LoginRegister

വെറുതെയിരിക്കാന്‍ മോഹം

ഷെരീഫ് സാഗര്‍

Feed Back


ജപ്പാനിലെ ടോക്കിയോ നഗരത്തിലൂടെ ഒരു ചെറുപ്പക്കാരന്‍ നടക്കുന്നു. 38 വയസ്സുള്ള ഷോജി മോറി മോട്ടോ. വെറുതെയിരുന്ന് സമ്പാദിക്കുന്ന ലോകത്തെ അപൂര്‍വം മനുഷ്യരില്‍ ഒരാള്‍. ഒരു പബ്ലിഷിങ് കമ്പനിയിലായിരുന്നു ജോലി. വെറുതെയിരിക്കുന്നത് ശീലമായതിനാല്‍ അവിടെനിന്ന് പറഞ്ഞുവിട്ടു. ജോലിയൊന്നും ചെയ്യാതെ വെറുതെയിരിക്കുക എന്നതാണ് തന്റെ കഴിവെന്ന് ആ ചെറുപ്പക്കാരന്‍ തിരിച്ചറിഞ്ഞു. അക്കാര്യം ഷോജി മോറോ ട്വിറ്ററില്‍ കുറിച്ചു.
”ആര്‍ക്കെങ്കിലും വെറുതെയിരിക്കാന്‍ ആളെ വേണമെങ്കില്‍ ഞാന്‍ റെഡിയാണ്. പകരം പണം തന്നാല്‍ മതി”.
2018ലായിരുന്നു ഈ സംഭവം. അവന്‍ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ഈ കുറിപ്പിന് ലഭിച്ചത്. നൂറുകണക്കിനാളുകള്‍ അദ്ദേഹത്തെ വിളിച്ചുകൊണ്ടിരുന്നു. ഇന്‍സ്റ്റയിലും എക്‌സിലും ഇപ്പോള്‍ ലക്ഷങ്ങള്‍ ഫോളോ ചെയ്യുന്ന ചെറുപ്പക്കാരനാണ് ഇദ്ദേഹം. ഒരു ദിവസം വെറുതെയിരിക്കാന്‍ 70 ഡോളറാണ് ഈടാക്കുന്നത്. ഒറ്റപ്പെട്ടുപോയ നിരവധി പേരാണ് കോവിഡ് കാലത്ത് ഈ മനുഷ്യനെ പണം കൊടുത്ത് വിളിപ്പിച്ചത്. ഇതിനകം ആയിരക്കണക്കിന് പേര്‍ അദ്ദേഹത്തിന്റെ സേവനം ഉപയോഗിച്ചു. ധാരാളം പണം അതുവഴി സമ്പാദിച്ചു.
ഒറ്റപ്പെടുന്ന നേരത്ത് കൂടെയിരുന്ന് ഒന്ന് ചായ കുടിക്കാന്‍, വെറുതെയിരുന്ന് വര്‍ത്തമാനം പറയാന്‍, മോറിമോട്ടോയെ ആളുകള്‍ക്ക് വേണം. ചിലര്‍ പലതവണകളിലായി അയാളുടെ സേവനം ഉപയോഗിച്ചു. ഒരാള്‍ വിളിച്ചത് റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്കാണ്. അയാള്‍ക്ക് എങ്ങോട്ടോ യാത്ര പോകാനുണ്ട്. യാത്ര പറയാന്‍ ആരുമില്ല. ട്രെയിന്‍ നീങ്ങുന്ന നേരത്ത് കൈവീശി കാണിക്കാന്‍ ഒരാള്‍ വേണം. അതിനുവേണ്ടിയാണ് മോറിമോട്ടോയെ പണം കൊടുത്ത് വിളിപ്പിച്ചത്.
ചിരിച്ചുതള്ളേണ്ട ഒന്നല്ല, ഒറ്റപ്പെട്ടുപോയ മനസ്സുമായി നമുക്ക് ചുറ്റും ഒരുപാടാളുകള്‍ ഉണ്ടെന്ന് വെളിപ്പെടുന്ന ഗൗരവമുള്ള വാര്‍ത്തയാണിത്. ഒരു നോട്ടം കൊണ്ടോ സ്പര്‍ശം കൊണ്ടോ സംസാരം കൊണ്ടോ സാമീപ്യം കൊണ്ടോ ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന നിരവധി പേര്‍. അവരുടെ ആവശ്യത്തെയാണ് മോറിമോട്ടോ വരുമാന മാര്‍ഗമാക്കിയത്.
