LoginRegister

മിയോ ഗ്ലോബല്‍ പുതുലോകത്തെ ധാര്‍മികപഠനം

ദാനിയ പള്ളിയാലില്‍

Feed Back


ഓണ്‍ലൈന്‍ സാധ്യതകള്‍ അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുന്ന ഈ യുഗത്തില്‍ ധാര്‍മിക പഠനം പലപ്പോഴും വേണ്ടത്ര പരിഗണിക്കാനാകാതെ പോകുന്നുണ്ട്. പ്രാദേശിക മദ്‌റസാ പഠനം നടത്താന്‍ പ്രയാസപ്പെടുന്നവരും താമസസ്ഥലങ്ങളില്‍ മദ്‌റസാ സൗകര്യം ലഭ്യമല്ലാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് വ്യവസ്ഥാപിതമായ ഓണ്‍ലൈന്‍ പഠനത്തിലൂടെ ചിട്ടയായ ധാര്‍മിക ജീവിതത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ തുടക്കമിട്ട സംരംഭമാണ് മിയോ ഗ്ലോബല്‍ ഓണ്‍ലൈന്‍ മദ്‌റസ.
ഇസ്‌ലാമിക പ്രബോധനരംഗത്ത് നൂതനവും ആധുനികവുമായ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2009ല്‍ രൂപീകൃതമായ ഇസ്‌ലാമിക ഓണ്‍ലൈന്‍ റേഡിയോ സംവിധാനമായ ‘റേഡിയോ ഇസ്ലാമും’ മതവിദ്യാഭ്യാസരംഗത്ത് ആധുനിക വിദ്യാഭ്യാസ മനഃശാസ്ത്രവും ബോധനരീതികളും നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് പതിറ്റാണ്ട് മുമ്പ് രൂപീകൃതമായ സിഐഇആറും (കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എജ്യൂക്കേഷന്‍ ആന്റ് റിസര്‍ച്ച്) വിദ്യാഭ്യാസ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ മദ്രസാ സംവിധാനമാണ് മിയോ ഗ്ലോബല്‍.
‘Nurturing moral education globally’ എന്ന ടാഗ്‌ലൈനോടുകൂടി പ്രവര്‍ത്തിക്കുന്ന മിയോയില്‍ 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ നിലവില്‍ പഠിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഉയര്‍ന്ന നിലവാരത്തോടെ മുന്നേറുന്ന മിയോയില്‍ ഇന്ത്യക്ക് അകത്തുനിന്നും പുറത്തുനിന്നുമായി പഠിതാക്കളുണ്ട്. സുഊദി അറേബ്യ, യുഎഇ, ദുബയ്, അയര്‍ലന്‍ഡ്, തായ്ലന്‍ഡ്, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ, കേരളം തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ രണ്ട് ബാച്ചുകളിലായാണ് പഠിപ്പിക്കുന്നത്.
ആഴ്ചയില്‍ രണ്ടു ദിവസങ്ങളിലായി ഓരോ ക്ലാസിനും മൂന്ന് മണിക്കൂര്‍ ലൈവ് ക്ലാസുകളും, വിഷയാധിഷ്ഠിത റേഡിയോ ക്ലസ്റ്റര്‍, അസൈന്‍മെന്റുകള്‍ എന്നിവയിലൂടെയും കൃത്യമായ പഠനരീതിയും പാഠഭാഗങ്ങളിലെ വ്യക്തതയും ‘മിയോ’ ഉറപ്പുവരുത്തുന്നു. ചൊവ്വ, ശനി ദിവസങ്ങളില്‍ ഒരു ബാച്ചും ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ മറ്റൊന്നും എന്ന രീതിയിലാണ് മിയോയുടെ പ്രവര്‍ത്തനം. 1 മുതല്‍ 8 വരെയുള്ള ഓരോ ക്ലാസുകളിലും പരമാവധി 25 കുട്ടികളെയാണ് ഉള്‍പ്പെടുത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം ലഭ്യമാണ്.
നിരന്തരമായ മെന്ററിങും ഓരോ ക്ലാസുകളെയും നിരീക്ഷിക്കാനുള്ള പ്രത്യേക സംവിധാനങ്ങളുമുണ്ട്. ഓരോ വിദ്യാര്‍ഥിയെയും പ്രത്യേകം പരിശീലിപ്പിക്കാനുള്ള പേഴ്സണല്‍ ട്യൂഷന്‍ സംവിധാനം മിയോയുടെ പ്രധാന സവിശേഷതയാണ്. പ്രവര്‍ത്തനാധിഷ്ഠിത പഠനം, ജീവിത നൈപുണി പരിശീലനം എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
ധര്‍മബോധമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കൊറോണ സമയത്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ മദ്‌റസാ സംവിധാനം ലോകമെമ്പാടുമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കുള്ള മികച്ച അവസരമാണ്. ഭൗതിക വിദ്യാഭ്യാസത്തിന്റെ തിരക്കിനിടയില്‍ മതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്തവര്‍ക്കും ലോകത്തിന്റെ വിവിധ കോണുകളില്‍ താമസിക്കുന്ന, മക്കള്‍ക്ക് ഇസ്ലാഹീ മദ്‌റസാ സംവിധാനം ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ക്കും പ്രതീക്ഷയുടെയും ആശ്വാസത്തിന്റെയും കവാടമാണ് ‘മിയോ.’

