LoginRegister

വീണ്ടും സ്കൂൾകാലം; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ബഷീർ കൊടിയത്തൂർ

Feed Back


മധ്യവേനല്‍ അവധി കഴിഞ്ഞ് വീണ്ടുമൊരു അധ്യയന വര്‍ഷത്തിലേക്ക് കലാലയ ലോകം കാലെടുത്തുവെക്കുകയാണ്. പുതുലോകം കൊതിച്ച് കുരുന്നുകള്‍ മുതല്‍ ബിരുദം കഴിഞ്ഞ് പുതുതലങ്ങള്‍ തേടുന്നവര്‍ക്കു വരെ പുതിയ സ്‌കൂള്‍കാലം ഒരുക്കങ്ങളുടേതു കൂടിയാണ്. സ്‌കൂളില്‍ കുട്ടികളുടെ കാര്യം അധ്യാപകര്‍ നോക്കുമെങ്കിലും വീട്ടില്‍ എത്തിയാല്‍ രക്ഷിതാക്കളുടെ ബാധ്യതയാണ് പഠനം. തിരക്കിനിടയില്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത രക്ഷിതാക്കളുണ്ട്. അവരുടെ കുട്ടികളും ഈ ശ്രദ്ധക്കുറവിന്റെ ബലിയാടുകളാവുന്നതായാണ് പഠനം. പുതു അധ്യയന വര്‍ഷത്തില്‍ പുസ്തകങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെങ്കിലും അവരുടെ പഠനകാര്യങ്ങളില്‍ ഇടപെടുകയെന്ന സുപ്രധാന കാര്യത്തില്‍ പല രക്ഷിതാക്കളും പിറകിലാണ്.
വിദ്യാഭ്യാസ കാര്യത്തില്‍ വിവിധ മേഖലകളെ കുറിച്ച് രക്ഷിതാക്കള്‍ അവബോധമുള്ളവരായിരിക്കണം. എന്നാലേ അതത് സമയത്ത് കുട്ടികളുടെ പഠനസാഹചര്യങ്ങള്‍ അറിയാന്‍ കഴിയൂ. സയന്‍സ്, ആര്‍ട്‌സ്, കൊമേഴ്‌സ് മേഖലകളും അതിന്റെ സാധ്യതകളും അറിഞ്ഞിരിക്കല്‍ കുട്ടികളുടെ ഉപരിപഠനത്തിന് ഉപകരിക്കും.

പിന്തുണയാണ് പ്രധാനം
കുട്ടികളോട് സംസാരിക്കുകയും അവരുടെ ആവശ്യങ്ങളും ആശയങ്ങളും തിരിച്ചറിയുകയും ചെയ്യുകയെന്നതാണ് രക്ഷിതാവിന്റെ ആദ്യ കടമ. കുട്ടികള്‍ ചുറ്റുപാടുകൾ നിരീക്ഷിക്കുന്നവരും തങ്ങളുടെ താല്‍പര്യങ്ങൾ പിന്തുടരുന്നവരുമാണ്. ചുറ്റുമുള്ള ലോകം അവര്‍ക്ക് കൗതുകമാണ്. കേട്ടറിവുകളെക്കാള്‍ കണ്ടറിവുകളാണ് കുട്ടികള്‍ക്ക് മുഖ്യം. അതിനാല്‍ തന്നെ അവരുടെ സംശയങ്ങളും കൂടും. അതിനൊക്കെ മറുപടി നല്‍കുകയും ഉപദേശം നല്‍കുകയും ചെയ്യുക എന്നതാണ് രക്ഷിതാവിന്റെ ബാധ്യത.
കുട്ടികളെ അവഗണിക്കരുത്. അവര്‍ക്കായി കുറച്ച് സമയം മാറ്റിവെക്കുക. തിരക്കിനിടയില്‍ അതൊരു ശീലമാക്കണം. പ്രത്യേകിച്ച് കൗമാരക്കാരായ വിദ്യാര്‍ഥികളുള്ള രക്ഷിതാക്കള്‍. സ്‌കൂള്‍ വിശേഷങ്ങൾ അറിയലും പഠനഭാഗങ്ങള്‍ പരിശോധിക്കലും ഹോം വര്‍ക്കില്‍ സഹായിക്കലും ഒക്കെ ഇതില്‍ പെടും. അവന്‍ പഠിച്ചോളും എന്ന നിലപാട് നല്ലതല്ല. കുട്ടികളുടെ സൗഹൃദത്തെ കുറിച്ചും അറിയണം. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലും രക്ഷിതാവിന്റെ സഹായം അത്യാവശ്യമാണ്. ഇടക്ക് സ്‌കൂളിലും രക്ഷിതാവ് എത്തണം. അധ്യാപകരുമായി മക്കളുടെ കാര്യം സംസാരിക്കണം. ആവശ്യമായ ഇടപെടലുകള്‍ നടത്തണം.

