LoginRegister

സാര്‍സന്‍ കാ സാഗ്

ഫാത്തിമ ഫസീല

Feed Back


”യഹ് പാപട് ഹൈ, ചപ്പാത്തി നഹീഹൈ…”
ചപ്പാത്തിക്കല്ലില്‍ കിടന്ന് പൊള്ളി വീര്‍ത്ത ഞാനുണ്ടാക്കിയ രുചികരമായ ചപ്പാത്തിയെ നോക്കി പരിഹാസം കലര്‍ന്ന ചിരിയില്‍ ചരണ്‍പാല്‍ അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് വിഷമമൊന്നും തോന്നിയില്ല. ഒരു പഞ്ചാബി അടുക്കളയില്‍ വെച്ച് അവരുടെ കട്ടിയുള്ള ചപ്പാത്തികള്‍ക്കിടയില്‍ എന്റെ വക, ഒരു കേരള സ്‌റ്റൈല്‍ വളരെ നേര്‍മയുള്ള കുലീനമായ ചപ്പാത്തി ഉണ്ടാക്കാന്‍ കഴിഞ്ഞല്ലോ എന്ന ചാരിതാര്‍ഥ്യത്തിലായിരുന്നു ഞാന്‍.
ഗുര്‍കിരണ്‍ മാം ചപ്പാത്തിയുണ്ടാക്കുന്ന രീതി ആരും ഒന്നു നോക്കിനിന്നുപോകും. ചൂടുള്ള തവയില്‍ നിന്ന് പാതി വെന്ത ചപ്പാത്തികള്‍ ദ്രുതഗതിയില്‍ കൈ കൊണ്ടെടുത്ത് ഗ്യാസിന്റെ ഫ്‌ളെയ്മില്‍ തിരിച്ചും മറിച്ചുമിട്ട് വേവിച്ചെടുക്കുന്നതിനിടയില്‍ അവര്‍ കേരളത്തെക്കുറിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ മുറ്റത്ത് ഒറു കയറുകട്ടിലിലിരുന്ന് ദാദീമാ ഏതോ പഴയ പഞ്ചാബി പാട്ടുകള്‍ പാടുകയായിരുന്നു. സന്ധ്യ കഴിഞ്ഞ് ഇരുട്ട് വീണുതുടങ്ങിയിരുന്നു.

കോണിപ്പടിയില്‍ പടര്‍ന്നു കായ്ച്ചുനില്‍ക്കുന്ന മുന്തിരിവള്ളികള്‍ക്കിടയിലൂടെ ഞങ്ങള്‍ ടെറസിലേക്ക് കയറി. ഒരു തണുത്ത പഞ്ചാബിക്കാറ്റു വന്നു ഞങ്ങളെ പൊതിഞ്ഞു. ഇരുട്ടില്‍ അങ്ങിങ്ങായി ചതുരക്കട്ടകള്‍ പോലുള്ള വീടുകളും അതിന്റെ വെളിച്ചവും കാണുന്നുണ്ടായിരുന്നു. ഉയരെ നിന്ന് ദൂരെ കാണുന്ന തെരുവിലേക്ക് നോക്കിയിരിക്കുമ്പോള്‍ മനസ്സിലൂടെ തരംതിരിച്ചെടുക്കാനാവാത്ത ഒരുപാട് വര്‍ണചിത്രങ്ങള്‍ കയറിയിറങ്ങുന്നു. ‘ബല്ലേ ബല്ലേ’ താളത്തില്‍ കടുംനിറങ്ങളിലുള്ള ദുപ്പട്ടയിട്ടവരുടെ നൃത്തച്ചുവടുകള്‍, എപ്പോഴും അവര്‍ സൂക്ഷിക്കുന്ന കത്തി, വളരെ നീളമുള്ള തുണികൊണ്ട് തലയില്‍ ചുറ്റി മനോഹരമാക്കുന്ന പാഗ്രി എന്ന തലപ്പാവ്, കല്യാണം കഴിഞ്ഞ പെണ്‍കുട്ടികള്‍ അണിയുന്ന ചുവപ്പും വെള്ളയും കലര്‍ന്ന ഒരു ലോഡ് വളകള്‍, ഗോതമ്പു വയലുകള്‍, പിന്നെ എണ്ണമറ്റ രുചിയേറിയ ഭക്ഷണനിരയും അമൃത് സാരീ കുല്‍ച, മക്കിടി റോട്ടി, സാര്‍സ്ന്‍ കാ സാഗ്…

