LoginRegister

വിജയഗാഥ രചിക്കും മുമ്പ്

ഹസ്ന വി പി

Feed Back


ഇന്ന് മായ ടീച്ചർ പടിയിറങ്ങുകയാണ്. അധ്യാപന ജീവിതത്തിലെ തിളക്കമാർന്ന മുപ്പതു വർ‍‍ഷങ്ങൾ! ശിഷ്യഗണങ്ങളുടെ പ്രിയങ്കരിയായ അധ്യാപിക, സഹപ്രവർത്തകർക്ക് മാർഗദർശി, ഏതു സംശയത്തിനും നിമിഷനേരം കൊണ്ട് കൃത്യമായ ഉത്തരം കണ്ടെത്തുന്ന ആത്മസുഹൃത്ത്, മികച്ച അധ്യാപികക്കുള്ള പുരസ്കാരം രണ്ടു തവണ കരസ്ഥമാക്കിയ പ്രതിഭ!
ടീച്ചർക്ക് വിരമിക്കാനുള്ള പ്രായമായെന്നോ! നാട്ടുകാരിൽ പലർക്കും അമ്പരപ്പായിരുന്നു. മുഖത്ത് സ്ഥായീഭാവം പോലെ പുഞ്ചിരി നിറച്ച് കോട്ടൺ സാരിയുമുടുത്ത് സയൻസ് പഠിപ്പിക്കാൻ വന്ന ടീച്ചർക്ക് അന്നും ഇന്നും ഒരേ പ്രായം, ഒരേ മുഖഭാവം. ചിരിക്കുമ്പോൾ കവിളിൽ തെളിയുന്ന നുണക്കുഴിക്കു പോലും മാറ്റമില്ല. ആകെക്കൂടി മാറിപ്പോയത് അവരുടെ സാരികൾ മാത്രമായിരുന്നു. ഇത്രയും ഭംഗിയോടെ സാരിയുടുക്കാമെന്ന് പലരും മനസ്സിലാക്കിയതുതന്നെ ടീച്ചറെ കണ്ടപ്പോഴാണ്.
സാഹിത്യ-സാംസ്കാരികരംഗങ്ങളിൽ പ്രഗത്ഭരായ പലരും ടീച്ചറുടെ പൂർവവിദ്യാർഥികളിൽ ഉണ്ടായിരുന്നു. മിക്കവരും തിരക്കുകളെല്ലാം മാറ്റിവെച്ച് യാത്രയയക്കാൻ എത്തിച്ചേർന്നിട്ടുണ്ടായിരുന്നു.
വിഭവസമൃദ്ധമായ ഭക്ഷണത്തിനു ശേഷം മീറ്റിങ് ഹാളിൽ എല്ലാവരും ഒരുമിച്ചുകൂടി. ഓരോരുത്തരായി ടീച്ചറുടെ സ്തുത്യർഹമായ സേവനങ്ങളെ വാഴ്‌ത്തി. അവരുടെ ജീവിതത്തിൽ ടീച്ചർ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് അറ്റമില്ലാതെ വിസ്തരിച്ചു. ചിലർ വിതുമ്പലടക്കിയാണ് സംസാരിച്ചത്. ഇനിയുള്ള ദിവസങ്ങളിലെ ശൂന്യത അസഹനീയമായിരിക്കുമെന്ന് കൂട്ടത്തിലെ കവിഭാവനയുള്ള അധ്യാപകൻ പരിതപിച്ചു. എല്ലാറ്റിനും ടീച്ചർ പുഞ്ചിരിയോടെ നന്ദി പറഞ്ഞു. ഇനിയുള്ള ജീവിതം പാതി ബാലേട്ടനും ബാക്കി സാമൂഹിക സേവനത്തിനും മാറ്റിവെക്കുകയാണെങ്കിലും എന്തു സഹായത്തിനും ഏതു നിമിഷവും ഓടിയെത്താമെന്ന് സഹപ്രവർത്തകർക്ക് വാക്കു കൊടുത്താണ് അവർ മടങ്ങിയത്.
