LoginRegister

മാപ്പിളത്തമുള്ള ഈണങ്ങള്‍

ഫൈസല്‍ എളേറ്റില്‍

Feed Back


വിളയില്‍ ഫസീല എന്ന ഗായികയുടെ മരണം അക്ഷരാര്‍ഥത്തില്‍ നമ്മളെ പിടിച്ചുകുലുക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് വലിയ മാപ്പിളപ്പാട്ടുകള്‍ കേട്ടോ വലിയ ട്രഡീഷനുള്ള പാട്ടുകള്‍ പഠിച്ചോ അല്ല ഈ രംഗത്തേക്ക് വരുന്നത്. കുട്ടിക്കാലത്ത് പാട്ടു കേള്‍ക്കാനുള്ള ഏറ്റവും വലിയ ഉപാധി ഗാനമേളകളോ ഗ്രാമഫോണ്‍ റെക്കോര്‍ഡുകളോ ആണ്. അന്ന് ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ പാടുന്നവരൊക്കെ ശ്രദ്ധേയരാണ്. ആ പാട്ടുകള്‍ ഒക്കെ ഹിറ്റുമാണ്. അതുപോലെയാണ് വലിയ ട്രൂപ്പുകള്‍. വി എം കുട്ടി-വിളയില്‍ വത്സല, പീര്‍ മുഹമ്മദ്-ഷൈലജ, എം പി ഉമ്മര്‍കുട്ടി-എം പി ഫൗസിയ, മൂസ എരഞ്ഞോളിയും സംഘവും അങ്ങനെയുള്ള ട്രൂപ്പുകളുടെ പാട്ടു കേട്ടാണ്, പാട്ടുകളോട് മനസ്സില്‍ ഇഷ്ടം തോന്നുന്നത്. ആ കാലഘട്ടത്തിലെ ഏറ്റവും പ്രൊഫഷണലായ ട്രൂപ്പാണ് വി എം കുട്ടി-വിളയില്‍ വത്സല ടീം. ഒരു ട്രൂപ്പിനു വേണ്ട എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന ഒരു രീതിയിലായിരുന്നു വി എം കുട്ടി മാഷ് പാട്ടുസംഘത്തെ രൂപപ്പെടുത്തിയിരുന്നത്. ആ ട്രൂപ്പിന്റെ നെടുംതൂണെന്ന് പറയുന്നത് വിളയില്‍ വത്സല എന്ന ഫസീല ആയിരുന്നു. ചെറുപ്പത്തിലൊക്കെ ആവേശപൂര്‍വം ആസ്വാദകരായ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്, മാപ്പിളത്തമുള്ള ഈണമാണ് ഫസീലയുടെ പാട്ടുകള്‍ക്കെന്ന്. മാപ്പിളപ്പാട്ടിന്റെ ഫോക്ക് എന്ന തരത്തിലേക്കുള്ള ഒരു ശബ്ദവും ശൈലിയും ഫസീലാക്ക് സ്വന്തമായിട്ടുണ്ട്. ‘ഹല്ലാക്കായുള്ളോനെ നിന്റെ രിളാക്കല്ലേ’, അതുപോലെ ‘പൂച്ചിരി കളിചിരി തേന്‍ചിരി കാട്ടിയ’, അതുമല്ലെങ്കില്‍ ‘ആലമടങ്കല്‍ അമൈത്ത റഹ്മാനെ’ തുടങ്ങിയ പാട്ടുകള്‍ അതിനുദാഹരണമാണ്. കല്യാണപ്പാട്ടുകളിലും ആ ഹൃദ്യത ഉണ്ടായിരുന്നു.
ഭക്തിഗാനങ്ങള്‍ പാടുമ്പോള്‍ നമ്മോട് ഏറ്റവും അടുത്തുനില്‍ക്കുന്ന ആള്‍ ദൈവത്തോട് തേടുന്നതുപോലെ ഒരു തോന്നല്‍ അവരുടെ പാട്ടുകളില്‍ ഉണ്ട്. ‘മറിമായത്തിന്റെ ദുനിയാവ് കണ്ടിട്ടും അറിയാതിരിക്കാന്‍ കനിവ് നീട്ട് റബ്ബേ മരണനേരത്ത് സുബര്‍ക്കം കാട്ട്…’ എത്ര മനോഹരമായിട്ടാണ് അവര്‍ ഈ പാട്ട് പാടിയത്.