സീസോ കളിക്കാനാണ് ഒരാള്‍ പാര്‍ക്കിലേക്ക് വിളിച്ചത്. അപ്പുറത്തിരുന്ന് ഉയരാനും താഴാനും ഒരാളില്ലാതെ എങ്ങനെ സീസോ കളിക്കാനാണ്! മോറിമോട്ടോ കൂടുതല്‍ സംസാരിക്കാറില്ല. വിളിക്കുന്നവരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാറില്ല. അവരുടെ അപ്പോഴത്തെ ആവശ്യമെന്താണോ, അതനുസരിച്ചുള്ള സര്‍വീസ് നല്‍കുന്നു. കൂടെയിരുന്ന് ഭക്ഷണം കഴിക്കാനും പാര്‍ക്കില്‍ വെറുതെയിരിക്കാനുമൊക്കെയാണ് ആളുകള്‍ മോറിമോട്ടോയെ വിളിക്കുന്നത്. ലൈംഗിക താല്‍പര്യവുമായി ആരെങ്കിലും സമീപിച്ചാല്‍ അദ്ദേഹം ഇല്ലെന്ന് മറുപടി നല്‍കും. ചിലര്‍ക്ക് അവര്‍ പറയുന്നത് കേള്‍ക്കാന്‍ ഒരാളെ വേണം. അവര്‍ക്ക് സംസാരിക്കാം. മോറിമോട്ടോ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കും. അതിനുള്ള കൂലി കിട്ടിയാല്‍ മതി.
നമുക്ക് ചുറ്റും ഒറ്റപ്പെട്ട മനുഷ്യര്‍ ധാരാളമുണ്ട് എന്ന തിരിച്ചറിവിനൊപ്പം ന്യൂ ജെന്‍ ജോലികളുടെ ആശയങ്ങളില്‍ ഒരെണ്ണം കൂടിയാണ് മോറിമോട്ടോ കാണിച്ചുതരുന്നത്. ‘ഞാന്‍ എന്നെത്തന്നെ വാടകയ്ക്ക് കൊടുക്കുകയാണ്. എന്റെ ക്ലയന്റുകള്‍ ആഗ്രഹിക്കുന്നിടത്ത് ഞാന്‍ ഉണ്ടായിരിക്കുകയും പ്രത്യേകിച്ച് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ് എന്റെ ജോലിയുടെ സ്വഭാവം’. മോറിമോട്ടോ പറയുന്നു. കസ്റ്റമേഴ്‌സില്‍ ഒരാള്‍ മോറിമോട്ടോയെ 270 തവണയാണ് വാടകയ്‌ക്കെടുത്തത്. റോയിറ്റേഴ്‌സ്, ഗാര്‍ഡിയന്‍ തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം മോറിമോട്ടോയെക്കുറിച്ച് സ്‌റ്റോറികള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥ ഒരു ചാനല്‍ വെബ് സീരീസിനും പ്രചോദനമായി.
കൂടെയിരുന്ന് ബര്‍ഗര്‍ കഴിക്കാന്‍ ഒരാളെ വേണം. വൈകുന്നേരം പാര്‍ക്കില്‍ ഒരു കപ്പ് ചായയുമായി ഇരുന്ന് കാറ്റ് കൊള്ളാന്‍ ഒരു കൂട്ട് വേണം. അങ്ങനെ പല ആവശ്യങ്ങളുമായി ആളുകള്‍ മോറിമോട്ടോയെ വിളിക്കുന്നു. അവന്‍ അവര്‍ ആവശ്യപ്പെട്ട സ്ഥലത്തെത്തി വെറുതെ ഇരിക്കുന്നു. അവരെ കേള്‍ക്കുകയോ അതല്ലെങ്കില്‍ ഒന്നും സംസാരിക്കാതെ കൂട്ടിരിക്കുകയോ ചെയ്യുന്നു.
