LoginRegister

പലഹാരങ്ങളുടെ സങ്കടമധുരം

എം മിഹറാജ്

Feed Back


“എവിടെപ്പച്ച്യെ പെരുന്നാൾക്കിടാനുള്ള പുത്യേ കുപ്പായം?”
കളിമണ്ണ് തേച്ച ഞങ്ങളുടെ വീടിന്റെ കോലായിൽ തളർന്നിരുന്ന ഉപ്പയോട് ഞാൻ ചോദിച്ചു. മഴ നനഞ്ഞു വന്ന ഉപ്പ തല തോർത്തി, എന്റെ ചോദ്യത്തിൽ നിന്ന് ഒളിച്ചോടാനെന്ന മട്ടിൽ ഉമ്മയോട്:
“എന്തേ, വിളക്ക് കത്തിക്കാൻ വൈകിയോ?”
“അളിയൻ കാക്ക വന്നിരുന്നു, ചിമ്മിണി തീർന്നിട്ടിരിക്ക്യാരുന്നു. വിളക്ക് കത്തിക്കാഞ്ഞത് കണ്ടപ്പോ ഇവന്റെ കയ്യിൽ പത്തുർപ്യ കൊടുത്ത് ചിമ്മിണി വാങ്ങിച്ചു. ദാ ഇപ്പോൾ വിളക്കിന് തിരിയിടുന്നേള്ളൂ…”
ഇത് കേട്ട ഉപ്പയുടെ മുഖത്ത് ഒരു അസ്വസ്ഥത ഞാൻ ശ്രദ്ധിച്ചു. ഉപ്പ അഭിമാനിയാണ്. ആരോടും കടം വാങ്ങാറില്ല. ആരുടെ ഔദാര്യവും സ്വീകരിക്കാറുമില്ല. പൈസയില്ലെങ്കിൽ പട്ടിണി കിടക്കാം. അതാണ് ഉപ്പ.
മാത്തോട്ടം അങ്ങാടിയിലെ സിൻഡിക്കേറ്റ് കെമിക്കൽ ഫാക്ടറി അടച്ചതോടെ ഉപ്പയുടെ കണക്കുകൂട്ടലുകളെല്ലാം തകിടം മറിഞ്ഞു. ഞാനടക്കം അഞ്ചു മക്കളുടെ വയറു നിറയ്ക്കാനുള്ള ഓട്ടത്തിലായിരുന്നു ഉപ്പ.
വീട്ടിൽ മണ്ണെണ്ണ തീർന്നിട്ട് രണ്ടു ദിവസമായിരിക്കുന്നു. മണ്ണെണ്ണ മാത്രമല്ല, വീട്ടിൽ അരി ഒഴികെ എല്ലാം തീർന്നിരിക്കുന്നു. വലിയ പെരുന്നാളിന് ഇനി രണ്ടു ദിവസം മാത്രം ബാക്കി. എന്നിട്ടും സാധനങ്ങൾ ഒന്നും വാങ്ങാതെ വന്ന ഉപ്പയെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം വന്നു.
മൂത്ത രണ്ടു പെങ്ങന്മാരും അടുത്ത വീട്ടിലെ ആയിശത്തയുടെ വീട്ടിലിരുന്ന് മൈലാഞ്ചിയിടുകയാണ്. കനാലിനോട് ചേർന്നാണ് മൈലാഞ്ചിക്കാടുള്ളത്. ഞാൻ തന്നെയാണ് കൊമ്പുകൾ കൂട്ടമായി പൊട്ടിച്ചെടുത്ത് കെട്ടുകളാക്കി ഇത്താത്തമാർക്ക് കൊടുത്തത്. അരച്ചെടുത്ത മൈലാഞ്ചിയുടെ ഗന്ധം പരിസരമാകെ പൊതിഞ്ഞുനിൽക്കുന്നു.
അടുത്ത വീട്ടിലെ മുനീറക്കും മുജീബിനും നേരത്തെ തന്നെ പെരുന്നാൾ കുപ്പായം കിട്ടിയിരുന്നു. അവരുടെ ഉമ്മ ഫോറിനിൽ നിന്ന് കൊടുത്തയച്ചത്. അവന്റെ ഉമ്മ ഫോറിനിലായതോണ്ട് ബാപ്പ അലവിക്ക ജോലിക്കൊന്നും പോകാതെ, കാക്കയെ കെണിവെച്ച് പിടിച്ച് സമയം കളയുകയാണ്.