ശാസ്ത്രീയമായി സംഗീതം പഠിച്ച ആളല്ല ഫസീല. പക്ഷേ, കുട്ടിമാഷെപ്പോലുള്ള ഗുരുക്കന്മാരുടെ അടുത്തു നിന്ന് കിട്ടിയ വലിയ പരിശീലനം ഫസീലയെ നല്ല പാട്ടുകാരിയാക്കി. അറബി അക്ഷരങ്ങളും ഖുര്‍ആന്‍ വചനങ്ങളുമൊക്കെ പാട്ടിന്റെ തുടക്കമായി വരുന്ന കാലത്ത് ശബ്ദശുദ്ധിയോടെയും അക്ഷരവ്യക്തതയോടെയും അവര്‍ പാടി. ആവേശപൂര്‍വം അതു കേള്‍ക്കാനായി ആളുകള്‍ കൂടി.
വിശ്വാസം സ്വീകരിച്ചിട്ടില്ലാത്ത കാലത്തും ഈ സമൂഹത്തിന്റെ മനസ്സിന്റെ പൊരുള്‍ അറിഞ്ഞ, അതിന്റെ ആഴം അറിഞ്ഞ കലാകാരിയാണ് വിളയില്‍ ഫസീല. പിന്നീട് അവര്‍ വിശ്വാസത്തിലേക്ക് വരുന്നതും തികച്ചും യാദൃച്ഛികമാണ്. അവര്‍ അതുവരെ ഉള്‍ക്കൊണ്ട സംഗീതവും പാരമ്പര്യവും ഒരു പരിധിക്കപ്പുറം അവരുടെ മനസ്സിനെ സ്വാധീനിച്ചിട്ടുണ്ടെന്നു വേണം പറയാന്‍. അങ്ങനെ പാട്ടില്‍ സ്വന്തമായ ഒരു ശൈലി ഉണ്ടാക്കാന്‍ ഫസീലാക്ക് സാധിച്ചു. അതുകൊണ്ടാണ് ഫസീല ഇത്രയും ശ്രദ്ധിക്കപ്പെട്ട ഗായികയായതെന്ന് പറയാം. അവര്‍ പാടിയ പാട്ടുകള്‍ ശ്രദ്ധിച്ചാല്‍ നമുക്കത് മനസ്സിലാവും. കലാകാരന്മാരുടെ തിരിച്ചറിവുകള്‍ അവര്‍ക്കുണ്ടായിരുന്നു. പാടാന്‍ പറ്റുന്ന പാട്ടും പറ്റാത്ത പാട്ടും അവര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്റെ സിദ്ധിയെ മനോഹരമായി ആവിഷ്‌കരിക്കാന്‍ അവര്‍ ശ്രമിച്ചു. അതിനപ്പുറമുള്ള അവസരങ്ങള്‍ തേടി പോവുകയല്ല ചെയ്തത്.
കുട്ടിമാഷിന്റെ ടീമിലായതുകൊണ്ടാവാം അവര്‍ക്ക് ഒരുപാട് അവസരങ്ങളും വേദികളുമൊക്കെ കിട്ടിയത്. നാട്ടിലും മറുനാട്ടിലുമായി ആയിരക്കണക്കിന് വേദികളില്‍ അവര്‍ പാടിയിട്ടുണ്ട്. പ്രത്യേകിച്ചും ഗള്‍ഫ് പ്രോഗ്രാമുകളുടെ ട്രെന്‍ഡ് ഒക്കെ ആരംഭിച്ചത് കുട്ടിമാഷിന്റെ കാലത്താണ്. ഒരു മാസത്തില്‍ മുപ്പത് പരിപാടികളിലധികം ചെയ്ത കാലം അവര്‍ക്കുണ്ടായിരുന്നു. കുട്ടിമാഷിന്റെ കാലമായതുകൊണ്ടുതന്നെ വലിയ കലാകാരന്മാരെ പരിചയപ്പെടാനും അവരുടെ കൂടെ പ്രവര്‍ത്തിക്കാനും കഴിഞ്ഞു.
മലയാളത്തിന്റെ പ്രിയപ്പെട്ട എം എസ് ബാബുരാജിനെപ്പോലുള്ള ആളുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ കൂടെ ഗ്രാമഫോണില്‍ പാട്ടു പാടാന്‍ അവസരം കിട്ടി. പി ടി അബ്ദുറഹ്മാന്‍ എഴുതിയ ‘വിശ്വപ്രപഞ്ചത്തിനാകെ റസൂലേ’ എന്ന പാട്ട് ഗ്രാമഫോണ്‍ റെക്കോര്‍ഡില്‍ പാടിയതും ഫസീലയും എം എസ് ബാബുരാജുമാണ്. അവരുടെ ട്രൂപ്പില്‍ ഒരു സമയത്ത് അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ‘ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ, ഉടയോന്‍ തുണയില്ലേ നമുക്ക് ബാപ്പാ’ എന്ന പാട്ട് ഇപ്പോഴും ബലിപെരുന്നാളിന്റെ സന്ദേശമായി, ഇബ്‌റാഹീം നബിയുടെയും ഇസ്മാഈല്‍ നബിയുടെയും ത്യാഗനിര്‍ഭരമായ ചരിത്രം രേഖപ്പെടുത്തുന്ന മനോഹരമായ ഗാനമായി നിലനില്‍ക്കുന്നു. കോഴിക്കോട് അബൂബക്കര്‍ സംഗീതം നല്‍കിയ ഈ പാട്ട് ഫസീലയും കൃഷ്ണനും പാടുന്ന സദസ്സുകളില്‍ എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടേയിരുന്നുവെന്നത് ആ പാട്ടിന്റെ സ്വീകാര്യതക്കുള്ള തെളിവാണ്. അവരെപ്പോലെ പാടാന്‍ ശ്രമിച്ചെങ്കിലും അവരെപ്പോലെ ആരുമത് പാടിയിട്ടില്ല. വളരെ മനോഹരമായി, ആ ത്യാഗനിര്‍ഭരമായ ചരിത്രത്തിലേക്ക് നമ്മെ കൊണ്ടുപോകാനുള്ള കഴിവ് അവരുടെ മികവിനു കഴിഞ്ഞിരുന്നു.