വീട്ടിലെ തന്റെ മുറിയിൽ തിരിച്ചെത്തിയപ്പോൾ മാത്രം ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു. ആവേശത്തോടെ, അത്രയും സമയം അവർ കരയാതെ പിടിച്ചുനിൽക്കുകയായിരുന്നു.ശരിക്കും ഇനി തന്റെ ജീവിതമാണ് ശൂന്യമാകുന്നത്. തിരക്കുകളില്ലാതെ, സ്നേഹത്തോടെ വീക്ഷിക്കുന്ന കണ്ണുകളില്ലാതെ, ഒഴിവുദിവസങ്ങൾ ആഘോഷിക്കാനുള്ള തത്രപ്പാടില്ലാതെ ഇനിയുള്ള കാലമത്രയും.
യാത്ര പോകണം, വായിക്കാൻ ബാക്കി വെച്ചതെല്ലാം വായിച്ചുതീർക്കണം എന്നൊക്കെ പറഞ്ഞെങ്കിലും ആ തിരക്കുകളായിരുന്നു സത്യത്തിൽ തന്റെ ജീവിതം. വീടും മക്കളും എന്തിന് ബാലേട്ടൻ പോലും തനിക്ക് രണ്ടാം സ്ഥാനത്തേയുണ്ടായിരുന്നുള്ളൂ.
ഓർമകൾ ഇരമ്പിയെത്തിയപ്പോഴൊക്കെ ടീച്ചർ കരഞ്ഞു കൊണ്ടേയിരുന്നു. റിട്ടയേഡ് പ്രിൻസിപ്പലായ ബാലചന്ദ്രന് പക്ഷേ ഭാര്യയുടെ ഈ ഭാവമാറ്റം കണ്ട് ഉള്ളിൽ ചിരിയാണ് വന്നത്. എങ്കിലും റിട്ടയർമെന്റിനു ശേഷമാണ് ശരിക്കുള്ള ജീവിതം തുടങ്ങുന്നതെന്നൊക്കെ ഒട്ടും ആത്മാർഥതയില്ലാതെ പറഞ്ഞ് അയാൾ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.റിട്ടയർ ചെയ്ത് എട്ടു വർഷമായിട്ടു പോലും ആ സത്യത്തോട് ഇന്നുവരെ പൊരുത്തപ്പെടാൻ അയാൾക്ക് സാധിച്ചിരുന്നില്ല!
എന്നും മായയുടെ നിഴൽ മാത്രമായിരുന്നു ബാലചന്ദ്രൻ.കുട്ടികളെയും സഹപ്രവർത്തകരെയും വിറപ്പിച്ചു നിർത്തുന്ന കർക്കശക്കാരനായ അധ്യാപകൻ, വീട്ടിലെന്നും മായയുടെ കളിപ്പാട്ടം മാത്രമായിരുന്നു.പ്രിൻസിപ്പൽ ബാലചന്ദ്രന്റെ ഭാര്യ മായ എന്നതിനെക്കാൾ, മായ ടീച്ചറുടെ ഭർത്താവ് ബാലചന്ദ്രൻ എന്ന വിശേഷണത്തിന്റെ പ്രഭയിൽ അയാളുടെ പദവി പോലും മങ്ങിപ്പോയി.ആദ്യമൊക്കെ അയാൾ അത് ആസ്വദിച്ചിരുന്നെങ്കിലും പലയിടത്തും അവഗണിക്കപ്പെട്ടപ്പോൾ, എന്നും അവസാനത്തേയും ആദ്യത്തേയും വാക്ക് അവളുടേതു മാത്രമായപ്പോഴൊക്കെയും അയാൾ തന്റെ ബലഹീനതകളെ വെറുത്തു തുടങ്ങി. അസ്വാരസ്യങ്ങൾ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ മാത്രമൊതുക്കി സ്വയം താഴ്‌ന്നുകൊടുത്ത് അയാളൊരു സമാധാനപ്രിയനായ ഭർത്താവായി മാറുകയായിരുന്നു. മനസ്സിലെ അസന്തുഷ്ടി പക്ഷേ അയാളുടെ ശരീരത്തിലും പ്രകടമായി. ഊർജസ്വലനായിരുന്ന, സുമുഖനായ ബാലചന്ദ്രൻ പെട്ടെന്ന് വൃദ്ധനായി മാറി. മായയോടൊപ്പം നടക്കുമ്പോഴൊക്കെ ഒരപകർഷബോധം അയാളെ വേട്ടയാടി. അപൂർവം ചില സന്ദർഭങ്ങളിൽ മായ തന്നെ മനഃപൂർവം ഒഴിവാക്കി നിർത്തിയതും അയാൾ കണ്ടില്ലെന്നു നടിച്ചു. അവരുടെ നിത്യഹരിത യൗവനത്തിന് ചേർന്നുനിൽക്കുന്ന ഒരു ഭർത്താവേയല്ല താനെന്ന സത്യം അയാൾ പതിയെ ഉൾക്കൊള്ളുകയായിരുന്നു.