അവർക്ക് മാത്രമല്ല, ചുറ്റുവട്ടമുള്ള എല്ലാ വീടുകളിലെ കുട്ടികൾക്കും പുതുവസ്ത്രമെടുത്തിരുന്നു. വായനശാലയ്ക്ക് ചുറ്റുവട്ടമുള്ള ഒട്ടുമിക്ക വീടുകളും എനിക്ക് നന്നായി അറിയാം. പുലർച്ചെ ഉമ്മ പാകം ചെയ്തു തരുന്ന സമൂസയും പലഹാര കടികളും വലിയ പാത്രത്തിൽ നിറച്ച് ഞാൻ വീടുകൾ കയറിയിറങ്ങി വിൽപന നടത്താറുണ്ട്. പലഹാരം വാങ്ങിയ എല്ലാ വീടുകളിലും ഉപ്പ ഇന്ന് പെരുന്നാൾ കുപ്പായം എടുക്കുന്ന കാര്യം ഞാൻ പറയുകയും ചെയ്തു. തിരിച്ചുവരുന്ന വഴിയിൽ പെരുന്നാളിനുള്ള ഒരുക്കങ്ങൾ ഞാൻ കണ്ടിരുന്നു. കടകളിലെല്ലാം നല്ല തിരക്ക് അനുഭവപ്പെട്ടു.
മാത്തോട്ടം അങ്ങാടിയിലും നഗരവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. വഴിയരികിൽ കളിപ്പാട്ട വിൽപനക്കാരും തെരുവ് കച്ചവടക്കാരും നിറഞ്ഞിരിക്കുന്നു.
“പത്തു ദിവസത്തെ കൂലിയെങ്കിലും കിട്ടിയാൽ എല്ലാം ശരിയാകും” എന്ന് ഉമ്മയോട് ഉപ്പ പറയുന്നത് ഞാൻ കേട്ടിരുന്നു. പെരുന്നാൾ കുപ്പായം എടുത്തിട്ട് വരാം എന്ന് പറഞ്ഞായിരുന്നു രാവിലെ ഉപ്പ അങ്ങാടിയിലേക്ക് പോയത്. ഞാൻ പുറത്തൊന്നും പോകാതെ കാത്തിരുന്നു. എന്നാൽ വെറുംകയ്യോടെ വന്ന ഉപ്പയെ കണ്ടപ്പോൾ വല്ലാത്ത പ്രയാസം വന്നു. ഞാൻ ഒന്നും മിണ്ടാതെ നിലത്തെ കളിമൺ തറയിൽ വിരിച്ച പുൽപ്പായയിൽ കിടന്നു. എപ്പോഴോ ഉറങ്ങിപ്പോയി.
ഞങ്ങളുടെ വീടിനു പിന്നിൽ വീതിയേറിയ ഒരു കനാലുണ്ട്. രായിനിക്ക സ്ഥിരമായി കന്നുകാലികളെ അതിലാണ് കുളിപ്പിക്കാറുള്ളത്. കനാലിന് മറുവശത്തായി വിശാലമായ പാടമാണ്. മഴ പെയ്തതിനാൽ പോത്തുകളെ നിരയായി അവിടെ മേയ്‌ക്കാറാണ് പതിവ്. പെരുന്നാളിന് ബലിയറുക്കാറുള്ള പോത്തുകളെ പാടത്ത് കൊണ്ടുവന്ന് കെട്ടുന്നതിന്റെയും പോത്തുകൾ അമറുന്നതിന്റെയും ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. പുലർച്ചെയായിരിക്കണം. മഴ അപ്പോഴും പെയ്തുകൊണ്ടേയിരുന്നു. വീടിന്റെ മേൽക്കൂരയിൽ ഇട്ട ഷീറ്റിന്റെ വിടവിലൂടെ ഇറ്റിവീണ മഴവെള്ളം, ഉമ്മ താഴെ വെച്ച പാത്രത്തിൽ നിറയുന്നുണ്ടായിരുന്നു. ഓട്ടിൻപുറത്തും പുറത്തെ ഇലകളിലും അകത്ത് ഇറ്റിവീഴുന്ന പാത്രത്തിലും അനായാസം പാടാൻ കഴിവുള്ളവനാണ് മഴ എന്നെനിക്ക് തോന്നി.