കുട്ടികളുടെ മനഃശാസ്ത്രവും ആധുനിക വിദ്യാഭ്യാസ ശാസ്ത്രവും ഉള്‍പെടുത്തി പ്രഗല്‍ഭരായ വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ നൂതന പഠനരീതിയായ സിഐഇആര്‍ സിലബസ് ആണ് ഇവിടെ പിന്തുടരുന്നത്. ഖുര്‍ആന്‍ പാരായണ നിയമം അനുസരിച്ച് പാരായണം ചെയ്യാനുള്ള പരിശീലനം, അറബി ഭാഷയുടെ അക്ഷരങ്ങള്‍ മുതലുള്ള പഠനം, ഇസ്ലാമിക വിശ്വാസമേഖലകളെ പരിചയപ്പെടല്‍, വ്യക്തി, കുടുംബം, സമൂഹം എന്നിവിടങ്ങളില്‍ പാലിക്കേണ്ട സംസ്‌കാരങ്ങള്‍, വ്യക്തിജീവിതത്തിലെ അനുഷ്ഠാന കര്‍മങ്ങളുടെ പരിശീലനം, ഇസ്ലാമിക ചരിത്രത്തിലെ പ്രാഥമിക ധാരണാ രൂപീകരണം തുടങ്ങിയ മേഖലകള്‍ ചിട്ടയോടെ ക്രോഡീകരിച്ച സിലബസില്‍ ഉള്‍ക്കൊള്ളുന്നു.
www.meo-global.com എന്ന വെബ്‌സൈറ്റ് വഴിയാണ് മിയോയുടെ പ്രവര്‍ത്തനം. വിദ്യാര്‍ഥികള്‍ക്കുള്ള ഓരോ ക്ലാസുകളും മൈക്രോസോഫ്റ്റ് ടീമുകളുടെ നേതൃത്വത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ വിദ്യാര്‍ഥിക്കും പ്രത്യേകമായി നല്‍കപ്പെട്ട യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് അവര്‍ പ്രവേശിപ്പിക്കപ്പെടുന്ന ലൈവ് ക്ലാസ്‌റൂമുകള്‍ വഴിയാണ് മുഖ്യമായ പഠനം. മൈക്രോസോഫ്റ്റ് ടീമുകള്‍ വഴി പരീക്ഷകളും നിരന്തര മൂല്യനിര്‍ണയ സംവിധാനവും വ്യക്തിഗത പിന്തുണ സംവിധാനവും മിയോ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കുന്നു.
ഖുര്‍ആന്‍ റിവിഷനു വേണ്ടി പ്രത്യേകമായി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പുകളും ഒരുക്കിയിട്ടുണ്ട്. കൃത്യമായി ക്രമീകരിച്ച ഓണ്‍ലൈന്‍ റഫറന്‍സ് ലൈബ്രറി പഠന നിലവാരം മികവുറ്റതാക്കാന്‍ ഏറെ സഹായകമാണ്. സിഐഇആര്‍ നടത്തുന്ന പൊതുപരീക്ഷകള്‍ക്കും മറ്റു വിജ്ഞാന പരീക്ഷകള്‍ക്കും പരിശീലനങ്ങള്‍ ഓരോ വിദ്യാര്‍ഥിക്കും ലഭ്യമാണ്.
ജോലിക്കാരായ രക്ഷിതാക്കള്‍ക്ക് മക്കളുടെ ധാര്‍മിക തുടര്‍പഠനം സാധ്യമാക്കാനുതകുന്ന വിശ്വസനീയമായ സംവിധാനമാണിത്. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ കൂടെയിരുന്ന് സഹായിക്കാനും പഠന നിലവാരം പരിശോധിക്കാനുമുള്ള അവസരം മിയോ നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചു കൂടാനായി വര്‍ഷത്തില്‍ രണ്ടു തവണ ഗാതറിങ് സംഘടിപ്പിക്കാറുണ്ട്. വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് മിയോക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്.
കുട്ടികളുടെ ഇഷ്ടാനുസരണം കളികളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മതവിദ്യാഭ്യാസം നേടാനുള്ള മികച്ച പദ്ധതിയാണ് മിയോ ഒരുക്കിയിട്ടുള്ളത്. സിഇഒ മുതല്‍ പ്രിന്‍സിപ്പല്‍മാര്‍ വരെ ഉള്‍പ്പെടുന്ന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന മികച്ച സംഘാടകരാണ് മിയോ ഗ്ലോബല്‍ ഓണ്‍ലൈന്‍ മദ്‌റസയുടെ സംഘാടക സമിതിയില്‍ ഉള്‍പെടുന്നത്. അക്കാദമീഷ്യന്‍സിന്റെയും ഒണ്‍ട്രപ്രണേഴ്‌സിന്റെയും കീഴില്‍ പ്രത്യേകമായ അക്കാദമിക-നേതൃത്വ പരിശീലനങ്ങള്‍ നേടിയ യോഗ്യരായ മെന്റേഴ്‌സ് മിയോയുടെ മുതല്‍ക്കൂട്ടാണ്. സിഐഇആര്‍ പൊതുപരീക്ഷയില്‍ മിയോ ഗ്ലോബലിലെ വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം നേടാനായത് ഈ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനമാണ്. ഏഴു വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചിട്ടുണ്ട്്.
ഓണ്‍ലൈന്‍ മാധ്യമത്തിലൂടെയുള്ള ധാര്‍മിക പഠനം താല്‍പര്യപ്പെടുന്നവര്‍ക്ക് അവരുടെ അറിവിന്റെയും പ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. 5 മുതല്‍ 15 വയസ്സ് വരെയാണ് വിദ്യാര്‍ഥികളുടെ പ്രായപരിധി. ഓണ്‍ലൈന്‍ പഠനം ആഗ്രഹിക്കുന്ന ഏത് രാജ്യത്തുമുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നേടാവുന്നതാണ്. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 7356 815 922, 759 497 2229 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top