LoginRegister

പ്ലസ്ടുവിനു ശേഷം ചാർട്ടേഡ് കോഴ്സുകൾ

പി കെ അൻവർ മുട്ടാഞ്ചേരി

Feed Back


പ്ല സ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിക്ക് ചാർട്ടേഡ് കോഴ്സുകൾക്ക് ചേരാമോ? പ്രധാന ചാർട്ടേഡ് കോഴ്‌സുകളെ പരിചയപ്പെടുത്തുമല്ലോ.
മുബീന കൊടിയത്തൂർ

പ്ലസ് ടു ഏത് സ്‌ട്രീമിൽ പഠിച്ചവർക്കും ചാർട്ടേഡ് കോഴ്‌സുകൾക്ക് ചേരാവുന്നതാണ്. കൊമേഴ്‌സ് മേഖലയിൽ ഏറ്റവും ജോലിസാധ്യതയുള്ള പ്രൊഫഷണൽ കോഴ്‌സുകളായ ചാർട്ടേഡ് കോഴ്‌സുകളെ പരിചയപ്പെടാം.
ഇന്ത്യൻ പശ്ചാത്തലത്തിൽ ഏറെ പ്രാധാന്യമുള്ള കോഴ്‌സുകളാണ് ചാർട്ടേഡ് അക്കൗണ്ടൻസി (CA), കമ്പനി സെക്രട്ടറി (CS), കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടിംഗ് (CMA) എന്നിവ. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. കേന്ദ്ര ഗവൺമെന്റിെന്റ നിയന്ത്രണത്തിലുള്ളതും പാർലമെന്റിൽ പാസാക്കിയ നിയമപ്രകാരം രൂപവത്കരിച്ചിട്ടുള്ളതുമായ പ്രൊഫഷണൽ ബോഡികളാണ് ഈ കോഴ്‌സുകൾ നടത്തുന്നതും പരീക്ഷകൾ നടത്തി അംഗത്വം നൽകുന്നതും.
ചുരുങ്ങിയ ചെലവിൽ പഠിക്കാനും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വളരെ ഉയർന്ന ശമ്പളമുള്ള ജോലി ഉറപ്പാക്കാനും കഴിയുന്ന
കോഴ്‌സുകളാണിവ.

ചാർട്ടേഡ് അക്കൗണ്ടൻസി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) ആണ് സി.എ പ്രോഗ്രാം നടത്തുന്നത്.
അക്കൗണ്ടിംഗ്, ടാക്‌സേഷന്‍, ഓഡിറ്റിംഗ് എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി കോഴ്‌സില്‍ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്.
പത്താം ക്ലാസ് ജയിച്ച ശേഷവും 12ാം ക്ലാസ് അഭിമുഖീകരിച്ച ശേഷവും ഫൗണ്ടേഷന് രജിസ്റ്റർ ചെയ്യാം. എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ച ശേഷമേ ഫൗണ്ടേഷൻ പരീക്ഷ അഭിമുഖീകരിക്കാൻ സാധിക്കുകയുള്ളൂ.
ഫൗണ്ടേഷൻ വിജയിച്ചാൽ ഇന്റര്‍മീഡിയറ്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ട് വര്‍ഷത്തെ പ്രായോഗിക പരിശീലനത്തിനു ശേഷം ഫൈനല്‍ പരീക്ഷയുമെഴുതാം.
ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവർക്കും സി.എസ് കോഴ്‌സിന്റെ എക്സിക്യൂട്ടീവ് പ്രോഗ്രാം ജയിച്ചവർക്കും സി.എം.എ ഇന്റർമീഡിയറ്റ് കഴിഞ്ഞവർക്കും ഇന്റർമീഡിയറ്റ് ഘട്ടത്തിൽ നേരിട്ട് പ്രവേശിക്കാം.
വെബ്സൈറ്റ്: www.icai.org.