നാളെ രാവിലെ എങ്ങനെ പലഹാരവുമായി വീടുകളിൽ കയറിയിറങ്ങും? പുതുവസ്ത്രമെടുത്തോ എന്ന് ചോദിക്കുന്നവരോട് ഞാനെന്ത് മറുപടി പറയും? മദ്‌റസയിലെ കുട്ടികളുടെ കൂടെ എങ്ങനെ പെരുന്നാൾ നിസ്ക്കാരം കൂടും? ഉള്ളതിൽ നല്ലത് ഇടാമെന്ന് കരുതിയാൽ, എല്ലാ പാന്റ്സിന്റെയും മൂട് കീറിയിരിക്കുകയാണ്. സ്കൂൾ വിട്ട് വരുന്ന വഴിയിൽ ഒരു പാർക്കുണ്ട്. അവിടെയുള്ള സിമന്റ് പാലത്തിൽ നിന്ന് സ്ഥിരമായി ഒലിഞ്ഞിറങ്ങുന്നതിനാൽ എല്ലാ പാന്റ്സിന്റെയും മൂട് തേഞ്ഞുപോയിട്ടുണ്ട്. ഉമ്മ പരാതിയൊന്നും പറയാതെ എല്ലാ പാന്റ്സിന്റെയും മൂട് തുന്നിത്തരും. അതിട്ട് സ്കൂളിലും മദ്‌റസയിലും പോയാൽ ആരും കളിയാക്കാനുണ്ടായിരുന്നില്ല. എല്ലാവരും എന്നെപ്പോലെയോ അതോ എന്നെക്കാളോ പ്രാരാബ്ധമുള്ള കുട്ടികളായിരുന്നു.
പിറ്റേന്ന് പുലർച്ചെ എഴുന്നേൽക്കാൻ മടിച്ചു. ഉമ്മ നേരത്തെ എഴുന്നേറ്റ് സമൂസയും പലഹാരങ്ങളും പാകം ചെയ്യാൻ തുടങ്ങിയിരുന്നു. നേരം വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അനിയത്തി ‘കുഞ്ഞോള്’ നേരത്തേ എഴുന്നേറ്റ് പല്ലു തേച്ച് പലഹാരവുമായി പോകാൻ തയ്യാറായി നിന്നു. അവൾ അന്ന് ഒന്നാം തരത്തിലും ഞാൻ രണ്ടാം തരത്തിലുമാണ് പഠിക്കുന്നത്. സ്കൂളിൽ പോകുന്നതിനു മുമ്പ് എല്ലാം വിറ്റുതീർക്കണം. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് പലപ്പോഴും ജീവിതം മുന്നോട്ടുപോയത്.
നിറഞ്ഞ കണ്ണുകളോടെയാണ് ഉമ്മ അടുക്കളയിൽ പണിയെടുക്കുക. ഓർമവെച്ച കാലം മുതൽ ഉമ്മയുടെ മുഖത്ത് ഒരു നിസ്സംഗത ഉണ്ടായിരുന്നു. എപ്പോഴും വിതുമ്പുന്ന ഭാവം. അല്ലെങ്കിലും പറക്കമുറ്റാത്ത അഞ്ചു മക്കളെയും ഉമ്മയെയും ഭർത്താവിന്റെ വീട്ടുകാർ ഒരു കാരുണ്യവുമില്ലാതെ ഇറക്കിവിട്ടത് മറക്കാത്ത ഒരു മുറിവായി ഉമ്മയുടെ മനസ്സിൽ ഉണ്ടാകുമ്പോൾ എങ്ങനെ ഉമ്മ ചിരിക്കും?
