LoginRegister

മിനാര വിസ്മയങ്ങള്‍

ഹാറൂന്‍ കക്കാട്

Feed Back


ഓരോ യാത്രകളും ഒരുപാട് കാഴ്ചകളുടെ പറുദീസയാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഭൂമിയിലും ആകാശത്തും മനുഷ്യര്‍ക്കായി നിരവധി വിസ്മയക്കാഴ്ചകള്‍ പ്രപഞ്ചനാഥന്‍ സംവിധാനിച്ചിട്ടുണ്ട്. അവര്‍ണനീയമായ കാഴ്ചകള്‍ കൊണ്ട് മനസ്സിന്റെ അകതാരില്‍ മഞ്ഞുകണങ്ങള്‍ തീര്‍ക്കുന്ന വിസ്മയമാണ് പ്രകൃതി.
യാത്രകളെ പ്രകൃതിമതം പ്രോത്സാഹിപ്പിക്കുന്നു. മനസ്സിനെ വിനയഭാവങ്ങളിലേക്ക് ഉയര്‍ത്തുന്ന നിമിഷങ്ങളാണ് യാത്രാവേളകള്‍. മനുഷ്യനെ നിരന്തരം നവീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നതില്‍ യാത്രകള്‍ വലിയ പങ്കുവഹിക്കുന്നു. അതിനാല്‍ ഓരോ യാത്രകളും മനുഷ്യര്‍ക്ക് ബാക്കിവെക്കുന്നത് വീണ്ടും കാണാനുള്ള പുതിയ കാഴ്ചകളുടെ ആവേശമാണ്.
ഖത്തറിലേക്ക്
കഴിഞ്ഞ ഏപ്രില്‍ 10ന് പുലര്‍ച്ചെയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹയിലെ വിശാലമായ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയത്. ഇത് മൂന്നാം തവണയാണ് ഖത്തറിലേക്കുള്ള യാത്ര. ഇത്തവണ നല്ലപാതി റഹ്മയും മകള്‍ ഹയയും കൂടെയുള്ളതിനാല്‍ യാത്രക്ക് ഇരട്ടി മധുരമായിരുന്നു. രാജ്യത്ത് എമ്പാടും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിനു വേണ്ടി നിരവധി പരിഷ്‌കാരങ്ങള്‍ ഖത്തര്‍ നടപ്പാക്കിയിട്ടുണ്ട്. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ തുടങ്ങുന്നു അത്തരം വിസ്മയങ്ങള്‍.
ലോകകപ്പ് പോലൊരു മഹാമേളയുടെ സംഘാടനത്തില്‍ ഒരു അറബ് രാജ്യം കൈവരിച്ച അത്യപൂര്‍വ നേട്ടം തുല്യതകളില്ലാത്തതാണ്. കളിസമയത്ത് ഖത്തറിലെത്തിയ എല്ലാവരെയും പോലെ കളി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ട ശേഷവും ഇപ്പോഴും വന്നുകൊണ്ടിരിക്കുന്ന ഓരോ യാത്രികനെയും വിസ്മയിപ്പിക്കാന്‍ ഖത്തറിന് കഴിയുന്നു എന്നതാണ് കൗതുകം!
മസ്ജിദുകളിലെ
സവിശേഷ സംവിധാനങ്ങള്‍


പ്രകൃതി കനിഞ്ഞുനല്‍കിയതും ശില്‍പവൈദഗ്ധ്യം നിറഞ്ഞതുമായ ഒരുപാട് വിസ്മയമാര്‍ന്ന പൈതൃകങ്ങളാല്‍ സമ്പന്നമാണ് ഖത്തര്‍ എന്ന കൊച്ചു രാജ്യം. വിലമതിക്കാനാവാത്ത ഈ സമ്പത്തിനെ സംരക്ഷിക്കാന്‍ ഈ രാജ്യം എന്നും പ്രതിജ്ഞാബദ്ധമാണ്. ദേശീയതയുടെ മഹത്തായ ചരിത്രാംശങ്ങളെ അതീവ ശ്രദ്ധയോടെ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ കാണിക്കുന്ന ഉത്സാഹം ഏറെ പ്രശംസനീയം! ഖത്തറിന്റെ ആത്മകഥയിലെ പ്രധാനപ്പെട്ട ഒരധ്യായമാണ് ഇവിടത്തെ ആരാധനാലയങ്ങള്‍.
