LoginRegister

പോരാളികളുടെ പരിചാരികയായി ഹംന

വി എസ് എം കബീര്‍

Feed Back


ഉഹ്ദ് യുദ്ധ ഭൂമിയില്‍ മുസ്ലിം പതാകയേന്തിയ ഉമൈറിന്റെ പുത്രന്‍ മുസ്അബ് പടക്കളത്തില്‍ വെട്ടേറ്റു വീണു. ശത്രു പക്ഷത്തെ ഇബ്‌നു ഖുമൈഅയാണ് മുസ്ലിം നായകന്റെ ഘാതകനായത്.
സാക്ഷ്യവാക്യം ഉറക്കെ ഉച്ചരിച്ചു കൊണ്ട് അവസാന ശ്വാസവുമെടുത്ത മുസ്അബിന്റെ മരണവിവരം തിരുനബിയറിഞ്ഞു. ആ ഹൃദയം വേദനാനിര്‍ഭരമായി.
യുദ്ധാനന്തരം രക്തസാക്ഷികളുടെ മയ്യിത്തുകള്‍ മറമാടാനുള്ള ഒരുക്കം തുടങ്ങി. മുസ്അബിന്റെ മയ്യിത്ത് നബിയുടെ മുന്നിലെത്തി. കഫന്‍ പുടവ ആവശ്യപ്പെട്ട നബിക്ക് കിട്ടിയത് ഒന്നിനും തികയാത്ത ഒരു തുണിക്കഷ്ണമാണ്. അതില്‍ ആ ശരീരം പൊതിഞ്ഞു. പക്ഷെ കാലിന്റെ ഭാഗം പുറത്തായിരുന്നു. ഒടുവില്‍ കാലുകള്‍ പുല്ലു കൊണ്ട് പൊതിഞ്ഞ് നായകന്റെ ജഡം ഖബറിലേക്കിറക്കുമ്പോള്‍ തിരുനബിയുടെ കണ്ണുകള്‍ നിറയുന്നത് സ്വഹാബിമാര്‍ കണ്ടു.
”മുന്തിയ ഉടയാടകളണിഞ്ഞ് മക്കയുടെ സുഗന്ധമായി നടന്ന പ്രിയ സഹോദരാ, താങ്കളിപ്പോള്‍ ഒരു കഷ്ണം തുണിയില്‍…”
വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല പ്രിയ നബിക്ക്.
മക്കയില്‍ തിരികെ എത്തിയ ദൂതന്‍ ആദ്യം ചെന്നത് മുസ്അബിന്റെ വീട്ടിലേക്കായിരുന്നു, പ്രിയതമനെ കാത്തിരിക്കുന്ന ഭാര്യ ഹംനയെ കാണാന്‍. പതാകയേന്തി സൈന്യത്തിന്റെ മുന്നില്‍ മുസ്അബ് നടക്കുമ്പോള്‍ ഏറ്റവും പിന്നില്‍ ഹംനയുമുണ്ടായിരുന്നു, സൈനികര്‍ക്ക് സഹായിയും പരിചാരികയുമായി. യുദ്ധം അവസാനിച്ചതോടെ വിവരങ്ങളറിയാന്‍ നില്ക്കാതെ ഭര്‍ത്താവിനെ ഉചിതമായി സ്വീകരിക്കാന്‍ വീട്ടിലേക്ക് മടങ്ങിയതാണ് ഹംന.
”സഹോദരീ, നിന്റെ അമ്മാവന്‍ ഹംസ രക്തസാക്ഷിയായി!” വീട്ടിലെത്തിയ നബി ഹംനയെ അറിയിച്ചു. ”അല്ലാഹു അദ്ദേഹത്തില്‍ കാരുണ്യം ചൊരിയട്ടെ”- ഹംന പ്രാര്‍ഥിച്ചു. ”നിന്റെ സഹോദരന്‍ അബ്ദുല്ലയും രക്തസാക്ഷിയായി”- നബി തുടര്‍ന്നു. ഹംന പ്രാര്‍ഥന ആവര്‍ത്തിച്ചു. ”ഹംനാ, നിന്റെ ഭര്‍ത്താവ് മുസ്അബും രക്തസാക്ഷിയായി!”