ഇന്നു മുതൽ മായ ടീച്ചറും മനസ്സിലാക്കുകയാണ്. കുട്ടികളും ബഹളങ്ങളും ഒന്നുമില്ലാതെ വിരസമായ ദിനങ്ങൾ അവൾക്കും കടന്നുവരികയാണ്.അയാൾ ഊറിച്ചിരിച്ചു.
രാത്രി ഏറെ വൈകി ഉറങ്ങിയതുകൊണ്ടാവും ടീച്ചർ എണീക്കാൻ ഒരുപാട് വൈകി.മൊബൈൽ ഫോണിൽ അലാറമടിക്കാത്ത പുതിയൊരു ദിവസം തുടങ്ങുകയാണല്ലോ.ഒന്നും സമയത്തിന് ചെയ്തുതീർക്കേണ്ട. എങ്ങും പോവാനില്ല. ഇനിയെന്നും കാണാനുള്ളത് ബാേലട്ടന്റെ മുഖം മാത്രം. നിരാശാബോധത്തോടെ ടീച്ചർ പതിയെ മുറിക്കു പുറത്തിറങ്ങി.
ഹാളിലെ സെറ്റിയിലിരുന്ന് ബാലചന്ദ്രൻ ഉറക്കെ ഫോണിൽ സംസാരിക്കുന്നത് കേട്ടു. അത് നവീനോടായിരിക്കുമെന്ന് ടീച്ചർ ഊഹിച്ചു.ബാലചന്ദ്രന്റെയും മായയുടെയും ഒരേയൊരു മകനാണ് നവീൻ. കാർഡിയോളജിസ്റ്റായ നവീൻ ഭാര്യയോടൊപ്പം കാനഡയിൽ സെറ്റിലായിട്ട് വർഷങ്ങളായി.അമ്മയെക്കാൾ സ്നേഹവും പരിചരണവും ലഭിച്ചത് അച്ഛനിൽ നിന്നായതുകൊണ്ടാവാം നവീൻ എന്നും വിളിക്കാറുള്ളത് അച്ഛനെ മാത്രമാണ്. അമ്മ വല്ലപ്പോഴും അതിനിടയിൽ വന്നെത്തിനോക്കി ഫോർമലായി വിശേഷങ്ങൾ തിരക്കുമെന്നതിൽ കൂടുതൽ ബന്ധമൊന്നും അവർ തമ്മിലില്ല. അല്ലെങ്കിലും മായ ടീച്ചർക്ക് അങ്ങനെ ഹൃദയത്തോട് ചേർത്തുവെക്കാവുന്ന അഗാധ ബന്ധങ്ങളൊന്നും ആരുമായും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. കരിയറിൽ ഉയരങ്ങൾ കീഴടക്കാനുള്ള തത്രപ്പാടിനിടയിൽ പലതും അവർ നിസ്സാരമായി മറന്നുകളഞ്ഞു.
അടുക്കളയിൽ നിന്നു യശോദാമ്മ ഉണ്ടാക്കുന്ന മസാലദോശയുടെ ഗന്ധം എന്നത്തെയും പോലെ ഇന്നു ടീച്ചറെ മത്തുപിടിപ്പിച്ചില്ല. പകൽ സമയങ്ങളിൽ ഭക്ഷണമുണ്ടാക്കാനും വീട് വൃത്തിയാക്കാനും വരുന്ന യശോദാമ്മയോടും അവരുണ്ടാക്കുന്ന ഭക്ഷണത്തോടും മാത്രം ടീച്ചർക്ക് ചെറിയൊരടുപ്പം തോന്നാറുണ്ട്.
പ്രഭാതഭക്ഷണ ശേഷം ടീച്ചർ സെറ്റിയിൽ വന്നിരുന്നു.വെറുതെയിരുന്ന് മുരടിക്കാതെ ഭാവികാര്യങ്ങളെല്ലാമൊന്ന് ആസൂത്രണം ചെയ്യണം. വായിക്കണം. കാണാൻ ബാക്കിവെച്ച സിനിമകൾ കണ്ടുതീർക്കണം. ഹിമാലയത്തിലേക്ക് ഒരു സോളോ ട്രിപ്പ് നടത്തണം.അങ്ങനെയങ്ങനെ ടീച്ചറുടെ ആഗ്രഹങ്ങളുടെ പട്ടിക നീണ്ടുനീണ്ടുപോയി.
