LoginRegister

മരുഭൂമിയിലെ മരുപ്പച്ചകള്‍

നജാ ഹുസൈന്‍

Feed Back


യാത്രകള്‍ നിറം മങ്ങാത്ത ബാല്യത്തിന്റെ ഓര്‍മകള്‍ പോലെയാണ്. ചിലപ്പോള്‍ അത് നമ്മെ പിന്നോട്ട് തിരിച്ചു നടത്തുകയും മുന്നോട്ടുപോകാനുള്ള ഊര്‍ജം പ്രദാനം ചെയ്യുകയും ചെയ്യും. മണ്ണും മനുഷ്യനും പ്രകൃതിയും ഒന്നിച്ച് അതിന്റേതായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നിടങ്ങളിലേക്കാണ് നാമൊരു യാത്ര പോകുന്നതെങ്കിലോ? അതുണ്ടാക്കുന്ന മാനസികോല്ലാസവും ആത്മസംതൃപ്തിയും ഒന്നു വേറെത്തന്നെ.
കെട്ടിടങ്ങളാല്‍ മൂടപ്പെട്ട, ആഡംബര നഗരിയായ ദുൈബയില്‍ നിന്നു ഗൃഹാതുരത്വത്തിന്റെ പച്ചപ്പുകള്‍ തേടി അലയുന്നവര്‍ക്കായി ‘ഒയാസിസ് ട്രക്കേഴ്‌സ്’ എന്ന കൂട്ടായ്മ ഒരുക്കിയ മൂന്നാമത്തെ യാത്രയിലായിരുന്നു ഞങ്ങളും പങ്കുചേര്‍ന്നത്. യുഎഇയിലെ ‘വാദി’കളും പച്ചപ്പുകളും തേടി വടക്കന്‍ പ്രവിശ്യകളിലേക്കാവും മിക്ക യാത്രകളും. അങ്ങനെ റാസല്‍ഖൈമയിലുള്ള ഷവ്ക്ക ഡാം (വാദി ഷവ്ക്ക) സന്ദര്‍ശിക്കാന്‍ തീരുമാനമായി. വെള്ളിയാഴ്ച ഉച്ചക്ക് 15 പേരടങ്ങുന്ന സംഘം മൂന്നു വണ്ടികളിലായി യാത്ര തിരിച്ചു. പുറത്തെ ചൂടിന്റെ കാഠിന്യം അറിയാന്‍ കാറിന്റെ മീറ്ററിലേക്ക് നോക്കി. 440.
ഏകദേശം 4 മണിയോടുകൂടി ഞങ്ങള്‍ ഷവ്ക്ക ഡാമിന്റെ പരിസരത്ത് എത്തിച്ചേര്‍ന്നു. അപ്രതീക്ഷിതമായിട്ടാണല്ലോ പലതും സംഭവിക്കുന്നത്! വഴിയൊന്ന് ഉറപ്പിക്കാമെന്നു കരുതി റോഡിനരികിലെ ‘മസറ’ പോലെ തോന്നിയ സ്ഥലത്തു വണ്ടി നിര്‍ത്തിയ ശേഷം അങ്ങോട്ടൊന്ന് എത്തിനോക്കി. കത്തുന്ന വെയിലു കൊണ്ട് ചൂടേറ്റ ഞങ്ങളുടെ ശരീരത്തിലേക്ക് ഇളം തണുപ്പുള്ള മന്ദമാരുതന്‍ തഴുകി കടന്നുപോയത് പൊടുന്നനെയായിരുന്നു. മരുഭൂമിയിലെ ഏറ്റവും സുന്ദരമായ ഒരു കാഴ്ചക്കാണ് പിന്നീട് ഞങ്ങള്‍ സാക്ഷ്യം വഹിച്ചത്. നാട്ടിലെ ഒരു ഗ്രാമത്തില്‍ എത്തിപ്പെട്ട പ്രതീതി! വലിയ പാറകളും മൂര്‍ച്ചയുള്ള കല്ലുകളും നിറഞ്ഞു നില്‍ക്കുന്ന ആ മലഞ്ചരിവില്‍ ഞങ്ങളെ വരവേറ്റത് ചെറിയ ഒരു അരുവിയും അതിനോട് ചേര്‍ന്നുനില്‍ക്കുന്ന കുറേ ഫലവൃക്ഷങ്ങളുമായിരുന്നു. മഴയും വിളവുമില്ലാതെ പിണങ്ങിനിന്ന മണ്ണിനെ മെരുക്കിയെടുത്ത് വിളവെടുപ്പ് നടത്തുന്ന ധാരാളം കൃഷിഭൂമികളുണ്ടിവിടെ. മഴമേഘങ്ങള്‍ ഒളിച്ചോടിയ നാട്ടില്‍ മണ്ണിന്റെ മാറില്‍ നിന്നുള്ള ജലം കൊണ്ട് കൃഷിഭൂമി നനക്കുന്ന തൊഴിലാളികളും.
കാരറ്റ്, പാവക്ക, കാബേജ്, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറികള്‍ കരുതലോടെ നട്ടുപിടിപ്പിച്ചിരിക്കുന്നു. നാരകത്തിന്റെ സുഗന്ധത്തിലേക്ക് ഓടിച്ചെന്നപ്പോള്‍ നാരകത്തിന്റെ ചുവട്ടില്‍ ഒരുകൂട്ടം കറിവേപ്പില തൈകള്‍. കറിവേപ്പില എന്തിനുള്ളതാണെന്ന് തോട്ടം സൂക്ഷിപ്പുകാരനായ പാകിസ്താനിയോട് ചോദിച്ചപ്പോള്‍ ‘നഹി മാലും’ എന്നു മറുപടി. നല്ല കണ്ണിമാങ്ങ മാവില്‍ നിന്ന് പൊട്ടിക്കുമ്പോള്‍ കൂടെയുള്ള ആരോ ഉപ്പിനെപ്പറ്റി സൂചിപ്പിച്ചു.
വേപ്പിലകളും നാരകവും മള്‍ബെറിച്ചെടിയും മാങ്ങയും തക്കാളിയും ഈന്തപ്പന രാജാവിന് പ്രജകളായി നില്‍ക്കുന്ന ആ സുന്ദരമായ കാഴ്ചയ്ക്ക് വിടപറഞ്ഞ് ഞങ്ങള്‍ വീണ്ടും മരുഭൂമിയിലെ കൊടുംചൂടിലൂടെ യാത്ര തുടര്‍ന്നു.
കഷ്ടിച്ച് 6 കിലോമീറ്റര്‍ താണ്ടിയപ്പോള്‍ ഞങ്ങള്‍ ഷവ്ക്ക ഡാമില്‍ എത്തിച്ചേര്‍ന്നു. മലകളെ ചുറ്റി വരുന്ന വാദികളിലെ വെള്ളം സംഭരിച്ചു നിര്‍ത്തിയിരിക്കുന്ന മനോഹര കാഴ്ച കണ്ടു വണ്ടികളില്‍ നിന്നിറങ്ങി പതിയെ ഡാമിലേക്ക് നടന്നു. കണ്ടല്‍ക്കാടുകളെ ഓര്‍മിപ്പിക്കുന്ന പായലുകളില്‍ നീന്തിത്തുടിക്കുന്ന അഞ്ചോ ആറോ താറാവുകളെ കണ്ടു. നീരുറവകള്‍ ഉള്ളതുകൊണ്ടുതന്നെ, വടക്കുകിഴക്കന്‍ ഗള്‍ഫ് പെനിന്‍സുലയിലേക്കുള്ള യാത്രയില്‍ ഇന്നത്തെ വലിയ പാതകള്‍ വരുന്നതിനു മുമ്പ് ഒട്ടകങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമൊക്കെ ഇടത്താവളമൊരുക്കിയിരുന്ന പ്രദേശമായിരുന്നു അതെന്ന് കേട്ടിട്ടുണ്ട്! കഠിനമായ ചൂടുസമയമായിട്ടു പോലും അവിടത്തെ അന്തരീക്ഷത്തിലെ തണുപ്പ് അതിശയപ്പെടുത്തി.

