LoginRegister

ഭക്ഷണരീതിയും ആരോഗ്യവും

ഷമീം കീഴുപറമ്പ്‌

Feed Back


ആവി പറക്കുന്ന പൊടിയരിക്കഞ്ഞിയും കടുമാങ്ങാ അച്ചാറും ചുട്ട പപ്പടവും നല്ല തേങ്ങാച്ചമന്തിയുമായി കൊച്ചുമക്കള്‍ തന്നെ വന്നു വിളിക്കുന്നതും നോക്കി ഇരിക്കുകയായിരുന്നു ആ അമ്മ. അപ്പോഴതാ വാതില്‍ തുറന്നു വേലക്കാരി വരുന്നു. കൈയിലുള്ള പാത്രത്തില്‍ കണ്ടു പരിചയമില്ലാത്ത എന്തോ സാധനം. അമ്മ അതൊന്നു മണത്തു നോക്കിയതിനുശേഷം തിരികെ വെച്ചു. ആ ഗന്ധം അമ്മക്കൊട്ടുമിഷ്ടപ്പെട്ടില്ല എന്ന് മുഖം കണ്ടാലറിയാം. അപ്പോള്‍ വേലക്കാരിയുടെ സ്വരം ”ഇത് നൂഡില്‍സാ, എത്ര എളുപ്പമാണെന്നോ ഇതുണ്ടാക്കാന്‍. വെറും അഞ്ചു മിനിറ്റു മാത്രം മതി.” ടൗണില്‍ ഉദ്യോഗസ്ഥരായ മക്കളുടെയടുത്ത് താമസത്തിന് എത്തിയ ഒരമ്മയുടെ അനുഭവമാണിത്. ഏതായാലും രണ്ടു മാസം മക്കളുടെ കൂടെ ചെലവഴിക്കാന്‍ ഒരുങ്ങിവന്ന അമ്മ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍തന്നെ തന്റെ കുഗ്രാമത്തിലേക്കു മടങ്ങി.