ഇതോടെ ഹംനയില്‍ നിന്ന് നിലവിളിയുയര്‍ന്നു.
”എന്റെ മകള്‍ അനാഥയായല്ലോ…” അവള്‍ വിലപിക്കാന്‍ തുടങ്ങി.
ബന്ധു കൂടിയായ ഹംനയുടെ കണ്ണീരിനു മുന്നില്‍ തിരുനബി കുറെ നേരം വാക്കുകളില്ലാതെ സങ്കടത്തോടെ നിന്നു.
മക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അസദ് ഗോത്രക്കാരന്‍ ജഹ്ശുബ്‌നു റിആബിന്റെയും അബ്ദുല്‍ മുത്തലിബിന്റെ മകള്‍ ഉമൈമയുടെയും ആറു മക്കളില്‍ ഇളയവളായിരുന്നു ഹംന. നബിയുടെ ഉപ്പ അബ്ദുല്ലയുടെ സഹോദരിയാണ് ഉമൈമ. ഉമ്മുല്‍ മുഅ്മിനീന്‍ സൈനബിന്റെയും മാതാവാണവര്‍. ഇങ്ങനെ പല വഴികളിലൂടെയും നബിയുമായി അടുത്ത കുടുംബ ബന്ധമുണ്ടായിരുന്നു ഹംനക്ക്.
തിരുനബി പരസ്യ പ്രബോധനം തുടങ്ങും മുമ്പ് തന്നെ ഹാശിം കുടുംബമെന്ന നിലയില്‍ ഹംനയുടെ വീട്ടുകാര്‍ ഇസ്‌ലാമിനെ മനസുകൊണ്ട് സ്വീകരിച്ചിരുന്നു.
വൈകാതെ ഹംനയുള്‍പ്പെടെയുള്ളവര്‍ ഇസ്ലാമിലെത്തുകയും ചെയ്തു.
സൗന്ദര്യവും സമ്പത്തും കൊണ്ട് മക്കയില്‍ പരിമളം പരത്തി വിരാജിക്കുകയായിരുന്നു ഉമൈറിന്റെ മകന്‍ മുസ്അബ്. സമ്പന്നയായ മാതാവ് ഖുനാസയായിരുന്നു മുസ്അബിന്റെ ആശ്രയം. ഏകമകനെ അവര്‍ രാജകുമാരനായി വളര്‍ത്തി.
അതിനിടെയാണ് ഒരിക്കല്‍ യാദൃച്ഛികമായി മുസ്അബ് ദാറുല്‍ അര്‍ഖമിലെത്തുന്നതും തിരുദൂതരില്‍ നിന്ന് ഖുര്‍ആന്‍ കേള്‍ക്കുന്നതും. ദൈവവചനങ്ങളെ ഹൃദയം കൊണ്ട് സ്വീകരിച്ച മുസ്അബ് വൈകാതെ മുസ്ലിമായി.
വിവരമറിഞ്ഞ ഖുനാസ ഞെട്ടി. അനുനയം കൊണ്ടും ഭീഷണികൊണ്ടും മകനെ പിന്തിരിപ്പിക്കാന്‍ അവള്‍ ആവതു ശ്രമിച്ചു. പക്ഷെ മകന്‍ ഇസ്‌ലാം കൈയൊഴിഞ്ഞില്ല. വീട്ടില്‍ തടവിലിട്ടും പട്ടിണികിടത്തിയും ഖുനാസ പീഡനം തുടര്‍ന്നു.
മുസ്അബിലെ വിശ്വാസത്തെ പതിന്‍മടങ്ങാക്കാനേ അതിനെല്ലാം കഴിഞ്ഞുള്ളൂ. പരാജയപ്പെട്ട മാതാവ് ഒടുവില്‍ പിന്തിരിഞ്ഞു. അവള്‍ മകനോടായി പറഞ്ഞു:
”എന്റെ ദൈവങ്ങള്‍ സത്യം, ഞാനിനി നിന്റെ മാതാവല്ല, നീ എന്റെ മകനുമല്ല. എന്റെ സ്വത്തില്‍ നിനക്ക് അവകാശവുമില്ല. നിനക്ക് എങ്ങോട്ടെങ്കിലും പോകാം”.
