടുന്നു. തൊഴിലിടങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ശക്തമായ സാന്നിധ്യമായി മാറാന്‍ സുഊദി വനിതകള്‍ക്ക് ഇതിനകം സാധിച്ചിട്ടുണ്ട്. ആ ഒഴുക്കിന്റെ ഗതിവേഗം കൂട്ടുന്ന നടപടികളുടെ ഭാഗമാണ് അദ്‌വയുടെ സഹമന്ത്രിപദം കാണുന്നത്. ഇതൊരു ആകസ്മിക സംഭവമായി കാണാന്‍ കഴിയില്ലെന്ന് സമീപകാലത്ത് ആ രാജ്യത്തുണ്ടായ നടപടികള്‍ വ്യക്തമാക്കുന്നു.
സ്ത്രീകളുടെ തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ടും സമൂഹത്തില്‍ തുല്യപദവി നല്‍കുന്നതു സംബന്ധിച്ചും കാലോചിതമായ നീക്കങ്ങളാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി ചുമതലയേറ്റതു മുതല്‍ സുഊദി അറേബ്യയില്‍ നിന്നുണ്ടാകുന്നത്. ഇറാനില്‍ മതകീയ പൊലീസ് നടപടിയെ തുടര്‍ന്ന് യുവതി മരിക്കാനിടയായതും സ്ത്രീകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭവും രൂക്ഷമാകുന്ന സാഹചര്യം ഇവിടെ പ്രസക്തമാണ്.
അഫ്ഗാനിസ്താനില്‍ പെണ്‍കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ട് മതത്തിന്റെ കുപ്പായമിട്ട താലിബാന്‍ ഭരണകൂടം രംഗത്തുവന്നപ്പോള്‍ അതിനെതിരെ സുഊദി അറേബ്യ ശക്തമായ നിലപാട് സ്വീകരിച്ചതു നാം കാണുന്നുണ്ട്. അഫ്ഗാന്‍ നടപടി തെറ്റാണെന്നും അവസര സമത്വ നിഷേധമാണെന്നും ദൗര്‍ഭാഗ്യകരമായ നടപടി തിരുത്തണമെന്നുമായിരുന്നു സുഊദി അറേബ്യയുടെ പ്രതികരണത്തിന്റെ ചുരുക്കം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top