കേരളീയര്‍ക്ക് പ്രിയങ്കരമായിരുന്ന പൊടിയരിക്കഞ്ഞിയും കടുമാങ്ങയും പപ്പടവും ഇഡ്ഡലിയും ദോശയും ചമ്മന്തിയും അപ്പവും കപ്പയും മീന്‍കറിയും അവിയലും സാമ്പാറും സംഭാരവും എന്നുവേണ്ട കേരള തനിമയാര്‍ന്ന പരമ്പരാഗത വിഭവങ്ങളൊക്കെ മറഞ്ഞുപോയിക്കൊണ്ടിരിക്കുന്നു. പകരം ബിരിയാണി, ഫ്രൈഡ് റൈസ്, ചില്ലിചിക്കന്‍, ജിഞ്ചര്‍ ചിക്കന്‍ തുടങ്ങിയ നിരവധി വിഭവങ്ങള്‍ കേരളത്തിലെ കുഗ്രാമത്തില്‍ വരെ സുലഭമായിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ തലമുറ പകലു മുഴുവന്‍ പറമ്പിലും പാടത്തും ചുട്ടുപൊള്ളുന്ന വെയിലത്തുനിന്ന് അധ്വാനിച്ചതിനുശേഷം വന്ന് ഒരു പാത്രം സംഭാരം കുടിച്ച് ദാഹം മാറ്റിയിരുന്നു. എന്നാല്‍ ഇന്ന് സംഭാരത്തിനും സര്‍ബത്തിനും പകരം ചുവപ്പും മഞ്ഞയും നിറം കലര്‍ത്തിയ വെള്ളം കുടിച്ചാലേ ദാഹം മാറൂ എന്ന സ്ഥിതിയായി.
നമ്മുടെ ഉപഭോഗസംസ്‌കാരം മാറി വന്നപ്പോള്‍, ഭക്ഷണക്രമത്തിലും രുചിയിലും തന്നെ വളരെയേറെ മാറ്റങ്ങള്‍ സംഭവിച്ചു. വൈദേശിക വിഭവങ്ങള്‍ ഉണ്ടാക്കുവാനറിയാത്തവര്‍ക്ക് അടുക്കളപ്പണിപോലും കിട്ടാത്ത അവസ്ഥയാണ് ഇന്നുള്ളത്. വിദേശീയര്‍ സംസ്‌കാരമുള്‍ക്കൊണ്ട് നമ്മുടെ ഭക്ഷണരീതിയോട് ആഭിമുഖ്യം കാണിക്കുമ്പോഴും നാം വിദേശീയരെയും അവര്‍ അപകടകരമെന്ന് മനസിലാക്കി തിരസ്‌കരിച്ച വിഭവങ്ങളെയും അനുകരിക്കാന്‍ ശ്രമിക്കുന്നു. കേരളത്തില്‍ വരുന്ന ടൂറിസ്റ്റുകള്‍ തട്ടുകടകളില്‍ നിന്നു പോലും അപ്പവും മീന്‍കറിയും പുട്ടും പഴവും ചോദിച്ചു വാങ്ങുമ്പോള്‍, മലയാളികളാകട്ടെ റസ്റ്റോറന്റുകളില്‍ പോയി ചൈനീസ് വിഭവങ്ങളും സൂപ്പും തന്തൂരിയുമൊക്കെ വാങ്ങി വയറു വീര്‍പ്പിച്ചു കീശ കാലിയാക്കുന്നു. വിദേശ രാജ്യങ്ങളില്‍ ‘കേരള വിഭവം’ ഉണ്ടാക്കി വില്‍ക്കുന്ന ഹോട്ടലുകള്‍ വര്‍ധിക്കുന്നു. അവിടുത്തെ ഉപഭോക്താക്കള്‍ മലയാളികളേക്കാള്‍ വിദേശീയരാണ്. കേരളവിഭവത്തിന്റെ സ്വാദറിഞ്ഞ അവര്‍ മലയാളക്കരയില്‍ എത്തുമ്പോള്‍ നാം വിദേശവിഭവങ്ങള്‍ക്കായി ഹോട്ടലുകള്‍ കയറിയിറങ്ങുന്നു. ഇടയ്ക്കൊക്കെ കുടുംബവുമൊത്ത് റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചില്ലെങ്കില്‍ അതു തന്റെ ‘സ്റ്റാറ്റസിനെ’ ബാധിക്കുന്ന കാര്യമല്ലേ? പലപ്പോഴും എന്താണ് കഴിച്ചത് എന്നോ, അതിന്റെ ഗുണമെന്താണെന്നോ അറിയാതെയാണ് ഈ പരാക്രമങ്ങള്‍. മെനുനോക്കി ‘അത്, ഇത്’ എന്നു പറയേണ്ടി വരുന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളത്. മറ്റുള്ളവരുടെ മുമ്പില്‍ തന്റെ കൃത്രിമ വ്യക്തിത്വം ഉയര്‍ത്തണം. അത്ര തന്നെ. സ്വന്തം നിലത്തില്‍ കൃഷി ചെയ്ത നല്ല കുത്തരി വീട്ടില്‍ വച്ചുകൊണ്ടായിരിക്കും ഈ കഷ്ടപ്പാടുകള്‍ സഹിക്കുന്നത്.
മാറിവന്ന ഈ ഭക്ഷണരീതി കൊച്ചുകുട്ടികളെ വല്ലാതെ സ്വാധീനിച്ചു കഴിഞ്ഞു. ”എന്റെ കൊച്ചിന് നൂഡില്‍സു മാത്രം മതി”യെന്നു പറയുന്ന അമ്മയുടെ ധാരണ തങ്ങള്‍ ഒരു പടികൂടി ഉയര്‍ന്നു എന്നാണ്. ചോറും ചപ്പാത്തിയും സ്‌കൂളില്‍ കൊണ്ടുപോകാന്‍ കുട്ടികള്‍ക്ക് നാണക്കേടാണ്. അവര്‍ക്ക് സാന്‍ഡ്വിച്ച് തന്നെ വേണം. ഇല്ലെങ്കില്‍ തന്റെ സ്റ്റാറ്റസിന് കുറച്ചിലാണ്.
ദിവസേനയെന്നോണം വിപണിയിലെത്തിക്കൊണ്ടിരിക്കുന്ന പുതിയ വിഭവങ്ങള്‍ ആസ്വദിച്ചറിയാന്‍ ഈ തലമുറക്കുള്ള ആഗ്രഹവും ഭക്ഷണരീതി മാറിവരാന്‍ കാരണമായിട്ടുണ്ട്. കാട്ടുകനികളും പച്ചിലകളും പച്ചമരുന്നും ഉപയോഗിച്ച് ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിച്ചിരുന്ന ആദിവാസികളില്‍പ്പോലും സായിപ്പിന്റെ സംസ്‌കാരം നിലവില്‍വന്നു. ഭക്ഷണത്തിലും അതു പ്രകടമാണ്.
ത്വരിതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭക്ഷണരീതി ആരോഗ്യത്തിന് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്. നമ്മുടെ പാരമ്പര്യ ഭക്ഷണം പോഷണങ്ങളുടെ കലവറയാണ്. കേരളവിഭവം അപരിഷ്‌കൃതവും ഫാസ്റ്റുഫുഡ് പരിഷ്‌കൃതവുമാണെന്ന മിഥ്യാധാരണ മാറ്റി പോഷകങ്ങളടങ്ങിയ പാരമ്പര്യഭക്ഷണങ്ങളിലേക്ക് നമുക്ക് മടങ്ങിവരാം. അതുവഴി ആരോഗ്യവും ആയുസും കൂട്ടുവാന്‍ ശ്രമിക്കാം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top