LoginRegister

റുഖിയാത്തയുടെ നിശ്ശബ്ദ പോരാട്ടങ്ങൾ

മൻസൂറലി ചെമ്മാട്

Feed Back


സ്വത്വവും ദൗത്യവും തിരിച്ചറിഞ്ഞ് അർപ്പണബോധത്തിന്റെയും നിലപാടുകളുടെയും പ്രകാശം പ്രതിബിംബിക്കുന്ന കർമനൈരന്തര്യത്താൽ സമൂഹത്തിൽ ആയുസ്സിന്റെ സുകൃതം അടയാളപ്പെടുത്തിയ വനിതകൾ ചരിത്രത്തിൽ നിരവധിയുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലും ഇസ്‌ലാഹീ പ്രസ്ഥാന ചരിത്രത്തിലും കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിലും അത്തരത്തിലുള്ള ആർജവത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകങ്ങളായ ധീരരായ മഹിളകളെ കാണാം.
കേരള മുസ്‌ലിം നവോത്ഥാന വഴിയിൽ നിശ്ശബ്ദ സാന്നിധ്യമായി നിലകൊണ്ട് വിശ്വാസത്തെ നെഞ്ചോടു ചേർത്ത് സഹജീവികളുടെ മത-ധാർമിക വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്കും സ്ത്രീ ശാക്തീകരണത്തിനുമായി ജീവിതം നീക്കിവെച്ച മഹതിയായിരുന്നു ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് നിര്യാതയായ പരപ്പനങ്ങാടിയിലെ കുന്നത്ത് റുഖിയ എന്ന നാട്ടുകാരുടെ റുഖിയാത്ത. പരപ്പനങ്ങാടിയിലെ പ്രമുഖ ഇസ്‌ലാഹീ കുടുംബമായ പുതിയ ഒറ്റയിൽ കുടുംബത്തിലെ അംഗമായിരുന്നു റുഖിയാത്ത. പരപ്പനങ്ങാടി മസ്ജിദുൽ മുജാഹിദീൻ പ്രസിഡന്റായിരുന്ന പരേതനായ കുന്നത്ത് മുഹമ്മദ് എന്ന മാനു ഹാജിയുടെയും പുതിയ ഒറ്റയിൽ കുഞ്ഞായിശയുടെയും മകളായി 1954ലായിരുന്നു ജനനം. പരപ്പനങ്ങാടിയിൽ തൗഹീദിന്റെ ശബ്ദം ആദ്യമായി ഉയർന്ന പള്ളി കോമുക്കുട്ട്യാക്കാന്റെ പള്ളി എന്ന അഞ്ചപുര ജുമാമസ്ജിദ് നിർമിച്ച പുതിയ ഒറ്റയിൽ കോമുക്കുട്ടി റുഖിയാത്തയുടെ ഉമ്മയുടെ പിതാമഹനാണ്. ഒരുപാട് മനീഷിമാർ പിറവിയെടുത്ത കുടുംബപരമ്പരയിലാണ് റുഖിയാത്തയുടെ ജനനം.
കുട്ടിക്കാലം മുതലേ വിശുദ്ധ ഖുർആനുമായി ഇടപഴകി ജീവിച്ച ഇവർ നന്നേ ചെറുപ്പത്തിൽ ഖുർആൻ മനഃപാഠമാക്കുകയും മറ്റുള്ളവർക്ക് പഠിപ്പിക്കുകയും ചെയ്തിരുന്നു. ഫാറൂഖ് കോളജിന് അടുത്തുള്ള എംഎസ്എസ് വനിതാ ഹോസ്റ്റലിൽ വാർഡൻ ആയി സേവനം ചെയ്യുന്ന സമയത്തായിരുന്നു വിവാഹം. ഇസ്‌ലാമിക പണ്ഡിതനായിരുന്ന മാള കൊറോത്ത് അബ്ദുസ്സലാം മൗലവിയായിരുന്നു ഭർത്താവ്. വിവാഹശേഷം ധർമഗിരി എന്ന സ്ഥലത്ത് മൗലവി നേതൃത്വം കൊടുത്തിരുന്ന മതപാഠശാലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചു. ഇസ്‌ലാമിലേക്ക് കടന്നുവരുന്നവർക്ക് മതവിദ്യാഭ്യാസവും പരിശീലനങ്ങളും നൽകുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. മൂന്നു വർഷത്തോളം അവിടെ കഴിഞ്ഞ ശേഷം പെരുമ്പിലാവിലേക്ക് താമസം മാറ്റി.