ഖത്തര്‍ ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന് കീഴില്‍ 2,150 പള്ളികള്‍ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട്. പള്ളികളില്‍ നിന്ന് മനുഷ്യ മനസ്സുകളിലേക്ക് ഒഴുകുന്ന ആത്മീയ അനുഭൂതിയുടെയും ഇസ്ലാമിക സൗന്ദര്യത്തിന്റെയും സുഗന്ധം ഓരോരുത്തര്‍ക്കും ഇവിടെ നിന്ന് അനുഭവിക്കാം.
ഖത്തറിലെ പള്ളികള്‍ പൊതുവെ രാജ്യത്തെ വ്യത്യസ്ത മതക്കാരെ കൂടി പരിഗണിച്ച് പ്രത്യേകം സംവിധാനിച്ചവയാണ്. ഇവ എല്ലാ വിഭാഗം പൗരന്മാര്‍ക്കുമായി ഒരുപോലെ തുറന്നുവെച്ചിരിക്കുന്നു. ആരാധനാലയങ്ങള്‍ എന്നതിനപ്പുറമുള്ള സാമൂഹിക-സാംസ്‌കാരിക കേന്ദ്രങ്ങളുടെ സ്വഭാവത്തിലാണ് പള്ളികള്‍ സംവിധാനിച്ചിരിക്കുന്നത്. റിസര്‍ച്ച് സെന്റര്‍, ഗൈഡന്‍സ് കോര്‍ണര്‍, ഖുര്‍ആന്‍ പഠനം, ഗ്രന്ഥാലയം, വായനശാല, പഠനമുറികള്‍, പൂന്തോട്ടം, പാര്‍ക്ക്, പാന്‍ട്രി, സന്ദര്‍ശക ഗാലറി തുടങ്ങിയവ പള്ളികളില്‍ പ്രാധാന്യപൂര്‍വം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പള്ളികളില്‍ വരാനും ഈ സംവിധാനങ്ങള്‍ ഹൃദ്യമായി അനുഭവിക്കാനും അവസരമുണ്ട്.
ഗ്രാന്‍ഡ് മോസ്‌ക് എന്ന പേരില്‍ പ്രശസ്തമായ ദോഹയിലെ ഇമാം മുഹമ്മദ് ഇബ്നു അബ്ദില്‍ വഹാബ് മസ്ജിദ്, എജ്യൂക്കേഷന്‍ സിറ്റിയിലെ മസ്ജിദ് മിനാരതൈന്‍, സൂഖ് വാഖിഫിലെ അല്‍ഫനാര്‍ ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ പള്ളി, കത്താറ കള്‍ചറല്‍ വില്ലേജിലെ ഗോള്‍ഡന്‍ മോസ്‌ക് തുടങ്ങിയവയാണ് ഖത്തറിലെ പ്രധാന പള്ളികള്‍.
മസ്ജിദ് മിനാരത്തൈന്‍
ഖത്തറിലെ വിസ്മയങ്ങള്‍ നേരില്‍ കാണുന്ന സന്തോഷത്തിനിടയിലാണ് ഒരു ദിവസം നാട്ടില്‍ നിന്ന് സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകനും എംഎസ്എസ് സംസ്ഥാന സാരഥിയുമായ എന്‍ജിനീയര്‍ പി മമ്മത് കോയയുടെ വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. എത്ര തിരക്കിലാണെങ്കിലും മസ്ജിദ് മിനാരത്തൈന്‍ കാണാതെ മടങ്ങരുത് എന്ന നിര്‍ദേശം അക്ഷരാര്‍ഥത്തില്‍ ശരിയാണെന്ന് ഈ സന്ദര്‍ശനം ബോധ്യപ്പെടുത്തി. മരുമകന്‍ ജസീം പള്ളിത്തൊടികയുടെ കൂടെ പള്ളിയിലെത്തിയപ്പോള്‍ മധ്യാഹ്ന പ്രാര്‍ഥനയുടെ സമയമായിരുന്നു. ഞങ്ങളും സംഘടിത നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. തിരികെ പള്ളിയുടെ പുറത്തേക്ക് വരുമ്പോഴാണ് കോഴിക്കോട്ടു നിന്നെത്തിയ സുഹൃത്ത് സൈഫുദ്ദീന്‍ ഒളവണ്ണയെയും കുടുംബത്തെയും കണ്ടത്. അദ്ദേഹത്തിന്റെ മകള്‍ ഹിബ ഫാത്തിമ ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തുകയാണ്. മറ്റു ചില മലയാളി കുടുംബങ്ങളെയും ഇവിടെ നിന്ന് കാണാനിടയായി.
