LoginRegister

പ്രവാചക സ്‌നേഹം വിശ്വാസിയുടെ ബാധ്യത

ആയിശ സി ടി

Feed Back


റസൂല്‍(സ) പറഞ്ഞു: ”എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവനാണ് സത്യം. തന്റെ മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും എന്നെ സ്നേഹിക്കാത്ത ആരുടെയും വിശ്വാസം പൂര്‍ണമാവുകയില്ല.”
നമ്മുടെ ജീവിതയാത്രയില്‍ നാമേറെ കൊതിക്കുന്ന കാര്യമാണ് അല്ലാഹുവിനെയും അവന്റെ റസൂലിനെയും കണ്ണു നിറയെ കാണുക എന്നത്. ഖല്‍ബുകളില്‍ നിറഞ്ഞുനില്‍ക്കുന്ന പിരിശത്താല്‍ വിശ്വാസികളെന്നും ആ അനുഭൂതിയിലാണ് ജീവിക്കുന്നത്. ഒരു നേതാവിനെ ഇത്രമേല്‍ സ്നേഹിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്ന ജനത വേറെ ഉണ്ടാകില്ല. മനസ്സിലും ശരീരത്തിലും മജ്ജയിലും മാംസത്തിലും ഈ സ്നേഹം നിറഞ്ഞുനില്‍ക്കുകയെന്നത് ഈമാനിന്റെ ഭാഗമാണ്.
തിരുനബി ഒരിക്കല്‍ വ്യക്തമാക്കി: ”എന്റെ സഹോദരന്മാരെ കാണാന്‍ ഞാന്‍ അഭിലഷിക്കുന്നു.’ സഹാബികള്‍ ചോദിച്ചു: ‘നബിയേ, അപ്പോള്‍ ഞങ്ങള്‍ അങ്ങയുടെ സഹോദരന്മാരല്ലേ?’ റസൂല്‍ മറുപടി പറഞ്ഞു: ‘നിങ്ങളെന്റെ സഹചരന്മാരാണ്. എന്നാല്‍ എന്റെ സഹോദരന്മാര്‍ ഇതുവരെ വന്നിട്ടില്ല.’ ‘അവരെ എങ്ങനെയാണ് താങ്കള്‍ തിരിച്ചറിയുക’ എന്ന ചോദ്യത്തിന് റസൂല്‍ പ്രതിവചിച്ചു: ‘വുദൂഅ് കാരണമായി പ്രകാശിക്കുന്ന മുഖവും പ്രകാശിക്കുന്ന കൈകാലുകളുമായി എന്റെ സഹോദരന്മാര്‍ വരും. അവര്‍ക്കു മുന്നിലായി ഞാന്‍ ഹൗളുല്‍ കൗസറിന് മുന്നില്‍ നില്‍ക്കും.”
ലോകാവസാനം വരെ വരാനിരിക്കുന്ന വിശ്വാസികള്‍ക്കുള്ള സന്തോഷവാര്‍ത്തയാണ് പ്രിയ റസൂല്‍ നല്‍കിയത്. ജീവിതവഴികള്‍ കരുത്തോടെയും പ്രതീക്ഷയോടെയും നീങ്ങാന്‍ വിശ്വാസികള്‍ക്ക് ഏറെയുണ്ട് കാര്യങ്ങള്‍. പുണ്യ റസൂലിന്റെ പിറകെ ഒന്നും പുതുതായി കൂട്ടുകയോ കുറക്കുകയോ ചെയ്യാതെ പരിപൂര്‍ണമായി പിന്‍പറ്റി നീങ്ങാന്‍ വിശ്വാസികള്‍ക്കാകണം. ഏതെങ്കിലും കാര്യങ്ങള്‍ നമ്മുടെ യുക്തിക്കനുസരിച്ച് നല്ലതാണ്, പുണ്യമാണ് എന്നു കരുതി നബിയിലേക്ക് ചേര്‍ത്തി ചെയ്യാന്‍ നമുക്ക് അനുവാദമില്ല. ”എന്റെ സുന്നത്തില്‍ എന്തെങ്കിലും പുതുതായി കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളേണ്ടതാണ്” എന്ന് റസൂല്‍ ശക്തമായി താക്കീത് നല്‍കിയിട്ടുണ്ട്.