ആ കാലയളവിൽ അൻസാർ സ്കൂളിലെ വിദ്യാർഥിനികൾക്ക് എല്ലാ ദിവസവും സുബ്ഹിക്ക് ഖുർആൻ ക്ലാസ് എടുക്കുമായിരുന്നു. പെരുമ്പിലാവിലെ താമസക്കാലത്ത് ഏതാനും പാവപ്പെട്ട കുടുംബങ്ങൾക്ക് റുഖിയാത്തയുടെ നേതൃത്വത്തിൽ വീട് വെച്ചു നൽകി.
മൂന്നു വർഷത്തിനു ശേഷം അബ്ദുസ്സലാം മൗലവി ആലുവ അസ്ഹർ കോളജിലേക്ക് മാറിയപ്പോൾ റുഖിയാത്തയും മൂന്നു മക്കളും അങ്ങോട്ട് താമസം മാറി. 15 ഏക്കർ റബർ തോട്ടത്തിന്റെ ഇടയിൽ ചെറിയ വീട്ടിലായിരുന്നു താമസം. അവിടെ താമസിക്കുമ്പോൾ ഒരുപാട് കുടുംബങ്ങളിലേക്ക് ദീനീ പ്രവർത്തനവുമായി ഇറങ്ങിച്ചെന്നു. ഒരുപാട് മുസ്‌ലിം-അമുസ്‌ലിം കുടുംബങ്ങൾക്ക് ഇസ്‌ലാമിക ജീവിതമാതൃക എത്തിച്ചു. ദീനീപ്രബോധന മേഖലയിൽ പ്രചോദനവും പ്രയോജനവും പ്രതിഫലിപ്പിച്ചു മുന്നേറുന്ന റുഖിയ എന്ന സ്ത്രീ അപ്പോഴേക്കും പലർക്കും കണ്ണിലെ കരടായി മാറിയിരുന്നു. ആ ഭീതിയുടെയും അസ്വസ്ഥതയുടെയും അനുരണനങ്ങൾ ഇരുട്ടിന്റെ പക്ഷത്ത് പല നിലക്കും പ്രവർത്തിച്ചു. ഒടുവിൽ പ്രമാണബദ്ധമായ അധ്യാപനങ്ങളും മാതൃകകളും സ്വജീവിതത്തിലൂടെ പകർന്നു തങ്ങളുടെ നിലനിൽപിനു ഭീഷണിയാവുന്ന റുഖിയാത്തയെ ഇല്ലാതാക്കാൻ വരെ ആലോചനകൾ നടന്നു. അതിന്റെ ഭാഗമായി, അവരുടെ വീട്ടിൽ അടുപ്പിൽ പാറ പൊട്ടിക്കുന്ന തോട്ട വെച്ചു റുഖിയാത്തയെ വധിക്കാൻ ശ്രമിച്ചു. അല്ലാഹുവിന്റെ കാരുണ്യത്താൽ അവർ അതിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. പിന്നീട് മൂവാറ്റുപുഴയിലേക്കും അവിടെ നിന്ന് എറണാകുളത്തേക്കും താമസം മാറി.
എറണാകുളത്ത് താമസിക്കുന്ന സമയത്ത് മണപ്പാട്ടിപറമ്പ് എന്ന സ്ഥലത്ത് കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളെ ചേർത്തുകൊണ്ട് ഖുർആൻ ക്ലാസുകൾ ആരംഭിച്ചു. കഷ്ടപ്പെട്ട് ജീവിക്കുന്ന പല കുടുംബങ്ങൾക്കും സുമനസ്സുകളുടെ പിന്തുണയോടെ സാമ്പത്തിക സഹായങ്ങളും മറ്റും അവർ എത്തിച്ചിരുന്നു.
