LoginRegister

സങ്കടമില്ലേല്‍ സന്തോഷമുണ്ടോ? ഷബ്‌ന സുമയ്യ

ഷബ്‌ന സുമയ്യ

Feed Back


സുഖവും ദു:ഖവും
ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ കടന്നു ഒരു ഘട്ടമെത്തിയപ്പോള്‍ വല്ലാത്ത ആനന്ദത്തില്‍ നില്‍ക്കുന്ന ഒരു സമയം ഉണ്ടായി. അതേപ്പറ്റി പങ്കുവച്ചപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഓര്‍മിപ്പിച്ചത് ഇങ്ങനെയാണ്. സങ്കടങ്ങളെപ്പോലെ തന്നെയാണ് സന്തോഷവും. അത് സ്ഥായിയല്ല. ജീവിതം നീണ്ടു പരന്നു കിടക്കുന്തോറും സുഖവും ദു:ഖവും മാറി മാറി വരും. അതുകൊണ്ട് എല്ലാത്തിനും വേണ്ടി മനസ്സിനെ പാകപ്പെടുത്തണം. മനസ്സില്‍ എപ്പോഴും കൊത്തിവെച്ച വാക്കുകള്‍ തന്നെയാണ് അത്. പിന്നെയും കാലം മുന്നോട്ട് പോകുമ്പോള്‍ ജീവിതത്തിന്റെ സമരങ്ങളില്‍ വീണു പോകാതിരിക്കാന്‍ ആ വാക്കുകള്‍ സഹായിച്ചിട്ടുണ്ട്.
പിന്തുണ
കുടുംബത്തില്‍ ഉള്ളതും മനുഷ്യര്‍ തന്നെയാണല്ലോ. അവരും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരുമിച്ചു വളരുന്നതിനാല്‍ അവിടെ നിന്നു നല്ലതുകള്‍ മാത്രമാണ് അധികവുമുണ്ടാകുന്നത്. ആശയങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. പക്ഷെ പരസ്പരം സ്‌നേഹിക്കുന്ന മനുഷ്യര്‍ അന്യോന്യം സപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നതെങ്ങനെ.
യാഥാര്‍ഥ്യങ്ങള്‍
തോല്‍വികളോട് പൊരുതുകയും പിന്നെപ്പിന്നെ അതിനോട് പൊരുത്തപ്പെടുകയും ചെയ്യുന്ന ഓര്‍മകളില്ലേ നമുക്കൊക്കെ. പിന്നെയൊരു കാലം വരുമ്പോള്‍, അന്ന് നാം തോറ്റതായിരുന്നില്ലല്ലോ എന്ന തിരിച്ചറിവില്‍ ഊറിയൂറി മനസ് നിറയാറുമില്ലേ? നഷ്ടങ്ങളെന്നു കരുതിയത് പലതും പിന്നീട് ജീവിതത്തില്‍ നന്മകളായി മാത്രം ഓര്‍ത്തെടുക്കാന്‍ കഴിയുന്നനാള്‍ വരുമെന്നു വളരുമ്പോള്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോളറിയാം. വഴി മാറിപ്പോയ ഓരോ പ്രതീക്ഷയും അതിനേക്കാള്‍ മനോഹരങ്ങളായ യാഥാര്‍ഥ്യങ്ങള്‍ കയ്യില്‍ കൊണ്ടുതരുമെന്ന്.
സര്‍ഗാത്മകത
എഴുതുമ്പോഴും വരക്കുമ്പോഴും വേവുകളെ ഒരു വേലിക്കപ്പുറം നിര്‍ത്താനാവുമെന്ന തിരിച്ചറിയലില്‍ നിന്നാണ് ഇതിനി ഒരിക്കലും നിര്‍ത്തുകയില്ല എന്ന ശപഥം എടുത്തത്. സ്വന്തത്തോടുള്ള ആ വാഗ്ദാനം പരമാവധി പാലിക്കുകയും ചെയ്യാറുണ്ട്. അത് അത്രയേറെ മനസിനെ സമാധാനപ്പെടുത്തുന്ന ഒന്നായതിനാല്‍ മറ്റുള്ളവരോടും ഒന്നേ പറയാനുള്ളൂ. സര്‍ഗാത്മകതയെ ഒരിക്കലും കൈവിടാതിരിക്കണം.
സന്തോഷം
സന്തോഷം എന്നൊന്നുണ്ടോ എന്ന ചോദ്യം ഇടക്കിടക്ക് മനസ്സില്‍ ഉയരും. അപ്പോഴൊക്കെ സ്വയം കണ്ടെത്തുന്ന ഉത്തരം, ഇപ്പോള്‍ ഈ നിമിഷം ധന്യമാണെങ്കില്‍ അതാണ് സന്തോഷം എന്നു തന്നെയാണ്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top