കോളിങ് ബെല്ലടിക്കുന്നതു കേട്ട് ടീച്ചർ വാതിൽ തുറന്നു. പുറത്ത് നാലു ചെറുപ്പക്കാർ നിൽക്കുന്നുണ്ടായിരുന്നു. ഒറ്റനോട്ടത്തിൽ അവരെയാരെയും പരിചയം തോന്നിയില്ലെങ്കിലും പതിയെ ടീച്ചർ ആ മുഖങ്ങൾ ഓർത്തെടുത്തു. അതിലൊരാൾ ടീച്ചറുടെ എക്കാലത്തെയും പ്രിയങ്കരനായ വിദ്യാർഥിയായ അലക്സിയായിരുന്നു. അവനിന്ന് പ്രശസ്തനായൊരു ഫിലിം ഡയറക്ടറാണ്. ടീച്ചർ നിറഞ്ഞ സന്തോഷത്തോടെ അവരെ അകത്തേക്ക് ക്ഷണിച്ചു.
ടീച്ചറെ കുറിച്ച് ഒരു ഡോക്യുമെന്ററി തയ്യാറാക്കാനാണ് അലക്സിയും സംഘവും എത്തിയത്. ആദ്യം ടീച്ചർ താൽപര്യമില്ലാത്ത മട്ടിൽ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എങ്കിലും ഒടുവിൽ അവരുടെ നിർബന്ധത്തിനു വഴങ്ങിയെന്നപോലെ ടീച്ചർ സമ്മതിച്ചു.

അവർ ടീച്ചറോട് കാര്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. ഇടയ്ക്ക് അവരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.ബാലചന്ദ്രൻ എല്ലാം നോക്കി നിർന്നിമേഷനായി നിന്നതേയുള്ളൂ.
“ഇത്രയും അനുഭവസമ്പത്തുള്ള ടീച്ചർക്ക് ഒരു പുസ്തകമെഴുതിക്കൂടേ?” ശിഷ്യന്മാരിലൊരാൾ താൽപര്യത്തോടെ ചോദിച്ചു.
“എഴുതാം, എഴുതണം” -ടീച്ചറുടെ ശബ്ദത്തിന് ദൃഢത കുറവായിരുന്നു.
“ടീച്ചറെന്തായാലും എഴുതണം. ഞങ്ങളുടെയൊക്കെ ഒരു റിക്വസ്റ്റാണെന്ന് വിചാരിച്ചാൽ മതി. ജീവിതത്തിന്റെ സമസ്ത മേഖലകളും വിജയത്തിന്റെ കൈപ്പിടിയിലൊതുക്കിയ ആളല്ലേ. തൊട്ടതെല്ലാം പൊന്നാക്കിയ ഈ വിജയഗാഥ വരും തലമുറക്കും ഒരു വഴികാട്ടിയാവുമല്ലോ”- അലക്സിയാണതു പറഞ്ഞത്.
അവർ പിന്നെയും പലതും സംസാരിച്ചു. നന്മയുടെ ആൾരൂപമായ ടീച്ചറെ കുറിച്ചുള്ള നല്ല ഓർമകൾ അയവിറക്കി.
അതിനിടയിൽ പുറത്ത് ഏതോ ഒരു സ്ത്രീ ടീച്ചറെ കാണാൻ വന്നിട്ടുണ്ടെന്ന് യശോദാമ്മ വന്നു പറഞ്ഞു.ടീച്ചർ പുറത്തേക്കു വന്നു. മുറ്റത്ത് നിർത്തിയിട്ട ഒരോട്ടോയും അതിനടുത്തായി ഏതാണ്ട് മുപ്പതോളം വയസ്സ് തോന്നിക്കുന്ന ഒരു യുവതിയും നിൽക്കുന്നുണ്ടായിരുന്നു. അവൾ മങ്ങിയ നിറത്തിലുള്ള ഒരു ഷിഫോൺ സാരി ഒട്ടും ഭംഗിയില്ലാതെ വലിച്ചുവാരിയുടുത്തിരുന്നു.
“ആരാ?” ടീച്ചർ ചോദിച്ചു.
“പേര് പറഞ്ഞാലൊന്നും നിങ്ങൾക്കെന്നെ അറിയില്ല.”