1995ൽ തൃശൂർ ജില്ലയിലെ കരുവന്നൂരിലേക്ക് താമസം മാറി. കരുവന്നൂരിൽ അബ്ദുസ്സലാം മൗലവിയുടെ കൂടി നേതൃത്വത്തിൽ തുടങ്ങിയ ദാറുസ്സലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഈ മാറ്റം. ഇവിടെയും റുഖിയാത്തക്ക് വിശ്രമമുണ്ടായിരുന്നില്ല. അവർ കരുവന്നൂരിലെ സ്ത്രീകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. അവരെ സംഘടിപ്പിച്ച് ജംഇയ്യത്തുൽ അഖവാത്ത് എന്ന വനിതാ സംഘടന രൂപീകരിച്ചു. സ്ത്രീകളെ ഖുർആനുമായി അടുപ്പിക്കാനും ഖുർആനെ അറിയാനും പകർത്താനും പ്രചരിപ്പിക്കാനും അവരെ പ്രേരിപ്പിക്കാനുമുള്ള സംവിധാനമായി ആ കൂട്ടായ്മയെ ഉപയോഗപ്പെടുത്തി. തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പഠന ക്ലാസുകൾ സംഘടിപ്പിച്ച് വനിതകളെ ഖുർആൻ അർഥസഹിതവും ഹദീസും ഇസ്‌ലാമിക ജീവിതപാഠങ്ങളും പഠിപ്പിച്ചു. പിന്നീട് ആ നാട്ടിലുള്ള സ്ത്രീകൾ തന്നെ ആ സംരംഭത്തെ ഏറ്റെടുത്ത് മറ്റുള്ളവർക്ക് ഖുർആൻ പഠിപ്പിക്കാൻ തുടങ്ങി.
വായനയെ എക്കാലത്തും സ്നേഹിച്ചിരുന്ന റുഖിയാത്തയുടെ വീട്ടിൽ വിപുലമായ ഇസ്‌ലാമിക ലൈബ്രറി ഉണ്ടായിരുന്നു. സ്ത്രീകൾ മരണപ്പെട്ടാൽ മയ്യിത്ത് കുളിപ്പിക്കാൻ സ്ത്രീകളെ തന്നെ പ്രാപ്തരാക്കിയത് റുഖിയാത്തയുടെ മറ്റൊരു ധീരമായ കാൽവെപ്പായിരുന്നു. സാമൂഹികക്ഷേമ-ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കരുവന്നൂരിലും റുഖിയാത്ത സജീവമായി. ഒട്ടേറെ നിർധന കുടുംബങ്ങൾക്ക് വീടു നിർമിക്കുകയും ടോയ്‌ലറ്റുകൾ ഇല്ലാത്ത വീടുകളിൽ അവ നിർമിച്ചുനൽകുകയും രോഗികൾക്ക് ചികിത്സാസഹായം എത്തിക്കുകയും ചെയ്തു. കരുവന്നൂർ പനംകുളം ഡിഎംഎൽപി സ്കൂളിലെ പിടിഎ പ്രസിഡണ്ടായിരിക്കെ ഹെഡ്‌മിസ്‌ട്രസ് ഭാനുമതി ടീച്ചറുമായി ചേർന്ന് സ്കൂളിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ റുഖിയാത്ത വിയർപ്പൊഴുക്കി.

കരുവന്നൂർ പള്ളിയിലെ
സ്ത്രീ പ്രവേശന വിധി

2004ൽ അബ്ദുസ്സലാം മൗലവിയുടെ മരണശേഷവും റുഖിയാത്ത കർമരംഗത്തു നിന്ന് പിന്തിരിഞ്ഞില്ല. അത്തരത്തിലുള്ള, കരുവന്നൂരിലെ താമസക്കാലത്തെ റുഖിയാത്തയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് സ്ത്രീ പള്ളിപ്രവേശനത്തിനായി നടത്തിയ പോരാട്ടമായിരുന്നു. കരുവന്നൂരിലെ പരമ്പരാഗത ജുമാമസ്ജിദ് ഭാരവാഹികൾക്കെതിരായ ത്യാഗോജ്ജ്വലമായ ആ പോരാട്ടത്തിന് വിജയത്തിന്റെയും ചതിയുടെയും കഥകളാണ് പറയാനുള്ളത്. പുരുഷന്മാർ മാത്രം ആരാധന നടത്തുന്ന പള്ളിയിൽ സ്ത്രീകൾക്കും പ്രവേശനവും ആരാധനാ അനുമതിയും നൽകണമെന്ന ഇന്ത്യയിലെ ആദ്യത്തെ വഖ്ഫ് ൈട്രബ്യൂണൽ വിധി ഉണ്ടായത് ഈ കേസിലാണ്. പ്രമാണങ്ങളും തെളിവുകളും മുടിനാരിഴ കീറി ചർച്ച ചെയ്ത കോടതി നടപടി മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ സുവർണ അധ്യായമായി ഇടംപിടിക്കുകയായിരുന്നു.