ഖത്തറിന്റെ വൈജ്ഞാനിക ചക്രവാളമായി വിശേഷിപ്പിക്കുന്ന എജ്യൂക്കേഷന്‍ സിറ്റിയിലാണ് നയനമനോഹരമായ മിനാരത്തൈന്‍ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന സന്ദര്‍ശകരെ അറിവിന്റെ വിസ്മയലോകത്തേക്ക് കൊണ്ടുപോവുന്ന പ്രത്യേക കേന്ദ്രം! പരമ്പരാഗത ശൈലിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായാണ് പള്ളിയും അനുബന്ധ സ്ഥാപനങ്ങളും നിര്‍മിച്ചിരിക്കുന്നത്.
അഞ്ച് സ്തംഭങ്ങളിലായാണ് മിനാരത്തൈന്‍ പള്ളി നിര്‍മിച്ചിരിക്കുന്നത്. ശഹാദത്ത് കലിമ, നമസ്‌കാരം, സകാത്ത്, നോമ്പ്, ഹജ്ജ് എന്നിവ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളാണല്ലോ. ഈ ആശയത്തെ പ്രയോഗവത്കരിച്ചുകൊണ്ടാണ് അഞ്ച് സ്തംഭങ്ങളിലായി പള്ളി നിര്‍മിച്ചത്. ഇറാഖിലെ പ്രശസ്ത ആര്‍ക്കിടെക്റ്റും കാലിഗ്രഫി കലാകാരനുമായ ത്വാഹ അല്‍ ഹൈതിയാണ് പള്ളി ഉള്‍പ്പെടെയുള്ള ഈ സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്ലാന്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഓരോ സ്തംഭത്തെയും സൂചിപ്പിക്കുന്ന ഖുര്‍ആന്‍ വാക്യം കാലിഗ്രഫിയില്‍ സ്തൂപങ്ങളില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ‘അതിനാല്‍ നിങ്ങളുടെ മുഖം വിശുദ്ധ മസ്ജിദിന്റെ നേര്‍ക്ക് തിരിക്കുക, നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങളുടെ മുഖം അതിലേക്ക് തിരിക്കുക’ എന്ന ഖുര്‍ആന്‍ വാക്യം സ്വര്‍ണാക്ഷരങ്ങള്‍ കൊണ്ട് ആലേഖനം ചെയ്തുകൊണ്ടാണ് പള്ളിയുടെ മിഹ്റാബ് അലങ്കരിച്ചിരിക്കുന്നത്.
ഈ പള്ളിക്ക് രണ്ട് മിനാരങ്ങള്‍ ഉള്ളതുകൊണ്ടാണ് മിനാരത്തൈന്‍ എന്ന് നാമകരണം ചെയ്തിരിക്കുന്നത്. 90 മീറ്റര്‍ ഉയരമുണ്ട് ഓരോ മിനാരത്തിനും. പരമ്പരാഗത മിനാരങ്ങളുടെ ആകൃതിയില്‍ നിന്ന് വ്യത്യസ്തമായി അറബിഭാഷയിലെ ആദ്യാക്ഷരങ്ങള്‍ എഴുതിയ പ്രതീതി പോലെ കാലിഗ്രഫി ശൈലിയിലാണ് രണ്ട് മിനാരങ്ങളും നിര്‍മിച്ചിരിക്കുന്നത്. കൃത്യമായി ഖിബ്‌ലക്ക് അഭിമുഖമായാണ് ഇതിന്റെ സ്ഥാനം. 1800 പേര്‍ക്ക് പള്ളിയുടെ അകത്തും 1800 പേര്‍ക്ക് പുറത്തുമായി ഒരേ സമയം നമസ്‌കരിക്കാനുള്ള സൗകര്യമുണ്ട്. പള്ളിയിലെ പ്രസംഗപീഠവും ഇമാമിന്റെ നമസ്‌കാരസ്ഥലവും (മിഹ്‌റാബ്) പ്രാര്‍ഥനാ ഹാളും സവിശേഷ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും എല്ലാ കാര്യത്തിലും തുല്യപരിഗണയാണ് ഇവിടെ ഉള്ളതെന്ന കാര്യം മസ്ജിദ് മിനാരത്തൈനിന്റെ മറ്റൊരു സവിശേഷതയാണ്.
പള്ളിയുടെ ബേസ്‌മെന്റില്‍ ഒരു ഫൗണ്ടനും ദൈര്‍ഘ്യമുള്ള നാല് നദികളും സംവിധാനിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ സൂചിപ്പിച്ച വെള്ളം, പാല്‍, തേന്‍, വൈന്‍ എന്നിവ ഒഴുകുന്ന സ്വര്‍ഗത്തിലെ നാല് നദികളെ സൂചിപ്പിക്കാന്‍ വേണ്ടിയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. പള്ളിയോട് അനുബന്ധമായി നിര്‍മിച്ച ബൊട്ടാണിക് ഗാര്‍ഡനില്‍ വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച 59 ഇനം സസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. പള്ളിക്കു ചുറ്റിലുമായി സമാധാനത്തിന്റെ പ്രതീകമായ ഒലീവ് വൃക്ഷങ്ങള്‍ എമ്പാടും ഹരിതാഭയണിഞ്ഞ് മനം കുളിര്‍പ്പിക്കുന്നു.
വിവിധ അന്താരാഷ്ട്ര വാസ്തുവിദ്യാ അവാര്‍ഡുകള്‍ മിനാരത്തൈന്‍ നേടിയിട്ടുണ്ട്. 2017ല്‍ കെട്ടിടത്തിന്റെ പ്രധാന ഭാഗമായ കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ്, വിദ്യാഭ്യാസ-സാംസ്‌കാരിക-സ്ഥാപന-വാസ്തുവിദ്യാ വിഭാഗങ്ങളില്‍ അമേരിക്കന്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് നേടി. 2016ല്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ്‌സിന്റെ പ്രഥമ അന്താരാഷ്ട്ര അവാര്‍ഡ് ലഭിച്ചു. 2015ല്‍ സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ ആര്‍ക്കിടെക്ചര്‍ ഫെസ്റ്റിവലില്‍ കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് മികച്ച മതകെട്ടിടത്തിനുള്ള പുരസ്‌കാരത്തിനും അര്‍ഹമായി.
എജ്യൂക്കേഷന്‍ സിറ്റിയിലെ
അറിവിന്റെ നിറവുകള്‍

ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ എജ്യൂക്കേഷന്‍ സയന്‍സ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് രാജ്യത്തെ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ഓര്‍ഗനൈസേഷനാണ്. 1995ല്‍ അന്നത്തെ അമീര്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും ഭാര്യ മോസ ബിന്‍ത് നാസറും ചേര്‍ന്ന് സ്ഥാപിച്ചതാണിത്. ഫൗണ്ടേഷനു കീഴിലുള്ള ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസ് വിജ്ഞാനകുതുകികള്‍ക്ക് മറക്കാനാവാത്ത നാമമാണ്.