മന്‍പ്രീതിന്റെ കൂടെ അവളുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു തെരുവില്‍ വെച്ച് ഒരു പാനീപൂരി വില്‍പനക്കാരന്‍ ഒരു പ്ലേറ്റ് പാനീപൂരിയെടുത്ത് എനിക്കു നേരെ നീട്ടിയത്.
എന്നിട്ട് അവളോട് പറഞ്ഞു. ”യഹ് മെഹ്മാനോം കേലിയെ.”
ഒരു പൂരിയെടുത്ത് മധുരവും എരിവും പുളിയുമുള്ള പാനിയില്‍ മുക്കി ഞാന്‍ കഴിച്ചു. ജൂതി വില്‍പനക്കാരും ബാഗ് നിര്‍മാണക്കാരും കുല്‍ഫീവാലയും ഗോള്‍ഗപ്പ കടക്കാരും നിറഞ്ഞ ആ തെരുവിന് ഒരു കടുകെണ്ണയുടെ മണമായിരുന്നു.
നല്ല ആലു പറാത്തയും അച്ചാറും കയ്പക്ക നിറച്ചതും ഒരുക്കിവെച്ചാണ് മന്‍പ്രീതിന്റെ അമ്മ ഞങ്ങളെ കാത്തിരുന്നത്. അവിടെ നിലത്ത് ഒരു ബെഡുണ്ടായിരുന്നു. അവിടെയിരുന്നാണ് ഞങ്ങള്‍ ഭക്ഷണം കഴിച്ചത്. അവിടെയിരുന്നുതന്നെ ടിവി കണ്ടു. പഞ്ചാബി ചാനലിലെ പരിപാടികളും അവരുടെ ദ്രുതഗതിയിലുള്ള കട്ടികൂടിയ പദങ്ങള്‍ ചേര്‍ന്ന പാട്ടുകളും ആ വീട്ടില്‍ മുഴങ്ങി.
രാത്രി വൈകിയും ഞങ്ങളുടെ പാതി ഹിന്ദിയും അവരുടെ പാട്ടുപോലത്തെ പഞ്ചാബിയും കഥകള്‍ പറയുകയും ചര്‍ച്ചകള്‍ തുടരുകയും ചെയ്തപ്പോള്‍ അവളുടെ മാതാജി നല്ല എരുമപ്പാലില്‍ ഇഞ്ചി ചതച്ചിട്ട് കാച്ചിയെടുത്ത തന്തൂരി ചായയുമായി വന്നു.
കടുകിന്റെ ഇല കടലപ്പൊടി കലക്കിയെടുത്തത് ചേര്‍ത്ത് ഇഞ്ചി-പച്ചമുളക് പേസ്റ്റ് ചേര്‍ത്ത് ഉടച്ച് ഇഞ്ചിയും ജീരകവും എണ്ണയിലിട്ട് വറവിട്ടെടുക്കുന്ന സാര്‍സന്‍ കാ സാഗിന്റെ റെസിപ്പി മന്‍പ്രീതിന്റെ അമ്മയാണ് ആ പാതിരാത്രിയില്‍ പറഞ്ഞുതന്നത്.
ഗുരുദ്വാരയിലെ താമസം നല്ല ഒരു അനുഭവമായിരുന്നു. വെളുത്ത നിറമുള്ള ഒരു മനോഹരമായ കെട്ടിടം. നല്ല ശാന്തമായ പഞ്ചാബീ ഗാനങ്ങള്‍ ഇടക്കിടെ കേള്‍ക്കാം. സുവര്‍ണ ക്ഷേത്രത്തിലും ഗുരുദ്വാരയിലുമൊക്കെ താമസവും ഭക്ഷണവുമൊക്കെ സൗജന്യമാണ്. ഒരു സേവനമെന്ന നിലയില്‍ ആ നാട്ടിലെ മിക്ക ആളുകളും ഇടക്കെങ്കിലും അവിടെ ചെന്ന് ചപ്പാത്തിയുണ്ടാക്കുന്ന പ്രവൃത്തിയില്‍ പങ്കുചേരുന്നുണ്ട്. അമന്‍രൂപാണ് ഉച്ചഭക്ഷണത്തിനായി ഞങ്ങളെ കൊണ്ടുപോയത്. ചപ്പാത്തിയും തൈരും പയറുകറിയും ഹലുവയും അടങ്ങിയ ഒരു പ്ലേറ്റ് നല്ല രുചിയുള്ള ഭക്ഷണമാണ് അവിടെ അതിഥികള്‍ക്കു വേണ്ടി അവര്‍ തയ്യാറാക്കിക്കൊണ്ടിരുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞ് സംസാരിച്ചിരിക്കുമ്പോഴാണ് അമന്‍രൂപ് ബാഗില്‍ നിന്ന് വെളുത്ത കല്ലുകള്‍ പതിച്ച രണ്ട് കമ്മലുകള്‍ എടുത്ത് എനിക്ക് തന്നത്. പഞ്ചാബികളുടെ സ്നേഹവും ആതിഥ്യമര്യാദയും കേട്ടറിവുണ്ടായിരുന്ന ഞാന്‍, ഇത് അനുഭവിച്ചുതന്നെ അറിയാമല്ലോ എന്ന് മനസ്സിലോര്‍ത്തു.