കരുവന്നൂർ മഹല്ല് ജുമുഅത്ത് പള്ളി ലിംഗഭേദമില്ലാതെ എല്ലാ മുസ്‌ലിംകൾക്കും പ്രാർഥന നടത്താവുന്ന പള്ളിയാണെന്നായിരുന്നു എറണാകുളം വഖ്ഫ് ട്രൈബ്യൂണലിലെ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്‌ജി ഗ്രേസിക്കുട്ടി ജേക്കബ് കേസിനൊടുവിൽ വിധിച്ചത്. 2007 ജനുവരി ആദ്യത്തിലായിരുന്നു ഇത്. റുഖിയാത്തയുടെ നേതൃത്വത്തിൽ 12 പേർ മഹല്ല് ഭാരവാഹികളെയും ഖതീബിനെയും പ്രതിയാക്കി നൽകിയ അന്യായത്തിലായിരുന്നു വിധി. അന്യായക്കാർ പള്ളിയിൽ പ്രവേശിക്കുമ്പോൾ തടയുന്നതിൽ നിന്നു മഹല്ല് പ്രസിഡന്റ്, സെക്രട്ടറി, ഖതീബ് എന്നിവരെയും അവരുടെ ആളുകളെയും കോടതി വിലക്കി. ആരെങ്കിലും തടയുന്നപക്ഷം അന്യായക്കാർക്ക് സംരക്ഷണം നൽകാനും മസ്ജിദിൽ വനിതകൾക്ക് ആരാധനാനുഷ്ഠാനങ്ങൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ മൂന്നു മാസത്തിനകം ഏർപ്പെടുത്താനും മഹല്ല് ഭാരവാഹികളോട് കോടതി ഉത്തരവിട്ടു. ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കാൻ മഹല്ല് കമ്മിറ്റി വൈകിപ്പിക്കുകയോ വിമുഖത കാണിക്കുകയോ ചെയ്യുകയാണെങ്കിൽ അന്യായക്കാർക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും വിധിയിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
എന്നാൽ ഈ പള്ളിയിൽ രണ്ടു നൂറ്റാണ്ടായി സ്ത്രീകൾ പ്രാർഥിച്ചിട്ടില്ലെന്നും മഹല്ല് ജനറൽ ബോഡി തീരുമാനം സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെതിരാണെന്നും പള്ളിയിൽ സ്ത്രീകൾക്ക് സൗകര്യങ്ങളില്ലെന്നും എതിർഭാഗം വാദിച്ചു. സ്ത്രീകളെ പള്ളിപ്രവേശനത്തിൽ നിന്ന് വിലക്കുന്നതിന് അവരുടെ തെളിവുകളും ഹാജരാക്കി. എന്നാൽ, മുസ്‌ലിം പള്ളികളിൽ ഇസ്‌ലാമിക ശരീഅത്ത് പ്രകാരം സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെന്ന് 29 പേജുള്ള വിധിയിൽ കോടതി വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഖുർആനും മറ്റ് ഇസ്‌ലാമിക ഗ്രന്ഥങ്ങളും ഉദ്ധരിച്ചാണ് കോടതി എതിർകക്ഷിയുടെ തടസ്സവാദങ്ങൾ തള്ളിയത്. ഇമാം ബുഖാരിയും മുസ്‌ലിമും റിപോർട്ട് ചെയ്ത ഹദീസുകൾ ഉദ്ധരിച്ച് ഇസ്‌ലാമിൽ സ്ത്രീ പള്ളിപ്രവേശത്തിന്റെ സാധ്യതയും സാധുതയും കോടതി സമർഥിച്ചു.