വിശ്വാസികള്‍ക്കിടയിലേക്ക് പുതിയ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും കടന്നുകൂടുന്നത് ഭയപ്പെടേണ്ടതാണ്. ജന്മദിനാഘോഷങ്ങളും ചാവടിയന്തരങ്ങളും അനുദിനം വര്‍ധിച്ചുവരുമ്പോള്‍, ഇതിന് മതത്തില്‍ (ഇല്ലാത്ത) തെളിവുകള്‍ നിരത്തി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മതമേലധ്യക്ഷന്മാര്‍. റസൂലിന്റെ ജന്മദിനാഘോഷം അങ്ങനെ തെറ്റിദ്ധരിപ്പിച്ച് പുണ്യമാണെന്നു കല്‍പിച്ച് ചെയ്യുന്നതാണ്. ജീവിതരീതികളും ആഘോഷങ്ങളും ഏതൊക്കെയെന്ന് സവിസ്തരം പ്രതിപാദിച്ച റസൂലിന്റെ ജീവിതത്തില്‍, തന്റെയോ മറ്റുള്ളവരുടെയോ ജന്മദിനങ്ങള്‍, ആണ്ടുകള്‍ ഒന്നും തന്നെ ആഘോഷിച്ചതിന്റെ തെളിവുകളില്ല എന്നതാണ് നമ്മെ ചിന്തിപ്പിക്കേണ്ട വസ്തുത.
പുണ്യ റസൂലിനെ പരിപൂര്‍ണമായി അനുധാവനം ചെയ്തു ജീവിക്കാന്‍ ബാധ്യസ്ഥനാണ് ഓരോ വിശ്വാസിയും. ആ ജീവിതത്തില്‍ നിന്ന് പ്രഭ ഏറ്റുവാങ്ങി പങ്കുവെച്ചു ലോകാവസാനം വരെ വിശ്വാസികള്‍ ജീവിക്കുന്നു. സത്യസന്ധമായ, ഒട്ടും വക്രതയില്ലാതെ ജീവിതം ജീവിച്ച, ലോകത്തിനു കാരുണ്യമായി ഭവിച്ച റസൂലിന്റെ ജനനം ലോകത്തിന്റെ അനുഗ്രഹമാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് പുണ്യ റസൂല്‍ നമ്മെ വിട്ടുപിരിഞ്ഞതും.
റസൂലിന്റെ പേര് പരാമര്‍ശിക്കുമ്പോള്‍ പോലും അല്ലാഹുവിന്റെ അനുഗ്രഹ വര്‍ഷം അദ്ദേഹത്തിനു മേല്‍ ഉണ്ടാകാനുള്ള പ്രാര്‍ഥന നാം നിര്‍വഹിക്കുന്നു. എല്ലാ നമസ്‌കാരങ്ങളിലും റസൂലിന്റെ പേരില്‍ സ്വലാത്ത് ഉരുവിടുന്നു. ലോകത്തിന്റെ മുക്കുമൂലകളില്‍ റസൂലിന്റെ നാമം ഏതു സമയവും മുഴങ്ങുന്നു എന്നത് അശ്റഫുല്‍ ഖല്‍ഖിന്റെ മാത്രം പ്രത്യേകതയാണ്.