അവളുടെ ശബ്ദത്തിന് വല്ലാത്തൊരു മുറുക്കമുണ്ടായിരുന്നു.
“എന്തിനാ വന്നത്?” ടീച്ചർ വീണ്ടും ചോദിച്ചു.
ഇതിനിടയിൽ ഡോക്യുമെന്ററിയിൽ ആഡ് ചെയ്യാൻ പുതിയ വല്ല ട്വിസ്റ്റും ലഭിക്കുമോ എന്ന പ്രതീക്ഷയിൽ അലക്സിയും കൂട്ടരും പുറത്തേക്കു വന്നു.
“നിങ്ങൾ എന്റെ കൂടെയൊന്ന് വരണം.”
ടീച്ചർ നെറ്റി ചുളിച്ചു. അവൾ കൂസലില്ലാതെ തുടർന്നു:
“എന്റെ വീട് വരെ നിങ്ങളൊന്ന് വന്നേ പറ്റൂ. അവിടെയും നിങ്ങളെ ഒരു നോക്കു കാണാനാഗ്രഹിക്കുന്ന പഴയ വിദ്യാർഥിയുണ്ട്.”
“എന്നെ കാണാനാഗ്രഹമുണ്ടെങ്കിൽ ഇങ്ങോട്ടു വരാൻ പറയണം. അല്ലാതെ ഞാനങ്ങോട്ട് വന്നാരെയും കാണുന്ന പ്രശ്നമില്ല.”
ടീച്ചറുടെ ഉള്ളിലെ അഹങ്കാരിയായ യഥാർഥ മായ അവർ പോലുമറിയാതെ പുറത്തേക്ക് ചാടിയത് പെട്ടെന്നായിരുന്നു.
അലക്സിയുടെ അമ്പരപ്പ് നിറഞ്ഞ കണ്ണുകൾ കണ്ടപ്പോഴാണ് ടീച്ചർക്ക് പരിസര ബോധമുണ്ടായത്.
“എല്ലാവരെയും പോലെ വന്നു കാണാൻ സാധിക്കാത്തതുകൊണ്ടാണല്ലോ ഞാൻ നിങ്ങളെ കൊണ്ടുപോകാൻ വന്നത്. ഉള്ളിലെവിടെയെങ്കിലും ഒരിറ്റു ദയ ബാക്കിയുണ്ടെങ്കിൽ നിങ്ങളെന്റെ കൂടെ വരും.”
ഉറച്ച സ്വരത്തിൽ സംസാരിക്കുന്ന ആ സ്ത്രീയുടെ ഉള്ളിലെ ചേതോവികാരമെന്താണെന്ന് ടീച്ചർക്ക് മനസ്സിലാക്കാനേ സാധിച്ചില്ല. അവളോട് കൂടുതൽ എന്തെങ്കിലും ചോദിക്കാനുള്ള ധൈര്യവും ടീച്ചർക്കില്ലായിരുന്നു.
എന്തു വേണമെന്നറിയാതെ ടീച്ചർ ഒരു നിമിഷം നിന്നു.ഓട്ടോക്കാരൻ അക്ഷമനായി ഹോണടിച്ചുകൊണ്ടിരുന്നു. യുവതിയാണെങ്കിൽ എന്തോ നിശ്ചയിച്ചുറപ്പിച്ച മട്ടിൽ അനങ്ങാതെ അവിടെത്തന്നെ നിൽക്കുന്നു.
“ഞാനിനിയെന്താ ചെയ്യേണ്ടത്?”
സ്വയം തീരുമാനമെടുക്കാൻ സാധിക്കാത്ത ആ നിമിഷത്തിൽ ടീച്ചർ ബാലചന്ദ്രനോടായി ചോദിച്ചു.
“തീർച്ചയായും നീ പോണം.പോയി കണ്ടിട്ട് വരണം.”
ടീച്ചർ ധൃതിയിൽ സാരിയുടുത്തൊരുങ്ങി. അലക്സിയോട് ഉടനെ വരാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറി. കാറുമായി പിറകെ വരാൻ ശ്രമിച്ച അവനെ ടീച്ചർ തടഞ്ഞു. ഒരു ധൈര്യത്തിന് അവർ ബാലചന്ദ്രനോട് മാത്രം കൂടെ വരാൻ ആവശ്യപ്പെട്ടു.