പെരുന്നാൾ തലേന്ന് ഞാനും കുഞ്ഞോളും പലഹാര പാത്രവുമായി വായനശാലക്കടുത്തുള്ള വീടുകളിലൂടെ നടന്ന് വിളിച്ചു പറഞ്ഞു: “സമ്മൂസെയ്… വാളപ്പം… അച്ചപ്പം…”
സാധാരണയിലും ശബ്ദം താഴ്‌ത്തിയാണ് ഞാനന്ന് വിളിച്ചുപറഞ്ഞത്. പുത്തനുടുപ്പിന്റെ കാര്യം ആരെങ്കിലും ചോദിച്ചാലോ എന്നായിരുന്നു പേടി. എന്നാൽ കാണുന്നോരോടൊക്കെ ഉപ്പ പുതിയ കുപ്പായം എടുക്കാത്ത കാര്യം കുഞ്ഞോൾ പറഞ്ഞുനടന്നു. അവളൊരു വായാടിയായിരുന്നു. ആരോടെങ്കിലും സംസാരിച്ചു തുടങ്ങിയാൽ നിർത്താനറിയില്ല. ഞാൻ വായ പൊത്തിപ്പിടിച്ചാലേ അവൾ സംസാരം നിർത്തൂ.
അന്ന് കച്ചവടം നേരത്തേ തീർന്നു. മദ്‌റസ വിട്ടു വരുന്ന കുട്ടികളോട് കുശലം പറഞ്ഞാണ് ഞങ്ങൾ വീട്ടിലേക്ക് നടന്നത്. എല്ലാ കുട്ടികളുടെയും മുഖത്ത് പെരുന്നാൾ സന്തോഷം കാണാം. ചെറിയ പെരുന്നാളിന് ലഭിച്ച പെരുന്നാൾപൈസയുടെ കണക്ക് കുഞ്ഞോൾ എല്ലാവരോടും പറഞ്ഞു വീമ്പിളക്കി. എന്നാൽ ഇനി കിട്ടുന്ന പെരുന്നാൾ പൈസ ഇപ്പച്ചിക്ക് കൊടുക്കാമെന്ന് ഞങ്ങൾ തീരുമാനമെടുത്തു.
സമയം മഗ്‌രിബ് ബാങ്ക് വിളിച്ചു. പള്ളിയിൽ തക്ബീർ മുഴങ്ങി. ഇക്കാക്ക എന്നെയും കൂട്ടി പള്ളിയിലേക്ക് നടന്നു. നമസ്‌കാരം കഴിഞ്ഞാൽ ഉടനെ, ‘ഉപ്പച്ചിക്ക് നല്ല ജോലി കിട്ടണേ… നല്ലോണം പൈസ കിട്ടണേ’ എന്ന് തുടങ്ങുന്നതായിരുന്നു പ്രാർഥന. നമസ്കാരം കഴിഞ്ഞതും ഉസ്താദ് എന്നെ വിളിച്ച് കമ്മിറ്റിക്കാരുടെ അടുത്തെത്തിച്ചു. അടുത്ത ദിവസം അറുക്കുന്ന ബലിമൃഗത്തിന്റെ ഇറച്ചി എത്തിക്കേണ്ട വീടുകളിൽ ടോക്കൺ എത്തിക്കണം. അതാണ് ആവശ്യം. നാട്ടിൽ മുഴുവൻ പലഹാരം കൊണ്ടു നടക്കുന്ന എനിക്ക് ഒട്ടുമിക്ക വീടുകളും കാണാപാഠമായിരുന്നു. അത് കഴിഞ്ഞു പള്ളിയുടെ പിന്നിൽ കെട്ടിയിട്ട പോത്തുകൾക്ക് ഞങ്ങൾ അവസാനമായി വെള്ളം കൊടുത്തു. എന്റെ മുഖത്ത് ഇമവെട്ടാതെ നോക്കി നിൽക്കുന്ന പോത്തിനോട് ഞാൻ പറഞ്ഞു: “അനക്കും പുത്യേ കുപ്പായല്ല്യാ… ഇനിക്കും പുത്യേ കുപ്പായല്യാ.” പോത്ത് എന്നെ നോക്കി ഒന്ന് അമറി.
അപ്പോഴേക്കും കൂട്ടുകാർ തക്ബീർ ജാഥ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇക്കാക്ക പപ്പായയുടെ ഇലത്തണ്ട് വെട്ടി അതിൽ മണ്ണെണ്ണ ഒഴിച്ച് കൊച്ചു പന്തങ്ങളുണ്ടാക്കി. ആ വെളിച്ചത്തിൽ ഞങ്ങൾ പതിയെ കനാലിന്റെ കൈവരിയിലൂടെ തക്ബീർ മുഴക്കി പാടവരമ്പത്തേക്ക് നടന്നുനീങ്ങി. ഓരോ ഭാഗത്തെത്തുമ്പോഴും ആ പ്രദേശത്തുള്ള കുട്ടികൾ ചേർന്ന് അത് വലിയൊരു കൂട്ടമായി മാറും. കൂട്ടത്തിൽ ശബ്ദത്തിൽ തക്ബീർ മുഴക്കുന്നത് കണ്ണനാണ്. തക്ബീർ ധ്വനിയിലെ അവന്റെ തെറ്റായ ഉച്ചാരണം കേൾക്കുമ്പോൾ തന്നെ അവന്റെ അച്ഛനും അമ്മയ്ക്കും ചിരി പൊട്ടും.