‘ഖത്തര്‍ അക്കാദമി സ്‌കൂള്‍’ എന്ന നിലയിലായിരുന്നു ഈ വൈജ്ഞാനിക വിപ്ലവത്തിന് തുടക്കമിട്ടത്. അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന റാങ്കിംഗിലുള്ള എട്ട് യൂനിവേഴ്‌സിറ്റികളും 13 സ്‌കൂളുകളും ഉള്‍പ്പെടുന്ന വിശാലമായ സമുച്ചയമാണ് എജ്യൂക്കേഷന്‍ സിറ്റി. 12 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലാണ് ഈ വൈജ്ഞാനിക നഗരം സ്ഥിതി ചെയ്യുന്നത്. 30,000ലധികം വിദ്യാര്‍ഥികള്‍ വിവിധ കോഴ്‌സുകളിലായി ഇവിടെ പഠിക്കുന്നു.
തുടക്കത്തില്‍ ഒരു യൂനിവേഴ്‌സിറ്റി സ്ഥാപിക്കുക എന്ന ഉദ്ദേശ്യമാണ് ഉണ്ടായിരുന്നതെങ്കിലും പുറത്തുനിന്നുള്ള യൂനിവേഴ്‌സിറ്റികളെ ഖത്തറിലേക്ക് ക്ഷണിച്ചതിലൂടെ വലിയ വിപ്ലവത്തിനാണ് രാജ്യം സാക്ഷിയായത്. ഹമദ് ബിന്‍ ഖലീഫ യൂനിവേഴ്‌സിറ്റിക്കു പുറമെ കാര്‍ണഗീ മെല്ലോ യൂണിവേഴ്‌സിറ്റി, വെയ്ല്‍ കോര്‍ണല്‍ മെഡിക്കല്‍ കോളജ്, ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ഫോറിന്‍ റിവൈസ്, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി, വിര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റി, എച്ച്ഇസി പാരിസ്, യൂണിവേഴ്‌സിറ്റി കോളജ് ലിന്‍ എന്നിവയും ഇപ്പോള്‍ എജ്യൂക്കേഷന്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
തുടക്കത്തില്‍ അറബ് വിദ്യാര്‍ഥികളുടെ ബൗദ്ധിക മികവിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്ന അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റി അധികൃതര്‍, ഇന്ന് അവരുടെ ഹോം ബ്രാഞ്ചുകളിലെ വിദ്യാര്‍ഥികളേക്കാള്‍ മികവ് പുലര്‍ത്തുന്നവരാണ് ഖത്തര്‍ ബ്രാഞ്ചിലെ വിദ്യാര്‍ഥികള്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു. ഗവേഷണങ്ങള്‍ക്ക് മികച്ച ഫണ്ടുകള്‍ സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്.
ഖത്തറിനെ വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായി സ്ഥാപിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് 2006ല്‍ ഖത്തര്‍ ഫൗണ്ടേഷനു കീഴില്‍ ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട് (ക്യൂഎന്‍ആര്‍എഫ്) സ്ഥാപിച്ചത്. സ്വദേശികളും വിദേശികളുമായ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നിരവധി സാധ്യതകളാണ് റിസര്‍ച്ച് ഫണ്ട് വഴി തുറന്നിട്ടിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ പബ്ലിക് ലൈബ്രറിയായ ഖത്തര്‍ നാഷണല്‍ ലൈബ്രറി ഈ എജ്യൂക്കേഷന്‍ സിറ്റിയിലാണ് സ്ഥിതി ചെയ്യുന്നത്.
സെറിമോണിയല്‍ കോര്‍ട്ട്, അല്‍ ശഖാബ്, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, ‘മുല്‍തഖ’ എന്ന പ്രധാന വിദ്യാര്‍ഥി കേന്ദ്രം, വ്യത്യസ്ത ഇന്‍ഡോര്‍ ഗെയിമുകളും സ്‌പോര്‍ട്‌സ് ആക്ടിവിറ്റികളും ഇങ്ങനെ വിവിധ സംരംഭങ്ങളാല്‍ സജീവമാണ് മസ്ജിദ് മിനാരത്തൈനും പരിസരവും. ആരാധനയും വിജ്ഞാനവും സമന്വയിപ്പിച്ച വര്‍ണാഭമായ കാഴ്ചകളും അനുഭവങ്ങളുമാണ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഖത്തര്‍ ഇവിടെ നിന്ന് പ്രസരിപ്പിക്കുന്നത്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top