ഓട്ടോ ടൗണും കടന്ന് ഏതൊക്കെയോ ഇടവഴികളിലൂടെ സഞ്ചരിച്ച് ഓടിട്ട ഒരു പഴയ വീടിനരികിൽ ചെന്നുനിന്നു. യുവതി വേഗം ഇറങ്ങിച്ചെന്ന് വീടിന്റെ മുൻവാതിൽ തുറന്നു.
“വരൂ…” അവൾ അവരെ അകത്തേക്ക് വിളിച്ചു.
ഒറ്റ മുറിയും അടുക്കളയും മാത്രമുള്ള ചെറിയ വീടായിരുന്നു അത്. മുറിക്കകത്തേക്കു കയറിയ ടീച്ചർ അവിടമാകെ കണ്ണോടിച്ചു. പെട്ടെന്നവിടെ കണ്ട കാഴ്ച ടീച്ചറുടെ ഹൃദയം നുറുങ്ങുന്നതായിരുന്നു! മുറിയിലെ തുറന്നിട്ട ജനാലയോട് ചേർത്തിട്ട കട്ടിലിൽ മെലിഞ്ഞുണങ്ങിയ ഒരു ചെറുപ്പക്കാരൻ കിടക്കുന്നു. എല്ലുകൾ എണ്ണിയെടുക്കാവുന്നത്രയും മെലിഞ്ഞുപോയൊരു ശരീരം.അവന്റെ ഒട്ടിയ കവിളിലൂടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. കുറേ നേരം അവന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കിയപ്പോൾ ടീച്ചർക്ക് തല കറങ്ങുന്നതുപോലെ തോന്നി. പെട്ടെന്നവർക്ക് രണ്ടു ദശകങ്ങൾക്കപ്പുറത്തുള്ള ഒരു ഒമ്പതാം ക്ലാസ് ഓർമ വന്നു. നവീനെയും ശ്രീനയെയും ഓർമ വന്നു. ഒരു പെരുമഴയത്ത് കരഞ്ഞുകൊണ്ട് ക്ലാസ് മുറിയിൽ നിന്ന് ഇറങ്ങിപ്പോയ വിഷ്ണുവിനെ ഓർമ വന്നു…
ടീച്ചറുടെ മകൻ നവീൻ ചന്ദ്രന്റെ ക്ലാസ് മേറ്റായിരുന്നു വിഷ്‌ണു. ആരോടും കൂട്ടില്ലാതെ തനിച്ചു നടക്കുന്ന പാവം പയ്യൻ. മുഷിഞ്ഞ യൂണിഫോം ഷർട്ടും ചീകിയൊതുക്കാത്ത മുടിയിഴകളും അവന്റെ ദാരിദ്ര്യത്തെ വിളിച്ചറിയിക്കുന്നതായിരുന്നു. അവൻ ആരുടെയും മുഖത്തു പോലും നോക്കാറില്ല. കിട്ടിയ ബെഞ്ചിലിരുന്നു. അവഗണനകളും പരിഹാസങ്ങളും കേട്ടില്ലെന്ന് നടിച്ചു.

ഹയർസെക്കൻഡറിയിലെ ശ്യാം സാറിന്റെ മകൾ ശ്രീനയോട് നവീനു തോന്നിയ ഒരു പ്രണയം. അതായിരുന്നു കാരണം. നേരിട്ടു പറയാനുള്ള മടി കൊണ്ടാവാം ശ്രീനയ്‌ക്ക് അവനൊരു പ്രണയലേഖനം തയ്യാറാക്കിയത്. സ്വന്തം പേര് പരാമർശിക്കാതെ എഴുതിയതായിരുന്നെങ്കിലും അതെങ്ങനെയോ ൈകയിൽ കിട്ടിയ ശ്രീന കരഞ്ഞു ബഹളം വെച്ചു. പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ നവീൻ അതു പാവം വിഷ്ണുവിന്റെ തലയിൽ വെച്ചുകെട്ടി. താനല്ലെന്ന് അവൻ ഒരുപാടു തവണ കരഞ്ഞു പറഞ്ഞെങ്കിലും നവീനും കൂട്ടുകാരും വിഷ്ണുവിനോടുള്ള വെറുപ്പ് ശരിക്കും ഉപയോഗപ്പെടുത്തി.