റസൂലിനെ ഓര്‍ക്കാനും സ്വലാത്ത് ചൊല്ലാനും ഒരു പ്രത്യേക ദിനത്തിന്റെ ആവശ്യമില്ലാത്ത വിധം അന്തരംഗത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മുഹബ്ബത്ത് സ്ഥലകാലഭേദമില്ലാതെ നമ്മിലുണ്ട്. നാം ആഘോഷിക്കുന്ന രണ്ടു പെരുന്നാളുകള്‍ക്കു പുറമെ ഇന്ന് നബിദിനവും ഒരു പ്രധാന ആഘോഷമായി മാറിയിരിക്കുന്നു. ഘോഷയാത്രകളും സ്വലാത്ത് സദസ്സുകളും സംഘടിപ്പിച്ചുകൊണ്ട് പ്രവാചക സ്നേഹത്തിന്റെ പുതുമാതൃകകള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. മതത്തില്‍ തെളിവില്ലാത്ത ഏതുതരം കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബാധ്യസ്ഥരാണ് വിശ്വാസികള്‍. പ്രവാചകനെ സ്നേഹിക്കുന്നതും സ്വലാത്ത് ചൊല്ലുന്നതും അതിന്റെ പേരിലുള്ള സംഘടിക്കലും പ്രവര്‍ത്തനവും നല്ലതല്ലേ എന്ന ചോദ്യങ്ങള്‍ക്ക് വിശ്വാസി സമൂഹം വികാരത്തോടെയല്ല, നല്ല ബോധ്യത്തോടെയാണ് പ്രതികരിക്കേണ്ടത്. അങ്ങനെയൊരു പ്രവൃത്തി റസൂലിന്റെ ജീവിതത്തില്‍ മാതൃക ഇല്ലാത്തതിനാല്‍, റസൂലിനോടുള്ള പ്രിയത്താല്‍ ഖുലഫാഉര്‍റാശിദുകളും അത്തരം കാര്യം ചെയ്തതിന് ഒരു ചെറിയ തെളിവു പോലും ഇല്ലാത്തതിനാല്‍ അത് മതപരമായി പുണ്യകരമായി കരുതാനാവില്ല. അത്തരം കാര്യങ്ങളില്‍ നിന്ന് നാം വിട്ടുനിന്നേ മതിയാവൂ. മതത്തിലില്ലാത്ത ഒരു കാര്യം ഒരുപാട് പേര്‍ ഒത്തൊരുമിച്ച് ചെയ്തതു കൊണ്ട് മാത്രം അത് അനുവദനീയവും നല്ലതുമായിത്തീരുമോ? എല്ലാ കാര്യങ്ങള്‍ക്കും മാതൃകയായ റസൂലിന്റെ ജന്മദിനം തന്നെ, അദ്ദേഹത്തില്‍ നിന്ന് യാതൊരു മാതൃകയുമില്ലാതെ മുസ്ലിം സമൂഹം ആഘോഷിക്കുകയോ?
അതുവഴി യാതൊരു തെളിവുമില്ലാത്ത, മതത്തിന്റെ പിന്‍ബലമില്ലാത്ത കുറേയേറെ ആഘോഷങ്ങള്‍ മറ്റ് മതങ്ങളില്‍ നിന്ന് മുസ്ലിംകള്‍ കടം കൊണ്ടിരിക്കുന്നു. ആഘോഷമല്ലേ, സന്തോഷിക്കുകയല്ലേ, അതിനെന്താ എന്ന ചോദ്യം നമ്മില്‍ വര്‍ധിച്ചുവരികയാണ്. അതുവഴി മുസ്ലിം സമൂഹത്തിന്റെ ഇസ്ലാമിക പ്രകാശവും ഈമാനിന്റെ തെളിച്ചവും കൈമോശം വന്നുതുടങ്ങിയിരിക്കുന്നു. എന്തും ഏതും ഹലാലാക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാം കടന്നുപോകുമ്പോള്‍ മതനിയമങ്ങളെ ഗൗരവമായി കാണുകയും പാലിക്കുകയും ചെയ്യുന്നവര്‍ കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണുന്നത്.