പെരുന്നാൾ കുപ്പായമില്ലാത്തതിന്റെ സങ്കടത്തോടെയാണ് ഞാൻ തിരിച്ച് വീട്ടിലേക്ക് നടന്നത്. കനാലിന്റെ കൈവരിക്കടുത്ത് എന്നെയും കാത്ത് ആ ഇരുട്ടിൽ രണ്ടാമത്തെ പെങ്ങൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവളെ കണ്ടപാടെ ഞാൻ ഓടിച്ചെന്നു ചോദിച്ചു:
“ഇപ്പച്ചി പുത്യേ കുപ്പായം കൊണ്ടന്നോ?”
“ഹാ… കൊണ്ടന്ന്ക്ക്ണ്, അന്നോട് വേഗം വരാൻ പറഞ്ഞ് മ്മച്ചി.”
എന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഞാൻ തിരിഞ്ഞുനിന്ന് ഇക്കാക്കയോടിത് ഉറക്കെ വിളിച്ചുപറഞ്ഞെങ്കിലും മൂപ്പരത് വലിയ കാര്യമായൊന്നും കണ്ടില്ല. അല്ലെങ്കിലും അവൻ ഒന്നിലും പരിഭവം കാണിക്കാത്ത കൂട്ടത്തിലായിരുന്നു.
ആ ചെറിയ കോലായിൽ അയൽപക്കത്തുള്ളവർ കളിയും ചിരിയുമായി നിൽക്കുന്നുണ്ട്. തൂക്കിയിട്ട റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഉപ്പ കൊണ്ടുവന്ന വസ്ത്രം നോക്കുകയാണ് എല്ലാവരും. ഉമ്മ പുതിയ ഉടുപ്പ് എനിക്കു നേരെ നീട്ടി. എന്റെ കണ്ണുകൾ റാന്തൽവിളക്കിനേക്കാൾ തിളങ്ങി. ആ പുത്തനുടുപ്പിന്റെ നറുമണം ഹൃദയത്തിലേക്ക് ആഴ്‌ന്നിറങ്ങി. പള്ളിയിൽ നിന്നുള്ള തക്ബീർ ധ്വനികൾ പാടത്തും പറമ്പിലും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
പുലർച്ചെ ഉപ്പയുടെ വിളികേട്ടാണ് ഞാൻ ഉണർന്നത്. ഉമ്മ അടുക്കളയിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഭക്ഷണമൊരുക്കുന്ന തിരക്കിലാണ്. ഉമ്മ ഉറങ്ങിക്കാണില്ലെന്ന് എനിക്ക് മനസ്സിലായി. ഉപ്പ ഞങ്ങളെ ശരീരമാസകലം എണ്ണയിട്ടു നിർത്തി. തലയിലൂടെ അരിച്ചിറങ്ങുന്ന എണ്ണ കണ്ണുകളിൽ എരിവ് പടർത്തി. ശരീരത്തിന്റെ എല്ലാ ഭാഗവും ചെറുപയർപൊടി തേച്ച് ഉരച്ചുതരുകയാണ് ചെയ്യുക. ഉപ്പയുടെ കൈയിലെ തഴമ്പ് തട്ടി ദേഹം വേദനിക്കും.
കൈ പിടിച്ച് ഞാൻ ചോദിക്കും: “ഇപ്പച്ചിന്റെ കൈക്ക് എവിടുന്നാ ഇത്ര ശക്തി കിട്ടിയേ?”
ഉപ്പ മറുപടി ഒന്നും പറയാതെ എന്റെ മുഖത്ത് നോക്കി ചിരിക്കും. ഉപ്പ ഞങ്ങളോട് അധികം സംസാരിക്കാറില്ല. എന്നാൽ ഉമ്മയോട് എപ്പോഴും ഉറക്കെ ദേഷ്യത്തോടെയാണ് സംസാരിക്കുക. അപ്പോൾ ഞാൻ കരുതും, ഉപ്പ സംസാരിക്കാത്തതാണ് നല്ലതെന്ന്.