അമൃത്‌സരി കുല്‍ചയുടെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് കഠീ പകോറയും ചേര്‍ത്ത് വായിലിട്ടു. അപ്പോള്‍ ക്രിസ്റ്റല്‍ ചന്‍ക് ഫുഡ് മാര്‍ക്കറ്റിലെ രുചിവൈവിധ്യം മുഴുവനായി ആവാഹിച്ചെടുത്ത പോലെ തോന്നി. കടലപ്പൊടിയും തൈരും കലക്കി തിളപ്പിച്ചെടുത്ത ഗ്രേവിയിലേക്ക് കടലപ്പൊടിയില്‍ തന്നെ തയ്യാറാക്കിയ ഉള്ളിവടകള്‍ ചേര്‍ത്ത് കുറുക്കിയെടുക്കുകയാണ് കഠീ പകോറയും പാവ് ബജിയും ദഹീ വടയും ഒരേസമയം ഒരു പ്രത്യേക താളത്തില്‍ ഉണ്ടാക്കിയെടുക്കുന്ന ബല്‍വീന്ദര്‍ ഭയ്യ. ആള്‍ത്തിരക്കുകൊണ്ട് രാത്രി സജീവമാകുന്ന ഗലിയിലൂടെ രുചിവൈവിധ്യങ്ങളുടെ സുഗന്ധത്തിലലിഞ്ഞുചേര്‍ന്ന് ഞങ്ങള്‍ നടന്നു.

നല്ല ഭംഗിയുള്ള ചെറിയ മണ്ണുകൊണ്ടുണ്ടാക്കിയ ഗ്ലാസ്സിലാണ് റെയില്‍വേ സ്റ്റേഷനിലെ കടയില്‍ നിന്ന് ചായ തന്നത്. ചായയുടെ മാസ്മരിക രുചി ആസ്വദിച്ച് നില്‍ക്കുമ്പോള്‍ കടക്കാരന്‍ ആലു സമൂസ ഒരു പ്രത്യേക തരം പാത്രത്തിലിട്ട് ഞങ്ങള്‍ക്ക് നേരെ നീട്ടി. ഒരിനം ഇല മടക്കിയെടുത്ത് നമ്മുടെ പാള പ്ലേറ്റുപോലെ ഉണ്ടാക്കിയതായിരുന്നു അത്. സമൂസ കഴിച്ച് ട്രെയിനിലേക്ക് കയറാന്‍ നോക്കുമ്പോഴാണ് ഗുര്‍കിരണ്‍ മാമും ചരന്‍ പാലും ഓടിക്കിതച്ച് വന്നത്. ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോഴും പുറത്ത് നിന്ന് ജനലിലൂടെ അവര്‍ പഞ്ചാബി ഭാഷയില്‍ സ്നേഹം പ്രകടിപ്പിച്ച് കൊണ്ടിരുന്നു. ട്രെയിനിന്റെ വേഗത കൂടിയപ്പോള്‍ അവര്‍ ഒരു പൊതി എനിക്കുനേരെ നീട്ടി.
നിറഞ്ഞ കണ്ണുകളുമായി എനിക്ക് നേരെ അവര്‍ കൈവീശിക്കൊണ്ടിരിക്കുന്നത് തീവണ്ടി ഒരു വളവിലെത്തുന്നത് വരെ ഞാന്‍ കണ്ടു. നല്ല പാല്‍ചായയുടെ നിറമുള്ള ടോപ്പും ചോക്ലേറ്റിന്റെ നിറമുള്ള പാന്റും ദുപ്പട്ടയും ആ പൊതിയിലുണ്ടായിരുന്നു. നല്ല നീല നിറത്തിലുള്ള ചട്ടയോടു കൂടിയ പഞ്ചാബി പ്രിന്റുള്ള ഒരു ഡയറിയും.

പുസ്തകക്കെട്ടുകള്‍ അടുക്കി വെക്കുന്നതിനിടയില്‍ നിന്ന് ഇന്ന് എനിക്കാ ഡയറി കിട്ടി. തുറന്നു നോക്കുമ്പോള്‍ ഒന്നാമത്തെ പേജില്‍ അമൃത് സര്‍ ഓര്‍മകള്‍ എന്നെഴുതിവെച്ചിരിക്കുന്നു. വാഗാ ബോര്‍ഡറിലെ വെയിലത്ത് നിന്ന് തല കറങ്ങി വീണ ഒരു കുട്ടിയെ നോക്കി പഞ്ചാബി കുട്ടികള്‍ ”വഹ്ചക്കര്‍ സേ ഗിര്‍ പടാ” എന്നു പറഞ്ഞത് എന്റെ ഓര്‍മയിലേക്ക് കയറി വന്നു.
ജാലിയന്‍ വാലാബാഗ് എന്നത് ചരിത്ര പുസ്തകത്തില്‍ നിന്ന് കിട്ടിയ ഒരു വാഗ്മയ ചിത്രത്തില്‍ നിന്നും വളരെ വ്യത്യസ്തമാണല്ലോ എന്നു തോന്നി. ഗോതമ്പു വയലുകളെ തഴുകി വന്ന ഒരു കാറ്റു പോലെ ഭംഗ്ര താളത്തില്‍ പഞ്ചാബോര്‍മകള്‍ നോണ്‍ ലീനിയറായി മനസ്സില്‍ നിന്നും കടലാസ്സിലേക്ക് ഒഴുകി പടര്‍ന്നു.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top