മലയാളിക്ക് മാപ്പിളപ്പാട്ടിന്റെ വലിയൊരു ലോകം തുറന്നത് 1980കള്‍ക്കു ശേഷം കാസറ്റുകളുടെ കാലത്താണ്. ആ സമയത്ത് തരംഗിണിയൊക്കെ യേശുദാസിന്റെ നേതൃത്വത്തില്‍ ധാരാളം മാപ്പിളപ്പാട്ടുകള്‍ കൊണ്ടുവന്നപ്പോള്‍ അതില്‍ മോയിന്‍കുട്ടി വൈദ്യരുടെയും പാരമ്പര്യ ശൈലിയുള്ള കവികളുടെയും പാട്ടുകള്‍ ഒട്ടേറെ രംഗത്തുവന്നു. ‘ഹക്കാന കോനമറ’, ‘തശ്രിഫും മുബാറകും’ തുടങ്ങിയ പാട്ടുകളുമൊക്കെ ദാസേട്ടന്റെ കൂടെയാണ് ഫസീല പാടിയത്. അദ്ദേഹത്തിന്റെ കൂടെ പാടാന്‍ കഴിയുക എന്നതുതന്നെ ഭാഗ്യമാണ്.
വിളയില്‍ ഫസീല എന്തുകൊണ്ടും മാപ്പിളപ്പാട്ടിലെ താരറാണിയാണ്, ഇശല്‍ റാണിയാണ് എന്നതില്‍ സംശയമില്ല. അവര്‍ക്കൊപ്പം പാടാത്ത പാട്ടുകാരില്ല, വേദികളില്ല.
ഒരു കലാകാരി സ്വഭാവമഹിമ കൊണ്ട് എങ്ങനെ പരിശുദ്ധയാകണം എന്നതിനും ഫസീലയുടെ ജീവിതം ഉദാഹരണമായിരുന്നു. വലിയ ഭക്തയായിരുന്ന അവര്‍ പരിപാടികള്‍ക്കിടയിലും വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിച്ചു. സാധാരണ കലാകാരന്മാര്‍ തങ്ങളുടെ താരപ്പകിട്ടില്‍ സംഘാടകരോടും മറ്റും ഏതെങ്കിലുമൊരു തരത്തില്‍ അകലം സൂക്ഷിച്ചിരുന്നു. എന്നാല്‍ ഫസീല അങ്ങനെയായിരുന്നില്ല. എല്ലാവരുടെയും കൂടെ നിന്ന കലാകാരിയായിരുന്നു. വരുമാനത്തിനോ സൗകര്യങ്ങള്‍ക്കോ വേണ്ടി സംഘാടകരെയും ആസ്വാദകരെയും മനസ്സ് വേദനിപ്പിക്കാന്‍ ഫസീല തുനിഞ്ഞിരുന്നില്ല. ഒതുങ്ങി ജീവിക്കാന്‍ അവര്‍ക്ക് സാധിച്ചു.
സ്വന്തം പ്രയാസങ്ങള്‍ ഉള്ളില്‍ ഒതുക്കി മറ്റുള്ളവര്‍ക്ക് സ്നേഹം പകര്‍ന്ന് നാട്ടുകാരുടെ പ്രിയപ്പെട്ട കൂട്ടുകാരിയായി മറ്റുള്ളവര്‍ക്ക് തണലേകി ജീവിച്ചു. വിശ്വാസം മുറുകെ പിടിക്കാനും സഹോദരനായ നാരായണനുമായി ബന്ധം സൂക്ഷിക്കാനും അവര്‍ക്കായി. ഫസീലയെപ്പോലെയുള്ള വ്യക്തിശുദ്ധിയുള്ള കലാകാരിയെയും പാട്ടുകാരിയെയും നമുക്ക് വളരെ വിരളമായിട്ടേ ഈ മേഖലയില്‍ കാണാന്‍ സാധിക്കൂ. കലാകാരന്മാരുടെ ഒരു ഭാഗ്യം, അവര്‍ വിടപറഞ്ഞാലും നമുക്കിടയില്‍ അവരുടെ സാന്നിധ്യമുണ്ടാവും എന്നതാണ്. അവരുടെ പാട്ടുകള്‍ നമ്മുടെ ആകാശത്ത് ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് കലാകാരിയുടെ ഏറ്റവും വലിയ സുകൃതവും.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top