ആരോഗ്യം ശ്രദ്ധിക്കണം
കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. അതിന് ആവശ്യമായ തരത്തിലുള്ള ഭക്ഷണമൊരുക്കണം. പല കുട്ടികളും രാവിലെ ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളിലെത്തുന്നത്. ഉച്ച വരെ ക്ലാസില്‍ സജീവമായിരിക്കാന്‍ ഇവര്‍ക്കാവില്ല. അതിനാല്‍ രാവിലത്തെ ഭക്ഷണം ഒരിക്കലും ഉപേക്ഷിക്കരുത്. ഈ ഭക്ഷണം ആരോഗ്യകരമായിരിക്കണം. കുട്ടികള്‍ എന്താണ് കഴിക്കുന്നത് എന്നതിനനുസരിച്ചിരിക്കും അവരുടെ ആരോഗ്യം. പാലും മുട്ടയും ഉള്‍പ്പെടുത്താം. പഴവര്‍ഗങ്ങളും ജ്യൂസും നല്ലതാണ്. ഉച്ചക്ക് സ്‌നാക്‌സ് എന്ന രീതി മാറ്റണം. എളുപ്പം വിചാരിച്ച് ചെയ്യുന്ന ഈ ഏർപ്പാട് കുട്ടിക്ക് ഭാവിയില്‍ ദോഷമാണ് ചെയ്യുക. കുടിവെള്ളം നിര്‍ബന്ധമായും നല്‍കണം. ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ജലപാനം. സ്‌കൂള്‍ വിട്ടുവന്നാല്‍ കുട്ടിയുടെ താല്‍പര്യത്തിനനുസരിച്ചുള്ള പാനീയങ്ങള്‍ നല്‍കാം. ആവശ്യമെങ്കില്‍ ഭക്ഷണവും ഒരുക്കണം. വിളര്‍ച്ച, വിറ്റാമിന്റെ കുറവു കൊണ്ടുണ്ടാവുന്ന അസുഖങ്ങള്‍, വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ ചികില്‍സ നല്‍കണം. പെണ്‍കുട്ടികളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

അഭിരുചിയിലാണ് ഭാവി
ഒാരോ കുട്ടിക്കും ഓരോ തരം താല്‍പര്യങ്ങളും ഇഷ്ടങ്ങളുമാണ്. അവ തന്നെയായിരിക്കും ഭാവിയില്‍ അവരുടെ ജീവിതം നിര്‍ണയിക്കുന്നതും. ചിത്രം വരക്കുന്നവരും പാട്ടുപാടുന്നവരും കൈത്തൊഴില്‍ വിദഗ്ധരും ഒക്കെ ഭാവിയില്‍ സ്വന്തം മേഖലകളില്‍ വിജയം വരിച്ചവരായി മാറുന്നുണ്ട്. സ്‌കൂള്‍ കാലത്താണ് പാഠ്യേതര വിഷയങ്ങളിലുള്ള കഴിവുകള്‍ കണ്ടെത്തേണ്ടത്. സ്‌കൂളുകളില്‍ അതിനുള്ള സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. എന്നാല്‍ കുട്ടിയുടെ കഴിവ് ആദ്യം തിരിച്ചറിയേണ്ടത് രക്ഷിതാവാണ്. കുട്ടിക്ക് താല്‍പര്യമുള്ള മേഖലകള്‍ കണ്ടെത്തി അക്കാര്യം അധ്യാപകരെ അറിയിക്കുന്നതാണ് ആദ്യ ഘട്ടം. കഴിവുകളില്‍ അധ്യാപകര്‍ക്ക് ബോധ്യം വന്നാല്‍ മികച്ച പരിശീലനവും അവസരങ്ങളും നല്‍കുന്നത് അവരാണ്. പഠനം പോലെ തന്നെ ഇന്ന് മാര്‍ക്കിനും പ്രശസ്തിക്കും ഇത്തരം കലാ-കായിക മികവുകള്‍ സഹായകമാണ്. ചിത്രരചന, സംഗീതം, കംപ്യൂട്ടര്‍ വൈദഗ്ധ്യം, എൻജിനീയറിങ് തുടങ്ങി റോബോട്ടിക് മേഖലകള്‍ വരെ ഇന്ന് കുട്ടികള്‍ക്ക് പ്രാപ്തമാണ്. സംഗീതത്തിലും നൃത്തത്തിലും മറ്റും താല്‍പര്യമുള്ളവര്‍ സ്‌കൂള്‍ പഠനകാലത്തുതന്നെ സമാന്തരമായി പരിശീലനം നേടണം. അവധിദിനങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുറച്ച് പ്രയാസപ്പെട്ടാലും സ്‌കൂള്‍കാലത്ത് നേടുന്ന പാഠ്യേതര മികവുകള്‍ പിന്നീട് ജീവിതത്തില്‍ മുതൽക്കൂട്ടാവുന്നവയാണ്.
മല്‍സരങ്ങളില്‍ പങ്കെടുക്കാനും അതിൽ നിന്നു നേട്ടങ്ങൾ കരസ്ഥമാക്കാനും ഇന്ന് നിരവധി അവസരങ്ങളുണ്ട്. അതിനാല്‍ എന്തെങ്കിലും ഒരു മേഖലയില്‍ കുട്ടിയെ പരിശീലിപ്പിക്കുന്നത് നല്ലതാണ്.