വാച്ചിലെ സമയം 5 മണി എന്ന് ഓര്‍മിപ്പിച്ചപ്പോഴാണ് അവിടെ നിന്ന് മടങ്ങാമെന്നു തീരുമാനിച്ചത്. തിരിച്ച് ഹത്തയിലേക്കുള്ള ഹൈവേ പിടിച്ച് വന്നതുകൊണ്ട് ‘ഹത്താ ഡാം’ കാണാന്‍ കൂട്ടത്തിലുള്ളവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഹത്തയിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു. വളരെ ഭംഗിയായും സുരക്ഷിതമായും സൂക്ഷിച്ചിരിക്കുന്ന പ്രദേശം പൊലീസ് വലയത്തിനുള്ളിലായിരുന്നു. ജലാശയം കാണാനായി ഇറങ്ങുമ്പോള്‍ മലനിരകളില്‍ നിന്നുള്ള നീര്‍ച്ചാലുകളില്‍ കണ്ണുടക്കി ഒരു നിമിഷം നിന്നുപോയി. കൂടെയുള്ള കുട്ടികള്‍ അവരുടെ തട്ടകം കിട്ടിയതിന്റെ ഉത്സാഹത്തിലായിരുന്നു. മലമടക്കുകള്‍ക്കിടയില്‍ നിന്ന് കിനിയുന്ന കന്മദം ഹത്തയുടെ സൗഭാഗ്യമാണ്.
പാറമടക്കുകള്‍ക്കിടയിലൂടെ അവ ജലധാരയായി ഒഴുകുന്നു. ബോട്ടുകളും കളിയോടങ്ങളും നിറഞ്ഞ ഒമാന്റെ ഈ അതിര്‍ത്തി ഗ്രാമം സഞ്ചാരികളുടെ കണ്ണിനെ കുളിരണിയിക്കും, തീര്‍ച്ച! ബോട്ടില്‍ കയറി മലയ്ക്കു ചുറ്റും ഡാമിലൂടെ ഒരു പ്രദക്ഷിണം വെക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലുംസമയം കഴിഞ്ഞതിനാല്‍ സര്‍വീസ് നിര്‍ത്തിയത് നിരാശപ്പെടുത്തി. തിരിച്ച് ദുബൈയിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോള്‍ മനസ്സു നിറയെ വാദികളും ഡാമുമായിരുന്നു.
‘മനുഷ്യന്‍ ഒരു യാത്രക്കാരന്‍, മരത്തണലില്‍ വിശ്രമിക്കാനിരുന്നു, പിന്നീട് അവിടം വിട്ട് യാത്ര തുടരുന്നു’ എന്നര്‍ഥമുള്ള നബിവചനങ്ങള്‍ ഓര്‍ത്തുപോയി.
രാത്രി ദുൈബയിലെ ഖിസൈസ്റസ്റ്റോറന്റിലെ ശീതീകരിച്ച മുറിയിലിരുന്ന് ഒരു മനോഹര ദിവസത്തിന്റെ ഓര്‍മകള്‍ അയവിറക്കുകയായിരുന്നു. ഒരേ മനസ്സുള്ള ഒരുപറ്റം സഞ്ചാരികള്‍, സഞ്ചരിക്കാനുള്ള വഴികളെ ഓര്‍ത്ത് പുളകം കൊള്ളുന്നവര്‍, അവര്‍ ഒരുമിച്ചുകൂടുമ്പോള്‍ ഏതു ചൂടിനെയും തണുപ്പിനെയും അതിജീവിക്കുന്ന ഒരന്തരീക്ഷമുണ്ട്! അനിര്‍വചനീയമാണത്.
യാത്രഎവിടേക്കാണ് എന്നതല്ല യാത്രയുടെ പൂര്‍ണത. മറിച്ച് അത് നല്‍കുന്ന സംതൃപ്തിയും അതിന്റെ അനുഭവങ്ങളില്‍ നിന്ന് ഉള്‍ക്കൊള്ളുന്ന ജീവിതപാഠങ്ങളുമാണ്!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top