പള്ളി എന്നതിന്റെ നിർവചനം ചർച്ച ചെയ്യുന്നിടത്ത് പ്രധാന ദേവാലയങ്ങളായ മക്കയിലെയും മദീനയിലെയും ജറുസലേമിലെയും സവിശേഷതകൾ എടുത്തുപറയുന്നുണ്ട്. ഇവിടങ്ങളിൽ സ്ത്രീകൾ വിലക്കുകളില്ലാതെ സ്വതന്ത്രമായി ആരാധന നടത്തിവരികയും ചെയ്യുന്നു. വെള്ളിയാഴ്‌ചകളിലെ ജുമുഅ നമസ്കാരത്തിന് പള്ളിയിൽ എത്താൻ എല്ലാ വിശ്വാസികളോടും ഖുർആൻ നടത്തുന്ന ആഹ്വാനത്തെക്കുറിച്ചും, ഖുർആനിക അനുശാസനകളും ഹദീസും അനുസരിക്കാത്തവർക്ക് ഖുർആൻ തന്നെ നൽകുന്ന മുന്നറിയിപ്പുകളെ കുറിച്ചും സ്ത്രീകൾ പള്ളിയിൽ നടത്തുന്ന നമസ്‌കാരത്തിന്റെ പ്രശ്നങ്ങളിൽ പ്രവാചകൻ സ്വീകരിച്ച നിലപാടുകളെ സംബന്ധിച്ചുമെല്ലാം ട്രൈബ്യൂണൽ എടുത്തു പറഞ്ഞു.
സ്ത്രീകൾ രാത്രി കാലങ്ങളിൽ പോലും പതിവായി പള്ളികളിൽ വന്ന് പ്രാർഥന നടത്തിയതും സ്ത്രീകൾ പള്ളിയിൽ പോകുന്നതിൽ വ്യക്തിപരമായി വൈമുഖ്യമുണ്ടായിരുന്ന ഖലീഫ ഉമറിന്റെ പത്നിപോലും പ്രവാചക ശാസനയുടെ പിൻബലത്തിൽ രാത്രി നമസ്കാരങ്ങൾക്ക് പള്ളിയിലെത്തിയതുമൊക്കെ പരാമർശിക്കുന്ന ഹദീസുകൾ വിധിയിൽ രേഖപ്പെടുത്തിയിരുന്നു. ആചാരാനുഷ്‌ഠാനങ്ങളുടെ കാര്യത്തിൽ ഭിന്നിച്ച് നിൽക്കുന്ന വ്യത്യസ്ത ഇമാമുമാരുടെ മദ്ഹബ് ഗ്രന്ഥങ്ങളിൽ ഒന്നുപോലും സ്ത്രീകളെ പള്ളിയിലെ പ്രാർഥനകളിൽനിന്ന് വിലക്കുന്നില്ല എന്നും ഔറംഗസീബിന്റെ കാലത്തെ പ്രസിദ്ധ ഹനഫി പന്ധിതർ രചിച്ച ‘ഫത്വ്‌വായെ ആലംഗീറിലും’ സ്ത്രീകൾ വെള്ളിയാഴ്‌ച നമസ്‌കാരത്തിലും പെരുന്നാൾ നമസ്കാരത്തിലും ഇമാമിനെ പിന്തുടർന്ന് നമസ്കരിക്കണമെന്ന് പറയുന്നുണ്ടെന്നും കൂടാതെ, ഇമാം ശാഫിയുടെ ‘അൽ ഉമ്മ്’ എന്ന ഗ്രന്ഥത്തിലും സ്ത്രീ പള്ളി പ്രവേശനം തടയരുതെന്ന് നിർദേശിക്കുന്നതായും കോടതി പരാമർശിച്ചു.

പള്ളികളിൽ സ്ത്രീ-പുരുഷന്മാർ ഇടകലരാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സ്ത്രീകൾ സുഗന്ധം പൂശി പള്ളിയിൽ വരരുതെന്നും മാത്രമേ ഇക്കാര്യത്തിൽ ഇമാം ശാഫി അനുശാസിക്കുന്നുള്ളൂവെന്ന് വിധിയിൽ ചൂണ്ടിക്കാട്ടി. സമസ്‌ത കേരള ജുംഇയ്യത്തുൽ ഉലമ 1951 ജൂലൈയിൽ പ്രസിദ്ധീകരിച്ച ‘അൽ ബയാൻ’ മാസികയുടെ 289, 290 പേജുകളിൽ സ്ത്രീകൾക്ക് ജമുഅ നമസ്‌കാരത്തിൽ ദുഹർ നമസ്‌കാരത്തിനു വേണ്ടി പിന്തുടരാം എന്ന് പറയുന്നതും സൂചിപ്പിച്ച കോടതി, ഖുർആനിലോ മറ്റ് ആധികാരിക ഗ്രന്ഥങ്ങളിലോ പ്രവാചക ചര്യകളിലോ പണ്ഡ‌ിത ഗ്രന്ഥങ്ങളിലോ സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കുന്നതിന് വിലക്കാൻ പാടില്ലെന്നാണുള്ളത് എന്നിരിക്കെ കീഴ്‌വഴക്കങ്ങളുടെയും ജനറൽബോഡിയുടെ തീരുമാനത്തിന്റെയും സ്ഥലസൗകര്യത്തിന്റെയും പേരു പറഞ്ഞ് വിലക്കുകൾ തുടരുന്നത് തെറ്റാണെന്നും അത് തിരുത്തപ്പെടണമെന്നും വിധിയിൽ പറയുന്നു.