എല്ലാമെല്ലാമായ മുത്തശ്ശി മരിച്ച യുവതി, ഒരിക്കല്‍ മോറിമോട്ടോയെ എയര്‍പോര്‍ട്ടിലേക്ക് വിളിപ്പിച്ചു. വിദേശത്ത് പഠിക്കാന്‍ പോയ അവള്‍ ഒരു വര്‍ഷത്തിന് ശേഷം തിരിച്ചെത്തുകയാണ്. സാധാരണ അവധിക്ക് വരുമ്പോള്‍ സ്വീകരിക്കാന്‍ മുത്തശ്ശിയുണ്ടാകും. ഇത്തവണ ആരുമുണ്ടാകില്ല എന്നത് അവളെ വല്ലാതെ വിഷമിപ്പിച്ചു. ആ വിഷമം മാറ്റാനാണ് അവള്‍ മോറിമോട്ടോയെ വിളിച്ചത്. ലഗേജുമായി ഇറങ്ങിവരുമ്പോള്‍ വേണ്ടപ്പെട്ട ഒരാളെപ്പോലെ അവളെ കൈവീശിക്കാണിച്ച് സ്വീകരിക്കണം. മോറിമോട്ടോ അവളെ സ്വീകരിച്ചു. അവര്‍ ഇരുവരും ഒരുമിച്ച് ഐസ്‌ക്രീം കഴിച്ചു. അവള്‍ മുത്തശ്ശിയോടൊപ്പമുള്ള ജീവിതത്തെക്കുറിച്ച് അവനോട് സംസാരിച്ചു. മുത്തശ്ശിയുടെ സംസ്‌കാര ചടങ്ങിന് എത്താന്‍ കഴിയാത്തതിന്റെ സങ്കടം പറയുമ്പോള്‍ അവള്‍ കരയുകയും ചെയ്തു.
ഇതെല്ലാം കേട്ട് വെറുതെയിരിക്കുകയാണ് മോറിമോട്ടോയുടെ ജോലി. നമുക്ക് ചുറ്റും ഇങ്ങനെയും മനുഷ്യരുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷങ്ങളാണിത്. ആരുടെയെങ്കിലും സാമീപ്യമുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ച് കുറെ മനുഷ്യര്‍. സമീപത്ത് ആളുണ്ടായിട്ടും ഇല്ലാത്തത് പോലെ ജീവിക്കേണ്ടി വരുന്ന കുറെ മനുഷ്യരും. രണ്ടാമത് പറഞ്ഞ കൂട്ടര്‍ അനുഭവിക്കുന്ന വ്യഥയാണ് അസഹനീയം. അവര്‍ക്ക് സാമീപ്യത്തിന് ഒരാളെ വിളിക്കാനുള്ള സ്വാതന്ത്ര്യവുമില്ല, സമീപത്തുള്ളവരെക്കൊണ്ട് ഉപകാരവുമില്ല. ഒരു സാമൂഹിക ജീവിയായ മനുഷ്യന് ഏതെങ്കിലും തരത്തിലുള്ള കൂട്ടുകളില്ലാതെ ജീവിക്കുക അസാധ്യമാണ്. ഒറ്റപ്പെടലിന്റെ വിഷാദം ആത്മഹത്യയിലേക്ക് വരെ മനുഷ്യനെ എത്തിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്.
സ്വത്തും സൗകര്യങ്ങളും ഏറെയുണ്ടായിട്ടും ഏകാന്തതയും വിഷാദവും അനുഭവിക്കുന്ന ഒട്ടേറെ പേര്‍ നമുക്കിടയിലുണ്ട്. ഇങ്ങനെയുള്ള ആളുകളാണ് ചിലപ്പോള്‍ ആള്‍ദൈവങ്ങളെ തേടി പോകുന്നത്. ലഹരിയില്‍ അഭയം പ്രാപിക്കുന്നത്. സ്‌നേഹിക്കുന്ന കുറെ മനുഷ്യര്‍ ചുറ്റുമുണ്ടാവുക എന്നതാണ് ജീവിതത്തിലെ വലിയ സൗഭാഗ്യം. അതില്ലാതെ മറ്റെന്ത് നേടിയാലും ജീവിതം അര്‍ഥപൂര്‍ണമാകില്ല.
ജീവിതം ഒന്നേയുള്ളൂ. കിട്ടിയ ജീവിതത്തെ സന്തോഷത്തോടെ കൊണ്ടാടാന്‍ കഴിയണം.
കുറച്ച് നേരം കൂടെയുള്ളവരോട് മിണ്ടിപ്പറഞ്ഞ് വെറുതെയിരിക്കുക. അവരെ ചേര്‍ത്തു പിടിച്ച് നടക്കുക. ഉപാധികളില്ലാതെ സ്‌നേഹിക്കുക. മനസ്സൊഴിഞ്ഞ് വര്‍ത്തമാനം പറയുക. മനസ്സ് നിറഞ്ഞ് ജീവിക്കുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top