കുളി കഴിയുമ്പോഴേക്ക് ഉമ്മ ചിരട്ട കത്തിച്ച് വസ്ത്രങ്ങൾ ഇസ്തിരിയിട്ടു വെക്കും. മൂത്ത പെങ്ങളാണ് ഉടുപ്പിക്കുന്നത്. അവൾ എപ്പോഴും എനിക്ക് കൺമഷി ഇട്ടുതരും. കവിളിൽ ഒരു കുത്തും. ഉപ്പയുടെ കൈ പിടിച്ച് തക്ബീർ മുഴക്കിയാണ് ഞങ്ങൾ ജമാഅത്ത് പള്ളിയിലേക്ക് നടക്കുക.
പെരുന്നാൾ ദിവസം രാവിലെയുള്ള വിഭവം ചട്ടിപ്പത്തിരിയും സമ്മൂസയും ഉന്നക്കായയും ആയിരുന്നു. അന്നുമാത്രമാണ് രാവിലെ അവിൽ ഇല്ലാത്ത ദിവസം. അല്ലെങ്കിൽ ദിവസവും അവിൽ മാത്രമാണ് രാവിലെ ഉണ്ടാകുക. ചിലപ്പോൾ മൂന്നു നേരവും അവിൽ തന്നെയാകും ഭക്ഷണം.
പെരുന്നാൾ ദിവസം മാത്രം ഉച്ചയ്ക്ക് നെയ്ച്ചോറും വറുത്തരച്ച കോഴിക്കറിയുമാണ് ഉണ്ടാക്കുക.
പുതുവസ്ത്രമിട്ട് ഞാൻ കനാലിനു മുന്നിൽ നിൽക്കും. ഉച്ച കഴിഞ്ഞ് വെയിലിന്റെ മൂപ്പ് മാറുമ്പോഴാണ് ഉമ്മയുടെ വീടായ ചുങ്കത്തേക്ക് പോകുക. പോകുന്ന വഴി വലിയ വയലാണ്. മഴ പെയ്ത് നിറഞ്ഞ പാടത്ത് കെട്ടിനിൽക്കുന്ന തെളിഞ്ഞ അരുവിയിലൂടെ ഉപ്പ ഞങ്ങളെ തോളിലേറ്റി മറുകര എത്തിക്കും. പാടത്തിന് ഇരുകരയിലും തെങ്ങുകൾ ചാഞ്ഞുനിൽക്കുന്നത് കണ്ടാൽ വരച്ചുവെച്ച ചിത്രം പോലെ തോന്നിക്കും. തോടുകളും പാടങ്ങളും കടന്നുള്ള യാത്ര ഏറെ ഹൃദ്യമായിരുന്നു.
ഉമ്മയുടെ വീടായ മാളികപ്പുരയിൽ വല്യുമ്മച്ചിയുടെ എല്ലാ പേരക്കുട്ടികളും എത്തും. കൂടെ അയൽവീട്ടിലെ ബിനീഷേട്ടനും പ്രേമച്ചേച്ചിയും പപ്പച്ചേച്ചിയും ഞങ്ങളെ വരവേൽക്കും. വല്യുമ്മച്ചി അടുക്കളയിലെ പത്തായത്തിൽ ഞങ്ങൾക്കായി മാറ്റിവെച്ച പലഹാരങ്ങൾ പാത്രത്തിൽ നിറയ്ക്കും. പിന്നീട് ഖിസ്സകൾ പറയലും ചെറിയ മത്സരങ്ങളും പാതിരാവോളം നീണ്ടുനിൽക്കും. ഈ പെരുന്നാൾ രാത്രി അവസാനിച്ചില്ലെങ്കിൽ എന്ന് ഞാൻ നെടുവീർപ്പിടും.
ബാല്യത്തിലെ വേദനയുടെയും സന്തോഷത്തിന്റെയും അതിരുകളിലൂടെ കൈ വീശി നടക്കാതെ ഒരു ബലിപെരുന്നാൾ ആഘോഷവും പിന്നീട് കടന്നുപോയിട്ടില്ല. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top