അന്യായക്കാർക്കു വേണ്ടി അഭിഭാഷകരായ പി എം ജവഹർലാൽ, കെ പി മജീദ് എന്നിവരാണ് ഹാജരായത്. റുഖിയാത്തക്കും ഒപ്പം നിന്നവർക്കും മാത്രമല്ല, കേസ് വാദിച്ച വക്കീലിനും വരെ ഇതിന്റെ പേരിൽ ഭീഷണിയുണ്ടായി. അഡ്വ. ജവഹർലാൽ വടിവാൾ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. വിധി നടപ്പാക്കുന്നത് തടയാൻ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ഉഗ്രവാദി യാഥാസ്ഥിതികർ രണ്ടു മാസത്തോളം പള്ളിക്ക് കാവൽ നിന്നു.
പക്ഷേ, കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത് വളരെ അപ്രതീക്ഷിതമായിരുന്നു. വിധി നടപ്പാക്കാൻ റുഖിയാത്തക്കൊപ്പം നിൽക്കേണ്ടവർ മഹല്ല് കമ്മിറ്റിയിലെ രണ്ട് സീറ്റിൽ തൃപ്തിയടഞ്ഞു. സ്ഥാനമാനങ്ങളുടെ വീതംവെപ്പിൽ അവർക്കീ ചരിത്രദൗത്യത്തെ ശ്മശാന വിപ്ലവത്തിന്റെ പട്ടികയിലേക്ക് മാറ്റേണ്ടി വന്നു. റുഖിയാത്തയുടെ കൂടെ നിന്ന 11 പേരിൽ ചിലർ പിന്നോട്ടു പോയി. ഇത് റുഖിയാത്തയിൽ വലിയ സങ്കടവും നിരാശയുമുണ്ടാക്കി. എങ്കിലും കെ വി മുഹമ്മദ് സക്കീറും സഹോദരൻ യൂസുഫലിയും അടക്കം കുറേയാളുകൾ അവർക്ക് എല്ലാ പിന്തുണയും കരുത്തും പകർന്ന് ഒപ്പമുണ്ടായിരുന്നു. പക്ഷേ, കേരള മുസ്‌ലിം നവോത്ഥാന ചരിത്രത്തിൽ ഇടം നേടിയ ആ വിധി നടപ്പാക്കാൻ കഴിഞ്ഞില്ല എന്നത് റുഖിയാത്തയുടെ അവസാന കാലത്തെ സങ്കടമായിരുന്നു.
2012ൽ റുഖിയാത്ത കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം ജീവിക്കാൻ വേണ്ടി ജന്മസ്ഥലമായ പരപ്പനങ്ങാടിയിലേക്ക് താമസം മാറി. പലവിധ പരീക്ഷണങ്ങളുടെയും ഇച്ഛാശക്തിയുടെയും ആർജവത്തിന്റെയും കരുത്തുറ്റ അതിജീവനത്തിന്റെയും ഉജ്ജ്വലമായ ചരിത്രമാണ് റുഖിയാത്തയുടെ ജീവിതം.റമദാൻ 21 രാത്രിയായിരുന്നു മരണം.
ഫിറോസ് (പുത്തരിക്കൽ സെറാമിക് വേൾഡ്, പരപ്പനങ്ങാടി. പെംസ് സിബിഎസ്ഇ പിടിഎ പ്രസിഡണ്ട്), യഹ്‌യ (ഫയർ സർവീസ്, കൊയമ്പത്തൂര്‍ എയർപോർട്ട്), സകരിയ്യ നദ്‌വി എന്നിവർ മക്കളാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top