اللهمَّ أعني على ذكرِك وشكرِكَ وحسنِ عبادتِكَ
അല്ലാഹുവേ, നിന്റെ സ്മരണ നിലനിര്‍ത്തുന്നതിന്നും നിനക്ക് നന്ദി കാണിക്കുന്നതിന്നും ഏറ്റവും നല്ല രീതിയില്‍ ആരാധനാ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിന്നും നീ എന്നെ സഹായിക്കേണമേ (അല്‍ മജ്മൂഅ് ലിന്നവവി 3/486).
അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി നിരന്തരം ആരാധനാ കര്‍മങ്ങളിലും സത്കര്‍മങ്ങളിലും മുഴുകുന്നതാണ് വിശ്വാസിയുടെ ജീവിതം. പ്രവര്‍ത്തനങ്ങള്‍ അല്ലാഹു ഉദ്ദേശിച്ച രൂപത്തില്‍ നന്നായി ചെയ്യുവാന്‍ വിശ്വാസിക്ക് കഴിയണം. ആരാധനാ കര്‍മങ്ങളില്‍ മുഴുകിയിട്ടും അവ സ്വീകരിക്കപ്പെടാതെ പോവുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ധാരാളം കര്‍മങ്ങളുമായി നാളെ പരലോകത്ത് വരുകയും അവയ്‌ക്കൊന്നും പ്രതിഫലം ലഭിക്കാതെ പോവുകയും ചെയ്യുന്ന ഒരു വിഭാഗത്തെ സൂറത്തുല്‍ ഫുര്‍ഖാനില്‍ അല്ലാഹു പരിചയപ്പെടുത്തുന്നു. “അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും’’ (ഖുര്‍ആന്‍ 25:23).
ഇഹലോകത്ത് പണിയെടുത്ത് ക്ഷീണിച്ചിട്ടും നരകത്തില്‍ പ്രവേശിക്കപ്പെടുന്നവരെക്കുറിച്ച് സൂറത്തുല്‍ ഗാശിയയില്‍ അല്ലാഹു സൂചിപ്പിക്കുന്നു. ‘’അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. ചൂടേറിയ അഗ്‌നിയില്‍ അവ പ്രവേശിക്കുന്നതാണ്’’ (ഖുര്‍ആന്‍ 88:2-4).
സൂറത്തുല്‍ മാഊനില്‍ നമസ്‌കരിക്കുന്നവര്‍ക്ക് നാശമുണ്ടാവുമെന്ന് ഖുര്‍ആന്‍ പ്രതിപാദിക്കുവാന്‍ കാരണം അവര്‍ നമസ്‌കാരത്തില്‍ അശ്രദ്ധരാവുകയും മറ്റുള്ളവരെ കാണിക്കുവാന്‍ വേണ്ടി ചെയ്യുകയും ചെയ്യുന്നു എന്നതിനാലാണ്.
നമ്മുടെ ആരാധനാ കര്‍മങ്ങള്‍ അല്ലാഹുവിന്റെ തൃപ്തിക്കു വേണ്ടി മാത്രം ചെയ്യുവാനും അതില്‍ ലോകമാന്യതയോ യാന്ത്രികതയോ അശ്രദ്ധയോ കടന്നു വരാതിരിക്കുവാനും നാം ജാഗരൂഗരാവണം.
പ്രവര്‍ത്തനങ്ങള്‍ നന്നാക്കി തീര്‍ക്കുവാന്‍ വേണ്ടി എല്ലാ നമസ്‌കാര ശേഷവും പ്രാര്‍ഥിക്കാന്‍ മുആദ് ബ്‌നു ജബല്‍(റ)ന് പ്രവാചകന്‍ (സ) പഠിപ്പിച്ച് കൊടുത്ത പ്രാര്‍ഥനയാണിത്.
സദാ സമയവും അല്ലാഹുവിനെക്കുറിച്ചുള്ള ഓര്‍മ നിലനിര്‍ത്തുവാനും നാഥന്‍ തന്നിട്ടുള്ള അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കുവാനും ഈ രണ്ടു കാര്യങ്ങളുടെയും മൂര്‍ത്ത രൂപമായ ആരാധനകള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കുവാനുമുള്ള സഹായമാണ് പ്രാര്‍ഥനയിലൂടെ അല്ലാഹുവിനോട് തേടുന്നത്. പ്രവര്‍ത്തനങ്ങള്‍ നന്നാക്കി തീര്‍ക്കുവാന്‍ പരിശ്രമിക്കുന്നതോടൊപ്പം അഞ്ചുനേരം നമസ്‌കാര ശേഷം മനസ്സറിഞ്ഞ് പ്രാര്‍ഥിക്കുക കൂടി ചെയ്യുമ്പോള്‍ ആരാധാനാ കര്‍മങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ് അവയില്‍ മുഴുകുവാനും പ്രതിഫലം കരസ്ഥമാക്കുവാനും സാധിക്കും. .