ജനനത്തിനും മരണത്തിനുമിടയിലുള്ള ജീവിതകാലമാണ് പ്രധാനമെന്നും നമ്മുടെ അടയാളപ്പെടുത്തലുകളാണ് യഥാര്‍ഥത്തില്‍ നാമാരാണ് എന്ന് നിശ്ചയിക്കുന്നതെന്നും ബോധ്യമുള്ളവരാണ് വിശ്വാസികള്‍. കര്‍മഫലം എന്താണ് എന്നതാണ് നമ്മുടെ ജീവിതത്തിന്റെ ആകത്തുക. നല്ല കര്‍മങ്ങളാല്‍ ധന്യമാക്കാന്‍ വിയര്‍പ്പൊഴുക്കുന്ന മനുഷ്യനു ജന്മദിനം ഒരു ഓര്‍മപ്പെടുത്തലാണ്. ആയുസ്സിന്റെ ഓരോ ആണ്ടും തീര്‍ന്നിരിക്കുകയാണെന്നും ആയുസ്സ് ചുരുങ്ങുകയാണെന്നുമുള്ള മുന്നറിയിപ്പുമായാണ് ബുദ്ധിമാന്മാര്‍ അതിനെ വിലയിരുത്തുന്നത്.
നബിദിനം ആഘോഷിക്കുന്നതിലൂടെ മുസ്ലിം സമൂഹത്തിനു ജന്മദിനങ്ങള്‍ ആഘോഷിക്കാനുള്ള വാതില്‍ തുറന്നിടുന്നവര്‍, ഇങ്ങനെ തെളിവില്ലാത്ത പലതിനും വിശ്വാസി സമൂഹത്തിനു വാതില്‍ തുറന്നിട്ടിരിക്കുന്നു. അങ്ങനെ മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍, ലളിതവും സുന്ദരവുമായ ജീവിതത്തെ എത്രമാത്രമാണ് സങ്കീര്‍ണമാക്കുന്നത്.
വിശ്വാസികള്‍ അവരുടെ ജീവിതം കൊണ്ട് ഇവിടെ സാന്നിധ്യമറിയിക്കണം. പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ദുഃഖങ്ങള്‍ക്ക് സാന്ത്വനമായും വര്‍ത്തിച്ച്, റസൂലിന്റെ വഴികളിലൂടെ നടക്കാനാകണം. ഈ ഭൂലോകത്ത് മറ്റെന്തിനേക്കാളും പ്രിയം റസൂലിനോടാകുമ്പോഴാണ് നാം യഥാര്‍ഥ വിശ്വാസിയാകുന്നത് എന്ന് റസൂല്‍ വ്യക്തമാക്കിയിട്ടുണ്ട്. റസൂലിനോടുള്ള പ്രിയമെന്നാല്‍ ആ മഹനീയ ജീവിതത്തെ അനുധാവനം ചെയ്യലാണ്. ആ ജീവിതത്തെ പിന്‍പറ്റലും അനുസരണയും നമ്മുടെ ബാധ്യതയാണ്. അതിനാല്‍ പ്രവാചക ജീവിതം നാം ആവര്‍ത്തിച്ചു വായിക്കുന്നതിലൂടെ അത് ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തയ്യാറാവണം.
ആ ജീവിതവും ത്യാഗവും മനസ്സിലാക്കി പ്രവാചക വഴിയിലേക്ക് നാം പരിപൂര്‍ണമായി പ്രവേശിക്കലാണ് യഥാര്‍ഥ സ്നേഹം. ആ സ്നേഹം, അനുധാവനം നമ്മെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്നു. അല്ലാഹുവിനെയും അവന്റെ റസൂലിനെയും മറ്റെന്തിനേക്കാളും സ്നേഹിച്ചുകൊണ്ട് ഈമാനിന്റെ മാധുര്യം നുണയുന്നു വിശ്വാസി.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top