തെരുവിലിറങ്ങിയ മുസ്അബ് അനാഥനായി. ഉമ്മയുടെ തണലൊഴിഞ്ഞതോടെ അര്‍ധ പട്ടിണിയിലുമായി. മുഷിഞ്ഞ വേഷവും പ്രസരിപ്പൊഴിഞ്ഞ മുഖവുമായി അദ്ദേഹം മദീനയുടെ സങ്കടക്കാഴ്ചയായി. സമ്പത്തും സൗന്ദര്യവും പഴങ്കഥയായി. എന്നാല്‍ തിരുദൂതര്‍ ചേര്‍ത്തുപിടിച്ചതിനാല്‍ ഈ നഷ്ടങ്ങളൊന്നും മുസ്അബ് അറിഞ്ഞതേയില്ല. ഖുര്‍ആന്‍ നല്‍കിക്കൊണ്ടിരുന്ന ആന്തരിക ചൈതന്യത്തില്‍ സംതൃപ്തി കണ്ടെത്തി ഈ യുവാവ് ജീവിതം മുന്നോട്ടു നീക്കി.
ഇതിനിടെയാണ് ഹംന മുസ്അബിന്റെ ജീവിതസഖിയായെത്തുന്നത്. നഷ്ടങ്ങളെല്ലാം തിരികെപിടിക്കാന്‍ സുന്ദരിയും സുശീലയുമായ ഹംന അദ്ദേഹത്തിന് തുണയേകി. ഇരുവര്‍ക്കും ആശംസകളുമായി തിരുനബിയുമെത്തി.
ഹിജ്‌റക്ക് മുന്നോടിയായി മദീനയിലെ മണ്ണൊരുക്കാന്‍ നബി നിയോഗിച്ചത് മുസ്അബിനെയാണ്. മുസ്അബിന്റെ പ്രബോധനം ഈത്തപ്പനകളുടെ മാധുര്യവും ഹരിതാഭയും നിറഞ്ഞ മദീനയെ മെല്ലെ മാറ്റിയെടുത്തു. പിന്നീട് അന്‍സാരികളായി മാറിയ പല പ്രമുഖരും മുസ്അബില്‍ നിന്ന് ഖുര്‍ആന്‍ പഠിച്ചവരാണ്.
ഹിജ്‌റ സജീവമായതോടെ ഹംനയും മദീനയിലെത്തി. മദീന ജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ പ്രവാചകന്‍ നടത്തിയ പ്രധാന ചുവടുവെപ്പായിരുന്നു സാഹോദര്യ പ്രഖ്യാപനവും ബൈഅത്ത് സ്വീകരിക്കലും. ഇതില്‍ ഹംനയും തിരുനബിക്ക് ബൈഅത്ത് ചെയ്തു. മുസ്അബുമൊത്തുള്ള ഹംനയുടെ മദീന ജീവിതത്തിന്റെ മൂന്നാം വര്‍ഷത്തിലാണ് ഉഹ്ദ് യുദ്ധം വരുന്നതും അതില്‍ പതാകാവാഹകനായ മുസ്അബ് രക്തസാക്ഷിയാകുന്നതും. 35-ാം വയസ്സിലായിരുന്നു ഈ വേര്‍പാട്. ഈ ബന്ധത്തില്‍ സൈനബ് എന്ന കുട്ടിയും പിറന്നു. വിധവയായതോടെ ഹംന ഇസ്‌ലാമിക പ്രബോധനത്തില്‍ കൂടുതല്‍ ഉല്‍സുകയായി. നബിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കുന്നതിനും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുന്നതിനും താല്പര്യം കാട്ടുകയും ചെയ്തു.
ഇതിനിടയിലാണ് സഹോദരി സൈനബുമായുള്ള നബിയുടെ വിവാഹം നടന്നത്. സഹോദരി ഭര്‍ത്താവെന്ന നിലയില്‍ തിരുനബിയില്‍ നിന്ന് കൂടുതല്‍ മതകാര്യങ്ങള്‍ അറിയാന്‍ ഈ വിവാഹം ഹംനക്ക് തുണയായി.