പ്രിൻസിപ്പലിനോട് പരാതിപ്പെടാൻ പോയ ശ്രീനയുടെ കൈയിൽ നിന്ന് ആ ലെറ്റർ ആദ്യം വാങ്ങി നോക്കിയത് താനായിരുന്നു. നവീന് ശ്രീനയോടുള്ള സോഫ്റ്റ് കോർണർ അറിയാവുന്ന തനിക്ക് അതിലെ വൃത്തിയുള്ള കൈയക്ഷരം അവന്റേതാണെന്ന് ഒറ്റ നോട്ടത്തിലേ മനസ്സിലാക്കാൻ സാധിച്ചു. ഒട്ടും സഭ്യമല്ലാത്ത ഭാഷയിലെഴുതിയ ആ ലെറ്റർ സാറിന്റെ മുന്നിലെത്തുമ്പോൾ നഷ്ടപ്പെടുന്നത് തന്റെ അഭിമാനവും കൂടിയാണ്. ശ്രീന പ്രിൻസിപ്പലുമായി സംസാരിക്കുന്നതിനിടയിൽ ആ ലെറ്ററിൽ വളരെ തന്ത്രപരമായി വിഷ്ണുവിന്റെ പേരെഴുതിച്ചേർത്തതു താനായിരുന്നു. അന്ന് അച്ഛനെ വിളിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞാണ് ആ പെരുമഴയത്ത് അവനെ സ്കൂളിൽ നിന്ന് ഇറക്കിവിട്ടത്.
ക്ലാസിലെ മറ്റെല്ലാവരും നോക്കിനിൽക്കെ ശ്രീന അവന്റെ മുഖത്തടിച്ചു. അന്നിറങ്ങിപ്പോയ വിഷ്ണു പിന്നെ സ്കൂളിലേക്ക് മടങ്ങിവന്നില്ല.ആർക്കും ആവശ്യമില്ലാത്തതു കൊണ്ടാവാം അവനെ ആരും പിന്നെ അന്വേഷിച്ചതുമില്ല.അന്നൊക്കെ കുറ്റബോധം തോന്നിയിരുന്നെങ്കിലും പിന്നീടെപ്പോഴോ അതെല്ലാം പാടേ മറന്നുപോയി. അതേ ശ്രീന ഇന്നു നവീന്റെ ഭാര്യയാണ്.
ടീച്ചർ അവനടുത്തിരുന്ന് പൊട്ടിക്കരഞ്ഞു.
“എന്താ സംഭവിച്ചത്?”
ബാലചന്ദ്രൻ ആ പെൺകുട്ടിയോട് ചോദിച്ചു.
“ഇവനെന്റെ അനിയൻ വിഷ്ണു. അമ്മയില്ലാത്ത ഞങ്ങൾ രണ്ടാളെയും അച്ഛനൊറ്റയ്ക്ക് വളരെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഇവനെ പഠിക്കാൻ അയച്ചപ്പോൾ അച്ഛൻ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു.അവനെയും ഒരു പെൺകുട്ടിയെയും ചേർത്ത് സ്കൂളിലെന്തൊക്കെയോ കള്ളക്കഥകൾ പ്രചരിച്ചെന്നും അവനെ ക്ലാസിൽ നിന്നിറക്കിവിട്ടെന്നും പറഞ്ഞ് അവൻ വീട്ടിൽ വന്നു. അച്ഛൻ അന്നവനോട് പിണങ്ങി. ആ സങ്കടത്തിൽ അവൻ വിഷം കഴിച്ച് ജീവിതം നശിപ്പിക്കാൻ ശ്രമിച്ചതാണ്. പക്ഷേ, മരണത്തിനു പോലും വേണ്ടാതെ അന്ന് കിടന്ന കിടപ്പാണ്. സംസാരിക്കില്ല. എഴുന്നേൽക്കില്ല. കഴിഞ്ഞ വർഷം അച്ഛനും പോയി. ഇപ്പോ ഈ ദുരിതമെല്ലാം കാണാൻ ഞാൻ മാത്രമേയുള്ളൂ…”
ആ നിമിഷം വിജയത്തിന്റെ കൊടുമുടിയിലേറിയ മായ ടീച്ചർ തിരിച്ചറിയുകയായിരുന്നു, തന്റെ വിജയപുസ്തകത്തിലെ പകുതി താളുകളും പരാജയത്തിന്റെതായിരുന്നെന്ന്.അതിൽ ഒരു നിരപരാധിയുടെ കണ്ണുനീരിന്റെ നനവുണ്ടായിരുന്നെന്ന്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top