കമ്പനി സെക്രട്ടറി
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ (ICSI) ആണ് കമ്പനി സെക്രട്ടറി കോഴ്‌സ് നടത്തുന്നത്. കമ്പനി നിയമപ്രകാരം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ കമ്പനി പിന്തുടരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല.
കൂടാതെ കമ്പനി നിയമം, മറ്റു കോർപറേറ്റ് നിയമങ്ങൾ, വിദേശ വിനിമയ ചട്ടങ്ങൾ, കോർപറേറ്റ് നികുതികാര്യങ്ങൾ തുടങ്ങിയവയിൽ കമ്പനിക്ക് വിദഗ്ധോപദേശം നൽകേണ്ടത് കമ്പനി സെക്രട്ടറിയാണ്. മൂന്നു ഘട്ടങ്ങളുണ്ട്.
കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എൻട്രൻസ് (CSEET)
വിജയിച്ച ശേഷം എക്സിക്യൂട്ടീവ്, പ്രൊഫഷനൽ എന്നീ രണ്ട് ഘട്ടങ്ങൾ കൂടി പൂർത്തിയാക്കേണ്ടതുണ്ട്.
ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവർക്കും സി.എ/ സി.എം.എ ഫൗണ്ടേഷൻ പരീക്ഷ വിജയിച്ചവർക്കും നേരിട്ട് എക്സിക്യൂട്ടീവ് ഘട്ടത്തിൽ പ്രവേശിക്കാം.
21 മാസത്തെ പ്രായോഗിക പരിശീലനവും പൂർത്തിയാക്കേണ്ടതുണ്ട്. വെബ്സൈറ്റ്: www.icsi.edu.

കോസ്റ്റ് മാനേജ്മെന്റ്
അക്കൗണ്ടിംഗ് (CMA)

സ്ഥാപനങ്ങളുടെ പ്രവര്‍ത്തന- ഉത്പാദന ഗുണനിലവാരം നിലനിര്‍ത്തുക, നിര്‍മാണച്ചെലവ് കുറക്കുക തുടങ്ങിയവയൊക്കെയാണ് കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടന്റിന്റെ ഉത്തരവാദിത്തങ്ങള്‍.
പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപനങ്ങളിലെ ഉന്നത മാനേജ്മെന്റ് സ്ഥാനങ്ങളായ ഫിനാൻസ് മാനേജർ, ഫിനാൻഷ്യൽ കൺട്രോളർ, അക്കൗണ്ട്സ് മാനേജർ, കോസ്റ്റ് കൺട്രോളർ, ഫിനാൻസ് ഡയറക്ടർ, ചീഫ് ഇന്റേണൽ ഓഡിറ്റർ തുടങ്ങിയ തസ്തികകൾ വഹിക്കുന്നത് സി.എം.എക്കാരാണ്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസി ഓഫ് ഇന്ത്യ (ICAI) ആണ് കോഴ്‌സ് നടത്തുന്നത്.
ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണുള്ളത്.
പത്താം ക്ലാസ് വിജയിച്ചാൽ ഫൗണ്ടേഷൻ കോഴ്‌സിനു രജിസ്റ്റർ ചെയ്യാവുന്നതും പ്ലസ് ടു കഴിഞ്ഞാൽ പരീക്ഷ എഴുതാവുന്നതാണ്.
ബിരുദധാരികൾക്ക് നേരിട്ട് ഇന്റർമീഡിയറ്റിന് രജിസ്റ്റർ ചെയ്യാം. 15 മാസത്തെ പ്രായോഗിക പരിശീലനവും പൂർത്തിയാക്കേണ്ടതുണ്ട്. വെബ് സൈറ്റ്: www.icmai.in.
ഇവ കൂടാതെ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (CFA), അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ് (ACCA),
സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടന്റ് -യുഎസ് (CMA US),
ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൗണ്ടന്റ് (CIMA), സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് (CPA), സർട്ടിഫൈഡ് അക്കൗണ്ടിംഗ് ടെക്‌നീഷ്യൻ (CAT), സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ (CFP), സർട്ടിഫൈഡ് ഇേന്റണൽ ഓഡിറ്റർ (CIA),ചാർട്ടേഡ് വെൽത്ത് മാനേജ്മെന്റ് (CWM), ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ് (BAA) തുടങ്ങി താൽപര്യമനുസരിച്ച് പരിഗണിക്കാവുന്ന നിരവധി കോഴ്‌സുകളുമുണ്ട്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top