സുന്ദരിയും മതകാര്യങ്ങളില്‍ തല്പരയുമായ ഹംനയെ ഭാര്യയാക്കിയാലോ എന്ന ആലോചന പ്രമുഖ സ്വഹാബി ത്വല്‍ഹത്തുബ്‌നു ഉബൈദില്ലയിലുണ്ടായത് ഇതിനിടയിലാണ്. അദ്ദേഹം നബിയുമായി ഈ ആഗ്രഹം പങ്കുവെച്ചു. ഹംനക്കും ഈ ബന്ധം ഇഷ്ടമാണെന്നറിഞ്ഞതോടെ ആ വിവാഹം നടന്നു. സ്വര്‍ഗമുണ്ടെന്ന് നബി സന്തോഷവാര്‍ത്ത അറിയിച്ച പത്ത് പ്രമുഖരിലൊരാളായ ത്വല്‍ഹയുമൊത്തുള്ള ദാമ്പത്യം ഹംനയുടെ ജീവിതത്തിന് വീണ്ടും വര്‍ണങ്ങള്‍ പകര്‍ന്നു. ഈ ബന്ധത്തിലാണ് മുഹമ്മദ്, ഇംറാന്‍ എന്നീ മക്കള്‍ പിറക്കുന്നത്. ഹംനയുടെ അഭ്യര്‍ഥന പ്രകാരം മുഹമ്മദിന് പേരിട്ടത് തിരുദൂതരാണ്. അബുല്‍ ഖാസിം എന്ന വിളിപ്പേരും നബി തന്നെ നല്‍കി.
ഹംനയുടെ ജീവിതത്തില്‍ അവര്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു സംഭവവുമുണ്ടായി. ഹിജ്‌റ വര്‍ഷം അഞ്ചിലുണ്ടായ, ഉമ്മുല്‍ മുഅ്മിനീന്‍ ആഇശക്കെതിരായ അപവാദാരോപണമാണത്. കപടവിശ്വാസികളില്‍ ചിലരുടെ കെണിയില്‍ ഹസ്സാനുബ്‌നു സാബിത്തിനെ പോലുള്ള പ്രമുഖ സ്വഹാബികളോടൊപ്പം ഹംനയും അകപ്പെടുകയാണുണ്ടായത്. ആയിശ തെറ്റുകാരിയാവാമെന്ന് ഇവരും സംശയിച്ചു. അത് പലരുമായും പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ ആഇശയുടെ വിശുദ്ധി ഉറപ്പിച്ചു കൊണ്ടുള്ള ഖുര്‍ആന്‍ വചനം ഇറങ്ങിയതോടെ ഹംന പശ്ചാത്തപിക്കുകയും ശിക്ഷ ഏറ്റുവാങ്ങുകയും ചെയ്തു. അതേസമയം തിരുനബിയുമായുള്ള ബന്ധത്തിന് ഇത് പോറലേല്‍പ്പിക്കുകയുണ്ടായില്ല. മാത്രമല്ല ഇതേ വര്‍ഷം തന്നെയാണ് ഹംനയുടെ സഹോദരി സൈനബുമായുള്ള തിരുനബിയുടെ വിവാഹം നടക്കുന്നത്.
പിന്നീട് നടന്ന ചില യുദ്ധങ്ങളിലും നബിയുടെ നിര്‍ദേശപ്രകാരം പടയാളികള്‍ക്ക് വെള്ളവും മരുന്നും നല്‍കി ഹംന സേവനനിരതയായി.
ആര്‍ത്തവകാലത്തിന് ശേഷവും രക്തസ്രാവമുണ്ടായാല്‍ നമസ്‌കാരം ഉള്‍പ്പെടെയുള്ള ആരാധനകളുടെ വിധി പോലെ സ്ത്രീകളുമായി ബന്ധപ്പെട്ട ഹദീസുകള്‍ നിവേദനം ചെയ്തിട്ടുണ്ട് ഹംന. ഇത്തരം കാര്യങ്ങള്‍ തിരുദൂതരോട് തുറന്നു ചോദിക്കാന്‍ ഹംനക്ക് സാധിച്ചിരുന്നു.
ക്രി.വര്‍ഷം 641 ലാണ് മഹതിയുടെ വിയോഗം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top