പഠിക്കാന്‍ സമയമുണ്ടോ?
പഠിക്കാനായി സമയമുണ്ടോ? പണ്ട് സന്ധ്യാസമയമായാല്‍ പുസ്തകമെടുത്ത് വായന തുടങ്ങുകയാണ് പതിവ്. എഴുത്തും വായനയുമായി രാത്രി വരെ നീളും. ശേഷം ഭക്ഷണം. ഇന്ന് സ്‌കൂള്‍ വിട്ടു വന്നാല്‍ തുടങ്ങും ഹോം വര്‍ക്കുകള്‍. പഠനത്തെക്കാള്‍ പഠനപ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നതിനാലാണ് ഇത്. അതുകൊണ്ടുതന്നെ കുട്ടി ചെയ്തു തീർക്കേണ്ടുന്ന മേഖലകള്‍ വിശാലമാണ്. എങ്കിലും പഠനത്തിന് ഒരു നിശ്ചിത സമയം നിര്‍ണയിക്കുന്നത് നല്ലതാണ്. മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നവര്‍ രാത്രിയും അതിരാവിലെയും പഠനകാര്യത്തിനായി മാറ്റിവെക്കേണ്ടിവരും.
ഇവര്‍ക്ക് ഒരു ടൈംടേബിള്‍ തയ്യാറാക്കണം. കുട്ടിയുടെ ബുദ്ധിക്കും താല്‍പര്യത്തിനും അനുസരിച്ചായിരിക്കും പഠനം. പ്രയാസമുള്ള വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. അന്നന്ന് എടുക്കുന്ന പാഠഭാഗങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്നു പരിശോധിക്കല്‍ രക്ഷിതാവിന്റെ കടമയാണ്. മനസ്സിലാവാത്ത പാഠഭാഗങ്ങള്‍ അധ്യാപകരുമായി ബന്ധപ്പെട്ട് സംശയദൂരീകരണം നടത്തണം.

മൊബൈല്‍ വേണോ?
ഇന്നത്തെ സാഹചര്യത്തില്‍ പഠനപ്രവര്‍ത്തനമെന്നത് വിശാല ലോകമാണ്. അധ്യാപകരും വിദ്യാര്‍ഥിയും മാത്രമല്ല, രക്ഷിതാക്കളും സമൂഹവും പരിസ്ഥിതിയും ഒക്കെ പഠനഭാഗമാണ്. മാത്രമല്ല, സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ ഇന്റര്‍നെറ്റും കംപ്യൂട്ടറും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും ഇന്ന് പഠനത്തിന്റെ ഭാഗമാണ്. എന്നാല്‍ കുട്ടിക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ നല്‍കുകയും കുട്ടി അതില്‍ സമയം ചെലവഴിക്കുകയും ചെയ്യുന്നത് നല്ല കാര്യമല്ല. അതിനാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിയന്ത്രിക്കപ്പെടണം. അതിനു മേല്‍ രക്ഷിതാക്കളുടെ കണ്ണു വേണം. അതേസമയം പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുകയും വേണം. ഗൂഗിൾ ഉപയോഗിച്ച് അധിക വിവരങ്ങള്‍ തേടാനും ആപ്പുകള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ പഠിക്കാനും യൂ ട്യൂബില്‍ പാഠങ്ങള്‍ പഠിക്കാനും കഴിയും. ഇവ പ്രയോജനപ്പെടുത്തുന്നതോടൊപ്പം ദുരുപയോഗം തടയുകയും ചെയ്യണം.

ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
1. അക്ഷരത്തെറ്റുകള്‍ കണ്ടാല്‍ ശ്രദ്ധിക്കണം. അക്ഷരങ്ങള്‍ തിരിയാത്തതിനാലാണത്. അക്ഷരമാല വീട്ടില്‍ തയ്യാറാക്കി ഇത് പരിഹരിക്കാം. ഇടക്ക് നോട്ട്ബുക്കുകള്‍ പരിശോധിച്ച് അക്ഷര തെറ്റുകള്‍ ഉണ്ടോ എന്ന് നോക്കണം. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കാതിരുന്നാല്‍ ഭാവിയിലും അത് തുടരും.
2. കാര്യങ്ങള്‍ കുട്ടി ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കണം. ക്ലാസില്‍ കേള്‍ക്കുന്ന കാര്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതിരിക്കുക, പ്രതികരണശേഷി ഇല്ലാതിരിക്കുക, ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, ഓര്‍മക്കുറവ് തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചറിയുന്നത് സ്‌കൂള്‍ കാലത്താണ്. അത്തരം കുറവുകള്‍ ഉണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ സംവിധാനം തേടണം.
3. സൗഹൃദങ്ങള്‍ കുട്ടികള്‍ക്ക് കരുത്താണ്. അത് നല്‍കുന്ന സന്തോഷവും പ്രതീക്ഷയും വലുതാണ്. എന്നാല്‍ അത് നിരീക്ഷിക്കേണ്ടതും നന്നായി നടത്തേണ്ടതും രക്ഷിതാക്കളുടെ കടമയാണ്. അതിനാല്‍ സുഹൃദ് ബന്ധങ്ങള്‍ നിരീക്ഷിക്കണം. ചില കുട്ടികള്‍ തങ്ങളുടെ പ്രായത്തിനും മുകളിലുള്ളവരുമായി കൂട്ടുകൂടുന്ന സ്വഭാവക്കാരായിരിക്കും. ഇത് ഭാവിയില്‍ ദോഷം ചെയ്യുമെന്നതിനാല്‍ അവ നിയന്ത്രിക്കണം.
4. രക്ഷിതാവ് സ്‌കൂള്‍ സന്ദര്‍ശിക്കുന്നത് കുട്ടിക്ക് സന്തോഷം നല്‍കുന്ന കാര്യമാണ്. അതിനാല്‍ പാരന്റ്‌സ് മീറ്റ്, മറ്റു വിശേഷ അവസരങ്ങള്‍ തുടങ്ങിയ സമയങ്ങളില്‍ സ്‌കൂളില്‍ പോയി കുട്ടിയോടൊത്ത് പങ്കെടുക്കണം.
5. വായിക്കാന്‍ പഠിച്ച കുട്ടികളെ പുസ്തക വായന പ്രോല്‍സാഹിപ്പിക്കണം. അടുത്തുള്ള ലൈബ്രറിയില്‍ മെമ്പര്‍ഷിപ്പ് നേടിക്കൊടുക്കണം. വായിച്ചിരിക്കേണ്ട പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് നല്‍കണം.
6. മല്‍സരങ്ങളിലും സ്‌കോളര്‍ഷിപ്പ് പരീക്ഷകളിലും കുട്ടികളെ പങ്കെടുപ്പിക്കണം. വിവിധ മേഖലകളില്‍ അഭിരുചി പരീക്ഷകള്‍ ഇന്ന് ലഭ്യമാണ്. ഭാവിയിലേക്ക് മുതല്‍കൂട്ടാവുന്ന പല മേഖലകളും ഈ പരീക്ഷകളിലൂടെയാണ് തുറക്കുന്നത്. മാത്രമല്ല സാമ്പത്തികമായ നേട്ടവും ഉണ്ടാവും. കലാ കായിക മല്‍സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്കും കിട്ടും.
7. മുതിര്‍ന്ന കുട്ടികളുടെ രക്ഷിതാക്കള്‍ തുടര്‍പഠനകാര്യങ്ങളില്‍ അറിവ് നേടണം. കുട്ടിക്ക് യോജിച്ചതും താല്‍പര്യമുള്ളതുമായ വിഭാഗത്തിലായിരിക്കണം ഉപരി പഠനം. അവ ഏതൊക്കെ എന്നും ജോലി സാധ്യത എന്തെന്നും അറിയണം. അത്തരം കോഴ്‌സുകളിലേക്കായിരിക്കണം കുട്ടിയെ നയിക്കേണ്ടത്.
8. കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിക്കുക. സാമ്പത്തിക അച്ചടക്കം ശീലിപ്പിക്കുക, സഹജീവികള്‍ക്ക് സഹായം നല്‍കാന്‍ പ്രോല്‍സാഹിപ്പിക്കുക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top